ശബരിമല

വി. ടി. ഇന്ദുചൂഡൻ കണ്ട ശബരിമല 
>> സാജു ചേലങ്ങാട് 


 
ആദ്യകാല കമ്യൂണിസ്റ്റും ദേശാഭിമാനിയുടെ ദീർഘകാലം പത്രാധിപരുമായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രപഠനങ്ങളും അതിനെ അധികരിച്ചുള്ള ഈടുറ്റ ലേഖനങ്ങളും പല ധാരണകളെയും മാറ്റിമറിക്കുകയും അജ്ഞതയിൽ പുതഞ്ഞു കിടന്ന സത്യങ്ങളെ മണ്ണ് നീക്കി പുറത്ത് കൊണ്ടു വരുന്നതുമായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ശബരിമലയെപ്പറ്റിയുള്ള പര്യവേഷണവും കണ്ടെത്തലുകളും

ബുദ്ധമത കേന്ദ്രമായിരുന്നു ശബരിമല എന്ന വാദത്തെ തെളിവുകൾ നിരത്തി പൂർണമായി നിരാകരിക്കുകയാണ് അദ്ദേഹം. ശാസ്താവും ബുദ്ധനും പര്യായങ്ങളാണെന്നതും ശരണം വിളിയും മാത്രം കണക്കാക്കി ഇത് ബുദ്ധ ക്ഷേത്രമാണെന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു. അയ്യപ്പന്റെ വിഗ്രഹവും ബുദ്ധനുമായി യാതൊരു സാമ്യവുമില്ല. ബുദ്ധമത കേന്ദ്രമാണെന്ന് പറയാനുള്ള ഒന്നും ഈ ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടില്ല. 

പമ്പ മുതൽ സന്നിധാനം വരെ എത്രയോ നിർമാണ പ്രവർത്തനങ്ങൾക്ക് സ്ഥലങ്ങൾ കുഴിച്ചിട്ടുണ്ട്. ബുദ്ധമതത്തിന്റേത് എന്ന് പറയാൻ കഴിയുന്ന ഒരു രൂപ തുട്ടിന്റെ വലിപ്പമുള്ള ഒരു തെളിവും പോലും ഇതുവരെ കിട്ടിയിട്ടില്ല. 

പ്രാചീന കാലത്ത് ബൗദ്ധന്മാർ ഹിന്ദു ദേവി ദേവൻമാരെ വണങ്ങുമായിരുന്നു. ചിലപ്പതികാരത്തിൽ ഇതിന് തെളിവുകളുണ്ട്. കണ്ണകിയും കോവലനും ചോഴ തലസ്ഥാനമായ പുകയാറിൽ നിന്ന് യാത്ര പുറപ്പെടും മുൻപ് ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തിൽപ്പോയി ഭഗവാനെ വലം വെച്ചത് ഒരു തെളിവ്. ചേര ചക്രവർത്തിയായിരുന്ന ചേരൻ ചെങ്കുട്ടവൻ ഹിമാലയത്തിലേക്ക് പോകും മുൻപ് ഒരു ശിവക്ഷേത്രത്തിൽ ദർശനം നടത്തിയതും ഒരു വിഷ്ണു ക്ഷേത്രത്തിൽ പൂജ കഴിച്ചതും രണ്ടാമത്തെ തെളിവ്. അക്കാലത്ത് ഹിന്ദു ബൗദ്ധ ആരാധനകൾ പരസ്പരം ഇടകലർന്നിരുന്നു എന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാൻ.
ചിലപ്പതികാരത്തിന്റെ രചയിതാവ് ഇളങ്കോ അടികൾ ബുദ്ധസന്യാസി ആയിരുന്നു. 

