ദലിത് ശബ്ദം

ദലിതും ഹരിജനും ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങളും

'ദളിത്' എന്നത് ഒരു ജനതയെ മറ്റുളള ഏതെങ്കിലും കൂട്ടര്‍ വിളിച്ച പേരായിരുന്നില്ല. നവോത്ഥാന കാലത്ത്, സ്വാതന്ത്ര്യസമര കാലത്ത്, സമൂഹത്തിന്‍റെ അടിത്തട്ടുകാരായ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയെ 'ഹരിജന്‍' എന്ന് ഗാന്ധിജി വിളിച്ചു. ഹരിയുടെ മക്കള്‍ അഥവാ ഈശ്വരന്‍റെ സന്തതികള്‍ എന്ന അര്‍ത്ഥമാണ് ആ പ്രയോഗത്തിലൂടെ അദ്ദേഹം സങ്കല്പിച്ചത്. എന്നാല്‍, പില്‍ക്കാലത്ത് ഭാരതത്തിലെ അധഃസ്ഥിതരില്‍ ചില തിരിച്ചറിവുകള്‍ ഉണ്ടായി. ഗാന്ധിജിയുടെ അര്‍ത്ഥകല്പനകളെ അത് സംശയത്തിന്‍റെ നിഴലില്‍ നിറുത്തി. അതിന് കാരണവുമുണ്ടായിരുന്നു. പ്രധാനമായും, അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ഗുജറാത്തിലെ ഒരു പ്രാചീന ക്ഷേത്രത്തില്‍ നിലനിന്നിരുന്ന വിശ്വാസമാണ് ഗാന്ധിജിയെ സംശയമുനയിലാക്കിയത്. അവിടെ അന്തേവാസികളായ പെണ്‍കുട്ടികളില്‍ ബ്രാഹ്മണര്‍ക്കും ഉപരിവര്‍ഗ്ഗങ്ങള്‍ക്കും ജനിക്കുന്ന അനാഥ ശിശുക്കളെ 'ഹരിജന്‍' എന്നു വിളിക്കുക പതിവായിരുന്നു. ഇതു മനസ്സിലാക്കിയ പീഡിത ജനതയിലെ അഭ്യസ്തവിദ്യര്‍ക്ക് ''ഹരിജന''മെന്നത് 'തന്തയില്ലാത്തവര്‍' എന്ന അര്‍ത്ഥത്തില്‍ നിലവിലുളള പ്രയോഗമാണ് എന്ന തിരിച്ചറിവുണ്ടായി. അതിനാല്‍, ഹരിജന്‍ എന്ന വാക്കിനു പകരം, 'ചിതറിയവര്‍', 'അടിച്ചമര്‍ത്തപ്പെട്ടവര്‍ ', 'തകര്‍ക്കപ്പെട്ടവര്‍', 'അരികുവത്ക്കരിക്കപ്പെട്ടവര്‍' എന്നെല്ലാം അര്‍ത്ഥമുളള 'ദലിത്' ശബ്ദത്തെ അവര്‍ സ്വയം സ്വീകരിച്ചു. 

പിന്നീട് 1972 ല്‍ ദലിത് പാന്തേഴ്സ് എന്ന സംഘടനയിലൂടെ ഈ പ്രയോഗം വ്യാപകമായി. പക്ഷേ, ദലിതര്‍ക്കു വേണ്ടി ആദ്യം ആ പേരുപയോഗിച്ചത്, ആര്യസമാജത്തിലെ സ്വാമി ശ്രദ്ധാനന്ദനാണ്. 1922 ല്‍ സ്വാമി ശ്രദ്ധാനന്ദന്‍ 'ദലിതോദ്ധാരകസമിതി' എന്ന സംഘടന രൂപീകരിച്ചു. ആ സംഘടനയിലൂടെ അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. എഴുത്തച്ഛനും, കാളിദാസനും ദളിത് ശബ്ദം തകര്‍ക്കപ്പെട്ടവര്‍ എന്നര്‍ത്ഥത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. മഹാഭാരതത്തിലും കര്‍ണ്ണനെപ്പറ്റി അങ്ങനെ പറയുന്നുണ്ട്. ചില രാഷ്ട്രീയ  താല്പര്യാര്‍ത്ഥം, ചര്‍ച്ച് ഈ പദം ഇന്ന് പ്രമോട്ടു ചെയ്യുന്നു.


- ഹരികുമാര്‍ ഇളയിടത്ത്

Comments