ദേവകളോ ജീവതയോ പ്രമാണം?

ദേവതയോ ജീവതയോ ആരാധ്യം.?
| മൂര്‍ത്തിയോ പ്രതിമൂര്‍ത്തിയോ (icon) സ്വീകാര്യം.? |

ഓണാട്ടുകരയിലെ കുംഭം മീനം മാസങ്ങള്‍ കൊയ്ത്തുത്സവത്തിന്‍റേതു കൂടിയായിരുന്നു. നാട്ടുദൈവങ്ങള്‍ ഇടവഴികളും വയല്‍വരമ്പുകളും താണ്ടി ഓരോ കുടിലിനും കൊട്ടാരത്തിനും മുന്നിലെത്തി പ്രജകളെ നേരില്‍ക്കണ്ടനുഗ്രഹിക്കാനെത്തുന്നത് ഈ വേനല്‍ക്കാല വിശേഷങ്ങള്‍ക്കിടയില്‍ പ്രത്യേക ചാരുതയായിരുന്നു.

തലയില്‍ ദേവചൈതന്യത്തെ പേറിയാണ് ചെണ്ടമേളത്തിന്‍റെയും വീക്കുചെണ്ടയുടെയും മറ്റും അകമ്പടിയോടെ ഓരോ ഭഗവാനും / ഭഗവതിയും എഴുന്നളളിയിരുന്നത്. വെളിച്ചപ്പാടുകളായിരുന്നു പുരോഹിതര്‍. അബ്രാഹ്മണരായിരുന്നു ഇവര്‍. പാണര്‍, വാത്തികള്‍, കുറുപ്പന്മാര്‍, ഈഴവർ തുടങ്ങി പലരും ഇങ്ങനെ വെളിച്ചപ്പാടുകളായി. മിക്കവാറും സംഘകാല പാരമ്പര്യമുളള ജാതികളായിരുന്നു വെളിച്ചപ്പാടന്മാരായി അരങ്ങേറിയിരുന്നത്.

പില്‍ക്കാലത്ത് ഇത്തരം എഴുന്നളളത്ത് ജീവതകളിലേക്ക് പരിവര്‍ത്തിക്കപ്പെട്ടു. രാജാക്കന്മാരോ പ്രഭുക്കന്മാരോ സഞ്ചരിച്ചിരുന്ന പല്ലക്കിന്‍റെ മാതൃകയിലാണ് ഇത്തരം ജീവതകള്‍ നിര്‍മ്മിച്ചിരുന്നത്. ഇന്നും അറവുകാട്ട് ഭഗവതിയെ എഴുന്നളളിക്കുന്നത് പല്ലക്കിന്‍റെ രൂപത്തിലുളള ജീവതയിലാണ്. ഓണാട്ടുകരയിലെ ജീവതകള്‍ കണ്ണാടിബിംബങ്ങള്‍ പതിച്ച മുഖപ്പുകളോടെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നുവെങ്കിലും വാഹകര്‍ പല്ലക്കു ചുമ്മുന്ന അമാലന്മാരെ അനുസ്മരിപ്പിക്കുന്നു. ഈ ജീവതകള്‍ക്കുളളില്‍ ദേവ ചൈതന്യത്തെ കുടിയിരുത്തിയിരിക്കും. 

അടുത്തകാലത്തായി കാണുന്ന ഗര്‍ഹണീയമായ പ്രവണത ദേവചൈതന്യത്തിനെ അപ്രസക്തമാക്കും വിധമുളള ജീവതകളുടെ ബിംബവല്‍ക്കരണമാണ്. രാജാവിന് പ്രാധാന്യം നഷ്ടപ്പെടും വിധം അദ്ദേഹത്തിന്‍റെ പല്ലക്കിനെ ആരാധ്യമാക്കുന്നതുപോലെയുളള ഔചിത്യരാഹിത്യം ഇതിലുമുണ്ട്. ദേശദേവതകളായ ഭദ്രകാളിയോ ചാമുണ്ഡിയോ ദുര്‍ഗ്ഗയോ സുന്ദരയക്ഷിയോ ശാകംബരിയോ ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാക്കപ്പെടുകയും പകരം, അവരുടെ വാഹനം മഹത്ത്വപ്പെടുകയും ചെയ്യുകവഴി മൂലദേവതാ സങ്കല്പത്തിനുതന്നെ കളങ്കം വരുത്തപ്പെടുന്നുവെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയുന്നത് നന്നായിരിക്കും.

ജീവതകളുടെ വ്യാപകത്തമുണ്ടായതോടെ പലേടത്തും ബ്രാഹ്മണര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു തുടങ്ങി.

ഓരോഭവനങ്ങളിലും എത്തുന്ന ദേവചൈതന്യത്തെ യഥാവിധി ഉപചാരങ്ങളോടെ സ്വീകരിച്ചിരുത്തി നെല്‍പ്പറയോ അന്‍പൊലിയോ നല്‍കും. ഭഗവതി കുടുംബത്തെ അനുഗ്രഹിച്ച് യാത്രയാകും. 
ഇത് കൊച്ചീരയില്‍ ഭഗവതിയുടെ പറയെഴുന്നളളത്താണ്. പൗരോഹിത്യത്തിനു കീഴ്പ്പെടാതെ പാരമ്പര്യ വഴികളിലൂടെയാണ് ഇന്നും കൊച്ചീരയില്‍ ഭഗവതിയുടെ എഴുന്നളളത്ത്. വെളിച്ചപ്പാടാണ് ദേവതയുടെ വാഹകന്‍.

Comments

Popular posts from this blog

രാമായണപാഠം

ഓച്ചിറക്കളിയും പാക്കില്‍പ്പടയും

ചരിത്രവും ഇരട്ടത്താപ്പും