കുത്തിയോട്ടം വക്രീകരിക്കപ്പെഠുമ്പോൾ

 കുത്തിയോട്ടത്തിന് ഐതിഹ്യം സൃഷ്ടിച്ച കഥ







പാരമ്പര്യജ്ഞാനം ഗവേഷണത്തിന്റെ താളി ലേക്ക് കടക്കുമ്പോൾ, അത് ഒരു രേഖയല്ല, പൈതൃകമാണ്. അതിനെ  സംരക്ഷിക്കാനും തെളിമയോടെ കൈമാറാനും കഴിയാത്തവർ ഗവേഷണത്തിന്  യോഗ്യരല്ല. പൈതൃകത്തെ വഷളാക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നത് സംസ്‌കാരത്തെ  മുറിവേൽപ്പിക്കുന്ന അതിക്രമമാണ്. പാരമ്പര്യ ജ്ഞാനം  അലസമായി കൈകാര്യം ചെയ്യുന്നവർ അറിവിൻ്റെ ശോഭ തല്ലി കെടുത്താൻ ശ്രമിക്കുന്നു. ഗവേഷണത്തിന്റെ പ്രഭയിൽ അവർക്ക് സ്ഥാനമില്ല. കേട്ടതൊന്നും നേരെ വിശ്വസിക്കാതെ,

“എന്തുകൊണ്ട്?”, “എങ്ങനെ?”, “സത്യം ഏത്?” എന്ന ചോദ്യങ്ങൾ ചോദിച്ച്, തെളിവുകൾ ശേഖരിച്ചു, നിരീക്ഷിച്ച്, വസ്തുതകൾ പരിശോധിച്ച്, ഒടുവിൽ കൃത്യമായ അറിവിലെത്തുന്ന പ്രക്രിയയാകണം ഗവേഷണം.

കുത്തിയോട്ടത്തെക്കുറിച്ച് ഒരു ഉല്പത്തി പുരാവൃത്തം നിലവിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ചിലതെല്ലാം സന്ദർഭാനുസരണം ചില ആശാന്മാർ പറഞ്ഞുണ്ടാക്കിയതാണ്. അതിലൊന്നാണ് 'ഹാലാസ്യ മാഹാത്മ്യ'വുമായി ഈ കലയെ ബന്ധപ്പെടുത്തുന്ന കഥ. ആ ഗ്രന്ഥത്തിൽ അത്തരം ഒരു കഥയുണ്ടോ എന്ന് പരിശോധിക്കാതെയാണ് പലരും അതേപ്പറ്റി പറയുകയും എഴുതുകയും ചെയ്തിട്ടുള്ളത്. എന്നാൽ, എന്തുകൊണ്ടാണ്, കുത്തിയോട്ടം നടക്കുന്ന സ്ഥലങ്ങളിലൊന്നും ഇത്തരമൊരു കലയുടെ ഉൽപത്തിയെക്കുറിച്ചുള്ള പുരാവൃത്തം നിലവിലില്ലാത്തത് എന്നകാര്യം  അന്വേഷിക്കാൻ ആരും, ഗവേഷകർ പോലും, മെനക്കെട്ടിട്ടില്ല. എളുപ്പവഴിയിൽ ഹരണക്രിയ ചെയ്യാനാണ് അവർക്കു താല്പര്യം. അതിനാൽ, കൃത്രിമമായി പുരാവൃത്തങ്ങൾ  സൃഷ്ടിക്കാൻ, ചമയ്ക്കാൻ, അവർ ശ്രമിച്ചു; ശ്രമിച്ചു കൊണ്ടിരിക്കുന്നു-ശ്രീ. അജയഘോഷ് സൂചിപ്പിക്കുന്നു. ജനവിജ്ഞാനീയത്തിലെ ഏറ്റവും  അപകടകരമായ അത്തരം ഒരു സംഭവമാണ് ഇവിടെ കുറിക്കുന്നത്. 

കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് കുത്തിയോട്ടപ്പാട്ടുകളെക്കുറിച്ച് പഠനം നടത്തുന്ന ഒരു ഗവേഷക വിദ്യാർത്ഥിക്ക് പുതിയവിള, മുതുകുളം ദേശത്ത് കുത്തിയോട്ടം ഉൽഭവിച്ചതിനെക്കുറിച്ച് ഒരു ഐതിഹ്യം വേണമായിരുന്നു. അതിനായി അവർ ഒരാശാനെ സമീപിച്ചു. നല്ല വായനയും യുക്തി വൈഭവവും ഉള്ള, 'പ്രത്യുല്പന്നമതിയായ' ഒരാളായിരുന്നു അദ്ദേഹം. ആശാൻ എന്ന് അദ്ദേഹം സ്വയം അവകാശപ്പെടാറില്ല. കാരണം, അദ്ദേഹത്തെ അവ്വിധം നാട്ടിൽ ആർക്കും പരിചയമില്ലെന്നതുതന്നെ. 'പണ്ടേതോ കാലത്ത്‌ (80കളിൽ) ചില കുത്തിയോട്ട സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു' എന്നേ അദ്ദേഹം അവകാശപ്പെടാറുള്ളൂ. എന്നാൽ, കുത്തിയോട്ടപ്പാട്ടുകളുടെ ഒരു നല്ല ശേഖരം അദ്ദേഹത്തിൻ്റെ പക്കലുണ്ടായിരുന്നു. ഒരു കാലത്ത് അവ പാടുകയും ചെയ്തിട്ടുണ്ട്. ഇന്ന് അത്ര പ്രചാരമില്ലാത്ത വണ്ടി, ഇരട്ടി തുടങ്ങിയവ പാടുന്ന വിധം, അവയുടെ താനവട്ടം തുടങ്ങിയവ അദ്ദേഹത്തിനു ഹൃദിസ്ഥം. അതിൻ്റെ പരിചയത്തിൽ ഇപ്പോൾ ചിലരെ ചുവടുകൾ പരിശീലിപ്പിക്കലുണ്ട്. 'ഒന്നോ രണ്ടോ കുത്തിയോട്ടത്തിന് കാർമ്മികത്വം വഹിച്ചു'വെന്ന് അലസമായി പറഞ്ഞു വെയ്ക്കുന്നുമുണ്ട്. വൈദ്യത്തെക്കുറിച്ചു മനസ്സിലാക്കിയിട്ടുണ്ട്. സംസ്കൃത ഭാഷയുടെ പ്രാഥമിക വിഷയങ്ങൾ കൗമാരത്തിൽ ഇദ്ദേഹം ഗ്രഹിച്ചിട്ടുണ്ട്.

