ഫ്രാൻസിസ് ടി. മാവേലിക്കര

‘നാടകത്തിന് നമ്മൾ ഒരു ജീവിതം പൂർണ്ണമായും കൊടുക്കണം. പകരം, നാടകത്തിനു തിരികെത്തരാൻ വളരെക്കുറച്ചേയുള്ളൂ. അഷ്ടിമുട്ടി കഴിഞ്ഞുകൂടാൻ ഒരു ചെറിയ ജീവിതം അതു തിരിച്ചു തരും. ആ ജീവിതമാണ് ഞാൻ അനുഭവിച്ചു തീർക്കുന്നത്. ഒരു നാടകക്കാരൻ്റെ മുന്നിൽ 'നാളെ'യെന്നത് അനിശ്ചിതത്വത്തിൻ്റേതാണ്. നാടകക്കാരന് ബാങ്ക് ബാലൻസില്ല. എരിച്ചു തീർത്ത ജീവിതത്തിൻ്റെ കരിന്തിരി പോലെ അവൻ പുകയുന്നത് അതുകൊണ്ടാണ്’.

  • ഫ്രാൻസിസ് ടി. മാവേലിക്കര 


കഴിഞ്ഞ നാല്പത്തിരണ്ടു വർഷമായി പ്രൊഫഷണൽ നാടക രംഗത്ത് ഉയർന്നു കേൾക്കുന്ന പേരാണ്, ‘ഫ്രാൻസിസ് ടി. മാവേലിക്കര’. നാടക രചയിതാവെന്നനിലയിൽ ഇന്നും  ഒന്നാമത്തെ പേരുകാരനായി അദ്ദേഹം തുടരുന്നു. എഴുത്തുകാരൻ്റെ പേരുകേട്ട് നാടകം കാണാൻ ആസ്വാദകരെത്തുംവിധം സഹൃദയ ഹൃദയങ്ങളെ സ്വാധീനിക്കാൻ അദ്ദേഹത്തിൻ്റെ നാടകങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. സാമൂഹിക ഇതിവൃത്തങ്ങളും പുരാണ-ചരിത്ര സംഭവങ്ങളും രംഗവേദിക്കുവേണ്ടി ആലോചിക്കുമ്പോൾ സമിതികളും സംവിധായകരും ആദ്യം പരിഗണിക്കുന്ന പേരും ഫ്രാൻസിസ് ടി. മാവേലിക്കരയുടേതാണ്.

മുന്നൂറ്റി എഴുപത്തിയഞ്ചു നാടകങ്ങൾ ഇതിനകം അദ്ദേഹം എഴുതിക്കഴിഞ്ഞു. ഭാരതത്തിൽ ഇത്രയധികം നാടകം എഴുതിയ മറ്റൊരാൾ ഉണ്ടാവില്ല. എഴുതിയ നാടകങ്ങളെല്ലാം വേദിയിലെത്തിയിട്ടുണ്ട്. ഇതും ഫ്രാൻസിസിനുമാത്രം അവകാശപ്പെടാനാവുന്ന നേട്ടമാണ്. ഈ നാടകങ്ങളെല്ലാം കുറഞ്ഞത് നൂറിലധികം വേദികൾ പിന്നിട്ടവയാണെന്നതും എടുത്തു പറയേണ്ടതാണ്. 

‘നാടകത്തിൻ്റെ നല്ലകാലം കഴിഞ്ഞു. ഇനി അത്രയും നാടകങ്ങൾ ഒരാൾക്ക് എഴുതാനും രംഗത്ത് എത്തിക്കാനും സാധ്യമല്ലാതായിരിക്കുന്നു’-ഫ്രാൻസിസ് പറയുന്നു.

  • തുടക്കം

പ്രസിദ്ധ അഭിനേത്രിയായിരുന്ന കെ.പി.എ.സി സുലോചനയുടെ കായംകുളം 'സംസ്കാര' എന്ന നാടകസമിതിക്കുവേണ്ടി 'സൂര്യകാന്തം' എന്ന നാടകം എഴുതിക്കൊണ്ടാണ് പ്രൊഫഷണൽ നാടകരംഗത്തേക്ക് ഫ്രാൻസിസ് കടന്നുവരുന്നത്. സുന്ദരൻ കല്ലായിയായിരുന്നു അതിൻ്റെ സംവിധായകൻ. രണ്ട് സംഘങ്ങൾക്കു വേണ്ടി ആ വർഷം നാടകമെഴുതി.

തുടക്കത്തിൽ 14 നാടകങ്ങൾ വരെ എഴുതിയ വർഷങ്ങൾ ഉണ്ട്. അമേച്വർ നാടക സമിതികൾക്കുവേണ്ടി മുമ്പ്  ദീർഘനാടകങ്ങൾ, ലഘുനാടകങ്ങൾ, അമേച്വർ നാടകങ്ങൾ എന്നിവയെല്ലാം എഴുതിയ പരിചയവും, എഴുതാൻ കഴിയുമെന്ന ആത്മവിശ്വാസവും മാത്രമായിരുന്നു കൈമുതൽ. എഴുത്തു മാത്രമല്ല, അഭിനയവും സംവിധാനവുമൊക്കെ അക്കാലത്തുണ്ടായിരുന്നു.

  • സംവിധായകർ

സുന്ദരൻ കല്ലായി മുതൽ രാജീവൻ മമ്മിളിവരെ, കേരളത്തിലെ അറിയപ്പെടുന്ന ഇരുപത്തിയൊൻപതു സംവിധായകർ ഫ്രാൻസിസ് എഴുതിയ നാടകങ്ങൾക്ക് ഇതിനകം രംഗഭാഷ ഒരുക്കിയിട്ടുണ്ട്. അതും ഒരു ചരിത്ര സംഭവമാണ്. വേണമെങ്കിൽ റെക്കോർഡെന്നും പറയാം. അവരിൽ കരകുളം ചന്ദ്രൻ, വക്കം ഷക്കീർ തുടങ്ങിയ ഈ രംഗത്തെ അതികായർ അൻപതിൽപ്പരം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വത്സൻ നിസരി എന്ന സംവിധായകൻ നൂറിലധികം നാടകങ്ങൾക്ക് രംഗഭാഷ്യം ഒരുക്കി. മാനസികമായ അടുപ്പം കൊണ്ടാണ് എഴുത്തുകാരൻ വരികൾക്കിടയിൽ ഒതുക്കിവെയ്ക്കുന്ന മൗനത്തെ ദൃശ്യമായി വ്യാഖ്യാനിക്കാൻ ഇവർക്കാവുന്നത്.

  • മലയാളികൾ ഉള്ളിടത്തെല്ലാം

മലയാളികൾ ഉള്ളിടത്തെല്ലാം ഫ്രാൻസിസിൻ്റെ നാടകം കളിച്ചിട്ടുണ്ട്. ഗൾഫ് നാടുകളിലും യൂറോപ്യൻ നാടുകളിലും അദ്ദേഹത്തിൻ്റെ നാടകം എത്താത്ത ദേശങ്ങളില്ല. അടുത്തമാസം ലിവർപൂൾ മലയാളികളായ കലാസ്നേഹികൾ, 'നക്ഷത്രങ്ങൾ പറയാതിരുന്നത്' എന്ന നാടകം 'കഥയറിയാതെ' എന്നപേരിൽ അരങ്ങിലെത്തിക്കുന്നു.

