നാട്ടറിവും കേട്ടറിവും

തിരുവിതാംകോട് ശാസനം അഥവാ തിരുവിതാംകോട് ലിഖിതം 

തിരുവിതാംകോട് ലിഖിതം അഥവാ മണ്ണാപ്പേടിയും പുലപ്പേടിയും  നിരോധിച്ചു കൊണ്ടുള്ള രാജ ശാസനം

മുമ്പു കാലത്ത് നിലനിന്നിരുന്ന മണ്ണാപ്പേടി, പുലപ്പേടി എന്നീ ആചാരങ്ങൾ നിരോധിച്ചു കൊണ്ടുള്ള ശാസനമാണ്, തിരുവിതാംകോട് (കന്യാകുമാരി ജില്ല) ലിഖിതം. കൊല്ലവർഷം 871 ൽ (1696 CE), വേണാടു രാജാവായ വീരകേരള വർമ്മയാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

ലിഖിതത്തിൻ്റെ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം.

1. കന്നി വ്യാഴം 871 ന് തൈമാസം 25 ശനിയാഴ്ച ചിറവാ മൂത്ത തിരുവടി കേരളവർമ്മ കല്ക്കുളത്ത് എഴുന്നള്ളി ഇരുന്ന രുളിച്ചെയ്ത കപ്പനയാണിത്. (കന്നി വിയാഴം നിൻ്റ കൊല്ലം 87l നാളു തൈമാതം 25 ചനിയാട്ചെയും ചതയവും പൂരപക്കിഴത്തു പിറതി പതമും ചിങ്ങക്കരണവും പതകം നാമ യോകവും ഇന്നാളാൽ വീരകേരളവർമ്മ ചിറവാ മൂത്ത തമ്പിരാൻ കല്കുളത്ത് എഴുന്തരുളി കൽപിത്ത പടിക്കു രണ്ടു വക മകാചനവുങ്കൂടി കല്പിത്ത മൊഴിയാവതു.

2. തോവാളക്ക് പടിഞ്ഞാറും കന്നേറ്റിക്ക് കിഴക്കും, കടലിനും മലയ്ക്കും ഇടയിലുള്ള നാട്ടിൽ ഇനി മണ്ണാപ്പേടിയും പുലപ്പേടിയും ഇല്ല. (തോവാളെെക്കു മേക്കു കന്നേറ്റിക്കു കിഴക്കു  കടലിനും മലൈക്കും അകത്തു അകപ്പട്ട നാട്ടിൽ പിലപ്പേടിയും മണ്ണാപ്പേടിയും ഇല്ല.)

3. ഇത് തുടർന്നാൽ പുലയരും മണ്ണാരും വധിക്കപ്പെടും. (മറുത്തു പിലപ്പേടിയും മണ്ണാപ്പേടിയും ഉണ്ടാം കാലത്തു പിലയരുടെയും മണ്ണാരിടെയും വയിറ്റിപ്പിള്ള ആതിയാ തൊണ്ടി വെട്ടുമാറും)

4. പെണ്ണിന് പുലപ്പേടിയും മണ്ണാപ്പേടിയും ഉണ്ടായാൽ കുളിച്ച് കരകേറിയാൽ ദോഷം മാറും. (ഇന്ത കല്പന മറുത്തു പിലപ്പേടിയും മണ്ണാപ്പേടി എന്ന വകെെ പെണ്ണുപിള്ളക്കുണ്ടായാൽ പെണ്ണും പിള്ള കുളിച്ചു  കര ഏറി കൊണ്ടാൽ തോഴമല്ല എൻ്റും കല്പിച്ചത്.)

5. ഈ കല്പന പുല്ലും ഭൂമിയും കല്ലും കാവേരിയും ഉള്ള കാലം നിലനിൽക്കും. (ഇവ്വണ്ണം പുല്ലും പൂമിയും കല്ലും കാവേരിയും ഒള്ള കാലത്തു നടക്കുമാറും കല്പിച്ചത്.)

6. ഈ ഉത്തരവ് കല്ലിൽ എഴുതി തിരുവിതാംകോട് കെണ്ടപ്പടൈ വീട്ടിൻ്റെ വടക്കേ വാതിലിൽ നാട്ടിയിരിക്കുന്നു. (തിരുവിതാംകോട് കൊണ്ടപ്പടെെ വീട്ടിൽ വടക്കുവാചൽ കൽവെട്ടി നാട്ടിയിത.)

7. ഈ കല്ല് ആരെങ്കിലും  കേടുവരുത്തിയാൽ അയാൾ ഗംഗൈക്കരയിൽ കാരാമ്പശുവിനെക്കൊന്ന ദോഷം ചെയ്തവരാകും. (ഇന്തക്കല്ലുക്കുള്ളൊട്ടു ഒരു കാലം ഒരുവർ.... വെറുച്ചെയ്താർ അവർകൾ കെങ്കൈക്കരയിൽ കാരാമ്പച്ചവെ കൊൻ്റ തോയത്തിൽ പ്പോ വരാകും.)

ഒരു തൂണിൻ്റെ നാലു പുറത്തായി, തമിഴ് ലിപിയിലെഴുതിയ ഈ ശാസനം ഇപ്പോൾ പത്മനാഭപുരം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

Comments