ആറാട്ടുപുഴ വേലായുധപ്പണിക്കർ -: വീരമൃത്യുവിന് 150










ആറാട്ടുപുഴ വേലായുധപ്പണിക്കർ: നവോത്ഥാനത്തിൻ്റെ അഗ്രഗാമി


_____________



മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം



ധീരരക്തസാക്ഷിത്വത്തിൻ്റെ 150-ാം വാർഷികമാണ് ഇന്ന് (2024 ജനുവരി 3)



വിഖ്യാതനായ പത്രപ്രവർത്തകനും ചരിത്രകാരനും കമ്യൂണിസ്റ്റുമായിരുന്ന പുതുപ്പള്ളി രാഘവൻ അരനൂറ്റാണ്ടുമുമ്പ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കൊച്ചുമകൻ്റെ മകനായ പുതുപ്പള്ളി പി.കെ പണിക്കരുടെ തപതീസംവരണം എന്നകൃതിയിൽ ആറാട്ടുപുഴയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: മധ്യ തിരുവിതാംകൂറിൽ ഈഴത്തികൾക്ക് മാറുമറച്ചും, മൂക്കുത്തിയും സ്വർണാഭരണങ്ങളും അണിഞ്ഞും, മുണ്ട് നീട്ടിയുടുത്തും നടക്കാനുള്ള അവകാശം സ്വന്തം കൈകൊണ്ട് സ്ഥാപിച്ച, ഈഴവന്റെ തലയിൽ ദേവന്മാരുടെയും പുരാണ പുരുഷന്മാരുടെയും കിരീടങ്ങൾ വെച്ചാലും ഉറച്ചിരിക്കുമെന്നും ഈഴവർക്കും കഥകളിയാവാവാമെന്നും സ്ഥാപിച്ച, 'നമ്പൂതിരിമാർ നായർ സ്ത്രീകൾക്ക് ഉടുപ്പാനിടും പോലെ നായന്മാർ ഈഴവ സ്ത്രീകൾക്ക് ഉടുപ്പാനിടേണ്ടതാണെന്ന്' രാമരായർ ദിവാൻജിയിൽ നിന്ന് വിധി സമ്പാദിച്ച, സമുദായാഭിമാനിയും തന്റെ സ്വന്തം മാർഗത്തിലൂടെ ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് സമുദായ പരിഷ്കാരം നടപ്പാക്കിയ ധീരനും ആയിരുന്നു' അദ്ദേഹം. പണിക്കരുടെ കോളിളക്കം സൃഷ്ടിച്ച സാമൂഹിക പ്രവർത്തനപ്രവർത്തനങ്ങളുടെ നഖചിത്രം ഇതിലുണ്ട്. 


പത്തൊമ്പതാം നൂറ്റാണ്ട്, കേരളത്തിനു സംഭാവന ചെയ്ത ഉന്നതശീർഷരിൽ പ്രഥമഗണനീയനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. കേരള നവോത്ഥാനത്തിൻ്റെ ആദ്യസഞ്ചാലകരിൽ പ്രഥമ ഗണനീയനായി ചരിത്രം ഇന്നദ്ദേഹത്തെ വിലയിരുത്തുന്നുണ്ട്. എന്നാൽ, ഇത്രയും കാലം ക്രൂരമായ തമസ്കരണത്തിന് അദ്ദേഹത്തിൻ്റെ സാഹസിക ജീവിതം വിധേയമായതിനു കാരണമെന്തെന്നതിനു യുക്തിസഹമായ ഉത്തരം നൽകാൻ ചരിത്രകാരന്മാർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ, അദ്ദേഹം ഒരു സാങ്കല്പിക കഥാപാത്രം മാത്രമല്ലേയെന്നു ശങ്കിക്കുന്നവരും നമുക്കിടയിലുണ്ട്. മഹാകവി ഉള്ളൂർ തൻ്റെ സാഹിത്യ ചരിത്രത്തിൽ പണിക്കരെകുറിച്ചു പരാർശിച്ചിട്ടുള്ളതു കാണാത്തവരാണ് ആ ശുദ്ധഹൃദയർ. വാരണപ്പള്ളി കുഞ്ഞുകൃഷ്ണപ്പണിക്കർ, പുതുപ്പള്ളി പി. കെ പണിക്കർ എന്നീ കവികളെക്കുറിച്ചെഴുതുമ്പോൾ, അവർ   കല്ലിശ്ശേരി വേലായുധപ്പണിക്കരുടെ മക്കളാണെന്നു മഹാകവി സൂചിപ്പിക്കുന്നു (വോളിയം5, പേജ് 5,9,). സർവ്വ വിജ്ഞാനകോശം ഏഴാംഭാഗത്തിൽ കവി പുതുപ്പള്ളി പി.കെ പണിക്കരെ പരിചയപ്പെടുത്തുമ്പോഴും വേലായുധപ്പണിക്കർ രേഖപ്പെടുന്നുണ്ട്.


കുളത്തുഅയ്യരുടെ 'തിരുവിതാംകൂർ ചരിത്രം' എന്ന പാഠപുസ്തകത്തിലും (1931) പണിക്കർ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നല്ല, കായംകുളം കൊച്ചുണ്ണിക്കൊപ്പം ഒരു കള്ളനും കൊള്ളക്കാരനുമായിട്ടാണ് പണിക്കരെ ചിത്രീകരിച്ചിരിക്കുന്നത് എന്ന വിമർശനവും ആ കൃതി നേരിട്ടിട്ടുണ്ട് (കെ. ജി നാരായണൻ, ഈഴവ തിയ്യ ചരിത്രം, പേജ് 442,1984). ഇതിൽനിന്നൊക്കെ പണിക്കർ ഒരു കല്പിതകഥാപാത്രമല്ലെന്നുറപ്പാകുന്നു.