  • നാടകത്തിലേക്കുള്ള വഴിതുറക്കുന്നു

കുടുംബത്തിന് ചെറിയ നാടക പാരമ്പര്യം ഉണ്ടായിരുന്നു. ഫ്രാൻസിസിൻ്റെ അപ്പൻ്റെ അമ്മ ഒരു കലാകുടുംബത്തിലെ അംഗമായിരുന്നു. വിരോണിയ ഫെർണാണ്ടസ് എന്നായിരുന്നു ആ അമ്മമ്മയുടെ പേര്.  പ്രസിദ്ധ ഗായകനായ യേശുദാസിൻ്റെ അപ്പൻ അഗസ്റ്റിൻ ജോസഫിൻ്റെ സഹോദരിയായിരുന്നു അവർ.

പഴയകാലത്തെ ചവിട്ടു നാടകങ്ങളുടെ കഥ പറയുകയും ആടി കാണിക്കുകയും ചെയ്തുകൊണ്ടാണ് മുത്തശ്ശി തന്നെ ചോറൂട്ടിയിരുന്നത് എന്ന് ഫ്രാൻസിസ് ഓർക്കുന്നു. കലയുടെ കൊളുത്ത് ഹൃദയത്തിലേക്ക് കടന്നത് ഈ അമ്മമ്മയിൽ നിന്നാവണം.

എന്നാൽ, വളർന്നപ്പോൾ എല്ലാത്തരം പുസ്തകങ്ങളും വായിച്ചു. മുന്നിൽ ആശയങ്ങളുടെ മഹാപ്രപഞ്ചത്തെ ഈ പുസ്തകങ്ങൾ തുറന്നു വച്ചുതന്നു. ഇതല്ലാതെ കലാരംഗത്ത് മറ്റ് ഗുരുക്കന്മാർ ഇല്ല. നല്ല നാടകങ്ങൾ കണ്ടും നാടക പുസ്തകങ്ങൾ വായിച്ചും നാടകകൃത്തായിത്തീർന്ന ആളാണ് ഫ്രാൻസിസ് ടി. മാവേലിക്കര.

അഭിനയ കലയുടെ കുലപതിയായ തിലകനെപ്പോലെയുള്ളവരെ വേദിയിൽ കണ്ട് ആനന്ദിച്ച കുട്ടിക്കാലം. നാടകത്തിൻ്റെ സുവർണ്ണ കാലമായിരുന്നു അത്. അസാമാന്യ പ്രതിഭകളായ നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടി, പി. കെ. വിക്രമൻ നായർ, ഓ. മാധവൻ, കാലായ്ക്കൽ കുമാരൻ, ഡി. കെ. ചെല്ലപ്പൻ, എൻ. എൻ. പിള്ള തുടങ്ങിയവരൊക്കെ അരങ്ങുവാഴുന്ന കാലം. അവരെ കാണാൻ കാത്തുനിന്ന ആവേശഭരിതമായ ബാല്യകൗമാര്യങ്ങൾ- ഇവയൊക്കെയാണ് ഫ്രാൻസിസിൻ്റെ രംഗബോധത്തെ പാകപ്പെടുത്തിയതും, വളർത്തിയെടുത്തതും.

  • സാഹസികമായ നാടകാനുഭവം

എൻ. എൻ. പിള്ളയുടെ നാടകങ്ങൾ സാധാരണയായി ഉത്സവവേദികളിലല്ല അരങ്ങേറിയിരുന്നത്. റിക്രിയേഷൻ ക്ലബ്ബുകളായിരുന്നു അവർക്ക് വേദിയൊരുക്കിയിരുന്നത്. അക്കാലത്തൊരിക്കൽ മാവേലിക്കരയിൽ 'കാപാലിക' എന്ന നാടകം കളിക്കുന്നു. ഒരു വേശ്യയായിരുന്നു അതിലെ നായിക. അതുകൊണ്ട് ചില ദുഷ്പേരും നാടകം സമ്പാദിച്ചിരുന്നു. അന്നത്തെ പൊതുബോധം അതായിരുന്നു.

'ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. 25,10, 5 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്'

‘വിവിധ വാഹനങ്ങളിൽ ആളുകൾ വരുന്നു. പത്ത് പൈസ കയ്യിൽ ഇല്ല. നാടകം കാണണമെന്ന കലശലായ ആഗ്രഹമുണ്ട്. പെയിൻ്റിംഗ് സ്കൂൾ ഗ്രൗണ്ട് ആണ് മറച്ചു കെട്ടി നാടകവേദി ആക്കിയിരിക്കുന്നത്. ഒരു സുഹൃത്തുമായി സ്റ്റേജിൻ്റെ പിൻഭാഗത്ത് ചെന്നു. ഓലമറ പൊക്കി സ്റ്റേജിൻ്റെ അടിയിൽ കയറിയിരുന്നു. അവിടെയിരുന്നു നോക്കുമ്പോൾ, മുന്നിൽ കസേരയിൽ വി. ഐ. പി.കൾ ഇരിക്കുന്നതു കാണാം. ആഡിറ്റോറിയം നിറഞ്ഞു തുടങ്ങി. സ്റ്റേജിനടിയിലിരുന്ന് മുൻവശത്തെ രണ്ടു കസേരകൾ ലക്ഷ്യം വെച്ചു. അവയിൽ ആളില്ല. നാടകത്തിൻ്റെ ബെല്ലു മുഴങ്ങി. അവതരണ ഗാനം തുടങ്ങി. കർട്ടൻ ഉയരും മുമ്പ് പെട്ടെന്ന് വെളിച്ചം അണഞ്ഞു. ആ തക്കം നോക്കി ഓടിച്ചെന്ന് ഒഴിഞ്ഞ കസേരയിൽ ഞങ്ങളിരുന്നു. ഏതോ വി.ഐ.പി.കൾക്കു വേണ്ടി ഒഴിച്ചിട്ടവയായിരുന്നു അത്. ഉയർന്നുവരുന്ന തിരശീലയിൽ നിന്നും സ്റ്റേജിനു മുന്നിലേക്കു വെളിച്ചം പരന്നൊഴുകി. ഞങ്ങളെ വെളിച്ചം പൊതിഞ്ഞു. പൊടുന്നനെ ആരോ വന്നു ചെവിക്കുപിടിച്ചു പുറത്തേക്കുവലിച്ചു.’

ആക്രാന്തത്തോടെ സ്റ്റേജിലേക്ക് നോക്കിയാണ് വെളിയിലേക്ക് വേദനയോടെ നടന്നത്. ഇത് കണ്ടുകൊണ്ട് ആരോ വിളിച്ചു പറഞ്ഞു: 'കുട്ടികൾ നാടകം കണ്ടോട്ടെ'. അങ്ങനെ ഞങ്ങൾ മോചിപ്പിക്കപ്പെട്ടു. നാടകം കണ്ട് ആസ്വദിക്കാനുമായി.

നാടകം കഴിഞ്ഞ് വീട്ടിലെത്തി. അപ്പോൾ സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. 