ശബരിമലയുടെ ചരിത്രത്തിലേയ്ക്ക്

പൗരാണിക കാലത്ത് അയിരമലയെന്നായിരുന്നു ശബരിമലയുടെ പേര്. കുരുവൈയൂർ സംസ്കൃതവൽക്കരിക്കപ്പെട്ട് ഗുരുവായൂർ ആയതു പോലേ  അയിരമലയ്ക്ക് സംസ്കൃത ഛായ പകർന്നപ്പോൾ ശഫരിയും പിന്നെ ശബരിയുമായി. ശബരി എന്ന സാംബവ ഭക്ത ഇവിടെ കണ്ണാടി പ്രതിഷ്ഠിച്ച് ആശ്രമം സ്ഥാപിചതും പേരു മാറ്റത്തിന് ആക്കം കൂട്ടി. എ.ഡി.1794 ൽ തിരുവിതാംകൂർ മഹാരാജാവിന് പന്തളത്ത് തമ്പുരാക്കൻമാർ എഴുതിക്കൊടുത്ത ആധാരത്തിൽ ശബരിമലയാണ്. തിരുവിതാംകൂറിന്റെ നിയന്ത്രണത്തിൽ ശബരിമല വരുന്നത് ഈ വർഷമാണ്. ഇതേ വർഷത്തിൽ തിരുവിതാംകൂർ രാജാവ് പുറപ്പെടുവിച്ച തീട്ടൂരത്തിൽ ശവരി മലയാണ്. തിരുവിതാംകൂറിന് വിട്ടു കൊടുക്കും മുൻപ് പന്തളം രാജാവ് ശബരിമലയിലെ നടവരവ് എടുക്കാൻ കുണ്ടയിലാറ്റ് കണക്ക് നാരായണൻ കാളിയന് അനുവാദം നൽകിയിരുന്നു. ട്രാവൻകൂർ മാന്വലിൽ ഇത് ചേർത്തല കുണ്ടയിലാറ്റ് കുടുംബത്തിലെകാളിയൻ മല്ലൻ എന്ന കൊങ്കണി ജൻമിയാണ്. പന്തളം രാജാക്കൻമാരുടെ എഴുത്തുകുത്തുകളിലെ സ്ഥാനപ്പേര് അയിരൂർ ശ്രീ വീര ശ്രീധര കോവിലധികാരികൾ എന്നായിരുന്നു. പന്തളം രാജാവ് കോവിലിനധികാരിയായിരുന്നുവെന്ന് ഇതിൽ നിന്ന് സ്പഷ്ടം.

അയിരൂർ രാജവംശം 

പാണ്ഡ്യദേശത്ത് നിന്ന് വന്നവരായിരുന്നു പന്തളം രാജവംശമെന്നാണ് കോവിലകം ഗ്രന്ഥാവലികൾ ഉദ്ധരിച്ച് ചരിത്രകാരൻമാരായ ശങ്കുണ്ണി മേനോന്റേയും കെ.പി. പത്മനാഭമേനോന്റേയും അഭിപ്രായം. വേണാട് രാജവംശവുമായി ഇവർക്ക് വൈവാഹിക ബന്ധമുണ്ടായിരുന്നു. പാണ്ഡ്യ രാജ്യത്ത് മറവപ്പടയുടെ ആക്രമണം രൂക്ഷമായപ്പോൾ ഇവർ പടിഞ്ഞാറോട്ട് വന്ന് അച്ചൻകോവിൽ, കോന്നിയൂർ, പന്തളം എന്നിവിടങ്ങളിൽ താമസമാക്കി. സ്ത്രീകൾ പന്തളത്തും കോന്നിയൂരിലും പുരുഷൻമാർ അച്ചൻകോവിലിലുമാണ് വാസമുറപ്പിച്ചത്. പാണ്ഡ്യ രാജ്യത്തെ സ്വത്തുവകകൾ അച്ചൻകോവിലിലിരുന്നവർ നോക്കിനടത്തി. എ.ഡി.1170 ൽ മറവപ്പട പന്തളം ആക്രമിച്ച് രാജാവിനെ വധിച്ചു. അതോടെ പാണ്ഡ്യ രാജ്യവുമായുളള ബന്ധം മുറിഞ്ഞു. 

