പഴയ നാട്ടുപേരുകളുടെ തായ് വേര് തമിഴിലോ പാലിയിലോ തുളുവിലോ തിരഞ്ഞാൽ ലഭിക്കും. എന്നല്ല, നാട്ടുപേരുകളിൽ തമിഴ് വാക്കുകളാണധികം. കാരണം പ്രാചീന തമിഴകമായിരുന്നല്ലോ, കേരളമുൾപ്പെടുന്ന പ്രദേശങ്ങൾ. എന്നാൽ ശ്രദ്ധേയമായ സംഗതി, പല പ്രാചീന ശബ്ദങ്ങളും ലുബ്ധ പ്രയോഗങ്ങള്‍മൂലം അപ്രത്യക്ഷമായിട്ടുണ്ട് എന്നതാണ്. ഇത് അര്‍ത്ഥ വിശ്ലേഷണത്തില്‍ കാര്യമായ ചിന്താക്കുഴപ്പം ഉണ്ടാക്കും.

ഉദാഹരണം പത്തി. അതിന് സൈന്യം എന്ന അര്‍ത്ഥമുണ്ട്. നെല്ല് എന്ന അര്‍ത്ഥവുമുണ്ട്. ടക്ഷേ നെല്ല് എന്ന അര്‍ത്ഥത്തില്‍ ഇന്ന് പ്രയോഗം ഇല്ല. അപ്പോള്‍ നെല്ലെന്ന അര്‍ത്ഥം എങ്ങനെ കിട്ടി എന്ന് ചോദിക്കാം. പക്ഷേ, നമുക്കിപ്പോഴും വീട്ടില്‍ പത്തായമുണ്ട്. പത്തായം = നെല്ലറയാണ്. അത് പത്ത് + ആയം എന്ന് വിശ്ലേഷിച്ച് നഷ്ടപ്പെട്ട നെല്ലിനെ വീണ്ടെടുക്കാം. അപ്പോള്‍ - പത്തിയൂര്‍ എന്നതിന് സൈനികകേന്ദ്രമെന്ന നിലവിലെ അര്‍ത്ഥം മാറി വയലുയി ബന്ധപ്പെട്ട ഒരര്‍ത്ഥം ഉണ്ടെന്നു കാണാം. അത് സൈന്യത്തിനും മുമ്പേ പ്രായോഗകമായ കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട പേരാണെന്ന് വാക്കിന്‍റെ പിറവിതേടിപ്പോകുന്നയാളിന് പൊടുന്നനെ ബോധ്യപ്പെടും. മാത്രമല്ല, ഓടനാടിന് സ്വന്തമായി സൈന്യമില്ലായിരുന്നുവെന്ന ചരിത്രം കൂടിയറിയുന്നയാളിന്, മാര്‍ത്താണ്ഡവര്‍മ്മയുടെ കീഴടക്കലിനു ശേഷമാണ്, ഇവിടെ കളരികളും സൈനിക പരിശീലനങ്ങളും തുടങ്ങാന്‍ അനുമതി ലഭിച്ചതെന്ന ബോധ്യം കൂടിയാകുമ്പോള്‍ - പത്തിയൂര്‍ എന്ന സ്ഥലപ്പേര് അതിനും മുമ്പേ, രൂപപ്പെട്ടുവെന്ന് മനസിലാക്കാന്‍ കഴിയും.

പഴയ കൃഷിപ്പാട്ടില്‍ നെല്ലു വിതക്കുന്ന പത്തികളെക്കുറിച്ചു പാടുമ്പോള്‍, തങ്ങള്‍ പത്തികളില്‍ ഞാറുപാകി കിളിര്‍പ്പിക്കുമായിരുന്നുവെന്നു പറയുന്ന തൊണ്ണൂറുകാരനായ കര്‍ഷകന്‍ വൃദ്ധന്‍ ഓര്‍മ്മകള്‍ കൊരുത്തെടുക്കുമ്പോള്‍, പത്തിയൂരിന്‍റെ പത്തി താഴുകയല്ല, ഉയരുകയാണ്.

മാന്നാറില്‍ ഒരു പത്തിയൂരേത്തുണ്ട്. - അവിടെ കൃഷിയിടം- വയലാണ്.
കാസര്‍കോട്ട് ഒരു പത്തിയൂരുണ്ട്  - വയലേലകള്‍ നിറഞ്ഞ പ്രദേശം.

കുമ്പള റെയില്‍വേസ്റ്റഷനില്‍ നിന്ന് 17 രൂപ കൊടുത്താല്‍ അവിടെ എത്താം.
കര്‍ണ്ണാടകത്തോടു ചേര്‍ന്ന പ്രദേശം.
അവിടെയും ഒരുപത്തിയൂര്‍ ഭഗവതി ക്ഷേത്രം കാണാം. അത് ഹൈദരുടെ പടയോട്ടത്തില്‍ തകര്‍ക്കപ്പെട്ട ക്ഷേത്രമാണ്. ആര്‍ക്കിയോളജിക്കല്‍ സീരീസില്‍ അതിന്‍റെ വിവരങ്ങള്‍ ഉണ്ട്.

അവിടുത്തെ ക്ഷേത്രം പരശുരാമന്‍ സൃഷ്ടിച്ചതാണെന്ന് അന്നാട്ടുകാര്‍ വിശ്വസിക്കുന്നു.

ആവിശ്വാസം കായംകുളം പത്തിയൂരിലും ഇന്നുണ്ട്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലംവരെ തിരുവിതാംകൂറിലെ ഒരു രാജ്യത്തിനും സ്വന്തമായി സൈന്യം ഉണ്ടായിരുന്നില്ല. സ്വകാര്യ കളരികളില്‍ നിന്നും വാടകക്ക് എടുക്കുന്നതായിരുന്നു പൊതു രീതി. 

Comments

Post a Comment