വടിയുമായി അമ്മ വാതിൽക്കൽ കാത്തുനിൽക്കുകയാണ്. പിന്നീട് ചോദ്യം ചെയ്യലായി. നാടകം കാണാൻ പോയ വിവരം അമ്മയോടു പറഞ്ഞു. ഏതു നാടകമാണെന്നായി അടുത്ത ചോദ്യം. 'കാപാലിക!'. ആ പേരു കേട്ടതും അമ്മയുടെ മുഖത്തെ വെളിച്ചം പെട്ടെന്ന് കെട്ടു.

നാടകം ഒരു വ്യഭിചാരിണയുടെ കഥയാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അതേപ്പറ്റി പള്ളികളിൽ അക്കാലത്ത് ചില സംസാരങ്ങളൊക്കെയുണ്ടായിരുന്നു. തെറിയാണെന്നൊക്കെയിയിരുന്നു അക്കാലത്തെ മുൻവിധി. 

അതുകൊണ്ടുതന്നെ, അമ്മയിൽ നിന്നും പൊതിരെ തല്ലു കിട്ടി. അന്നത്തെ അത്താഴവും മുടങ്ങി. 

പിന്നീടൊരിക്കൽ, കുട്ടിക്കാലത്തെ ഈ അനുഭവം എൻ. എൻ. പിള്ളയോട് നേരിൽ പറയാനവസരം വന്നു. അൽപനേരം എന്നെ അദ്ദേഹം നോക്കിയിരുന്നു. പിന്നാലെ, ഒരു പുഞ്ചിരിയോടെ ഒരു പുസ്തകമെടുത്ത് കയ്യൊപ്പിട്ടു തന്നു. 'കർട്ടൻ’ എന്നായിരുന്നു ആ പുസ്തകത്തിൻ്റെ പേര്.

  • നട്ടെല്ല് എന്ന ഗുണം 

എൻ. എൻ. പിള്ളയുടെ മരണം വരെ അദ്ദേഹം തൻ്റെ നാടകങ്ങൾ ഉത്സവ പറമ്പിലേക്ക് കൊടുത്തില്ല. നാടകം എവിടെ കളിക്കണമെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. ടിക്കറ്റെടുത്ത്, തികഞ്ഞ അച്ചടക്കത്തോടെയിരുന്ന് തൻ്റെ നാടകം ആളുകൾ കണ്ടാൽ മതിയെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഒരു രാഷ്ട്രീയക്കാരുടെയും ചട്ടുകമാകാൻ അദ്ദേഹം നിന്നില്ല. തനിക്കുശരിയെന്നു തോന്നുന്നത് തണ്ടെല്ലുറപ്പോടെ വിളിച്ചു പറഞ്ഞു. ഒരംഗീകാരത്തിൻ്റെയും പിന്നാലെ പോയില്ല. മത്സരത്തിന് നാടകം അയച്ചില്ല. ‘പത്താം ക്ലാസുകാരൻ്റെ പേപ്പർ നാലാം ക്ലാസുകാരൻ നോക്കുന്നിടത്തേക്ക് ഞാനെൻ്റെ ഉത്തരകടലാസുമായി പോകണോ’ എന്നായിരുന്നു അതേപ്പറ്റി സംശയിച്ചവരോട് അദ്ദേഹം തിരിച്ചു ചോദിച്ചത്.

  • നാടകപഠനം

മുഖ്യധാരാ നാടകരംഗത്തുണ്ടായ ഏറ്റവും വ്യത്യസ്തനായ സംഘാടകൻ എൻ. എൻ. പിള്ളയായിരുന്നു. എന്നല്ല,  എഴുത്തുകാരനും സംവിധായകനുമെല്ലാം അദ്ദേഹമായിരുന്നു. 

ജീവിതം പഠിപ്പിച്ച നാടകമാണ് അദ്ദേഹം അരങ്ങിൽ കാണിച്ചുതന്നത്. ഇങ്ങനെയുള്ള നാടകകാരന്മാമാരുടെയും നാടകങ്ങളുടെയും മുന്നിലിരുന്നാണ് ഞാൻ നാടകം പഠിച്ചത്.

  • നാടകത്തിൽ സന്ദേശം ആവശ്യമില്ല

സമൂഹത്തിനോട് എഴുത്തുകാരനു പറയാനുള്ളത് ആസ്വാദ്യകരമായി പറയുക. സന്ദേശം ഉണ്ടാകണമെന്ന് ചിലർ ശഠിക്കുന്നു. അത് ശരിയല്ല. അങ്ങനെയുള്ള എഴുത്ത് പ്രചരണാത്മകമാണ്. കുമാരനാശാൻ്റെ വീണപൂവീണപൂവിൽ എന്തു സന്ദേശമാണുള്ളത്? 'മാമ്പഴ'ത്തിലൂടെ  എന്തു സന്ദേശമാണ് വൈലോപ്പിള്ളി നൽകുന്നത്? അവ ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന അന്തരംഗവിശുദ്ധി തന്നെയാണ് അതിൻ്റെ സന്ദേശം. അത് നാടകത്തിലും അന്തർലീനമായിരിക്കും. അല്ലാതെ, പ്രത്യേകം, എന്തെങ്കിലും സന്ദേശം നൽകാൻ വേണ്ടിമാത്രം ഒരിക്കലും എഴുതിയിട്ടിയില്ല.

കമ്മ്യൂണിസ്റ്റു പാർട്ടി പോലുള്ള, ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള, പു. ക. സ. പോലുള്ള സംഘങ്ങൾ നാടകത്തെ ഒരു പ്രചരണോപാധിയായി സ്വീകരിച്ചു.  നാടകം ഇടതുപക്ഷത്തിൻ്റെ നാവാകുന്നു പരിഷത്തിൻ്റെ നാവാകുന്നു. വാസ്തവത്തിൽ നാടകകൃത്തിൻ്റെ നാടകമല്ല, അവയൊന്നും.

ഇത്തരം, നാടക സങ്കൽപ്പത്തിൽ നിന്നാണ്, നാടകത്തിന് സന്ദേശം വേണമെന്ന് ആളുകൾ ശഠിക്കുന്നത്. അടിസ്ഥാന വർഗത്തെ / തൊഴിലാളി വർഗ്ഗത്തെ ഉത്തേജിപ്പിക്കുന്നതാകണം നാടകമെന്ന് തന്മൂലം ആളുകൾ തെറ്റിദ്ധരിച്ചു. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിൽ അവസാനം ഒരു ചെങ്കൊടി ഉയരുന്നുണ്ട്. അതുകൊണ്ട്, എല്ലാ നാടകങ്ങളിലും അതു വേണമെന്ന് അത്തരക്കാർ ശഠിച്ചു. 

നാടകത്തെ വേണ്ടവണ്ണം ഉപയോഗിച്ച്, ഉപേക്ഷിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റുകാർ. ഒരുകാലത്ത് ഇടതുപക്ഷത്തോടൊപ്പമായിരുന്നു ഇവിടുത്തെ ജനകീയ കലാകാരന്മാരെല്ലാം. കഥാപ്രസംഗം, നാടകം, എല്ലാം അങ്ങനെയായിരുന്നു. കലാരൂപങ്ങളെല്ലാം ഇടതു പ്രചാരണോപാധികളായി മാറി; അവർ മാറ്റി. എന്തിന്, തെയ്യവും തിറയും കെട്ടുകാഴ്ചയിലെ രൂപങ്ങളുമെല്ലാം അവർ അങ്ങനെ ദുരുപയോഗിച്ചു. അരങ്ങിൽ ഒരു വിപ്ലവകാരി ഇല്ലെങ്കിൽ, നാടകം പുരോഗമനപരമല്ലെന്നു കൂടി പറയാൻ ഇടവന്നു.

