കുത്തിയോട്ടവും ബലിയും


കുത്തിയോട്ടാനുഷ്ഠാനം ബലിതന്നെയെന്ന് ഉറപ്പിക്കുന്ന വരികൾ ഓണാട്ടുകരയിൽ ലഭ്യമാണ്.

'കാളിയമ്മനു കുത്തിയോട്ടം-കൊടും കാളിയമ്മനുരത്തവെലി 
വീരകാളിക്കുരത്തവെലി,രുദ്ര
കാളിക്കാളുവെട്ടിവ്വെലിയാം'

(തമിഴ് കലർന്ന ഭാഷയിൽ, കാർത്തികപ്പള്ളി വല്യകുളങ്ങര ദേവിയെ സ്തുതിക്കുന്ന ഒരുപാട്ടിൽ നിന്നും)

കുത്തിയോട്ടത്തിൻ്റെ മർമ്മ പ്രധാനമായ അനുഷ്ഠാനാംശം ചൂരൽ മുറിയൽ (ചൂരൽകുത്ത് എന്ന് തെക്കൻ കേരളത്തിൽ) കർമ്മമാണ്. അതുപേക്ഷിച്ചാൽ, 'അഗ്നിയുടെ ചൂട് ഇല്ലാതാവുംപോലെ'യാണെന്നപക്ഷം ഇന്നത്തെ പ്രായംകൂടിയ ചില ആശാന്മാർക്കുണ്ട്. അവരുടെ കാഴ്ചപ്പാടിൽ അതു ശരിയാണ്.  വഴിപാടുകാരുടെ വീട്ടിൽ പരിശീലനകാലത്ത് പകൽ നേരങ്ങളിൽ
ഈയിടയായി പതിവായി കണ്ടുവരാറുള്ള ഭാഗവതപാരായണവും ഇതര ശബ്ദ കോലാഹലങ്ങളും അനാവശ്യമാണെന്നും അവർ കരുതുന്നു. ഇത് വീട്ടുകാരുടെ താല്പര്യത്തിന് തങ്ങൾ  വഴങ്ങേണ്ടിവരുന്നതുകൊണ്ടാണെന്നാണ് ഒരു മുതിർന്ന ആശാൻ പരിഭവിച്ചത്. 

കൊല്ലത്ത്, പലേടത്തും ചൂരൽകുത്ത്, ഒരു ചൂരൽപ്പൊളിയിൽ മീൻ കോർമ്പലിൽ കോർക്കും പോലെയായിരുന്നു '85-'90 കാലത്ത് എന്നാണ് അവിടുത്തെ അനുഷ്ഠാപകർ പറയുന്നത്. ഒരേ പൊളിയിൽ കുറെ കുട്ടികളെ കൊരുത്തിടും. ഇപ്പോൾ മാറ്റമുണ്ട്. ഇതിനായി വെള്ളിനൂൽ ഉപയോഗിക്കുന്നു. പ്രതീകാത്മകമായി ചൂരൽ മുറിയൽ ചടങ്ങുകൾ മാറിയിരിക്കുന്നു.

നിയമംമൂലമുള്ള നിരോധനങ്ങൾ കാരണം, ഹിംസാത്മകമായ അനുഷ്ഠാനങ്ങൾ പലതും ഹിന്ദുസമൂഹം ഉപേക്ഷിക്കാൻ തയ്യാറായി. കോഴിവെട്ടും ആടുവെട്ടും; കുമ്പളങ്ങ മുറിക്കുന്നതിലൂടെ പുനരാവിഷ്കരിക്കപ്പെട്ടു. മഞ്ഞളും ചുണ്ണാമ്പും കലർന്ന മിശൃതം അരത്ത(രക്ത)മായി. തിരുവനന്തപുരം ജില്ലയിൽ ഓട്ടത്തിന് (കുത്തിയോട്ടത്തിൻ്റെ പ്രാദേശിക പ്രയോഗം) അരത്തം കരുതുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടി, ചില ആശാന്മാർ നിർദ്ദേശിക്കുന്നത് ഇപ്രകാരം:

