നാട്ടറിവും കേട്ടറിവും

മാവിലേത്ത്: മരമുത്തശ്ശി വീണു, കടപുഴകിയത് നാട്ടുചരിത്രത്തിൻ്റെ കുലീനസൗഹൃദം





മാവിലേത്ത്: കടപുഴകി വീണത് നാടിൻ്റെ പൈതൃക ചരിത്രംഎരുവ ഗ്രാമത്തിന്റെ സംസ്ക്കാരത്തിൻ്റെയും നാട്ടോർമ്മകളുടെയും ഭാഗമായിരുന്ന  മാവിലേത്ത് ജംങ്ഷനിലെ ആലുംമാവും പുണർന്നുചേർന്ന മരമുത്തശ്ശി 2020 ആഗസ്റ്റ് അഞ്ചാം തീയതിയിലെ അതിശക്തമായ കാറ്റിലും മഴയിലും നിലംപൊത്തി.മാവിന്റേയും ആലിന്റേയും സൗഹൃദത്തിൽ നിന്നുയിരിട്ട 'ആത്മാവ്' എന്ന നാട്ടുപേര്, പിന്നീട് 'മാവിലേത്ത്' എന്നായിത്തീർന്നു. ഇന്നത് ഒരു ചെറിയ കവലയാണ്. കൊറ്റുകുളങ്ങരയ്ക്കും കായംകുളത്തിനും എരുവയ്ക്കും പത്തിയൂർ - കരീലക്കുളങ്ങര ഭാഗത്തേക്കും തിരിയുന്ന ഒരുമുക്കവല. നൂറ്റാണ്ടുകളായി ഇവിടെ നിലകൊണ്ട ആലുംമാവും ചേർന്ന വൃക്ഷക്കൂട്ടമാണ് കവലയ്ക്ക് മാവിലേത്ത് എന്ന പേരുനൽകിയത്. പിന്നീട് ആ പേര് നാട്ടുപേരായിത്തീർന്നു.ഒരു പ്രദേശം തങ്ങളുടെ പേരിൽ അറിയപ്പെടുന്നതിൻ്റെ  അഭിമാനബോധത്തോടെ റോഡിൽ ശിരസ്സുയർത്തി നിന്ന മരമിത്രങ്ങളാണ് അഞ്ചാംതീയതി രാത്രിയിലുണ്ടായ ശകതമായ കാറ്റിൽപ്പെട്ട് ഗ്രാമത്തോടു വിടപറഞ്ഞത്.ഗ്രാമദേവതയായ എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 'പള്ളിവേട്ട' ആൽത്തറകൂടിയായിരുന്നു മാവിലേത്ത്. വർഷത്തിൽ ഇടവിട്ട് പൂക്കുന്ന മാവും അരയാലും ഏകോദര സഹോദരങ്ങളെപ്പോലെ നിൽക്കുന്ന കാഴ്ചയാണ് ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്നവരുടെ പോലും ഓർമ്മകളിൽ ഉള്ളത്. ധാരാളം ഇഴജന്തുക്കൾ ഈ വൃക്ഷത്തിൽ അധിവസിച്ചിരുന്നു എങ്കിലും ഒരിക്കൽ പോലും മറ്റുള്ളവർക്ക് ഭീഷണി ഉയർത്തിയിട്ടില്ല.അപ്രതീക്ഷിത വീഴ്ചയിലും ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് അവർ നിലംപതിച്ചത്. മാവും ആലും ഇഴുകിച്ചേർന്നതു പോലെ ഭക്തിയും സംസ്ക്കാരവും കൂടിച്ചേർന്ന ഒരു കഥയാണ് 'മാവിലേത്ത് മുക്കിന് പറയാനുള്ളത്. കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി ശബരിമല ദർശനം നടത്തി വരുന്ന 'തത്ത്വമസി' പദയാത്ര സംഘം ആൽത്തറ സംരക്ഷിച്ച് പരിപാലിച്ച് വന്നു.എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒൻപതാം ഉത്സവദിനത്തിലെ ചരിത്രപ്രസിദ്ധമായ 'പള്ളിവേട്ട' നടക്കുന്നത് ഈ ആൽത്തറയിൽ നിന്നായിരുന്നു. ഏഴാം തിരുവുത്സവവുമായി ബന്ധപ്പെട്ട് 'ഉരുളിച്ചവരവ്' കാവടി ഘോഷയാത്ര എന്നിവയ്ക്ക് മാവിലേത്ത് ആൽത്തറയുമായി വളരെയധികം ബന്ധമുള്ളതാണ്. കായംകുളം രാജാവിന്റെ കാലഘട്ടവും മാവിലേത്ത് ആൽത്തറയുമായി ഏറെ ബന്ധമുള്ളതാണ്.ഇരുകരയിലേയും ഭക്തജനങ്ങളും നാട്ടുകാരും വളരെ വേദനയോടു കൂടിയാണ് ഈ വൃക്ഷ മുത്തശ്ശിയുടെ വീഴ്ച കാണാൻ എത്തി കൊണ്ടിരിക്കുന്നത്. ഉചിതമായ രീതിയിൽ ഏറ്റവും അടുത്ത ദിവസം തന്നെ നിലവിലുള്ള സ്ഥലത്ത് മാവും ആലും വെച്ച് പിടിപ്പിക്കുവാനുള്ള ആലോചനയിലാണ് നാട്ടുകാർ.

Comments