‘57 ലെ മന്ത്രിസഭ നാടകസ്വാധീനം മൂലം ഉണ്ടായതാണ്. പാട്ടബാക്കി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയവയുടെ ഫലം കൊയ്തെടുത്തതാണത്. തിരിച്ച്, ഈ കലയ്ക്കുവേണ്ടി, എണ്ണമറ്റ കലാകാരന്മാർക്കു വേണ്ടി അവർ ഒന്നും ചെയ്തില്ല. കലാകാരന്മാരെ പാർട്ടിയുടെ നിത്യബന്ധത്തിലാക്കുക മാത്രമാണ് അവർ ചെയ്തത്. അവരെ പ്രത്യേകം കള്ളികളിലാക്കി മാറ്റി. തങ്ങളുടെ അടിമകളാക്കിമാറ്റി.

നാടകാവതരണത്തിനുപറ്റിയ ഒരു ഓഡിറ്റോറിയം ഓരോ ജില്ലയിലും ഉണ്ടാക്കാൻ പോലും അവർക്കു കഴിഞ്ഞില്ല. കല്യാണമണ്ഡപങ്ങൾ നാടകാവതരണത്തിന് പറ്റിയവയല്ല. അതിനായി പ്രത്യേക അരങ്ങുതന്നെ വേണം. അതെങ്കിലും ഉണ്ടാക്കാൻ ഇവർക്ക് കഴിയേണ്ടതായിരുന്നു. നാടകത്തെ സംരക്ഷിക്കാൻ, നാടക കലാകാരൻമാരെ സംരക്ഷിക്കാൻ- എന്തെങ്കിലും ചെയ്യാൻ- അതിൻ്റെ ഗുണഫലം കൊയ്തവർക്കായിട്ടില്ല.

  • ഇടതിനു ശത്രുവാകുന്നു

കഴിഞ്ഞ പത്തുവർഷം സർക്കാരിൻ്റെ വാർഷികാഘോഷം നടത്തി. ലക്ഷങ്ങൾ കൊടുത്ത് സിനിമാക്കാരുടെ നൃത്തം, ഗാനമേള എന്നിവ വെയ്ക്കും. സിനിമക്കാർ വേണ്ടെന്നല്ല. എന്നാൽ, കെ. പി. എ. സി.ക്കോ, കാളിദാസകലാകേന്ദ്രത്തിനോ പോലും ഒരവസരം അവിടെ ഇടതു സർക്കാർ നൽകിയിട്ടില്ല. ഒരൊറ്റ കഥാപ്രസംഗകനെയും ഏഴയലത്ത് അടുപ്പിച്ചിട്ടില്ല. ഒരൊറ്റ നാടകക്കാരനെയും അവിടേയ്ക്ക് വിളിച്ചിട്ടില്ല.

  • അകൽച്ചകൂടുന്നു

എത്രയോകാലം ഇടതു സഹകാരിയായിരുന്നു ഞാൻ. ഇതൊക്കെ തുറന്നുപറഞ്ഞാൽ അതോടെ ശത്രുവായി. അങ്ങനെ അവർ എന്നയും ശത്രുസ്ഥാനത്ത് നിർത്തി. ഒരിക്കൽ പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ വേദിയിൽ, ‘എന്തുകൊണ്ടാണ് നാടകത്തെയും കഥാപ്രസംഗത്തെയുമൊക്കെ ഇങ്ങനെ നിർദാക്ഷിണ്യം അവഗണിക്കുന്നതെന്ന്’ ചോദിക്കേണ്ടിവന്നു. ഇത്തരം ജനകീയ കലകളോട് അധികകാരികൾ അനുഭാവപൂർവ്വം പെരുമാറണമെന്നു പറഞ്ഞത് പാർട്ടിയെ വിമർശിക്കലായി സ്തുതിപാഠകർ കരുതി. പ്രചരിപ്പിച്ചു. അവർ ഉപജാപങ്ങൾ നെയ്തു. അതുകൊണ്ടൊക്കെത്തന്നെ സൂത വേഷം വേണ്ടെന്നുവെച്ചു. ഒരു നാടകക്കാരനെന്നനിലയിൽ നാടകത്തിനുവേണ്ടി സംസാരിക്കേണ്ടത് എൻ്റെ കടമയാണെന്ന് ഇന്നും കരുതുന്നു. അത് അകൽച്ച കൂട്ടി.

  • സംഘിയാവുന്നു

ഈ സംഭവമുണ്ടായതിനിടയ്ക്ക് ഒരു ദിവസം എനിക്കൊരു ഫോൺ വന്നു. ഡോ. എൻ. ആർ. മധുവാണ് വിളിച്ചത്. മധുച്ചചേട്ടനെ നേരത്തെ എനിക്ക് പരിചയമുണ്ട്. അദ്ദേഹത്തിൻ്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണം എന്നതായിരുന്നു ആവശ്യം. കോഴിക്കോട് എത്താൻ കഴിയുമോ എന്നു ചോദിച്ചു. നാടക പുസ്തകമാണ്.

ഞാനതു സമ്മതിച്ചു. അതിനിടയിൽ വീണ്ടും അദ്ദേഹം വിളിച്ചു. കേസരി വാരികയ്ക്കു വേണ്ടി ഒരു ഇൻ്റർവ്യൂ തരുമോ എന്നുചോദിച്ചു. ആവാമല്ലോ എന്നുഞാനും പറഞ്ഞു.

സംവാദകനും പ്രസാധകനുമായ ശ്രീ. ഷാബുപ്രസാദായിരുന്നു ഇൻ്റർവ്യൂ ചെയ്തത്. അത് കേസരിയിൽ അച്ചടിച്ചുവന്നു. ആ സംസാരത്തിൽ തോപ്പിൽഭാസിയുടെ 'കമ്മ്യൂണിസ്റ്റാക്കി' 

എന്ന നാടകം, 'ഒരു നാടകമേയല്ല' എന്ന എൻ്റെ കഴ്ചപ്പാട് ഞാൻ പറഞ്ഞിരുന്നു.

അതിനു കാരണമുണ്ട്. ആ നാടകത്തിനു പിന്നിലുള്ള, അക്കാലത്തെ കുറച്ചു യുവാക്കളുടെ 'ബ്രില്യൻസി'യെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ, ആസ്വാദകനെന്ന നിലയിൽ അതിനെയൊരു നാടകമായി പരിഗണിക്കാനാവുമായിരുന്നില്ല. വാസ്തവത്തിൽ അതൊരു പ്രചാരണ നാടകമാണ്. 

