കണ്ടിയൂർ മഹാദേവശാസ്ത്രി 161-ാം ജയന്തി
മഹാദേവശാസ്തി ജയന്തി വേദി: പണ്ഡിതസ്മരണയ്ക്കൊപ്പം ലഭിച്ചൊരു അനുസ്മരണീയ ആദരം
• 2026 മാർച്ച് 15 ഞായറാഴ് നാലുമണി
സൗന്ദര്യലഹരി, ദേവീമാഹാത്മ്യം, ലളിതാ സഹസ്രനാമം എന്നീ ശാസ്ത്രീയ-ആദ്ധ്യാത്മിക കൃതികൾ മലയാളികൾക്ക് സുലഭമായി വ്യാഖ്യാനിച്ച് നൽകിയ പണ്ഡിതവര്യനായിരുന്നു കണ്ടിയൂർ മഹാദേവശാസ്തികൾ. അദ്ദേഹത്തിന്റെ 161-ാം ജയന്തി കണ്ടിയൂരിൽ ഗൗരവപൂർവ്വം ആഘോഷിക്കപ്പെട്ടത്, പണ്ഡിതസ്മരണയ്ക്കൊപ്പം സാംസ്കാരിക സദസ്സിനും ഒരു ആത്മീയത നിറഞ്ഞ അനുഭവമായി മാറി.
കണ്ടിയൂർ മഹാദേവശാസ്തി സ്മാരക ഗ്രാമസേവാ പരിഷത്ത് സംഘടിപ്പിച്ച പരിപാടി, ശാസ്തികളുടെ ഭവനത്തിൽ നിന്നാരംഭിച്ച പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ ശ്രദ്ധേയമായി. അതിഥികളെ ചരിത്രപ്രസിദ്ധമായ കണ്ടിയൂർ ശിവക്ഷേത്രം വേദിയിലേക്ക് ആനയിച്ച ചടങ്ങ് പാരമ്പര്യവും ഭക്തിയും ചേർന്ന ഒരു മനോഹര ദൃശ്യാനുഭവമായി.
ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ വിജി തമ്പി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന്, ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവായ പിനാകി ശിവരാജൻ ആദരിക്കപ്പെട്ടു.
മുപ്പതാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം നേടിയ ‘കുത്തിയോട്ടപ്പാട്ടുകൾ: ഒരു പഠനം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവെന്ന നിലയിൽ എനിക്കും സദസ്സിൽ ആദരവും ഉപഹാരവും ലഭിച്ചത്, വ്യക്തിപരമായും സാഹിത്യപരമായും ഏറെ പ്രചോദനകരമായ അനുഭവമായി.
ചടങ്ങിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത, ആദരിക്കപ്പെട്ടവരെ അവരുടെ പ്രവർത്തനമേഖല, വ്യക്തിപരിചയം, ആദരിക്കുന്നതിന്റെ പശ്ചാത്തലം എന്നിവ വിശദമായി സദസ്സിന് പരിചയപ്പെടുത്തിയതായിരുന്നു. പല വേദികളിലും ഔപചാരികതയായി ചുരുങ്ങുന്ന ‘ആദരവ്’, ഇവിടെ ഭാവഗംഭീരവും അർത്ഥവത്തുമായിത്തീർന്നത് സംഘാടകരുടെ മികവിനെയാണ് അടയാളപ്പെടുത്തുന്നത്.
ആദരവിനുശേഷം നടന്ന മുഖ്യപ്രഭാഷണത്തിൽ ഡോ. സരിത അയ്യർ വിഷയാവതരണം നടത്തി. സദസ്സിനെ ഒട്ടും മുഷിപ്പിക്കാതെ, ചുരുക്കവും വ്യക്തവുമായ അവതരണം ശ്രദ്ധേയമായി.
പ്രമുഖ വിവർത്തക പ്രൊഫ. രാധാമണിക്കുഞ്ഞമ്മ, പ്രഭാഷകൻ
ഏവൂർ സൂര്യകുമാർ, കവി ബിന്ദു ആർ. തമ്പി, ഡോ. രവിശങ്കർ എന്നിവർ സാന്നിധ്യം വഹിച്ച സദസ് ചടങ്ങിന്റെ ഗരിമ വർദ്ധിപ്പിച്ചു.
വേദിയിൽ പ്രൊഫ. കെ. ശിവശങ്കരൻ, ശബരിമല മുൻ മേൽശാന്തി നീലമന ഇല്ലം എൻ. പരമേശ്വരൻ നമ്പൂതിരി, ഡോ. ദയാൽ തുടങ്ങിയവർ പങ്കെടുത്തു.
പണ്ഡിതസ്മരണയെയും സാംസ്കാരിക ആദരവിനെയും ഒരുമിപ്പിച്ച ഈ വേദി, ഓർമ്മയിൽ നിലനിൽക്കുന്ന ഒരു അനുഭവമായി മാറി.
അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
Comments
Post a Comment