രാമായണപാഠം

രാമായണത്തെക്കുറിച്ച് രണ്ടു കുറിപ്പുകൾ


ഒന്ന്

'മാനിഷാദ': മാനവികതയുടെ താക്കോൽ

മാനവികതയുടെ കവിഞ്ഞൊഴുക്കാണു രാമായണം. പ്രണയ ലീലകളിൽ ഏർപ്പെട്ടിരുന്ന ഇണപ്പക്ഷികളുടെ വേർപാടിൽ മനം വെന്തുപോയ ഒരു മനുഷ്യൻ്റെ കണ്ണീരിൽ കുതിർന്ന വിലാപമാണ്‌ യഥാർത്ഥത്തിൽ രാമായണത്തിൽ നിറഞ്ഞു നില്ക്കുന്നത്. മനുഷ്യരുടെതുപോലുമല്ല, വെറും പക്ഷികളുടെ, 'വേർപാട്‌ ഉണ്ടാക്കിയ വേദന'യാണതെന്ന് പ്രത്യേകം ഓർക്കണം. ആ സംഭവം ഋഷി കവിയെ ആകെ ഉലയ്ക്കുകയും, നമുക്കറിയുന്നതു പോലെ, അദ്ദേഹം കട്ടാളനീതിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ധാർമികതയിൽ ഊന്നിയുള്ള ആ ചോദ്യം ശാപവചസ്സായാണ് ദിഗന്തങ്ങളിൽ മുഴങ്ങിയത്. അതാണ്, 'മാ നിഷാദ'. യഥാർത്ഥത്തിൽ ആ ശാപ വാക്കുകളുടെ വിപുലീകരണം കൂടിയാണ് രാമായണം. രാമായണം രചിക്കാനിടയയതിനെ കുറിച്ചുള്ള ഐതിഹ്യവും ഇതിനെ സാധൂകരിക്കുന്നു. ആ അർത്ഥത്തിൽ രാമായണം ക്രൗഞ്ച മിഥുനങ്ങൾക്കുള്ള കവിയുടെ സ്മാരകവുമാണ്.

മാ നിഷാദ പ്രതിഷ്ടാം ത്വ                                മഗമത് ശാശ്വതീ സമാ                                          യത് ക്രൗഞ്ച മിഥുനാത് ഏക                          മവധീം കാമമോഹിതം' 

എന്നിങ്ങനെയുള്ള കവിയുടെ വേദനനിറഞ്ഞ വാക്കുകളിൽ, സൂക്ഷിച്ചു നോക്കിയാൽ നമുക്ക് രാമായണകാവ്യത്തിന്റെ പൂർണ്ണരൂപം ദർശിക്കാം. 

കാവ്യ രചനക്ക് നിമിത്തങ്ങളായി തീർന്ന 'ക്രൗഞ്ച മിഥുനങ്ങൾ' ഇതിഹാസ കാവ്യത്തിൽ 'രാമനും സീത'യുമായി പുനർജനിക്കുന്നു. വേടന്റെ അമ്പേറ്റു വീഴുന്ന ആണ്‍ പക്ഷി നായകനായ രാമൻ തന്നെ. ഇണയെ വേർപെട്ടു വിലപിക്കുന്ന പെണ്‍ കിളിയാണ് കവിയുടെ സീത. സീതയുടെ വിശുദ്ധിയെ കുറിച്ചുള്ള 'ജനാപവാദമാണു' ആണ്ൺകിഴിയെ വീഴ്ത്തുന്ന 'അമ്പ്‌'. അത് രാമനിൽ പതിക്കുകയും, സീതയിൽ നിന്നും വേർപിരിയുന്നതിനു കാരണമാകുകയും ചെയ്യുന്നു. വിവേകശൂന്യമായി ചരിത്രത്തിൽ ഇടപെടുന്ന ആൾക്കൂട്ടത്തെ ‘കാട്ടാള’നായി കരുതാം. ഇൾക്കൂട്ടനീതി കാട്ടാളനീയാണെന്നും. കാണുന്നതിനെ കുറിച്ചോ, കേള്‍ക്കുന്നതിനെ കുറിച്ചോ ആൾക്കൂട്ടങ്ങൾക്കു കാര്യമായ ചിന്തയില്ല. ഒളപ്പമണ്ണ ഒരു കവിതയിൽ ആവേശഭരിതരായ അത്തരം ആൾക്കൂട്ടത്തെ മുഴുഭ്രാന്താൻ എന്നാണ് വിളിക്കുന്നതെന്നോർക്കുക. ''കണ്ണ് കാണാത്തോർ കാതു കേൾക്കാത്തോർ / അവനോനെ തന്നെയും കാണുന്നീല കേൾക്കുന്നീലവനയ്യോ' എന്നിങ്ങനെയാണ് ഇത്തരക്കാരെ ഒളപ്പമണ്ണ പരിചയപ്പെടുത്തുന്നത്. സീതയെക്കുറിച്ച് അപസർപ്പക കഥമെനയുന്ന സംശയരോഗിയെ കാട്ടാളനായി, ഐതിഹ്യം ചരിത്ര വല്ക്കരിക്കുന്നു.

