ഓണം ഫോക് ലോർ | ജനകല

ഓണപ്പഴമ ജനകലയിൽ

ഓണസങ്കല്പം കുറെ പ്രാചീനമാണ്. പഴയ നാടൻ പാട്ടുകളിൽ അത് മുദ്രപ്പെട്ടു കിടക്കുന്നു. അജ്ഞാത കർതൃകമെന്നു ചിലർ പറയുന്ന ഓണപ്പാട്ട് നമുക്കു നൽകുന്നൊരോണച്ചിത്രം ഒന്നു വേറെ തന്നെയാണ്. എന്നാൽ, അക്കാര്യത്തിൽ ചിലർ അഭിപ്രായ വ്യത്യാസം ഉളളവരാണ്. അവരുടെ കാഴ്ചയിൽ നമ്മുടെ കയ്യിലുളള ഓണപ്പാട്ട് സഹോദരൻ അയ്യപ്പൻ എഴുതിയതാണ്.! പക്ഷേ, സഹോദരനും എത്രയോമുമ്പ്, ശങ്കരകവിയെന്ന നാട്ടുകവിയുടെ പേരിൽ ആ പാട്ട് പ്രചരിക്കപ്പെട്ടിരുന്നു.

ഓണത്തിൻ്റെ പഴക്കത്തെപ്പറ്റി ജനസംസ്കാര പഠനത്തിൽ ചില സൂചനകൾ നമുക്കു ലഭ്യമാണ്. പാക്കനാർ പാട്ടിലും ഭദ്രകാളിപ്പാട്ടിലും അതിൻ്റെ വേരുകൾ ആഴ്ന്നു കിടക്കുന്നു. എന്നല്ല, 'ഭദ്രകാളിപ്പാട്ടിൽ', മാവേലിനാടിൻ്റെ അധികാരിയായ ഉടയോനാണ് അവളുടെ കാന്തൻ.  ഓണനാളുകളിൽ 'മാവേലിയമ്മ'യായ 'പകോതി' ഭർത്താവിനെക്കാണാൻ മാവേലി നാട്ടിലെത്തുന്നു. ഇതിനായി 'മാളോർ' എന്ന മാലോകർ പൂക്കളം ഒരുക്കി കാത്തിരിക്കുന്നു. 

'പൂക്കളം' എന്ന സങ്കല്പം തന്നെ സ്തൈണതയെക്കുറിക്കുന്നു. ദേവിയുടെ കളമാണത്. പ്രാചീന ഗോത്രസ്മൃതിയിൽ 'പൂവ്' സ്ത്രീയുടെ പ്രതീകവുമാണ്. ഭദ്രകാളിയുടെ കാന്തനായ മാവേലിത്തമ്പുരാനാകട്ടെ മാതേവരും. ഈ മാതേവർ, ഗോത്ര പാരമ്പര്യത്തിലെ  പൂർവ്വികാരാധനയുടെയോ പിതൃപൂജയുടേയോ, പല്ക്കാലത്തെ ശൈവാരാധനയുടെയോ, ഹാരപ്പൻ കാലത്തെ പശുപതിയുടെയോ വരെ തുടർച്ചയാകാം. 


അധികാരിയെ 'അച്ചനായി' സംബോധന ചെയ്യുന്ന സമൂഹം ഇന്നും നമുക്കിടയിലുണ്ട്. മാവേലിയമ്മ ആ അധികാരിയുടെ പെൺപാതിയാണ്. ഭദ്രകാളി സങ്കല്പം സാർവ്വത്രികമായിത്തീരുന്നതിനുമുമ്പ്  ഇവിടുത്തെ സാധാരണ ജീവിതങ്ങളെ പൂണ്ടു പുലർത്തിയിരുന്ന ദേവതാ സങ്കല്പമായാകാം 'മാവേലിയമ്മ' നാട്ടുനാവുകളിൽ നിറഞ്ഞാടുന്നത്. ഗോത്ര മാതൃദേവതകളെല്ലാം ദേശദേവതകളായി ക്ഷേതത്തിലധിവാസം തുടങ്ങിയപ്പോൾ, മാവേലിദേശത്തെ പരദേവതയായി മാവേലിയമ്മയും  പരിവർത്തിക്കപ്പെട്ടിരിക്കാം. ഏതായാലും ആ അമ്മയുടെ വരവാണ് വാമൊഴിപാരമ്പര്യത്തിലെ പൊന്നോണം.

