തിരുവിതാംകൂറിലെ 
ചില നികുതികള്‍


ഏഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, പുലയാട്ടുപെണ്ണു്, കാഴ്ച്ച, ദത്തുകാഴ്ച്ച, പൊന്നരിപ്പു്, അറ്റാലടക്കു്, ചേരിക്കൽ, അയ്മുല, മുമ്മുല, ചെങ്കൊമ്പു്, കൊമ്പു്, കുറവു്, വാലുതോലി, ആനപിടി, ഉടഞ്ഞ ഉരുക്കൾ, തലപ്പണം, മുലപ്പണം, മാർക്കപ്പണം, രക്ഷാഭോഗം, പേരാമ്പേരു്, ചങ്ങാതം, തിരുമുൽക്കാഴ്ച്ച, ആണ്ടക്കാഴ്ച്ച, കെട്ടുതെങ്ങു്, പൊളിച്ചെഴുത്തു്, പാശിപാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ഉലാവുകാഴ്ച, ചെക്കിറൈ, പാകുടം, ചാവുകാണിക്ക, അടിമപ്പണം, ആയപ്പണം, പട്ടിവാരം, കോട്ടൈപ്പണം, അഞ്ചാലി, മാറ്റാല്പ്പണം, മേട്ടുകാവല്‍, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, ചങ്ങാതം, മീശക്കാഴ്ച, മേനിപ്പൊന്ന്, തുടങ്ങിയവയായിരുന്നു കുപ്രസിദ്ധങ്ങളായിത്തീർന്ന കരങ്ങൾ.

• ഏഴയും കോഴയും

നാടുവാഴികളുടെ വസ്തുക്കളിൽ ബലം പ്രയോഗിച്ചു കയ്യേറ്റം നടത്തി രാജകൊട്ടാരം ഉദ്യോഗസ്ഥർ എടുക്കുന്ന ദ്രവ്യമായിരുന്നു ഏഴ. കാര്യസിദ്ധിക്കായി വരുന്ന ജനങ്ങളെ നിർബന്ധിച്ചു് ഉദ്യോഗസ്ഥർ സ്വന്തം വകയിലേക്കു് പണം ഈടാക്കിയിരുന്ന അഴിമതി കോഴ. ഇവയ്ക്കു രണ്ടും നിയമപരമായി സാധുതയുണ്ടായിരുന്നില്ല. എന്നാൽ ഭരണാധികാരികളുടെ അലസതയും അശ്രദ്ധയും മൂലം ഉദ്യോഗസ്ഥർ പരക്കെ ഏഴയും കോഴയും ചുമത്തിവന്നു.

• തപ്പും പിഴയും

അറിയാതെ ചെയ്തുപോയ അപരാധങ്ങൾക്ക് ശിക്ഷയായി അടക്കേണ്ട പണത്തിനെ തപ്പ് എന്നും അറിവോടുകൂടി ചെയ്ത ഗൗരവതരമായ കുറ്റങ്ങൾക്കു് ഒടുക്കേണ്ട പണത്തിനെ പിഴയെന്നും വിളിച്ചുവന്നു.

• പുരുഷാന്തരം

സ്ഥാനികൾ മരിക്കുമ്പോൾ പുതുതായി ആ സ്ഥാനം ഏറ്റെടുക്കുന്ന ആൾ സർക്കാരിലേക്കു് അടക്കേണ്ട തുകയായിരുന്നു പുരുഷാന്തരം. ഡച്ചുകാർ ആണു് ഈ രീതി തുടങ്ങിവെച്ചതു്. മാർക്കക്കാരിൽ(മതം മാറി ക്രിസ്തുമതത്തിലോ ഇസ്ലാം മതത്തിലോ ചേരുന്നവർ)നിന്നടക്കം അവർ ഇങ്ങനെ പുരുഷാന്തരം പിരിച്ചിരുന്നു. പക്ഷേ കൊങ്ങിണികളിൽ നിന്നുമാത്രം പുരുഷാന്തരം ഈടാക്കാറുണ്ടായിരുന്നില്ല.

• പുലയാട്ടുപെണ്ണ്

അഗമ്യാഗമനം കൊണ്ടു ദൂഷിതരായ സ്ത്രീകളേയും പുരുഷന്മാരേയും വിലയ്ക്കുവിറ്റുകിട്ടുന്ന സംഖ്യയായിരുന്നു പുലയാട്ടുപെണ്ണു്. രാജാവിനു നേരിട്ടായിരുന്നു ഈ തുകയുടെ അവകാശം.

