ആരാണ് ശ്രീനാരായണീയര്‍..?
••
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പ്രമുഖ രാഷ്ടീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളും, ബുദ്ധിജീവികളെന്നു സമൂഹം വിശ്വസിക്കുന്നവരും, എഴുത്തുകാരും, പ്രസംഗജീവികളും, സാധാരണക്കാരുരുള്‍പ്പെടെ ആശയവിനിമയ സാഹചര്യമുളള സര്‍വ്വരും, ഇപ്പോള്‍, സാധാരണമായി ഉപയോഗിച്ചു വരുന്ന ഒരു പ്രയോഗമാണ് 'ശ്രീനാരായണീയര്‍' എന്നത്.
ഈഴവര്‍ / തീയ്യര്‍ എന്ന ജാതിയെ കുറിക്കാനാണ് അത്തരം ആളുകള്‍ പലപ്പോഴും ഈ പദം ഉപയോഗിച്ചു പോരുന്നത്. വന്നുവന്ന് അതൊരു പൊതുസമ്മതി നേടിയ പ്രയോഗവിശേഷമായി പരിണമിച്ചിരിക്കുന്നു.
90 കളിലാണ് ചില പ്രഭാഷക സാഹിത്യകാരന്മാരിലൂടെ ഈ പദം സമൂഹത്തിലേക്ക് ആഴത്തില്‍ വേരൂന്നിത്തുടങ്ങിയത്. സ്വന്തം ജാതിസ്വത്വത്തെ അപമാനമായി കരുതുന്ന ചില രാഷ്ടീയ പ്രമുഖര്‍, ഇതര സമൂഹങ്ങളുടെ വെറുപ്പും ഉള്‍പ്പാര്‍ട്ടിയിലെ പോരും ഒഴിവാക്കാനുളള പൂഴിക്കടകനായി ശ്രീനാരായണീയരെന്ന പുതു ശൈലിയെ സര്‍വ്വാത്മനാ വരിച്ചു. അത് ഈ പ്രയോഗത്തെ സാര്‍വ്വത്രികമാക്കാന്‍ സഹായിച്ചുവെന്നതാണ് വാസ്തവം. തങ്ങള്‍ ഈഴവരാണ് എന്നു തുറന്നു പറയാനുളള ആര്‍ജ്ജവമില്ലാത്തവര്‍ക്ക് ഈ പുതുമൊഴി കുറച്ചാശ്വാസമായേക്കും. എന്നാല്‍, ശ്രീനാരായണീയനെ(രെ)ന്ന വാങ്മയത്തെ കേവലം ഈഴവര്‍ എന്ന ജാതി നാമത്തിലേക്കിറക്കിക്കൊണ്ടു വരുന്നവര്‍, നിര്‍ഭാഗ്യവശാല്‍, ശ്രീനാരായണ ഗുരുവിനെക്കൂടി ജാതിവല്‍ക്കരിക്കുകയാണ്, യഥാര്‍ത്ഥത്തില്‍, ചെയ്യുന്നത്.
ബുദ്ധനെ പിന്തുടരുന്നവരെ ബൗദ്ധരെന്നേ നാം വിളിക്കൂ. ശങ്കരാചാര്യരുടെ ചിന്തകളെയും ദര്‍ശനത്തെയും പിന്തുടരുന്നവരെ 'ശാങ്കരന്മാര്‍' എന്നാണ് പറയുന്നത്. അതിനര്‍ത്ഥം ബുദ്ധന്‍റെയോ ശങ്കരാചാര്യരുടെയോ സ്വന്തം ജാതിക്കാര്‍മാത്രം എന്നല്ല. ഗണപതിയെ പൂജിക്കുന്ന ജനതയെ 'ഗാണപത്യര്‍' എന്നു പണ്ട് വിളിച്ചിരുന്നു. അതുപോലെ, 'ശാക്തേയര്‍' ശക്തിയുടെ, ദേവിയുടെ, ഉപാസകരും ആരാധകരുമായിരുന്നു. വിഷ്ണുവിന്‍റെ അനുയായികളുടെ 'വൈഷ്ണവര്‍' എന്നാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. ഈ ആളുകളൊന്നും ഏതെങ്കിലും ഒരു പ്രത്യേകം ജാതിവിഭാഗം മാത്രമായിരുന്നില്ല.അവരെല്ലാം ഒരു സമൂഹമായി, ആ പ്രത്യേക ദര്‍ശനത്തെ പിന്തുടരുന്നവരായിരുന്നു. ആ നിലക്ക് മനസ്സിലാക്കുമ്പോള്‍, ശ്രീനാരായണ ഗുരുവിനെ, അദ്ദേഹത്തിന്‍റെ ദര്‍ശനത്തെയും ആദര്‍ശത്തെയും അതിന്‍റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുകയും പിന്തുടരുകയും ചെയ്യുന്നവരെല്ലാം തന്നെ. ശ്രീനാരായണീയരാണ്, ആവും, അഥവാ ആവണം.
