നാട്ടെഴുത്തിന്‍റെ ഉപദാനങ്ങള്‍
••
പ്രദേശിക ചരിത്ര രചനക്കും, കേരളത്തിന്‍റെ ചരിത്ര രചനയ്ക്കു തന്നെയും, സഹായകമായ വസ്തുതകളെ ലിഖിതങ്ങള്‍, സ്മാരകങ്ങള്‍, ഐതിഹ്യങ്ങള്‍ എന്നിങ്ങനെ പ്രധാനമായും മൂന്നായി തിരിക്കാം.
എഴുതപ്പെട്ടവയെയെല്ലാം ലിഖിതങ്ങളില്‍പ്പെടുത്താം. ശിലാശാസനങ്ങള്‍, താളിയോലകള്‍, പ്രാചീന ഗ്രന്ഥങ്ങള്‍, വിദേശീയരായ സഞ്ചാരികളുടെ ഡയറിക്കുറിപ്പുകള്‍, ചെമ്പുപട്ടയങ്ങള്‍ എന്നിവയെല്ലാം ലിഖിതങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതുവരെ ലഭ്യമായിട്ടുളള ശിലാലിഖിതങ്ങള്‍ അധികവും പ്രാദേശിക ഭരണരീതികള്‍, ക്ഷേത്രത്തോടു ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, നികുതികള്‍ എന്നിങ്ങനെയുളള വിഷയങ്ങളെ ആസ്പദമാക്കിയാണെന്നത് പ്രാദേശിക ചരിത്രകാരനെ സംബന്ധിച്ച് ആഹ്ലാദകരമായ സംഗതിയാണ്. അധികാരശ്രേണി, ജാതിബന്ധങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെപ്പറ്റി ഒട്ടുവളരെ കാര്യങ്ങള്‍ അവയില്‍നിന്നും ഗ്രഹിക്കാനാവും. സംസ്കൃതത്തിലും തമിഴിലും എഴുതപ്പെട്ടയും പ്രാക്തന ചരിത്രത്തിലേക്ക് വെളിച്ചം പകരും. പതിനൊന്നാം നൂറ്റാണ്ടിനു ശേഷമാണ് മലയാള ലിപി വരുന്നുളളൂവെങ്കിലും പ്രദേശവാസികളായ ആളുകള്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍ എന്നിവയും വിലപ്പെട്ട ഉപദാനമാണ്.
പ്രസിദ്ധ എഴുത്തുകാരനും ഗാന്ധിയനുമായിരുന്ന ഏ. പി ഉദയഭാനുവിന്‍റെ ആത്മകഥയില്‍(1) ഓണാട്ടുകര ദേശവാസികള്‍ക്ക് വീടുകള്‍ ഓടുമേയാന്‍ അവകാശം നല്‍കിയ റാണി സേതുലക്ഷ്മീഭായിയുടെ ഉത്തരവിനെക്കുറിച്ചും അതിനു കാരണമായ സംഭവത്തെക്കുറിച്ചും(2) പറയുന്നുണ്ട്. ഏവൂര്‍ പരമേശ്വരന്‍റെ ആത്മകഥയില്‍(3) പത്തിയൂര്‍, കീരിക്കാട് പ്രവൃത്തികളെക്കുറിച്ചുളള സൂചനകള്‍ കിട്ടും. പത്തിയൂര്‍ പകുതിയില്‍പ്പെടുന്ന പ്രദേശമായിരുന്നു ഒരുകാലത്ത് ഏവൂര്‍.
തൃക്കുന്നപ്പുഴ നിവാസിയായ ഒരു വ്യക്തിയുടെ(4) നൂറ്റാണ്ടു പഴക്കമുളള ഡയറിക്കുറിപ്പുകളില്‍, തന്‍റെ കുട്ടിക്കാലത്ത് കൂട്ടുകാരുമായി പൊതിച്ചോറുമെടുത്ത് ഏഴെട്ടു കിലോമീറ്റര്‍ പടിഞ്ഞാറേക്ക് നടന്ന് കടല്‍ കാണാന്‍ പോയതിനെപ്പറ്റി പറയുന്നുണ്ട്. കടല്‍ ഇന്നു കാണുന്നതില്‍ നിന്നും വളരെ കിലോമീറ്റ അകലെയായിരുന്നുവെന്ന ചരിത്രകാരന്മാരുടെ നിഗമനത്തെ ഇത്തരം സൂചനകള്‍ ശരിവെക്കുന്നു.