'ഒരാണ്ടിലൊരിക്കൽ വരുന്ന മാവേലിയമ്മയ്ക്കരിയോ അരി'

(ഭദ്രകാളിപ്പാട്ട്)

തൃക്കാക്കരയിലെ മൂലദേവനായ മഹാദേവനാണ് ഓണത്തപ്പൻ എന്ന, കറുപ്പൻ വീട്ടിൽ ഗോപാലപിളളയുടെ നിരീക്ഷണം (കേരള മഹാചരിത്രം) ഈ പശ്ചാത്തലത്തിൽ കൂടുതൽ ആലോചനീയമാണ്.

കൊല്ലവർഷം 1124ൽ പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു:

'എടപ്പള്ളിക്കു സമീപത്ത് 'തൃക്കാക്കര' എന്നൊരു ഗ്രാമം ഉണ്ട്. ഇവിടെ പുരാതനമായ ഒരു ക്ഷേത്രവും കോവിലകങ്ങളുടെ നഷ്ടശിഷ്ടങ്ങളും കാണാനുണ്ട്. ക്ഷേത്രം വളരെ ഐശ്വര്യത്തിലും പ്രാഭവത്തിലും, വിദൂരമായ അതീതകാലത്ത് ഇരുന്നിരുന്നുവെന്നും, ഇപ്പോഴത്തെ പരിതസ്ഥിതികളിൽനിന്ന് മനസ്സിലാക്കാൻ കഴിയും. ഇതു മഹാദേവക്ഷേത്രമാണ്‌. 'തൃക്കാക്കര അപ്പൻ' എന്നാണ്‌ പ്രസ്തുത ഉപാസനാ മൂർത്തിയുടെ അപരനാമം. ഈ തൃക്കാക്കര അപ്പനും പ്രാചീന കേരള ചരിത്രവുമായി വലുതായ ഒരു ബന്ധം ഉണ്ട്' (കേരളമഹാചരിത്രം, കുറുപ്പുംവീട്ടിൽ കെഎൻ. ഗോപാലപിള്ള, പേജ്-77)

വടക്കൻ ജനകലയിൽ സമാനമായി മറ്റൊരു തിരുവോണമാണ് വിടർന്നു പൂക്കുന്നത്. വള്ളുവനാട്ടിൽ പാണനും പാട്ടിയും പാടുന്ന ഓണപ്പാട്ടുകൾ മുഴുക്കെ മാതേവരുടെ (മഹാദേവൻ്റെ / ശിവൻ്റെ) ഉണർത്തുപാട്ടാണു്. ഈ പട്ടുകളിലെ മാതേവർ അഥവാ മഹാദേവനാണു് സാക്ഷാൽ തൃക്കാക്കരയപ്പൻ.

'ഹരഹര മഹാദേവ, തൃക്കാക്കരയപ്പൻ ഹരഹരോ” എന്നിങ്ങനെയാണ് വായ്ത്താരി പാടിപ്പോകുന്നത്.

'എന്തൊരലങ്കാരമേ.. മഹാദേവനുള്ളിവിടെ

തുളസിപ്പൂവു ചൂടുന്നതും മഹാദേവർക്കലങ്കാരം

അരിച്ചാന്ത് അരച്ചിട്ടിതാ ചതുരമായി അണിയുന്നു

എട്ടുകെട്ടി അണിയുന്നത് മഹാദേവർക്കലങ്കാരം

പതിനാറുകെട്ടി അണിയുന്നത് മഹാദേവർക്കലങ്കാരം

കതിരണിച്ചിൽ അണിയുന്നതും മഹാദേവർക്കലങ്കാരം

പീഠം കെട്ടണിയുന്നതും മഹാദേവർക്കലങ്കാരം

ഓണംവിളി വിളിയ്ക്കുന്നതും മഹാദേവർക്കലങ്കാരം

കോടിക്കച്ച കെട്ടുന്നത് പെൺപിള്ളേർക്കലങ്കാരം

ആട്ടക്കളം കൂട്ടവിളി ആൺപിള്ളേർക്കലങ്കാരം

കണ്ണിൽ മഷിയും മൈലാഞ്ചിയും പെൺപിള്ളേർക്കലങ്കാരം

ഓണം കഴിഞ്ഞാൽ പിറ്റേനാളിൽ പോവായെന്ന് മാതേവർ

പോവേണ്ട പറഞ്ഞിട്ടതാ-തടുക്കുന്നു പെൺപിള്ളേർ

തടുക്കണ്ടാ - തടുക്കണ്ടാന്ന് പോവായെന്ന് മാതേവർ

കാണംവിറ്റും ചോറുണ്ണുവാൻ ഞാൻ വരണ്ട് പെൺപിള്ളേരെ

ഓണം കഴിഞ്ഞ് പതിനാറാം ദിവസം ഞാൻ വരണ്ട് പെൺപിള്ളേരെ...' 

