കുട്ടമ്പേരൂരിലെ മാർത്താണ്ഡവർമ്മ ശില്പം

ചെന്നിത്തലയിലെ മാർത്താണ്ഡവർമ്മ



ചെന്നിത്തല കുട്ടമ്പേരൂർ കാർത്യായനീ ക്ഷേത്രത്തിലെ ശില്പം മാർത്താണ്ഡവർമ്മയുടേതെന്ന് ഉറപ്പിക്കാൻ പുരാവസ്തുശാസ്ത്രജ്ഞനായ ഡോ.എം.ജി ശശിഭൂഷൺ ചില സൂചനകൾ തരുന്നുണ്ട്. അതിൽ, പത്മനാഭപുര കൊട്ടാരത്തിലും  പത്മനാഭസ്വാമി ക്ഷേത്രത്തിലും കാണുന്ന മാർത്താണ്ഡവർമ്മയുടെ ശില്പങ്ങളോടുള്ള ആധർമണ്യം പ്രധാനമാണ്. രണ്ടാമത്തേത് മുൻകുടുമയാണ്. തമിഴ് ബ്രാഹ്മണർ പിൻകുടുമയേ വെയ്ക്കാറുള്ളൂ. അതിനാൽ ശില്പം രാമയ്യൻ്റേതല്ലെന്നുറപ്പിക്കാം. മാർത്താണ്ഡവർമ്മയ്ക്ക് മേൽ മീശയുണ്ടായിരുന്നു. കുട്ടമ്പേരൂരിലെ ശില്പത്തിൽ അത് പ്രകടമാണ്. പൂണൂൽ ഉണ്ട്. അതിനാൽ കായംകുളം രാജാവാണെന്ന ആശങ്കയും വേണ്ട. 

വാസ്തവത്തിൽ, ക്ഷത്രിയൻ എന്നത് കേരളത്തിൽ ഇല്ല എന്നാണു ചരിത്ര പക്ഷം. നായർ സമുദായത്തിൽനിന്നും കുറച്ചുപേരെ ക്ഷത്രിയരാക്കുകയാണ് ഇവിടെ. മാർത്താണ്ഡവർമ്മയുടെ ഹിരണ്യഗർഭനൂഴൽ അനുസ്മരിക്കാം. അങ്ങനെ ക്ഷത്രിയനായ ആളാണ് /ആളുകളാണ് തിരുവിതാംകൂർ രാജാക്കന്മാർ.

മാർത്താണ്ഡവർമ്മയുടെ സഹോദരനെ രാമൻനായർ എന്നു ടിപ്പു സംബോധനചെയ്യുന്നതും പ്രമാണമാക്കാം. കൂടാതെ ഡച്ചുരേഖകളിൽ നായർ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ ദാരുശില്പങ്ങൾ എന്ന ഡോ. എം.ജി ശശിഭൂഷണിൻ്റെ പുസ്തകത്തിൽ പക്ഷേ, ഈ ശില്പത്തെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. ക്ഷേത്രത്തിനു നിർമ്മാണസഹായംചെയ്ത ഏതോ പ്രമാണിയുടേതാവാം എന്നേ താൻ ആദ്യകാലത്ത് കരുതിരുന്നുള്ളൂ എന്നാണ് അതേപ്പറ്റി അദ്ദേഹം പറയുന്നത്. 

Comments