കായംകുളത്തിനു പടിഞ്ഞാറ് പുല്ലുകുളങ്ങര ജംങ്ഷനില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്ററോളം പടിഞ്ഞാറേക്ക് പോയാല്‍
പെരുമ്പളളി കടവില്‍ എത്തും. അവിടെ അഞ്ഞൂറോളം മീറ്റര്‍ തെക്കു കിഴക്കായി കടല്‍ക്കരയ്ക്കു സമാന്തരമായി കാണുന്ന ക്ഷേത്രമാണ് കുറിയപ്പശ്ശേരില്‍ ഭദ്രകാളി ക്ഷേത്രം. പെരുമ്പളളി കടവ് ഇപ്പോള്‍ കാണുന്നതിനേക്കാള്‍ 8 മൈല്‍ പടിഞ്ഞാറേക്ക് മാറിയായിരുന്നു.(ആവേദകന്‍: സജീവന്‍ / 45/ മഠത്തിശ്ശേരില്‍ / പെരുമ്പളളി / മത്സ്യബന്ധനം)
തറയില്‍കടവിനും നാലു നാലരമൈല്‍ പടിഞ്ഞാറേക്ക് മാറിയായിരുന്നു മുമ്പ് ക്ഷേത്രത്തിന്‍റെ സ്ഥാനം. ആ ഭാഗങ്ങള്‍ കടലെടുത്തപ്പോള്‍ ഇന്നുകാണുന്ന സ്ഥലത്തേക്ക് മാറ്റി ക്ഷേത്രം സ്ഥാപിച്ചു.
(ആവേദകന്‍: സുഗതന്‍ / 64 / കണ്ടശ്ശേരില്‍ / പെരുമ്പളളി /
കടല്‍ ജീവനം)
മാവേലിക്കര പ്രദശത്തെ പ്രമുഖ ജ്യോതിഷിയായിരുന്ന ചെട്ടികുളങ്ങര ദാമോദരന്‍ ജ്യോത്സ്യരുടെ ദിനക്കുറിപ്പുകളില്‍ നിന്നും(5) ചെട്ടികുളങ്ങരയില്‍ ഒരു നൂറ്റാണ്ടിനും മുമ്പ് കുംഭഭരണിയുത്സവവും കാര്‍ത്തികയുത്സവവും നടന്നിരുന്നതായി മനസിലാക്കാം. നേരത്തെ സൂചിപ്പിച്ച ഉദയഭാനുവിന്‍റെ ആത്മകഥയില്‍ ചെട്ടികുളങ്ങരയിലെ കാര്‍ത്തിക ഉത്സവത്തെ, മേലാളന്മാരെന്നു ധരിച്ചവര്‍ 'ഈഴവോത്സവം' എന്നു വിളിച്ച് ആക്ഷേപിക്കുകയോ കളിയാക്കുകയോ ചെയ്തിരുന്നതായും പറയുന്നു. അക്കാലത്ത് കാര്‍ത്തിക ഉത്സവത്തിന്‍റെ പകിട്ടുകുറക്കാനോ മുടക്കാനോ വേണ്ടി നായര്‍ വിഭാഗക്കാര്‍ ക്ഷേത്രനട നിര്‍ബന്ധപൂര്‍വ്വം അടച്ചിട്ടിരുന്നു വെന്ന് ദാമോദരന്‍ ജ്യോത്സ്യര്‍ എഴുതുന്നത് ഇതിനെ ശരിവെക്കുന്നു.
