കോമലേഴത്തു ചരിത്രം
'കോമലേഴം ദഹിച്ച കഥ' കരടിപ്പാട്ട് കൊച്ചു കുഞ്ഞ് വാധ്യാരുടെ ഏറ്റവും പ്രശസ്തമായ കരടിപ്പാട്ടാണ് 'കോമലേഴം ദഹിച്ച കഥ'. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി മഹോൽസവം വിശ്വ പ്രസിദ്ധമാണ്. ഭരണി ഉത്സവത്തെപ്പോലെ പ്രസിദ്ധമായിരുന്നു പതിമൂന്ന് കരകളിലേയും ഈഴവർ ഒത്ത് ചേർന്ന് നടത്തിയിരുന്ന കാർത്തിക മഹോൽസവം. 1896 ൽ കോമലേഴത്ത് തറവാട് തീ പിടിച്ച് വെന്തമർന്നതിന് ശേഷം ഈഴവ സമുദായക്കാർ നടത്തിയിരുന്ന കാർത്തിക ഉത്സവം നിലച്ച് പോയി. 'പതിമൂന്ന് കരയിലേയും ഈഴവർ കോമലേഴത്ത് മൂത്ത ചേകോൻ്റെ നേതൃത്വത്തിലാണ് കാർത്തിക വിളക്ക് നടത്തുന്നത്. നടുക്ക് തൂക്കത്തോട് കൂടിയതും ചാടിൽ ഉരുട്ടിക്കൊണ്ടു വരുന്നതുമാണ് കോമലഴത്തച്ഛൻ്റ വിളക്ക്. അത് ഉലയ്ക്കുവാൻ പാടില്ല. ഉലച്ചാൽ ഉലച്ചവൻ്റെ പറമ്പ് എഴുതി വാങ്ങിയ വീരന്മാരാണ് കോമലേഴത്ത് ചേകോൻമാർ. കാർത്തിക ഉത്സവത്തിന് കാർത്തിക വിളക്കിനായിരുന്നില്ല കരിമരുന്ന് പ്രയോഗത്തിനായിരുന്നു പ്രാധാന്യം. കുഞ്ഞ് ശങ്കരൻ ചേകോൻ പ്രത്യേക താൽപ്പര്യം എടുത്ത് ശ്രദ്ധിച്ചാണ് അത് നടത്തുന്നത്. 1896 ലെ കാർത്തികയ്ക്കുള്ള വെടിമരുന്ന് കോമലേഴത്തെ നാലുകെട്ടിൻ്റെ നടുമുറ്റത്ത് തന്നെ ഭദ്രമായി ശേഖരിച്ചു. വെടിക്കെട്ട...