സ്മൃതിപൂജ
• മെയ് 5 • ചട്ടമ്പിസ്വാമി സമാധി •
അത്രയൊന്നും പ്രത്യക്ഷമല്ലാത്ത, അധികമാരും ചര്‍ച്ച ചെയ്യാത്ത, ഒരു ധൈഷണിക പിന്തുണ ശ്രീനാരായണഗുരുവിന് ചട്ടമ്പി സ്വാമിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അത് ഗുരുവിന്‍റെ ക്ഷേത്ര പ്രതിഷ്ഠകളോടു ചേര്‍ത്തു വായിക്കുമ്പോഴാണ് കൂടുതല്‍ സംഗതമാവുന്നത്.
ഹിന്ദുക്കള്‍ എന്ന ജനവിഭാഗത്തിന് ഇന്ന് എന്തെങ്കിലും അസ്ഥിത്വമുണ്ടെങ്കില്‍ അത് നിലവിലുള്ള ക്ഷേത്രങ്ങളുടെ ആദ്ധ്യാത്മിക പശ്ചാത്തലത്തിലാണ്. വ്യത്യസ്ത ജാതിവിഭാഗമായി വിവിധ കള്ളികളില്‍ പരസ്പരം തൊടാതെ ജീവിച്ച പേക്കോലങ്ങളുടെ സാമൂഹിക ഏകീകരണത്തിന്‍റെയും കൂട്ടായ്മകളുടെയും സംഘടനയുടെയും ആണിക്കല്ലായിരുന്നു നവോത്ഥാന കാലത്ത് ക്ഷേത്രങ്ങള്‍.
എന്നാല്‍ ഉത്തര കേരളത്തില്‍ നിന്നും ബ്രഹ്മാനന്ദ ശിവയോഗിയുടെയും വാഗ്ഭടാനന്ദ ഗുരുവിന്‍റെയും നേതൃത്വത്തില്‍ ക്ഷേത്രം പോലുള്ള ഭൗതികാചാര സംബന്ധമായ വിഷയങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളും നിലപാടുകളും അവതരിപ്പിക്കപ്പെട്ടു. അക്കാലത്ത് മിക്കവാറും, എന്നല്ല, ഭൂരിപക്ഷം ക്ഷേത്രങ്ങളും അനാചാരത്തിന്‍റെയും അന്ധവിശ്വാസങ്ങളുടെയും വിളനിലമായിരുന്നുവെന്നതും അവരുടെ വീക്ഷണങ്ങള്‍ക്ക് സാമൂഹികമായ പിന്തുണ ലഭിക്കുന്നതിനിടയാക്കി. മാത്രമല്ല, വിദ്യാസമ്പന്നര്‍ക്കിടയില്‍ അതൊരു പ്രസ്ഥാനമായിത്തീര്‍ന്നു. പലേ ക്ഷേത്രങ്ങളും, കാവുകളും വെട്ടി വെളുപ്പിക്കപ്പെട്ടു.
'മോക്ഷപ്രദീപം' എന്നൊരു വിശിഷ്ടഗ്രന്ഥം, ക്ഷേത്രം - വിഗ്രഹാരാധന - പ്രതിഷ്ഠ - അനുഷ്ഠാനങ്ങള്‍ എന്നിവയെ സമ്പൂര്‍ണ്ണമായി നിരാകരിച്ചുകൊണ്ട് ബ്രഹ്മാനന്ദ ശിവയോഗിയാല്‍ രചിക്കപ്പെട്ടു. തെക്കന്‍ കേരളത്തിലും അതിന്‍റെ അലയൊലികള്‍ ചെന്നെത്തി. ആറ്റുകാല്‍ ക്ഷേത്രത്തിലെ ജന്തുബലി നിര്‍ത്താന്‍ അഭ്യസ്തവിദ്യരായ നായര്‍ സമൂഹം രംഗത്തുവന്നു. വാഗ്ഭടാനന്ദന്‍ അവിടങ്ങളില്‍ സംവാദങ്ങളില്‍ പങ്കെടുത്തു.
ശ്രീനാരായണ ഗുരു ക്ഷേത്ര പ്രതിഷ്ഠകളുമായി സമൂഹത്തിന്‍റെ സംഘാടനവും സംശുദ്ധീകരണവും നടത്തുന്ന കാലമായിരുന്നു അത്. വാഗ്ഭടഗുരുവിന്‍റെയും ബ്രഹ്മാനന്ദശിവയോഗിയുടെയും പരോക്ഷലക്ഷ്യം ഗുരുവിന്‍റെ ക്ഷേതപ്രതിഷ്ഠകളെ തടയുകയും തകര്‍ക്കുകയും ചെയ്യുക എന്നതുതന്നെയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ്, ചട്ടമ്പി സ്വാമികളുടെ മോക്ഷപ്രദീപഖണ്ഡനം എന്ന കൃതി പിറക്കുന്നത്. ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമികളെയും ഒരുപോലെ അറിയുകയും ആരാധിക്കുകയും ചെയ്യുന്ന ചിലരുടെ അപേക്ഷ പ്രകാരമാണ് തിരുവടികള്‍ ആ കൃതി രചിച്ചത്. ബ്രഹ്മാനന്ദ ശിവയോഗിയുടെ ക്ഷേത്ര നിരാസവാദത്തിന് അതേ നാണയത്തില്‍ ധൈഷണികമായ തിരിച്ചടി നല്‍കാന്‍ ആ കൃതിയ്ക്കു കഴിഞ്ഞു. കരുവ എം കൃഷ്ണനാശാനെയും കാളിയാങ്കല്‍ നീലകണ്ഠപ്പിള്ളയെയും അത് മന:പ്പാഠമാക്കി പഠിക്കാന്‍ ചട്ടമ്പിസ്വാമികള്‍ ഉപദേശിച്ചു. മാത്രമല്ല, ചെറുകോല്‍ ഹിന്ദുമതപരിഷത്തില്‍ ഈ മഹാന്മാരുടെ പ്രഭാഷണങ്ങളിലൂടെ അത് സമൂഹത്തിലെത്തിക്കാനും അദ്ദേഹം ഏര്‍പ്പാടുചെയ്തു. വലിയ പരിവര്‍ത്തനമാണ് ആ ചര്‍ച്ചകള്‍ കേരളത്തിലുണ്ടാക്കിയത്. വിശ്വാസികള്‍ ക്ഷേത്രങ്ങളെ പുതിയ വെളിച്ചത്തില്‍ കാണാന്‍ ആ സംവാദങ്ങള്‍ കാരണമായി. ഗുരുവിനെത്തേടി പ്രതിഷ്ഠാ ആവശ്യവുമായി കൂടുതല്‍ ആളുകളെത്തി.
സ്വന്തം കുടുബക്ഷേത്രം വെട്ടിവെളുപ്പിച്ച് വിഗ്രഹാരാധനക്കെതിരെ ആഞ്ഞടിച്ച വാഗ്ഭടാനന്ദഗുരുവിനെ പന്മനയിലെ സംവാദത്തില്‍ തളച്ചതും തിരുവടികളുടെ ശിഷ്യരായിരുന്നു.
ഈ നിലയില്‍, ക്ഷേത്രപ്രതിഷ്ഠകളുമായി മുന്നേറാന്‍ ധൈഷണിക പരിസരം ഒരുക്കി എന്നതാണ് സ്വാമികള്‍ നവോത്ഥാനചരിത്രത്തില്‍ ചെയ്ത നിശബ്ദ സേവനം.
പ്രണാമം.


Comments
Post a Comment