പന്തളം രാജവംശം മലയാള മണ്ണിലേക്ക് കുടിയേറുമ്പോൾ അയിരൂർ രാജവംശമായിരുന്നു നാടുവാഴികൾ. ശബരിമലയ്ക്ക് പടിഞ്ഞാറ്, കോട്ടയത്തിന് തെക്ക് കിഴക്ക് പമ്പയുടെ തീരത്തായിരുന്നു ഇവരുടെ കൊട്ടാരം. പത്തനംതിട്ട ജില്ലയിലെ അയിരൂർ ആകണം ഈ സ്ഥലം. കൂടൽമാണിക്യ ക്ഷേത്രത്തിൽ ഈ രാജവംശത്തിന് മേൽക്കോയ്മ സ്ഥാനമുണ്ടായിരുവെന്ന് ഇവിടെ നിന്ന് ലഭിച്ച ചില താളിയോലകളെ അടിസ്ഥാനമാക്കി പ്രഫ: കെ. രാമപിഷാരടി കണ്ടെത്തിയിരുന്നു. ഈ ക്ഷേത്രത്തിലെ ഒരു ശിലാശാസനത്തിൽ  കോതഭാസ്കരനംപിരിനാർ തിരുവടി എന്ന ഭരണാധികാരി അയിരക്കര കുമരൻകോത, അയിരക്കര കോതകുമരൻ എന്നിവർക്ക് കൂടൽമാണിക്യ ക്ഷേത്രത്തിലെ കാരാൺമ അവകാശം എഴുതിക്കൊടുത്തുവെന്ന് പറയുന്നുണ്ട്. ഇങ്ങനെയാണ് അയിരൂർ രാജവംശത്തിന് കൂടൽമാണിക്യ ക്ഷേത്രത്തിൽ അവകാശമുണ്ടായത്. തൃക്കണാമതിലകം ഊരാൺമക്കാരും കൂടൽമാണിക്യ ഊരാൺമക്കാരും തമ്മിൽ തർക്കമുണ്ടായപ്പോൾ തൃക്കണാമതിലകത്തുകാരോടൊപ്പം അയിരൂർ രാജാവ് നിന്നു. കൂടൽമാണിക്യത്തിലെ അവരുടെ അവകാശം അതോടെ നഷ്ടമായി. ഒടുവിൽ സന്തതി പരമ്പരകളില്ലാതെ അയിരൂർ രാജവംശം അന്യം നിൽക്കുന്ന അവസ്ഥയിലായി. ഏതാനും വൃദ്ധർ മാത്രമായപ്പോൾ അവരും സ്വത്തുവകകളും പന്തളം രാജവംശത്തിൽ ലയിച്ചു. അതുവഴി പന്തളം രാജാക്കൻമാർക്ക് ശ്രീ വീര ശ്രീധര കോവിലധികാരികൾ എന്ന സ്ഥാനവും ശബരിമലയിലെ ഊരാൺമയും ലഭിച്ചു. കൊടുങ്ങല്ലൂരിന് വടക്ക് അയിരൂർ കോവിലകമുണ്ടായിരുന്നു. ചേര രാജവംശവുമായി ബന്ധമുള്ളതിനാലാണ് ഇത് അവിടെ വന്നത്.

അയിരമലയിലെ പ്രതിഷ്ഠ

സംഘകാല കൃതികളായ ചിലപ്പതികാരത്തിലും പതിറ്റിപ്പത്തിലും അയിരമല ക്ഷേത്രത്തിലെ പ്രതിഷ്ഠയെപ്പറ്റി പരാമർശങ്ങളുണ്ട്. ചേരരാജാക്കൻമാരുടെ ഇഷ്ടദേവതയായിരുന്നു ഈ പ്രതിഷ്ഠ. ചിലപ്പതികാരത്തിലെ ചില വരികളിൽ അയിരമലയിലെ പ്രതിഷ്ഠയെ ആരാധിക്കുന്നവനെന്ന് ചേര രാജാവിനെ വിശേഷിപ്പിക്കുന്നുണ്ട്. 

