'വായന' പുസ്തക ചർച്ച
'വായന'യുടെ നേതൃത്വത്തിൽ, 'ഓർമ്മകളുടെ നാട്ടുവഴികൾ', 'നിശാശലഭം' എന്നീ പുസ്തകങ്ങളെക്കുറിച്ച് ഏ.ആർ. സ്മാരകത്തിൽ ഇന്ന് നടന്ന ചർച്ച സാർത്ഥകമായിരുന്നു. രചയിതാക്കളെ യഥാവിധി ഉൾക്കൊള്ളുകയും വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യുന്നതിൽ അവതാരകരായ ഇരുവരും വിജയിച്ചു എന്ന് പറയാം. ചർച്ചയിൽ ഇടപെട്ട് സംസാരിച്ച ശ്രീ. മുരളി കരിമ്പിൻപുഴയും ശ്രീമതി സരോജിനി ഉണ്ണിത്താനും പുസ്തകങ്ങളുടെ ആന്തരിക സൗരഭ്യം ശ്രോതാക്കൾക്ക് പകർന്നുതന്നു. അതുവഴി പുസ്തകങ്ങൾ മുൻകൂർ വായിച്ചിട്ടില്ലാത്തവർക്കുപോലും ചർച്ച ഏറെ ഉപകാരപ്രദമായി.
‘ഓർമ്മകളുടെ നാട്ടുവഴികൾ’ ഒരേസമയം ഓർമ്മയും പ്രാദേശികചരിത്രവും പങ്കുവെയ്ക്കുന്ന കൃതിയാണ്. ‘നിശാശലഭം’ കാല്പനിക രചനയായിരിക്കുമ്പോഴും പിന്നിട്ട അസംസ്കൃത ഭൂതകാലത്തെ അതിൽ ആർക്കൈവുചെയ്തിരിക്കുന്നു. ആ നിലയ്ക്ക് ഈ രണ്ടു പുസ്തകങ്ങളും പരസ്പരം പൂരകങ്ങളായി അനുഭവപ്പെട്ടു.
മഹാബലിയും മാവേലിയും രണ്ടാണെന്ന നിരീക്ഷണം ഉചിതമാണ്. പുരാണത്തിലെ മഹാബലിയെയും നാട്ടുവഴക്കത്തിലെ മാവേലിയെയും ചേർത്ത് നെയ്തെടുത്ത ആഖ്യാനങ്ങളാണ് ഓണത്തെക്കുറിച്ച് കേരളീയർ പലപ്പോഴും ആവർത്തിക്കുന്നത്. അതിനാൽ തന്നെയാണ് ആ ആഖ്യാനങ്ങളിൽ ചില പൊരുത്തക്കേടുകൾ കാണപ്പെടുന്നത്.
എന്നാൽ, ഓണവുമായി ഈ ദേശത്തിന് യാതൊരു ബന്ധവും ഇല്ലെന്ന നിരീക്ഷണം കൂടുതൽ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്.
മാവേലിയിൽ മഹാബലി ഇല്ലെങ്കിലും, ‘മാവേലി’ എന്നൊരു സാന്നിധ്യം ഇല്ലെന്ന് പറയാനാകില്ല. ‘മാവേലിവാണാദിരായർ’ എന്ന ഭരണാധികാരിയെപ്പറ്റി കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ ശാസനം പരാമർശിക്കുന്നു. ‘കേരള ചരിത്രത്തിലെ അജ്ഞാതഭാഗങ്ങൾ’ എന്ന കൃതിയിൽ, ആ ശാസനത്തെ വ്യാഖ്യാനിച്ച് ശങ്കു അയ്യർ അഭിപ്രായപ്പെടുന്നത്, ആ രാജ്യം മാവേലിക്കര വരെയായി വ്യാപിച്ചിരുന്നതാണെന്നതാണ്.
മാവേലിക്കര, മാവേലിച്ചിറ (ചെറുകോൽ), മാവേലിക്കര മണ്ണേൽ (മുതുകുളം) എന്നീ സ്ഥലനാമങ്ങളും പറമ്പുപേരുകളും കൂടുതൽ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.
മറ്റൊരു ശ്രദ്ധേയ സൂചന:
‘ഓണത്തുതമ്പുരാൻ’ എന്ന പദത്തിന് ഗുണ്ടർട്ട് നൽകിയ അർത്ഥം ‘കായംകുളം രാജാവ്’ എന്നതാണ്. ദേശമൊട്ടാകെ സഞ്ചരിച്ചു നാട്ടുകാരുമായി സംവദിച്ചുകൊണ്ടാണ് ഗുണ്ടർട്ട് തന്റെ നിഘണ്ടു തയ്യാറാക്കിയതെന്ന് ഓർക്കണം. അതിനാൽ, ഓണവുമായി ഈ ദേശത്തിന് ഗാഢമായ ബന്ധമുണ്ടെന്ന കാര്യം ഗുണ്ടർട്ട് നിഘണ്ടുവിലെ പരാമർശങ്ങൾ തെളിവായി സ്വീകരിച്ച് പരിശോധിക്കേണ്ടതാണ്.
ഓ. എൻ. വി.യുടെ അവതാരികയോടുകൂടി, പ്രൊഫ. കെ. ആനന്ദക്കുട്ടൻ സമ്പാദനം നിർവഹിച്ച്, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘കേരള ഭാഷാഗാനങ്ങൾ’ എന്ന രണ്ടുഭാഗങ്ങളുള്ള കൃതിയിൽ ‘മാവേലിചരിതം’ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘കായംകുളംചേല’യെക്കുറിച്ചുള്ള പരാമർശവും അതിൽ കാണാം. സർവകലാശാല മാനുസ്ക്രിപ്റ്റ് വിഭാഗം പ്രസിദ്ധീകരിച്ച പാട്ടിലും മാവേലിയെക്കുറിച്ചുള്ള സാന്നിധ്യമുണ്ട് — ‘മഹാബലിചരിതം’ എന്ന തലക്കെട്ടോടെ തന്നെയായിരുന്നാലും.
Comments
Post a Comment