ഗുരുവിന്‍റ ആദ്യത്തെ ശിഷ്യരില്‍, രണ്ടു പേര്‍ ബ്രാഹ്മണരായിരുന്നു. മറ്റുചിലര്‍ നായര്‍ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു .ഗുരുദേവന്‍റെ ആദ്യകാല ശിഷ്യരില്‍ വിദേശികള്‍ പോലുമുണ്ടായിരുന്നു.
ശ്രീനാരായണ ഗുരുവിനെ അടുത്തറിഞ്ഞ്, ആ ചിന്തയുടെ ആഴവും ആത്മാവുമറിഞ്ഞ്, കൃതികള്‍ വ്യാഖ്യാനിച്ച പ്രൊഫ. ജി ബാലകൃഷ്ണന്‍ നായരുള്‍പ്പെടെയുളളവര്‍ ശ്രീനാരായണ ദര്‍ശനത്തില്‍ നിന്നും ബഹിഷ്കൃതരാവുകയും, ഗുരുവിനെ മനസ്സിലാക്കുകയോ, ഉള്‍ക്കൊളളുകയോ അതിനുമുതിരുകയോ ചെയ്യാത്ത ഈഴവര്‍ / വ്യക്തികളായാലും പ്രസ്ഥാനമായാലും, ശ്രീനാരായണീയരാവുകയും ചെയ്യുകയെന്നാല്‍ അതില്പരം ഗുരുനിന്ദ വേറെയുണ്ടോ.? 'ശ്രീനാരായണീയര്‍' എന്നത് ജാതിയുടെ പര്യായമായി ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം ഈഴവര്‍ അല്ലാത്ത ഗുരുഭക്തരെ പ്രസ്തുത പദം അപരവത്കരിക്കുന്നു എന്നതുകൂടിയാണ്.
ആകെയാല്‍, ശ്രീനാരായണീയര്‍ എന്നത് 'വിശ്വപൗരന്‍' എന്ന അര്‍ത്ഥത്തില്‍, വ്യാപ്തിയുളള ഒരു പ്രയോഗമാണ് എന്ന ബോദ്ധ്യത്തിലേക്കാണ്, തിരിച്ചറിവിലേക്കാണ്, നാം ഉണരേണ്ടത്. എങ്കില്‍ മാത്രമേ, ഗാരി ഡേവീസിനെയും, ജോണ്‍ ധര്‍മ്മതീര്‍ത്ഥയെയും, ശ്രീനാരായണ ചൈതന്യ സ്വാമിയെയുമൊക്കെ പോലുളളവരെയും ശ്രീനാരായണീയരായി കാണാനും ഉള്‍ക്കൊളളാനുളള വ്യാപ്തിയിലേക്ക് നാം സ്വയം വികസിക്കൂ. ഗുരുവിനെ ജാതി സങ്കുചിതത്ത്വത്തില്‍ നിന്നും മോചിപ്പിച്ചെടുക്കണമെന്നാഗഹിക് കുന്ന ഓരോ നവോത്ഥാന പ്രവര്‍ത്തകന്‍റെയും, വിശിഷ്യ, ഓരോ മലയാളിയുടെയും കര്‍ത്തവ്യവും കൂടിയാണത്.
ഹരികുമാര്‍ ഇളയിടത്ത്
- Get link
- X
- Other Apps


Comments
Post a Comment