ഒ. എൻ.വി എന്ന പ്രസിദ്ധനായ യുവകവി, സുലോചനച്ചേച്ചിയെന്ന നല്ല ഗായികയും അഭിനേതാവും, തോപ്പിൽഭാസിയെന്ന നല്ല എഴുത്തുകാരനും സംവിധായകനും, ദേവരാജൻമാഷെന്ന മികച്ച സംഗീതജ്ഞൻ, കെ.എസ്സ്. ജോർജ്ജ് എന്ന നല്ല ഗായകൻ- ഈ അഞ്ചു പേരുടെയും കഴിവിനെ എങ്ങനെ സമർത്ഥമായി വിനിയോഗിക്കാമെന്ന ചിലരുടെ ചിന്തയാണ് നാടകമെന്ന ആശയത്തിലേക്കെത്തിയത്. 25 പാട്ടുകളോടെയാണ് നാടകം അരങ്ങേറിയത്. ഇന്നത്തെ ഗാനമേള ട്രൂപ്പുകൾ പോലും 25 പാട്ടുകൾ ഒരു പരിപാടിയിൽ പാടുകയില്ല എന്നോർക്കണം.

നാടകം തുടങ്ങി 10 മിനിറ്റ് കഴിയുമ്പോൾ ഒരു അനൗൺസ്മെൻ്റ് ഉണ്ടാവും. 'ഇനി എം. എൻ .ഗോവിന്ദൻ നായർ അല്ലെങ്കിൽ വി.ടി ബൽറാം, അല്ലെങ്കിൽ അഡ്വക്കേറ്റ് ജനാർദ്ദനക്കുറുപ്പ്, അഥവാ പുനലൂർ രാജഗോപാലൻ നായർ- ഇവരിൽ ആരെങ്കിലും- നമ്മുടെ നാട് നേരിടുന്ന സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ സംസാരിക്കും'. ഇതായിരുന്നു ആ അനൗൺസ്മെൻ്റ്. 

അവർ പറയുന്നതാകട്ടെ, കമ്മ്യൂണിസ്റ്റ് പാർട്ടിയക്കുറിച്ചും, പാർട്ടിയുടെ ഗവൺമെൻ്റ് വരുന്നതിനെക്കുറിച്ചുമാണ്. ഇങ്ങനെ ബോധപൂർവം പ്രചാരണത്തിനുവേണ്ടി ഉണ്ടാക്കിയതായിരുന്നു ആ നാടകം. 

വീണ്ടും 10 മിനിറ്റ് അവതരണം. അതിനുശേഷം വീണ്ടും അനൗൺസ്മെൻ്റ് വരും. 'കെ.എസ്. ജോർജ്ജ് നാടകത്തിലുണ്ട്, സുലോചനയുണ്ട്, 17 പാട്ടുകൾ ഇനിയുമുണ്ട്' 

പാവം പ്രേക്ഷകർ. അവർ പാട്ടു കേൾക്കാനായി ഇരിക്കും. ഇതൊക്കെക്കൊണ്ടാണ് അതൊരു നാടകമേയല്ലയെന്ന് അന്നുഞാൻ പറഞ്ഞത്.

തോപ്പിൽഭാസിച്ചേട്ടനെ നാടകകൃത്തായി അറിയപ്പെടുന്നത് ആ നാടകത്തിൻ്റെ പേരിലാണെന്നത് നിർഭാഗ്യകരമാണ്. മുടിയനായപുത്രൻ, മൃശ്ചകടികം, അശ്വമേധം, മൂലധനം, തുലാഭാരം, ശരശയ്യ തുടങ്ങിയ അതിഗംഭീര നാടകങ്ങളിലൂടെയാണ് അദ്ദേഹത്തിലെ നാടകകൃത്ത് സ്ഥിരപ്രതിഷ്ഠ നേടുന്നത്. അല്ലാതെ, ‘കമ്മ്യൂണിസം എന്ന അപകടത്തെ സമൂഹത്തിലേക്ക് ക്ഷണിച്ചുവരുത്തിയ ആൾ’ എന്ന നിലയിലല്ല. 

ഇങ്ങനെ തോപ്പിൽ ഭാസിയെ വിലയിരുത്താൻ എനിക്ക് അവകാശമില്ലേ? ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്നത് ഒരു പ്രചാരണ നാടകമാണെന്നതിന് ഇനിയും തെളിവ് തരാം. 

അന്നത്തെ പ്രേക്ഷകർ നാടകം കാണാൻ പായും ചുരുട്ടിയാണ് വരുന്നത്. അക്കാലത്തെ പ്രേക്ഷകരുടെ രീതി അതായിരുന്നു. അങ്ങനെ വരുന്നവർ ചെങ്കൊടിയുമായാണ് വന്നത്. 

നാടകം തീരുമ്പോൾ പരമുനായർ വേദിയിൽ കൊടി ഉയർത്തും. അപ്പോൾ സദസ്സിൽ മുഴുവൻ ചെങ്കൊടി ഉയരണമെന്നു പാർട്ടി നിർദ്ദേശം നൽകി. കൊടിയുയർത്തുക മാത്രമല്ല, ഉച്ചത്തിൽ 'ഇൻക്വിലാബ് സിന്ദാബാദ്' വിളിക്കണമെന്നും അണികളെ പഠിപ്പിച്ചു. കൊടികളുമായി എത്തുന്നയാളുകൾ മുദ്രാവാക്യം വിളിക്കുശേഷം ഓരോ ബ്രാഞ്ചുകളിലേക്കും പിരിഞ്ഞു പോകണമെന്നും പരിപാടിയിട്ടിരുന്നു. അങ്ങനെയുള്ള പാർട്ടി അജണ്ട അക്കാലത്ത് വിജയിച്ചു. അധികാരം കിട്ടാൻ ഇതൊക്കെ ഉപകരിച്ചു. എന്നാൽ, നാടകം എന്ന നിലയിൽ അതൊരു പരാജയമായിരുന്നു.

ഇതൊക്കെ പറയുമ്പോഴും കെ.പി.എ.സിയുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ആറു നാടകം അവർക്കു വേണ്ടിയെഴുതി. നാലു നാടകങ്ങൾക്ക് മികച്ച അവതരണത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഏറെ സ്വീകരിക്കപ്പെട്ട നാടകങ്ങളായിരുന്നു അവ. ദ്രാവിഡവൃത്തം, അസ്തമിക്കാത്ത സൂര്യൻ, രാജാരവിവർമ്മ, ഇന്നലെകളിലെ ആകാശം, ഭീമസേനൻ, നഗര വിശേഷം തുടങ്ങിയവയായിരുന്നു കെ.പി.എ.സിക്കു വേണ്ടി എഴുതിയത്. പ്രമോദ് പയ്യന്നൂർ രണ്ടു നാടകം സംവിധാനം ചെയ്തു. ചലച്ചിത്രകാരനായ ലെനിൻ രാജേന്ദ്രനാണ് രാജരവിവർമ്മയ്ക്ക് രംഗഭാഷയൊരുക്കിയത്.

  • കെ.പി. എ.സിയുമായി പിരിയുന്നു

ഏതൊരു നാടകകൃത്തിനും വ്യത്യസ്തമായ നാടകമെഴുതാൻ പറ്റിയ പ്ലാറ്റ്ഫോമുകൾ വേണം. അങ്ങനെയൊരു നല്ല പ്ലാറ്റ്ഫോമായിരുന്നു കായംകുളം കെ. പി. എ. സി. ആ സമിതിക്കുവേണ്ടി തുടർച്ചയായി ആറു നാടകങ്ങൾ എഴുതി. അവയിൽ പലതും അഞ്ഞൂറിൽപരം വേദികളിൽ കളിച്ചു. അതിനിടയിൽ ഞാൻ അമ്മയെ പോലെ കരുതുന്ന, തോപ്പിൽഭാസിച്ചേട്ടൻ്റെ സഹധർമ്മിണി, തോപ്പിൽ അമ്മിണിയമ്മ ഒരു പ്രസ്താവനയിറക്കി.