ഇപ്പോള്‍ പത്തിയൂര്‍ പഞ്ചായത്തിന്‍റെ ഭാഗമായ ചെറിയപത്തിയൂര്‍ കരയില്‍ നിന്നും ചെട്ടികുളങ്ങരയിലേക്ക് കെട്ടുകാഴ്ച ഉണ്ടായിരുന്നുവെന്നും കൊല്ലവര്‍ഷം 1071ല്‍ ചെട്ടികുളങ്ങര ചന്തക്കു തെക്കുവശമുളള ചുന്തിലേത്ത് മുക്കില്‍വെച്ച് ക്രൈസ്തവരുമായുണ്ടായ കലഹത്തില്‍ കെട്ടുകാഴ്ച തകര്‍ക്കപ്പെട്ടുവെന്നും അദ്ദേഹത്തിന്‍റെ കുറിപ്പുകള്‍ തെളിവു നല്‍കുന്നു. മേലാളര്‍ക്കുവേണ്ടിയാണ് ക്രൈസ്തവര്‍ അക്രമം നടത്തിയതെന്നും കുറിപ്പ് സൂചിപ്പിക്കുന്നു.
---------------------------
കുറിപ്പുകള്‍
1 എന്‍റെ കഥയില്ലായ്മകള്‍
2. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പ്രമുഖ ഈഴവ കുടുംബമായ കോമലേഴത്തുകാരുടെ നേതൃത്വത്തില്‍ പതിവായി
കാര്‍ത്തിക ഉത്സവം നടത്തിയിരുന്നു. താലപ്പൊലിയും ദീപക്കാഴ്ചയും വെടിക്കെട്ടുമായിരുന്നു പ്രധാന ആകര്‍ഷണം. ഒരുകൊല്ലം (1074) വെടിക്കെട്ടിനായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് യാദൃശ്ചികമായി തീപിടിക്കുകയും ഉത്സവം മുടങ്ങുന്നതില്‍ മനംനൊന്ത് അഭിമാനിയായ കുടുംബ കാരണവര്‍ തീയിലേക്ക് ചാടി മരണം വരിക്കുകയും ചെയ്തു. നായര്‍ വീടുകള്‍ക്കുപോലും ഓടുമേയാന്‍ അവകാവമില്ലാതിരുന്ന അക്കാലത്ത് ഒരു വലിയ ദുരന്തമായി മാറിയ ഈ സംഭവം റാണി സേതുലക്ഷ്മീഭായിയെ വല്ലാതെ സ്വാധീനിക്കുകയും വേനല്‍ക്കാലത്ത് പടര്‍ന്നു പിടിക്കാനിടയുളള തീ മൂലമുളള കെടുതികള്‍ ഒഴിവാക്കാന്‍ കഴിവുളളവര്‍ക്കെല്ലാം വീടുകള്‍ ഓടുമേയാനനുവദിച്ചുകൊണ്ട് ഉത്തരവാവുകയും ചെയ്തു.
3. എന്‍റെ അനുഭവക്കുറിപ്പുകള്‍
4. തീരപ്രദേശങ്ങളിലെ പഴയ പല പ്രമാണങ്ങളും പരിശോധിച്ചാല്‍ അതില്‍പറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ കടലെടുത്തുപോയതാണെന്ന് മനസിലാക്കാം.
5. ദിനേന നക്ഷത്രങ്ങളുടെ / ഗഹങ്ങളുടെ സഥിതിയും മറ്റും രേഖപ്പെടുത്തുന്ന നോട്ടുബുക്കുകള്‍ നിരവധി അദ്ദേഹത്തിന്‍റെ കൈപ്പടയോടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നാട്ടറിവുകളും കുറിപ്പുകളും പേജിന്‍റെ മാര്‍ജിനുകളിലും മറ്റുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുക്ക് നമ്പര്‍ 13,19 എന്നിവകളില്‍ നിന്നാണ് ഈ ലേഖനത്തിനാവശ്യമായ വിവരങ്ങള്‍ ലഭിച്ചത്.


Comments
Post a Comment