ഇതാണ് പാട്ട്.

'ഓണംവിളി വിളിയ്ക്കുന്നതും മഹാദേവർക്കലങ്കാരം...' ഈ വരികൾ കാലത്തോടു പറയുന്നതും ഓണവുമായുളള മാതേവരുടെ പൊക്കിൾക്കൊടി ബന്ധമാണ്.


• ഹരികുമാർ  ഇളയിടത്ത്

Comments

  1. വടക്കൻ ജനകലയിൽ മറ്റൊരു തിരുവോണമാണ് വിടർന്നു പൂക്കുന്നത്.
    വള്ളുവനാട്ടിൽ പാണനും പാട്ടിയും പാടുന്ന ഓണപ്പാട്ടുകൾ മുഴുക്കെ മാതേവരുടെ (മഹാദേവൻ്റെ / ശിവൻ്റെ) ഉണർത്തുപാട്ടാണു്. ഈ പട്ടുകളിലെ മാതേവർ അഥവാ മഹാദേവനാണു് സാക്ഷാൽ തൃക്കാക്കരയപ്പൻ.

    'ഹരഹര മഹാദേവ, തൃക്കാക്കരയപ്പൻ ഹരഹരോ” എന്നിങ്ങനെയാണ് വായ്ത്താരി പാടിപ്പോകുന്നത്.

    'എന്തൊരലങ്കാരമേ.. മഹാദേവനുള്ളിവിടെ
    തുളസിപ്പൂവു ചൂടുന്നതും മഹാദേവർക്കലങ്കാരം
    അരിച്ചാന്ത് അരച്ചിട്ടിതാ ചതുരമായി അണിയുന്നു
    എട്ടുകെട്ടി അണിയുന്നത് മഹാദേവർക്കലങ്കാരം
    പതിനാറുകെട്ടി അണിയുന്നത് മഹാദേവർക്കലങ്കാരം
    കതിരണിച്ചിൽ അണിയുന്നതും മഹാദേവർക്കലങ്കാരം
    പീഠം കെട്ടണിയുന്നതും മഹാദേവർക്കലങ്കാരം
    ഓണംവിളി വിളിയ്ക്കുന്നതും മഹാദേവർക്കലങ്കാരം
    കോടിക്കച്ച കെട്ടുന്നത് പെൺപിള്ളേർക്കലങ്കാരം
    ആട്ടക്കളം കൂട്ടവിളി ആൺപിള്ളേർക്കലങ്കാരം
    കണ്ണിൽ മഷിയും മൈലാഞ്ചിയും പെൺപിള്ളേർക്കലങ്കാരം
    ഓണം കഴിഞ്ഞാൽ പിറ്റേനാളിൽ പോവായെന്ന് മാതേവർ
    പോവേണ്ട പറഞ്ഞിട്ടതാ-തടുക്കുന്നു പെൺപിള്ളേർ
    തടുക്കണ്ടാ-തടുക്കണ്ടാന്ന് പോവായെന്ന് മാതേവർ
    കാണംവിറ്റും ചോറുണ്ണുവാൻ ഞാൻ വരണ്ട് പെൺപിള്ളേരെ
    ഓണം കഴിഞ്ഞ് പതിനാറാം ദിവസം ഞാൻ വരണ്ട് പെൺപിള്ളേരെ...' ഇങ്ങനെയാണ് പാട്ട്.

    'ഓണംവിളി വിളിയ്ക്കുന്നതും മഹാദേവർക്കലങ്കാരം...' ഈ വരികൾ കാലത്തോടു പറയുന്നതും ഓണവുമായുളള മാതേവരുടെ പൊക്കിൾക്കൊടി ബന്ധമാണ്.

    ReplyDelete

Post a Comment