'കെ. പി. എ. സി. ഇപ്പോ കച്ചവട നാടകങ്ങളേ ചെയ്യുന്നുള്ളോ' എന്നായിരുന്നു ഒരു ഇൻ്റർവ്യൂവിൽ ആ  അമ്മ ചോദിച്ചത്. ഇത് എനിക്ക് വലിയ വിഷമം ഉണ്ടാക്കി. നല്ല നാടകങ്ങളാണ് കൂടുതൽ വേദിയിൽ കളിക്കുന്നത്. അതൊരു കുറ്റമായി കരുതുന്നില്ല. അതിനാൽ സഹോദരതുല്യം എന്നെ കരുതുന്ന, ഇന്നും കരുതുന്ന, കെ. പി. എ. സിയുടെ അന്നത്തെ പ്രസിഡണ്ട് കെ. ഇ ഇസ്മയിലിനോടും സമിതിയുടെ സെക്രട്ടറി ഷാജഹാനോടും അതിനൊരു മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവർ അതിനു തയ്യാറായില്ല. എനിക്ക് മറുപടി പറയേണ്ടി വന്നത് അങ്ങനെയാണ്. 

'കേരളം കണ്ട എക്കാലത്തെയും ഏറ്റവും വലിയ കച്ചവട നാടകം തോപ്പിൽ ഭാസി എഴുതിക്കഴിഞ്ഞു. അതിൻ്റെ പേര് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്നായിരുന്നു. അതിലും വലിയ ഒരു കച്ചവട നാടകമെഴുതാൻ ഇനി ആരു വിചാരിച്ചാലും നടക്കില്ല'.

ഈ തുറന്നു പറച്ചിൽ, മലയാള മനോരമയുടെ വാചകമേളയിൽ അച്ചടിച്ചുവന്നു. അതോടെ വ്യവസ്ഥാപിത കമ്യൂണിസ്റ്റുകാർമുതൽ സൈബർ വെട്ടുക്കിളികൾവരെ എനിക്കെതിരായി. മുതുകിൽ അടിക്കുമ്പോൾ നമ്മൾ പ്രതികരിക്കേണ്ടേ? കെ.പി.എ.സി- യിലേക്കുള്ള പോക്ക് അങ്ങനെ അവസാനിച്ചു. എന്നാൽ ഭാരവാഹികളുമായുള്ള ബന്ധം നിലനിൽക്കുന്നു. 

മലയാള നാടകവേദിയുടെ തറവാടായിത്തന്നെ കെ.പി.എ.സി.യെ ഇന്നും കരുതുന്നു. ആവശ്യപ്പെട്ടാൽ എഴുതാനും തയ്യാറാണ്. ആവശ്യപ്പെടാതെ ഇതുവരെ ഒരു സമിതിക്കുവേണ്ടിയും നാടകം എഴുതിയിട്ടില്ല.

  • ഗാന്ധിയെ കണ്ടെത്തൽ

കെ. പി. എ. സി.യെപ്പോലെ തന്നെ വ്യത്യസ്തമായി ചിന്തിക്കാൻ, എഴുതാൻ പറ്റിയ ഒരു പ്ലാറ്റ്ഫോമായിരുന്നു പത്തനാപുരം ഗാന്ധിഭവൻ. സാമൂഹ്യ സേവനവും സാംസ്കാരിക പ്രവർത്തനവുമായി കേരളക്കരയിൽ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണത്.

പലവട്ടം അവിടെ പോകേണ്ടിവന്നിട്ടുണ്ട്  പേരിനെ അന്വർത്ഥമാക്കും വിധം, അതിൻ്റെ കവാടത്തിൽ ഒരു വലിയ ഗാന്ധിപ്രതിമ നമ്മളെ സ്വാഗതം ചെയ്തു നിൽക്കുന്നു. മനസ്സിൽ അത് സ്പർശിച്ചിരുന്നു. അതിൻ്റെ അമരക്കാരനായ സോമരാജൻ സാർ ഒരു നാടകത്തെക്കുറിച്ചു പറഞ്ഞപ്പോൾ പല വിഷയങ്ങളും മനസ്സിലേക്കു കടന്നുവന്നു. പൊടുന്നനെ, ഗാന്ധിയും ഗാന്ധിപ്രതിമയും തൽസ്ഥാനം കവർന്നെടുത്തു. 

നമ്മുടെ രാഷ്ട്രപിതാവ്! പൊതു പ്രവർത്തകൻ, പിതാവ്, ഭർത്താവ്, സനാതന ഹിന്ദു. ബഹുമുഖങ്ങളുള്ള മനുഷ്യൻ. അദ്ദേഹത്തിൻ്റെ അന്തഃസംഘർഷങ്ങൾ. ആ വഴിക്ക് ആലാചിച്ചു. നാടകീയതക്ക് ധാരാളം സാധ്യതകളുള്ള നല്ല വിഷയമായിത്തോന്നി. എന്നാൽ, അദ്ദേഹത്തെക്കുറിച്ച് ഇതിനകം പലരും ധാരാളം പറയുകയും എഴുതുകയും ചെയ്തിരിക്കുന്നു. പുതുതായി എന്തെങ്കിലും പറയുവാനുണ്ടാവണം. ആ ചിന്ത മനസ്സിൽ തിടംവെച്ചു. അതിനായി ധാരാളം വായിച്ചു.

‘ഗാന്ധിസാഹിത്യം’ നൂറു വോള്യങ്ങളുള്ള പുസ്തകങ്ങളാണ്. ഒരുലക്ഷത്തിൽപ്പരം പേജുകൾ അതിനുണ്ട്. അതിൽ നിന്നും ആവുന്നത്ര വായിച്ചു പഠിച്ചു. ഗാന്ധിജിയെക്കുറിച്ചുള്ള ഇതര കൃതികളും ആഴത്തിൽ പരിശോധിച്ചു. രാമചന്ദ്ര ഗുഹയുടെ കൃതിവരെ അതിലുൾപ്പെടുന്നു. 

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മഹാത്മാഗാന്ധി. കമ്മ്യൂണിസത്തിൻ്റെ വിഷം ഉള്ളിൽക്കിടക്കുന്നവർ പറഞ്ഞു പരത്തി സത്യമാക്കിത്തീർത്ത പല നുണകളും അതിൽപ്പെടുന്നു. ഗാന്ധി ഭഗത്സിങ്ങിനു വേണ്ടി പറഞ്ഞിരുന്നുവെങ്കിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ വെറുതെ വിടുമായിരുന്നുവെന്നതാണ് അതിൽ ഒരു മഹാനുണ. വാസ്തവത്തിൽ, ഗാന്ധി ഭഗത്സിങ്ങിനുവേണ്ടിയും രാജ്ഗുരുവിനു വേണ്ടിയും സുഖ് ദേവിനു വേണ്ടിയും ബ്രിട്ടീഷുകാരോട് വിനീതമായി അഭ്യർത്ഥിച്ചിരുന്നു. നമ്മുടെ ചരിത്രകാരന്മാരും എഴുത്തുകാരും തമസ്കരിച്ച, സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരുജ്ജ്വലമായ ഏടായിരുന്നു അത്.

