സ്മൃതിപൂജ
• മെയ് 5 • ചട്ടമ്പിസ്വാമി സമാധി • അത്രയൊന്നും പ്രത്യക്ഷമല്ലാത്ത, അധികമാരും ചര്‍ച്ച ചെയ്യാത്ത, ഒരു ധൈഷണിക പിന്തുണ ശ്രീനാരായണഗുരുവിന് ചട്ടമ്പി സ്വാമിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അത് ഗുരുവിന്‍റെ ക്ഷേത്ര പ്രതിഷ്ഠകളോടു ചേര്‍ത്തു വായിക്കുമ്പോഴാണ് കൂടുതല്‍ സംഗതമാവുന്നത്. ഹിന്ദുക്കള്‍ എന്ന ജനവിഭാഗത്തിന് ഇന്ന് എന്തെങ്കിലും അസ്ഥിത്വമുണ്ടെങ്കില്‍ അത് നിലവിലുള്ള ക്ഷേത്രങ്ങളുടെ ആദ്ധ്യാത്മിക പശ്ചാത്തലത്തിലാണ്. വ്യത്യസ്ത ജാതിവിഭാഗമായി വിവിധ കള്ളികളില്‍ പരസ്പരം തൊടാതെ ജീവിച്ച പേക്കോലങ്ങളുടെ സാമൂഹിക ഏകീകരണത്തിന്‍റെയും കൂട്ടായ്മകളുടെയും സംഘടനയുടെയും ആണിക്കല്ലായിരുന്നു നവോത്ഥാന കാലത്ത് ക്ഷേത്രങ്ങള്‍. എന്നാല്‍ ഉത്തര കേരളത്തില്‍ നിന്നും ബ്രഹ്മാനന്ദ ശിവയോഗിയുടെയും വാഗ്ഭടാനന്ദ ഗുരുവിന്‍റെയും നേതൃത്വത്തില്‍ ക്ഷേത്രം പോലുള്ള ഭൗതികാചാര സംബന്ധമായ വിഷയങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളും നിലപാടുകളും അവതരിപ്പിക്കപ്പെട്ടു. അക്കാലത്ത് മിക്കവാറും, എന്നല്ല, ഭൂരിപക്ഷം ക്ഷേത്രങ്ങളും അനാചാരത്തിന്‍റെയും അന്ധവിശ്വാസങ്ങളുടെയും വിളനിലമായിരുന്നുവെന്നതും അവരുടെ വീക്ഷണങ്ങള്‍ക്ക് സാമൂഹികമായ പിന്തുണ ലഭിക്കുന്നതിനിടയാക്...