ദലിത് ശബ്ദം
ദലിതും ഹരിജനും ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങളും 'ദളിത്' എന്നത് ഒരു ജനതയെ മറ്റുളള ഏതെങ്കിലും കൂട്ടര്‍ വിളിച്ച പേരായിരുന്നില്ല. നവോത്ഥാന കാലത്ത്, സ്വാതന്ത്ര്യസമര കാലത്ത്, സമൂഹത്തിന്‍റെ അടിത്തട്ടുകാരായ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയെ 'ഹരിജന്‍' എന്ന് ഗാന്ധിജി വിളിച്ചു. ഹരിയുടെ മക്കള്‍ അഥവാ ഈശ്വരന്‍റെ സന്തതികള്‍ എന്ന അര്‍ത്ഥമാണ് ആ പ്രയോഗത്തിലൂടെ അദ്ദേഹം സങ്കല്പിച്ചത്. എന്നാല്‍, പില്‍ക്കാലത്ത് ഭാരതത്തിലെ അധഃസ്ഥിതരില്‍ ചില തിരിച്ചറിവുകള്‍ ഉണ്ടായി. ഗാന്ധിജിയുടെ അര്‍ത്ഥകല്പനകളെ അത് സംശയത്തിന്‍റെ നിഴലില്‍ നിറുത്തി. അതിന് കാരണവുമുണ്ടായിരുന്നു. പ്രധാനമായും, അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ഗുജറാത്തിലെ ഒരു പ്രാചീന ക്ഷേത്രത്തില്‍ നിലനിന്നിരുന്ന വിശ്വാസമാണ് ഗാന്ധിജിയെ സംശയമുനയിലാക്കിയത്. അവിടെ അന്തേവാസികളായ പെണ്‍കുട്ടികളില്‍ ബ്രാഹ്മണര്‍ക്കും ഉപരിവര്‍ഗ്ഗങ്ങള്‍ക്കും ജനിക്കുന്ന അനാഥ ശിശുക്കളെ 'ഹരിജന്‍' എന്നു വിളിക്കുക പതിവായിരുന്നു. ഇതു മനസ്സിലാക്കിയ പീഡിത ജനതയിലെ അഭ്യസ്തവിദ്യര്‍ക്ക് ''ഹരിജന''മെന്നത് 'തന്തയില്ലാത്തവര്‍' എന്ന അര്‍ത്ഥത്തില്‍ നിലവിലുളള പ്രയോഗമാണ് എന...