ഒരു വ്യവഹാരിയെന്ന നിലയിൽ നാട്ടിൽ കുപ്രസിദ്ധി വളരെയുണ്ട്. അതിൽ ചിലതെല്ലാം വാസ്തവവുമാണ്. അതിൻ്റേതായ 'കൃത്രിമ ബുദ്ധി'യുമുണ്ട്. ഇക്കാരണത്താലാവണം അയൽപ്പക്കക്കാരോടു പോലും അടുപ്പമില്ല. ഇങ്ങനെയൊക്കയാണ് ആശാൻ്റെ നിലവിലെ ഖ്യാതിയും പശ്ചാത്തലവും. 

ഐതിഹ്യച്ചുരുക്കം

ഐതിഹ്യമാലയിൽ കൈപ്പുഴ തമ്പാൻ എന്ന പേരിൽ ഒരു കഥയുണ്ട്. ഈ കഥയിൽ കായംകുളത്തിന് വടക്കുള്ള വട്ടപ്പറമ്പിൽ വല്യത്താൻ കുടുംബത്തിൽ നിന്നും അദ്ദേഹം മായാജാലവും മഹേന്ദ്ര ജാലവും പഠിച്ചതായി സൂചനയുണ്ട്. 

മേൽപ്പറഞ്ഞ ആശാൻ ഈ കഥാസൂചന തൻ്റെ പുതിയ ഐതിഹ്യത്തിലേക്ക് വിദഗ്ദ്ധമായി സംക്രമിപ്പിച്ചു. അദ്ദേഹത്തിൻ്റെ കഥ ഇപ്രകാരം ചുരുക്കി പറയാം: 

'കൈപ്പുഴ തമ്പാൻ വളരെക്കാലത്തിനുശേഷം വട്ടപ്പറമ്പിൽ എത്തി. അവിടെ 'ദർബാർഹാളിൽ' വിശ്രമിക്കുമ്പോൾ രാത്രി ഭഗവതി പ്രത്യക്ഷപ്പെട്ടു. 'വലിയ സിദ്ധികൾ ഒക്കെ ഉള്ള ആളല്ലേ. എന്നെക്കുറിച്ച് ഒരു പാട്ടു പാടൂ. എനിക്ക് കേൾക്കണം' എന്ന് ഭഗവതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 

അദ്ദേഹം പാട്ടുണ്ടാക്കി പാടി. ഈ സന്ദർഭത്തിൽ പുറത്ത് കാവൽ നിന്ന പടയാളികൾ പാട്ടിൻ്റെ താളത്തിനൊത്ത് ആഹ്ലാദിച്ചു ചുവടു വച്ചു. അങ്ങനെ ആ ദിക്കിൽ കുത്തിയോട്ടം പരന്നു'.

ആശാൻ ഉണ്ടാക്കിയ കഥയുടെ രത്നച്ചുരുക്കം ഇതാണ്. 

വളരെ ചുരുക്കി ഇവിടെ പറഞ്ഞ ഈ കഥ, പക്ഷേ, ദീർഘമായ വിവരണങ്ങളോടെയാണ് അദ്ദേഹം സ്വന്തം കൈപ്പടയിൽ എഴുതി ഗവേഷക വിദ്യാർത്ഥിക്ക് കൊടുത്തത്. അതേപ്പറ്റി ഗവേഷക കൂടുതൽ അന്വേഷണങ്ങൾ നടത്തിയോ, തൻ്റെ പ്രബന്ധത്തിൽ അത് ഉൾപ്പെടുത്തിയോ എന്നൊന്നും നമുക്ക് അറിയില്ല.

ഏതായാലും അത് അംഗീകരിക്കപ്പെട്ടാൽ, അച്ചടിക്കപ്പെട്ടാൽ, തികച്ചും ദ്രാവിഡമായൊരനുഷ്ഠാനം ഭാവിയിൽ എത്രമേൽ ദുർവ്യാഖ്യാനിക്കപ്പെടാം എന്നൊന്നും ആശാന് ഉൽക്കണ്ഠയില്ല. ആരോടൊക്കെയോ ഉള്ള പ്രതികാരം തീർക്കാനെന്നോണം അദ്ദേഹം പറഞ്ഞു: 'അതങ്ങനെ പരക്കട്ടെ'  

എന്നിട്ടൊരു ചിരി. ക്രൂരമായ ചിരിയായി തോന്നിപ്പോയി.

ഇന്നാണ് (2025 നവംബർ 24) ഗവേഷകന് ഓപ്പൺ ഡിഫൻസ്. അയാളും ആശാനും വിജയിക്കട്ടെ. 


-ഹരികുമാർ ഇളയിടത്ത് 



Comments

Popular posts from this blog

രാമായണപാഠം

ഓച്ചിറക്കളിയും പാക്കില്‍പ്പടയും

ചരിത്രവും ഇരട്ടത്താപ്പും