ഇർവിൻ പ്രഭുവിൻ്റെ വിടവാങ്ങൽ പ്രസംഗം വായിച്ചു. അതിൽ, ഭഗത്സിംഗ്, രാജ്ഗുരു, സുഖ് ദേവ് എന്നീ മൂന്നു യുവാക്കൾക്കു വേണ്ടി, അവരുടെ ജീവനു വേണ്ടി, ഗാന്ധിജി അഭ്യർത്ഥന നടത്തിയതിനെപ്പറ്റി പറഞ്ഞിരിക്കുന്നു. ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു ഇർവിൻപ്രഭു. ഒരു സത്യവിശ്വാസിയായിരുന്നു അദ്ദേഹം. ഭഗത്സിങ് കുറ്റവാളിയാണെന്നുതന്നെ അദ്ദേഹം കരുതി. അതിനാൽ ഗാന്ധിക്ക് കൂടുതൽ നിർബന്ധിക്കാനുമായില്ല. ഗാന്ധിയൻ ചിന്തയ്ക്ക് അനുകൂലമായ പെരുമാറ്റമായിരുന്നു ഭഗത്സിംഗിൻ്റെയും കൂട്ടരുടെയുമെന്ന് ഉറപ്പു പറയാനും ഗാന്ധിക്ക് കഴിയുമായിരുന്നില്ല.

ഗാന്ധി എൻ്റെ രാഷ്ട്രപിതാവാണ്. ഗാന്ധിയെ വിമർശിക്കാൻ നൂറു കാരണങ്ങൾ കാണും. വിമർശിക്കുന്നവർ ആവുന്നത്ര ഉച്ചത്തിൽ വിമർശിക്കട്ടെ. ഒരു വാക്കു കൊണ്ടു പോലും ഗാന്ധിയെ തെറ്റുകാരനാക്കാൻ ഞാൻ ഒരുക്കമല്ല. എൻ്റെ മനസാക്ഷി അതിനനുവദിക്കുമായിരുന്നില്ല.

ഗാന്ധിജിയെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയെങ്കിലും തിരുത്താൻ എനിക്കു കഴിയണമെന്നുണ്ടായിരുന്നു. ചരിത്രം പഠിച്ചവരും പഠിപ്പിക്കുന്നവരും 

‘ഗാന്ധി’ എന്ന നാടകത്തിലെ ഈ മുഹൂർത്തത്തെ എതിർത്തു. അവർ ഇർവിൻപ്രഭുവിൻ്റെ വിടവാങ്ങൽ പ്രസംഗം വായിക്കണമെന്നേ എനിക്കു പറയാനുള്ളൂ. ഗാന്ധി ഇല്ലാതെ ഇന്ത്യയ്ക്കു മുന്നോട്ടുപോകാനാവില്ല. അത്രമേൽ അദ്ദേഹം ഇന്ത്യയുടെ പാരമ്പര്യത്തെ സ്വാംശീകരിച്ചിരുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിൻ്റെ ദർശനത്തിലും പെരുമാറ്റത്തിലും ഈ ഇന്ത്യത്വമുണ്ട്. അതിനാൽ, ഗാന്ധിയെ ഉൾക്കൊള്ളാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇന്ത്യയിലെ ഗ്രാമങ്ങളിൽ വേരുറപ്പിക്കാൻ കഴിയുകയില്ലെന്നും ഞാൻ കരുതുന്നു.

  • ഗാന്ധിയും അംബേദ്കറും 

ഗാന്ധിയും അംബേദ്കറും പരസ്പരം ബഹുമാനിച്ചുകൊണ്ട് വിയോജിച്ചവരാണെന്നാണ് ഞാൻ വായിച്ചറിഞ്ഞത്. അവർ പരസ്പരം ശത്രുക്കളാണെന്ന നരേറ്റീവാണ് കഴിഞ്ഞ എഴുപത്തിയഞ്ചു കൊല്ലമായി ഈ രാജ്യത്ത് പഠിപ്പിക്കപ്പെട്ടത്; നിലനിൽക്കുന്നത്. അങ്ങനെയൊരു തെറ്റിദ്ധാരണ പരത്തിയതിനു പിന്നിലും കമ്മ്യൂണിസ്റ്റുകാരൻ്റെ ചിന്താ കൗടില്യമുണ്ട്. ആ കാലഘട്ടത്തിൽ താനുൾപ്പെടെയുള്ള സമൂഹം അനുഭവിക്കുന്ന, അനുഭവിച്ചു കൊണ്ടിരുന്ന, ഇന്നും തുടരുന്ന അവഗണനയെപ്പറ്റിയായിരുന്നു അംബേദ്കർക്ക് പറയാനുണ്ടായിരുന്നത്. 

ഗാന്ധി കെട്ടിപ്പിടിച്ചാൽ തീരുന്ന പ്രശ്നങ്ങളായിരുന്നില്ല, പതിതരെന്നു കരുതിയകറ്റിയ ജനതയ്ക്കുമേൽ സമൂഹം ചാർത്തിക്കൊടുത്തിരുന്നത്. കാരണം, എല്ലാവരും ഗാന്ധിമാരല്ലായിരുന്നു. ജാതി സാമൂഹ്യ യാഥാർത്ഥ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. എന്നാൽ ജാതി ഒരു സാമൂഹ്യ അപകടമാണെന്നായിരുന്നു  അംബേദ്കറുടെ നിലപാട്. മതങ്ങളുടെ  ആത്യന്തികലക്ഷ്യം മോക്ഷമാണെങ്കിൽ ഓരോ ജാതിക്കും വ്യത്യസ്ത സ്വർഗ്ഗമുണ്ടോ, ഭക്തി മുന്നോട്ടു വെയ്ക്കുന്നത് മരണാനന്തര സ്വർഗ്ഗത്തെയാണെങ്കിൽ ആ സ്വർഗത്തിൽ ജാതിയുടെ പേരിലുള്ള വേർതിരിവുണ്ടോ തുടങ്ങിയ ദാർശനിക പ്രശ്നങ്ങൾ അംബേദ്കർ ഉന്നയിച്ചു. നാടകീയമാക്കി, ഇതൊക്കെ നാടകത്തിലൂടെ പ്രേക്ഷകരിലെത്തിച്ചു.

ഗാന്ധിജിയെക്കുറിച്ചുള്ള ഒരു ഡോക്യുമെൻ്ററിയായിരുന്നില്ല നാടകത്തിലൂടെ ഞങ്ങൾ ചെയ്തത്. ദൈർഘ്യമേറിയതും സംഭവബഹുലവുമായ ആ ബൃഹദ് ജീവിതത്തിലെ, തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട നിമിഷങ്ങളെ നാടകീയമായി കോർത്തിണക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്വന്തം ജനതയുടെ താൽപര്യങ്ങൾ പറയുന്നതോടൊപ്പം അംബേദ്കർക്ക് ഗാന്ധിജിയുമായുണ്ടായിരുന്ന ബന്ധത്തെ അടയാളപ്പെടുത്താനും നാടകത്തിനു കഴിഞ്ഞു.