കൊച്ചിയിലേയും തിരുവിതാംകൂറിലേയും ചില തമ്പുരാക്കൻമാരെ കാശിക്കു പോയ തമ്പുരാൻ, കാശിയിൽ തീപ്പെട്ട തമ്പുരാൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പോലെ..

മറ്റൊരു സംഘകാല കൃതിയായ നടുകർ ഗാഥയിലും അയിരമലയിൽ ആരാധനയ്ക്കു പോയ ചേര രാജാക്കൻമാരെപറ്റി വർണനകളുണ്ട്. അക്കാലത്ത് അയിരമലയിൽ ആരാധനയ്ക്ക് പോകുന്നത് വലിയ വീരകൃത്യമായിരുന്നുവെന്ന് വേണം ഇതിൽ നിന്ന് അനുമാനിക്കാൻ. വന്യമൃഗങ്ങൾ ധാരാളമുള്ള ഇവിടെ ആരാധനയ്ക്ക് പോകുക അതി സാഹസിക പ്രവൃത്തിയായിരുന്നു. അരനൂറ്റാണ്ട് മുൻപ് വരെയുണ്ടായിരുന്ന ശബരിമല തീർത്ഥാടനത്തിലെ ദുർഘടാവസ്ഥ പലർക്കുമറിയാം. അപ്പോൾ പതിനഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപുള്ള അവസ്ഥ ഭാവനാതീതമാണ്.

അന്ന് അയിരമലയിലെ പ്രതിഷ്ഠ കൊറ്റവെ എന്ന ദേവിയായിരുന്നുവെന്ന് ചിലപ്പതികാരത്തിന്റെ ആദ്യകാല വ്യാഖ്യാതക്കളായ അടിയാർക്കു നെല്ലാരും അരുപദ ഉരയാചരിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഭദ്രകാളിയാണ് കൊറ്റവെ. പാണ്ഡി നാടിന്റേയും മലയാള ദേശത്തിന്റെയും കാവൽ ദേവതയായ കൊറ്റവെയെ മണികണ്ഠൻ എന്ന യോദ്ധാവാണ് പ്രതിഷ്ഠിച്ച് ആരാധിച്ചത്. ശാക്തേയ രീതിയിലെ കാളിആരാധന യോദ്ധാക്കൾക്ക് നിർബന്ധമായിരുന്നു. ശൈവ രീതിയിലാണ് ആരാധന. ഉപാസകനായ മണികണ്ഠൻ പിന്നീട് ശൈവചൈതന്യത്തിൽ ലയിച്ചു. അതിനും കുറെക്കാലം കഴിഞ്ഞാണ് അയിരമലയുടെ സംസ്കൃത വൽക്കരണമാരംഭിച്ചത്.

ക്രിസ്തുവർഷാരംഭത്തിന് വളരെ മുൻപ് തന്നെ ചേരരാജ്യവും മധുര ആസ്ഥാനമായ പാണ്ഡ്യ രാജ്യവും തമ്മിൽ ശക്തമായ വാണിജ്യ ബന്ധമുണ്ടായിരുന്നു. പെരിയാർ തീരത്തുകൂടിയുള്ള കാനന പാതയിലൂടെ ആയിരുന്നു ചരക്കു നീക്കം. ഇവിടങ്ങളിൽ നിന്ന് പ്രാചീന റോമൻ നാണയങ്ങൾ ഇടയ്ക്കിടെ ലഭിക്കാറുണ്ട്. കവർച്ചക്കാരെ ഭയന്ന് കച്ചവടക്കാർ കുഴിച്ചിട്ടതാകാം ഇതെന്ന് കരുതുന്നു. ഈ പാതയിൽ നിന്ന് വലിയ അകലമില്ല അയിരമലയിലെ ക്ഷേത്രത്തിന്. അതുകൊണ്ട് ഇവിടെ ചേര രാജാക്കൻമാർ ആരാധനയ്ക്ക് എത്തുക സ്വാഭാവികമാണ്.

............................................

മാധ്യമപ്രവര്‍ത്തകന്‍ സാജു ചേലങ്ങാട് ഫേസ്ബുക്കില്‍ എഴുതിയത്

 

Comments