ചുരുക്കത്തിൽ, ഇരുപത്തി നാലായിരം ശ്ലോകങ്ങളിലേക്ക് പിന്നീട് വിപുലീകരിക്കപ്പെടുന്ന രാമായണേതിഹാസത്തിന്റെ ഭാവസാന്ദ്രമാർന്ന ചുരുക്കെഴുത്താണ് മാനിഷാദ.


            രണ്ട്

രാമായണം: ആദ്യരാഷ്ട്രീയ കാവ്യം

ഒരു പക്ഷെ, ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ കാവ്യമാണ് രാമായണം. അയോധ്യ, കിഷ്കിന്ധ, ലങ്ക എന്നിങ്ങനെ മൂന്നു പൗരാണിക രാജ്യങ്ങളുടെ ഉയർച്ചയും, വളർച്ചയും, പരിണാമ പതനങ്ങളും ഇതിൽ പരാമൃഷ്ടമാകുന്നു. ജനാധിപത്യം, ഏകാധിപത്യം, വംശാധിപത്യം എന്നിങ്ങനെ, ഇന്ന് ലോകത്തിൽ നിലനില്ക്കുന്ന മൂന്നുതരം രാജ്യ വ്യവസ്ഥിതികളും രാമായണത്തിൽ നാം പരിചയപ്പെടുന്നു.

രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനുള്ള തീരുമാനം എടുക്കും മുൻപ്, ദശരഥൻ 'നാനാജനപുരവാസികളെ'യും വിളിച്ചു വരുത്തി അഭിപ്രായം ആരായുന്നു. അതിൽ ഒരാളെയും ഒഴിച്ച് നിരത്തുന്നില്ല എന്നത് പ്രത്യേകം ഓർക്കണം. ചാർവാകന്മാർ വരെ അവിടെ മാനിക്കപ്പെട്ടു. അനേക ലക്ഷം പ്രജകളുടെ അഭിപ്രായം മാനിക്കപ്പെട്ടതുപോലെ, ഒരാളിൻ്റെ അഭിപ്രായവും പരിഗണിക്കപ്പെടുന്നു. അലക്കുകാരനും അരമന വാസിയും അയോധ്യയുടെ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു. രാമായണം ജനാധിപത്യത്തിനു നല്കുന്ന ആദരം അതുകൊണ്ടുതന്നെ രാഷ്ട്രതന്ത്രത്തിൽ പഠനാർഹമാണ്.

വാനര രാജ്യമാണ് രാമായണത്തിലെ കിഷ്കിന്ധ. അതുകൊണ്ട് അവർ കുരങ്ങന്മാരാണെന്ന് അർത്ഥമില്ല. ആസ്ത്രേലിയക്കാരെ കംഗാരുക്കൾ എന്നും, അമേരിക്കക്കാരെ കഴുകന്മാർ എന്നും ഇന്ന് വിളിക്കുമ്പോലെ തന്നെയാണ് ഇതിഹാസത്തിൽ വാനരർ എന്ന് കിഷ്കിന്ധക്കാരെ വിളിക്കുന്നതും. രാഷ്ട്രപതാകയിലെ അടയാളചിഹ്നം ഉപയോഗിച്ച് ജനതയെ സംബോധന ചെയ്തിരിക്കുന്നു. മാത്രമല്ല, സംസ്കൃത വ്യാകരണം തെറ്റാതെ സംസാരിക്കുന്നവർ ഒരിക്കലും കുരങ്ങന്മാരയിരിക്കില്ലെന്നു തീർച്ചയുമാണ്. ഞാനാണ്‌ രാജ്യം എന്ന് പ്രഘോഷിച്ച ലൂയി പതിനലാമനെ നമുക്കറിയാം. ചരിത്രത്തിൽ അയാളുടെ മുൻഗാമികളായിരുന്നു ബാലിയും സുഗ്രീവനും. തികഞ്ഞ ഏകാധിപതികൾ. ഇപ്പോൾ ഈദി അമീനും, ചെഷസ്ക്യുവുമൊക്കെ ചരിത്രത്തിൽ പ്രതിനിധീകരിക്കുന്ന ഏകാധിപത്യ വ്യവസ്ഥ കിഷ്കിന്ധയിൽ കാണാം.

രാമായണത്തിലെ മറ്റൊരു രാജ്യമാണ് ലങ്ക. സമ്പന്നമെങ്കിലും ഒരു വംശത്തിൽപ്പെട്ടവർ മാത്രം, ഇവിടെ,

എന്നും രാജ്യാധികാരം കൈവശം വെക്കുന്നു. ഇന്നും ഇന്നലെയും നാളെയും ചരിത്രത്തിൽ ഉടനീളം കാണാൻ കഴിയുന്ന വംശാധിപത്യം ലങ്കയിലൂടെ ആവിഷ്കരിക്കപെടുന്നു.


• ഹരികുമാർ ഇളയിടത്ത്




Comments

Popular Posts