• കാഴ്ച്ച

രാജകുടുംബത്തിൽ ഉണ്ടാവുന്ന മരണം, പടിയേറ്റം (സിംഹാസനാരോഹണം), പള്ളിക്കെട്ട് (വിവാഹം) തുടങ്ങിയ അവസരങ്ങളിൽ കുടിയാന്മാരും ഉദ്യോഗസ്ഥന്മാരും മറ്റും കാഴ്ച്ചവെക്കേണ്ട തുക. എന്നാൽ മാർക്കക്കാരെയും അഹിന്ദുക്കളേയും ഇതിൽനിന്നു് ഒഴിവാക്കിയിരുന്നു.

• ദത്തുകാഴ്ച്ച

ദത്തുവേളകളിൽ കടം ഒഴിച്ചുള്ള സ്വത്തുനീക്കിയിരിപ്പിന്റെ അഞ്ചിലൊന്നു് രാജാവിനുകൊടുക്കണമായിരുന്നു. ഇതാണു് ദത്തുകാഴ്ച്ച.

 തിരുമുൽക്കാഴ്ച്ച

രാജാവിനെ മുഖം കാണിക്കുമ്പോൾ പട്ടായിട്ടും പണമായിട്ടും കൊടുക്കേണ്ട ദ്രവ്യം.

• ആണ്ടക്കാഴ്ച്ച

മുക്കുവർ, ചോവന്മാർ, കണക്കർ മുതലായവർ തങ്ങൾക്കു തൊഴിൽ ചെയ്യാനും തൊഴിൽപ്പരമായ സ്ഥാനങ്ങൾ നിലനിർത്താനും വേണ്ടി പ്രതിവർഷം അടക്കേണ്ടുന്ന കരം.

• പൊന്നരിപ്പ്

നദികളിൽനിന്നും മറ്റും സ്വർണ്ണം അരിച്ചെടുത്താൽ അതിലൊരു ഭാഗം രാജാവിനു ചെല്ലണം. (വളരെ കുറഞ്ഞ അളവില് മാത്രമാണു ലഭിക്കുന്നതെങ്കിലും, പുഴമണലിൽ സ്വർണ്ണത്തിന്റെ അംശം പതിവുണ്ടു്. തക്കതായ അമ്ലലായനികളുപയോഗിച്ച് ഇവ വേർതിരിച്ചെടുക്കുന്നതു് പലരും തൊഴിലാക്കിയിരുന്നു.

• അറ്റാലടക്കം

അന്യം നിന്നുപോയ സ്വത്തു സർക്കാരിലേക്കു മുതൽകൂട്ടിയിരുന്നു. എന്നാൽ കൊങ്ങിണിമാരുടെ സ്വത്തുക്കളിൽ പകുതി സർക്കാരിലേക്കും പകുതി തിരുമല ക്ഷേത്രത്തിലേക്കുമാണു് ചെന്നുചേർന്നിരുന്നതു്.

• ചേരിക്കൽ

കോവിലകത്തെ സ്വകാര്യചെലവുകൾ നടത്താൻ വേണ്ടി ആദായമെടുക്കുന്ന ഭൂമികളായിരുന്നു ചേരിക്കൽ എന്നറിയപ്പെട്ടിരുന്നതു്.

• അയ്മുല, മുമ്മുല

അസാധാരണമായ ശരീരപ്രകൃതികളോ വൈകല്യങ്ങളോ ഉള്ള കന്നുകാലികളെ സർക്കാരിലേക്കു കണ്ടുകെട്ടി ഏറ്റെടുത്തിരുന്നു. ഇവയെയാണു് അയ്മുല, മുമ്മുല തുടങ്ങിയ പേരുകളിലാണു് ഇതറിയപ്പെട്ടിരുന്നതു്.

• ചെങ്കൊമ്പ്

മനുഷ്യനെ കുത്തിക്കൊന്ന കന്നുകാലികൾ. ഇവയേയും സർക്കാർ കണ്ടുകെട്ടി തടവിലാക്കി സൂക്ഷിക്കുക പതിവായിരുന്നു.

