കോമലേഴത്തു ചരിത്രം



'കോമലേഴം ദഹിച്ച കഥ' കരടിപ്പാട്ട്


കൊച്ചു കുഞ്ഞ് വാധ്യാരുടെ ഏറ്റവും പ്രശസ്തമായ കരടിപ്പാട്ടാണ് 'കോമലേഴം ദഹിച്ച കഥ'. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി മഹോൽസവം വിശ്വ പ്രസിദ്ധമാണ്. ഭരണി ഉത്സവത്തെപ്പോലെ പ്രസിദ്ധമായിരുന്നു പതിമൂന്ന് കരകളിലേയും ഈഴവർ ഒത്ത് ചേർന്ന് നടത്തിയിരുന്ന കാർത്തിക മഹോൽസവം. 1896 ൽ കോമലേഴത്ത് തറവാട് തീ പിടിച്ച് വെന്തമർന്നതിന് ശേഷം ഈഴവ സമുദായക്കാർ നടത്തിയിരുന്ന കാർത്തിക ഉത്സവം നിലച്ച് പോയി. 

'പതിമൂന്ന് കരയിലേയും ഈഴവർ കോമലേഴത്ത് മൂത്ത ചേകോൻ്റെ നേതൃത്വത്തിലാണ് കാർത്തിക വിളക്ക് നടത്തുന്നത്. നടുക്ക് തൂക്കത്തോട് കൂടിയതും ചാടിൽ ഉരുട്ടിക്കൊണ്ടു വരുന്നതുമാണ് കോമലഴത്തച്ഛൻ്റ വിളക്ക്. അത് ഉലയ്ക്കുവാൻ പാടില്ല. ഉലച്ചാൽ ഉലച്ചവൻ്റെ പറമ്പ് എഴുതി വാങ്ങിയ വീരന്മാരാണ് കോമലേഴത്ത് ചേകോൻമാർ. കാർത്തിക ഉത്സവത്തിന് കാർത്തിക വിളക്കിനായിരുന്നില്ല കരിമരുന്ന് പ്രയോഗത്തിനായിരുന്നു പ്രാധാന്യം. കുഞ്ഞ് ശങ്കരൻ ചേകോൻ പ്രത്യേക താൽപ്പര്യം എടുത്ത് ശ്രദ്ധിച്ചാണ് അത് നടത്തുന്നത്. 1896 ലെ കാർത്തികയ്ക്കുള്ള വെടിമരുന്ന് കോമലേഴത്തെ നാലുകെട്ടിൻ്റെ നടുമുറ്റത്ത് തന്നെ ഭദ്രമായി ശേഖരിച്ചു. വെടിക്കെട്ടിനുള്ള മരുന്ന് വാർപ്പിൽ വെച്ചിരുന്നത് നിലാത്തിരി കത്തിച്ച് നോക്കിയപ്പോൾ നടന്നതായിരുന്നു തീപിടുത്തം. തറവാട്ട് കാരണവരായ കുഞ്ഞ് ശങ്കരൻ ചേകോൻ സ്ഫോടനശേഷി കുറയ്ക്കാൻ മറ്റൊരു വാർപ്പ് എടുത്ത് മൂടിയെന്നും അതിന് പുറത്ത് കയറി നിന്നതും എല്ലാം കൂടി പൊട്ടിതെറിച്ചു എന്നുമാണ് കഥ' (എ.പി.ഉദയഭാനു, എൻ്റെ കഥയില്ലായ്മകൾ) 


ഈ വെടിക്കെട്ട് ദുരന്തത്തെ ആസ്പദമാക്കി പാലുവേലിൽ കൊച്ചു കുഞ്ഞ് വാധ്യാർ രചിച്ച കരടിപ്പാട്ടാണ്  'കോമലേഴം ദഹിച്ച കഥ'.

ആദ്യത്തെ രണ്ട് വരികൾ കരടിപ്പാട്ട് രീതിയിലും അടുത്ത രണ്ട് വരികൾ കൂട്ടി പാടുന്ന രീതിയിലുമാണ് രചിച്ചിരിക്കുന്നത്.       

