വിചാരം

ദക്ഷിണാപഥേ മൂലവാസ ലോക



കേരളത്തിലെ ബുദ്ധവിഹാരമായിരുന്ന ശ്രീമൂലവാസത്തെക്കുറിച്ച് പരാമർശിക്കുന്ന ചരിത്ര ഗ്രന്ഥങ്ങളിൽ മിക്കതിലും രേഖപ്പെടുത്തിക്കാണുന്നത് ഗാന്ധാരയിൽ നിന്നു കിട്ടിയ അവലോകതേശ്വര ശില്പത്തിൽ 'ദക്ഷിണാ പഥേ മൂലവാസ ലോകനാഥ എന്ന ലിഖിതമുണ്ടെന്നാണ് ' ആ ശില്പത്തിൻ്റെ സ്വഭാവമെന്തായിരിക്കും? ഏതാണ് മാധ്യമം?  ലിഖിതത്തിലെ ലിപി ഏത്? എന്നൊക്കെയായിരുന്നു എൻ്റെ സംശയങ്ങൾ. അങ്ങനെ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റു ചില വസ്തുതകളാണ്.
ആൽഫ്രദ് ഫൗഷേ (Alfred Foucher) യെ ഉദ്ധരിച്ചു കൊണ്ട് സുബ്രഹ്മണ്യ അയ്യരാണ് ഇങ്ങനെയൊരു ലിഖിതത്തെക്കുറിച്ച് ആദ്യമായി സൂചിപ്പിക്കുന്നത് എന്ന് എം.ജി.എസ്. എഴുതുന്നു. പിന്നീടു വന്ന എല്ലാ ചരിത്ര പുസ്തകങ്ങളിലും ഇക്കാര്യം അതേപടി ആവർത്തിക്കപ്പെട്ടു.
ആൽഫ്രദ് ഫൗഷേയുടെ "STUDY OF BUDHIST ICONOGRAPHY OF INDIA" (ETUDE SUR L'ICONOGRSPHIE BOUDDHIQUE L'INDE ) എന്ന ഗ്രന്ഥത്തിലാണ് മേൽ ലിഖിതത്തെക്കുറിച്ച് പറയുന്നത്. എന്നാൽ ലിഖിതം അവലോകതേശ്വര ശില്പത്തിലല്ല രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് ആ പുസ്തകത്തിലുള്ളത്. 


ഫൗഷേയുടെ മേൽ സൂചിപ്പിച്ച പുസ്തകം എഴുതുന്നത് പുതുതായി കണ്ടെത്തിയ ചിലകയ്യെഴുത്തു പ്രതികളെ (D'APRES DES DOCUMENTS NOUVEAX) അടിസ്ഥാനമാക്കിയാണ്. ഇതിലൊന്ന് ഭിന്ന പാഠങ്ങളുള്ള 11-ാം നൂറ്റാണ്ടിലെ സംസ്കൃത മാനു സ്ക്രിപ്റ്റാണ്. രാഹുലഭദ്രൻ്റെ, പ്രജ്ഞാപാരമിതാസ്തോത്ര, അഷ്ടസാഹസ്രിക പ്രജ്ഞാപാരമിതാ, വജ്രധ്വജപരിണാമന എന്നിങ്ങനെ മൂന്നു പാഠങ്ങളാണ് ഈ കയ്യെഴുത്തുപ്രതിയിൽ ഉള്ളടങ്ങിയിരിക്കുന്നത്. ഓരോ അദ്ധ്യായത്തിൻ്റെ ആദ്യവും അവസാനവും മിനിയേച്ചർ ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ബുദ്ധൻ്റേയും ബോധിസത്വരുടേയും മറ്റ് ബൗദ്ധ ദേവതകളുടേയുമാണ് ചിത്രങ്ങൾ. ഇത്തരം 85 മിനിയേച്ചർ ചിത്രങ്ങളിൽ ഒന്നിനു കീഴിലാണ് അടിക്കുറിപ്പായി ദക്ഷിണാപഥേ മൂലവാസ ലോകനാഥാ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാന്യുസ്ക്രിപ്റ്റ് MS. Add. 1643 നമ്പറായി കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്നു.

Comments