വ്രതികളായ കുട്ടികളും വഴിപാടുകാരും ശിവരാത്രി ദിവസം ചെട്ടികുളങ്ങര ക്ഷേത്രനടയിൽ എത്തുമ്പോൾ, കാപ്പു കെട്ടിയതിനുശേഷം, നടയിൽ വെച്ച് ഒരു കുമ്പളങ്ങ ഉഴിയുക. (ഈ ചടങ്ങ് ശിവരാത്രിനാൾ മുതലുള്ള പരിശീലനം തുടങ്ങുന്നതിനുമുമ്പ് വഴിപാടുകാരുടെ വീട്ടിലുമാകാമെന്ന് മറ്റൊരാശാൻ പറയുന്നു) ഇങ്ങനെ ഉഴിഞ്ഞ കുമ്പളങ്ങ, ദേവീസങ്കല്പമുള്ള പീഠത്തിലോ, അതിനു മുന്നിലോ പവിത്രമായി സൂക്ഷിക്കുക. പതിവ്, 'ചൂരൽ മുറിയൽ' ചടങ്ങിനു പകരം ഈ കുമ്പളങ്ങ മുറിക്കുക. യാത്രയിൽ, ഇതിലെ അരത്തം (രക്തം) കരുതുക. കുട്ടികളെ ഉഴിഞ്ഞു സൂക്ഷിക്കുന്ന നാണയങ്ങൾ (വെള്ളി, സ്വർണ്ണം) ക്ഷേത്രത്തിൽ സമർപ്പിക്കുക. ഒപ്പം അരത്തം ഇലയിൽ തൂവുക. ചൂവടുചവുട്ടി വ്രതം അവസാനിപ്പിക്കുക. 

സൂചിപ്പിക്കപ്പെട്ട നേട്ടങ്ങൾ: 

1. രക്ഷിതാക്കൾക്ക് മടികൂടാതെ കുട്ടികളെ സമർപ്പിക്കാനാവുന്നു. ഇന്നത്തെ പ്രലോഭനാംശം കുറയുന്നു. തന്മൂലം നൂറുകണക്കിനു കുട്ടികൾ തയ്യാറാവുന്നു. ആയിരമോ അതിലധികമോ കുട്ടികൾ കുത്തിയോട്ടം കൊള്ളുന്നു. അയ്യായിരമെന്ന മോഹം പങ്കുവെച്ച ഒരാശാനുണ്ട്.

2. വഴുപാടു നടത്തേണ്ടിവരുമ്പോൾ കേസുകൾ ഉണ്ടാകുമോ എന്ന ആശങ്കയിൽ നിന്ന് വഴിപാടുകാരും അനുഷ്ഠാപകരും ക്ഷേതഭാരവാഹികളും കരക്കാരും മുക്തരാകുന്നു. നിയമപരമായും ഹിംസാത്മകത (ചിലരുടെ നോട്ടത്തിൽ), ഒഴിവാക്കപ്പെട്ട്, ചടങ്ങുകൾ പ്രതീകാത്മകമാകുന്നു.

3. കാലാനുസൃതവും ഗുണാത്മകവുമായ പരിവർത്തനങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ള ഹിന്ദുമതം കാലത്തിൻ്റെ വെല്ലുവിളിയെ അനായാസം അതിജീവിക്കുന്നു.

തീരുമാനം എടുക്കേണ്ടത് അതതു മേഖലകളിലെ പരിണിത പ്രജ്ഞരായ  ഗുരുക്കന്മാരാണ് / ആശാന്മാരാണ്. പിന്നെ, ക്ഷേത്രം ഭാരവാഹികളും.



ചിത്രം: കടപ്പാട് ഫേസ്ബുക്ക്

Comments

Popular posts from this blog

രാമായണപാഠം

ചരിത്രവും ഇരട്ടത്താപ്പും

ചങ്ങമ്പുഴയുടെ നല്ലമുട്ടം