'വിശ്വത്തിലൊക്കെ പ്രസിദ്ധനായുള്ളൊരു / കോമലേഴം ദഹിച്ചുള്ള വാർത്ത /            പാഴല്ലിത് കേട്ടീടുകിൽ ദോഷം പലതുണ്ടു / കീഴിൽ പറഞ്ഞിടാം കേട്ട് കൊൾവിൻ / കേട്ടാൽ പരിഹാസം ചെയ്തിടാതെ ലോകർ / വീഴുന്നു ചായേണ്ടത് തീർത്തീടേണം /      കോട്ടം വരാതിഹ പാട്ടിൽ തഴുകീടുവാൻ / മണ്ടക്കാട്ടമ്മേ ഭജിച്ചീടുന്നേൻ/              ആയിരത്തി എഴുപത്തിയൊന്നാം കൊല്ലം/ ആശിക മാസം എട്ടാം ദിനത്തിൽ / തോയത്തിൽ മറഞ്ഞു ഭുവനേശ്വരൻ ഭാസ്ക്കരൻ / 

പാഴായി തീർന്നതും ദോഷമപ്പോൾ /           എട്ടു മണിചൊന്ന നേരത്ത് ശേവുകൻ/ കത്തിച്ചവിടൊരു ലാത്തിരിയും / 

ശട്ടൊന്നിഹ പൊട്ടിച്ചിതറി വട്ടംച്ചിതറിച്ചെന്നൊരു / 

ചെമ്പിൽ കരിമരുന്നേൽപ്പിടിച്ചു / കത്തിപ്പിടിച്ചു ദഹനനും അപ്പോഴേ / കത്തിച്ചതാളുകൾ കണ്ടവരും/ 

കത്തീ ദഹനൻ പൊങ്ങീട്ട് എത്തിപിടിപെട്ടപ്പോൾ / 

ചത്തുപോം എന്നോർത്തു കോമലേഴം / ഭിത്തി പഠോ പഠോ പൊട്ടിടുന്നു ചില / വൃത്തത്തിലോരോന്നും കത്തിടുന്നു/ പത്തായമൊടലമാരകൾ വട്ടം ചില മേശകൾ / ഒക്കവേ കത്തി നശിച്ചിടുന്നു / ധീരതയുള്ളവർ ശൂരത കൈവിട്ട് / 

നേരേ പുറത്തിറങ്ങാൻ തുടങ്ങി /               പാരം ജ്വലിച്ചുള്ള ജ്വാല കൊണ്ടഗ്നിയിൽ / പാരാതെ വെന്തുരുകിത്തുടങ്ങി / ചീനഭരണികൾ പൊട്ടിടുന്നു ചില / ശീമപ്പണികൾ ഉരുകീടുന്നു /                       മാനും ചില രൂപം പണി ചെയ്തുള്ളോരു കോലങ്ങൾ / 

ആകവേ കത്തി നശിച്ചിടുന്നു /      വെള്ളിക്കിണ്ണം പനിനീർക്കുപ്പി താമ്പാളം / വെള്ളിക്കുപ്പികളെന്നു വേണ്ടാ / 

കള്ളം പറകല്ലിതു വെള്ളി സാമാനങ്ങൾ / വെള്ളം പോലെ ഉരുകിത്തുടങ്ങി / 

ഉയർന്ന വാഴകൾ വളർന്ന കൂവളം / 

മണത്ത ചന്ദന മരമതിൽ / കറുത്തോരന്തിയിൽ ലയിച്ചു വാസന / പുറപ്പെടും പല കോലങ്ങളിൽ / 

നെല്ലുകൾ ഏറ്റം എരിഞ്ഞിടുന്നു ചില / കല്ലുകൾ പൊട്ടി മലർന്നീടുന്നു / 

നെല്ലായിതു കത്തുന്നതെന്നു ചൊല്ലീ ചിലർ / തല്ലുന്നു താനേ തലയ്ക്കു തന്നെ / 

നല്ല ധീരന്മാരൊരുമിച്ചു വാരിയെ / 

മെല്ലവേ കോരിയെറിഞ്ഞു കൊണ്ടും / നല്ലൊരു ഗാത്രിക്കു തല്ലിലാനഗ്നിയെ / 

ഉല്ലാസ മോടിതാ ഗൽഗമിച്ചേ / 

മണ്ണിലെ തേൻ പോയി മണ്ണെണ്ണയും പോയി / മണ്ണു കൊണ്ടുള്ളോരു ചാണ പോയി / പെണ്ണിൻ്റെ കണ്ണാടി കണ്ടതില്ല കുറേ - / പിണ്ണാക്കിരുന്നതും വെന്തു പോയി / 

മാലതി നിന്നുടെ മാലയ്‌ക്കെന്തായെടി / നാലേകാലേയായേക്കാം ചുട്ടി വേറേ / ലോലക്കണിയാഞ്ഞ് നാത്തൂൻ കരയുന്നു / പാലു കിട്ടാത്തുണ്ണി കേഴും പോലെ'




ഓരോ നാല് വരി കഴിയുമ്പോഴും താനന്നേ എന്ന് തുടങ്ങുന്ന വായ്ത്താരി ചേർത്താണ് ഈ കരടിപ്പാട്ട് ആലപിക്കുന്നത്.

Comments