• ആനപിടി

കാട്ടിൽനിന്നു പിടിയിലാവുന്ന ആനകൾ

• കിണറ്റിൽപന്നി

കുഴികളിലും മറ്റും വീണുപെടുന്ന പന്നികളും മറ്റു വന്യമൃഗങ്ങളും

 • കൊമ്പും കുറവും

തുലാപ്പത്തു കഴിയുമ്പോൾ നായന്മാർ നായാട്ടിനുപോയി വേട്ടയാടി കൊണ്ടുവരുന്ന മൃഗങ്ങൾ, തേൻ തുടങ്ങിയ വന്യവിഭവങ്ങളുടെ ഒരു ഭാഗം കൊട്ടാരത്തിലെ രാജഭോഗമായി കൊടുക്കണമായിരുന്നു.

• തലപ്പണം

വലിപ്പച്ചറുപ്പങ്ങളില്ലാതെ ഓരോ പ്രജയും കൊട്ടാരത്തിലേക്ക് അടക്കേണ്ട തലവരിപ്പണമായിരുന്നു തലപ്പണം അഥവാ തലക്കരം. കുട്ടികൾ ജനിച്ചാൽ അമ്മമാർ തമ്പുരാനു് ഈ കാഴ്ച കൊടുത്തുവന്നു. ഇതുകൂടാതെ, കൊട്ടാരത്തിലെ ബന്ധുക്കളോ അടിയാന്മാരോ കുടിയാന്മാരോ മാർക്കത്തിൽ ചേർന്നാലും (മാർഗ്ഗം മാറി ക്രിസ്തുമതത്തിൽ ചേരുക) ഇതുപോലെ തലവരിപ്പണം നൽകണമായിരുന്നു.

• രക്ഷാഭോഗം

എല്ലാവരും ശത്രുക്കളിൽനിന്നുമുള്ള തങ്ങളുടെ ദേഹസുരക്ഷയ്ക്കു വേണ്ടിയെന്ന പേരിൽ അടക്കേണ്ട കരം.

• പേരാമ്പേര്

കോടതിവ്യവഹാരങ്ങൾക്കും വിധിനടത്തിപ്പിനും അടക്കേണ്ട കോടതിഫീസ്.

• ചങ്ങാതം

രക്ഷക്കായി പ്രത്യേകം കാവൽസംഘത്തെ കൂടെ അയച്ചുകൊടുക്കുന്നതിനുള്ള കരം.

• കെട്ടുതെങ്ങ്

മാടമ്പിമാർ കൊടുക്കേണ്ട തുക.

• പൊളിച്ചെഴുത്ത്

പണ്ടാരവക (സർക്കാർ വക) സ്ഥലങ്ങളിൽ ചിലത് സിംഹാസനാരോഹണം, പള്ളിക്കെട്ട് തുടങ്ങിയ ആഘോഷാവസരങ്ങളിൽ സാധാരണക്കാർക്ക് വിട്ടുകൊടുക്കുന്നതു പതിവായിരുന്നു. ഇവയുടെ അവകാശപത്രത്തിനും അളന്നെടുക്കാനുമുള്ള ചെലവ്, രാജാവിനുള്ള ദക്ഷിണയും സൗജന്യവും തുടങ്ങിയവ പൊളിച്ചെഴുത്ത് എന്ന്പേരിൽ അറിയപ്പെട്ടു.

ഇവയിൽ തികച്ചും അന്യായവും ജനദ്രോഹകരവുമായി കരുതാവുന്ന പല നികുതികളും 1815-ഓടുകൂടി കേണൽ മൺറോ നിർത്തലാക്കി. കൂടാതെ, ഹിന്ദുക്ഷേത്രങ്ങൾക്കുവേണ്ടി ക്രിസ്ത്യാനികൾ അടക്കേണ്ടിയിരുന്ന ഊഴിയം നിർത്തലാക്കിയതും എല്ലാ സമുദായക്കാരും സ്വർണ്ണാഭരണങ്ങൾ ധരിച്ചുകൂടാ എന്ന എന്ന നിയമം റദ്ദാക്കിയതും മണ്‍റോയുടെ നേരിട്ടോ പരോക്ഷമായോ ഉള്ള സ്വാധീനം കൊണ്ടായിരുന്നു.

Comments

Popular posts from this blog

രാമായണപാഠം

ചരിത്രവും ഇരട്ടത്താപ്പും

'വായന' പുസ്തക ചർച്ച