  • മുഹമ്മദലി ജിന്ന

യാതൊരു വർണ്ണവും ചാലിച്ചു ചാർത്താതെ അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു മുഹമ്മദലി ജിന്ന. നാടിനുവേണ്ടി ഒരുദിവസം പോലും അയാൾ ജയിലിൽ കിടന്നിട്ടില്ല. ഒരു ലാത്തിയടിപോലും ബ്രിട്ടീഷുകാരിൽ നിന്നും അദ്ദേഹം ഏറ്റിട്ടില്ല. ഹിന്ദുമഹാസഭ പോലുള്ള സംഘടനകൾ ദ്വിരാഷ്ട്രവാദം മുമ്പേതന്നെ പറഞ്ഞിട്ടുണ്ടാവാം. എന്നാൽ ജിന്ന അതിനുവേണ്ടി മാത്രം നിലകൊണ്ടു. അയാൾ രാജ്യത്തെ മുറിച്ചെടുത്തു. ചരിത്രത്തെ യാതൊരു കലർപ്പുമില്ലാതെ ജിന്നയിലൂടെ അവതരിപ്പിച്ചു.

എന്നാൽ എന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യം പറയാം. ഇന്ത്യയുടെ രാഷ്ട്രപിതാവിനെക്കുറിച്ചാണ് നാടകം പറയുന്നത്. പാകിസ്ഥാൻ്റെ രാഷ്ട്രപിതാവിനെ കുറിച്ചല്ല. എന്നാൽ,  കേരളത്തിൽ പാകിസ്ഥാൻ്റെ രാഷ്ട്രപിതാവിനെക്കുറിച്ചോർത്ത് ആവേശം കൊള്ളുന്നവർ അനേകരുണ്ടെന്ന് നാടകം എനിക്കു ബോധ്യപ്പെടുത്തിത്തന്നു. പേരാമ്പ്രയിലും വടകരയിലും നാടകം അരങ്ങേറിയ ദിവസങ്ങളിൽ എനിക്ക് ഉറങ്ങാനായില്ല. എൻ്റെ നമ്പറിലേക്ക് നിരന്തരം വിളിവന്നു. ഭീഷണിയും കൊലവിളിയും തെറിയും നിറഞ്ഞ വിളികൾ. കേസു കൊടുക്കാൻ പലരും ഉപദേശിച്ചു. വിവാദമുണ്ടാക്കി നാടകം വിജയിപ്പിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു.

  • കസ്തൂർബയെന്ന മഹതി

ഏതൊരു മനുഷ്യൻ്റെയും വിജയത്തിനു പിന്നിൽ നിഴൽ പോലെ സഞ്ചരിക്കുന്ന ഒരു സ്ത്രീയുണ്ടാവും. അത്തരം ഒരു സ്ത്രീയുടെ സാന്നിധ്യം ഗാന്ധിക്കൊപ്പം

ഉടനീളം കാണാം. കസ്തൂർബയാണത്. ചെറുപ്രായത്തിൽ ഗാന്ധിക്കൊപ്പം ചേർന്നവളാണ് കസ്തൂർബ. ഗാന്ധിയേക്കാൾ ആറുമാസം പ്രായക്കൂടുതലുള്ളവൾ. ഗാന്ധിയെ മഹാത്മാവാക്കി വളർത്തിയതിൽ അവരുടെ പങ്ക് നിസ്തുലമാണ്. കുടുംബവുമായി ജീവിക്കുന്നവർക്ക് ഭാര്യയുടെ സാമീപ്യത്തിൻ്റെ വിലയറിയാം. പൂർണ്ണാർത്ഥത്തിൽ ഒരു മഹതിയാണവർ. നാടകം എഴുതുമ്പോൾ എൻ്റെ ഭാര്യയെക്കുറിച്ച് ഞാൻ പലപ്പോഴും അഭിമാനത്തോടെ ഓർത്തു.

ഗാന്ധിയെപ്പോലെ ഓർമ്മിക്കപ്പെടേണ്ടവളാണ് കസ്തൂർബ എന്ന് നാടകം അടിവരയിടുന്നു.

  • ഗോഡ്സെ

ഗോഡ്സെയെ നാടകത്തിൽ കാണിക്കുന്നില്ല. അത് ആരെയെങ്കിലും സന്തോഷിപ്പിക്കാനല്ല. ഗാന്ധിയെ അപ്രസക്തമാക്കാൻ ശ്രമിച്ച ഗോഡ്സെ നാടകത്തിൽ നിന്നും സ്വയം റദ്ദാകുകയായിരുന്നു. നാടകത്തിൽ നിന്നു മാത്രമല്ല, ചരിത്രത്തിൽ നിന്നും അയാൾ റദ്ദായി.

ക്ലൈമാക്സിനെക്കുറിച്ച് ചിലരെങ്കിലും വിയോജിപ്പുകൾ പറഞ്ഞു. നാടകം കാണാൻ വന്നവർ സങ്കൽപ്പിച്ചു വന്ന ക്ലൈമാക്സ് മറ്റെന്തോ ആയിരുന്നു.

ഗോഡ്സെ ഒരു യാഥാർത്ഥ്യമായിരുന്നു. അതൊരു വ്യക്തിയല്ല. 

ജീവിച്ചിരുന്നെങ്കിൽ, സ്വതന്ത്ര ഭാരതത്തിലെ പിൽക്കാല ചരിത്രത്തെ ഗാന്ധി പുതുക്കിയെഴുതുമായിരുന്നു. അതിനുള്ള അവസരമാണ് ഗോഡ്സേ ഇല്ലാതാക്കിയത്. അദ്ദേഹം നൂൽനൂത്ത് ഏതെങ്കിലും ആശ്രമത്തിൽ സ്വസ്ഥമായി കഴിഞ്ഞു കൂടുമെന്ന് കരുതുക വയ്യ. അദ്ദേഹം നമ്മുടെ ഗ്രാമങ്ങളിലൂടെ നിരന്തരം സഞ്ചരിച്ചു കൊണ്ടേയിരുന്നേനെ. അങ്ങനെയെങ്കിൽ നെഹ്റുവിനും പട്ടേലിനുമൊക്കെ ചിലപ്പോൾ അത് വലിയ തലവേദനയാകുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ അനുനിമിഷം ഗാന്ധി ഇടപെട്ടു കൊണ്ടിരിക്കുമായിരുന്നു.


ചർക്കയിൽ നിന്നും ഗാന്ധി നെയ്തെടുത്തത് വെറും നൂലും വസ്ത്രവുമല്ല. സ്വതന്ത്രഭാരതമെന്ന ആധുനിക സങ്കൽപ്പത്തെയായിരുന്നു അദ്ദേഹം നെയ്തെടുത്തത്. അതുകൊണ്ടുതന്നെ നാടകം ചർക്കയിൽ തുടങ്ങി ചർക്കയിൽ അവസാനിച്ചു. സജീവമായ ചർക്കയും വെടികൊണ്ടു നിശ്ചലമാകുന്ന ചർക്കയും.







Comments

Popular posts from this blog

രാമായണപാഠം

ഓച്ചിറക്കളിയും പാക്കില്‍പ്പടയും

ചരിത്രവും ഇരട്ടത്താപ്പും