കേരളകൗമുദി ദിനപത്രത്തിൽ ഐ.സി. ചാക്കോ 1936 ജൂണിൽ പ്രസിദ്ധീകരിച്ച ഒരുകത്തിൽ പണിക്കരെ നേരിട്ടുകണ്ടു സംസാരിച്ച ഒരു ക്രൈസ്തവ പുരോഹിതൻ്റെ ഡയറിക്കുറിപ്പ് പകർത്തിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഒരു ക്രിസ്തീയ വൈദികനായിരുന്നു, പാലക്കുന്നേൽ മാർത്തമറിയം കത്തനാർ. ചങ്ങനാശേരിക്കു കിഴക്ക് കറുകച്ചാലിനു സമീപമായിരുന്നു പാലക്കുന്ന് ഭവനം. തന്റെ പ്രേക്ഷിത പ്രവർത്തനങ്ങൾക്കിടയിലെ സഞ്ചാരത്തിനിടയിൽ അദ്ദേഹം ഒരിക്കൽ പണിക്കരെ നേരിട്ട് കണ്ടതായി ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു.


'1874 ലെ വർത്തമാനം' എന്നപേരില്‍ ദനപത്രം പ്രസിദ്ധീകരിച്ച ആ ഡയറിക്കുറിപ്പ് ഇങ്ങനെയാണ്:


'മകരം 3-ാം തീയതി (ജനുവരി മൂന്നാം തീയതി എന്നർത്ഥം. കത്തോലിക്കരുടെ വൈദിക മലയാളത്തിൽ ഓരോ ക്രിസ്തീയ മാസത്തിലും തുടങ്ങുന്ന മലയാള മാസത്തിലെ പേരാണ് അതിനു കൊടുക്കുന്നത്) ആറാട്ടുപുഴ വേലായുധൻ എന്ന മഹാ കേൾവിപ്പെട്ട ഈഴവനെ അവന്റെ ശത്രുക്കൾ കൂടി കുത്തിക്കൊന്നു. ഇവൻ 16 തണ്ടുപിടിച്ച ഒരു ബോട്ടിൽ വരുമ്പോൾ ശത്രുക്കളായ ജോനകർ ഒരു പന്നകം ഇട്ടു കെട്ടിയ വള്ളത്തിൽ പുറകെ വന്നു. ഒരു കാര്യം ബോധിപ്പിക്കാനുണ്ടെന്ന് അപേക്ഷിച്ചു. ബോട്ട് നിർത്തുവാൻ പണിക്കർ കൽപ്പിക്കയാല്‍ വേലക്കാർ ബോട്ട് നിറുത്തി. ബോട്ടിലോട്ട് കേവുവള്ളത്തിൽ നിന്നും കയറി കുത്തിക്കൊന്നു. തണ്ടുകാര്‍ വെള്ളത്തിൽ ചാടി നീന്തി ഓടിപ്പോയി. കൊല്ലം ഡിവിഷൻ പേഷ്കാർ നല്ലവണ്ണം വിചാരണപ്പെട്ടിട്ടും തെളിവ് കിട്ടി ഒരാളിന് ശിക്ഷ കൊടുക്കാൻ കഴിഞ്ഞില്ല. കുത്തിക്കൊന്നവർ കപ്പൽ കയറി മറു രാജ്യം കടന്നുകളഞ്ഞു. ഇവൻ പലരെയും അപമാനിച്ചിരുന്നു. പ്രവൃത്തികാരന്മാരെ കെട്ടി അടിപ്പിക്കും. ശൂദ്രവീടുകളിൽ നമ്പൂതിരിമാരുടുപ്പാനിരുന്നുവെങ്കിൽ ആ മുറപോലെ ഈഴവരുടെ വീട്ടിൽ ശൂദ്ര ആളുകൾ ഉടുപ്പാൻ ഇരിക്കേണ്ടതാകുന്നു എന്ന് ഹർജി കൊടുത്തു. ശരി എന്നു ദിവാൻ മാധവരായർ അംഗീകരിച്ചു. ഒരു ശൂദ്രനെ അവന്റെ പെങ്ങൾക്ക് വസ്ത്രം കൊടുപ്പിച്ചു. ഇങ്ങനെ വിശേഷമനുഷ്യനാകുന്നു. എഴുപതാം കാലം മീനമാസത്തിൽ (മാർച്ച്) ഞാൻ തിരുവനന്തപുരത്ത് പോകുന്ന വഴി ഇവന്റെ വീട്ടിൽ കയറി ഈ മഹാനുമായി ഞാൻ കണ്ടു സംസാരിച്ചിട്ടുണ്ട്. ആൾ കണ്ടാൽ ആരും ഭയപ്പെടുവാൻ തക്കവൻ' (കേരളകൗമുദി, 1936 ജൂൺ 18). പണിക്കരുടെ സമരരോന്മുഖമായ ജീവചരിത്രം- ഏതാണ്ട് സമഗ്രമായിത്തന്നെ-ഹ്രസ്വമായ ഈ ഡയറിക്കുറിപ്പിൽ കാണാനാകുന്നു.


ആറാട്ടുപുഴ വേലായുധ പണിക്കരെ കുറിച്ചുള്ള പലവിധ സമസ്യകൾക്കും കത്തനാരുടെ ഡയറി സമാധാനം നൽകുന്നുണ്ട്. നരവംശ ശാസ്ത്രജ്ഞരായ ഫിലിപ്പോഒസ്സെല്ല-കരോലിൻ ഒസ്സെല്ല ദമ്പതികളടക്കം ചിലരെല്ലാം സംശയിക്കുന്നതു പോലെ അദ്ദേഹം ഒരു ഐതിഹാസിക കഥാപാത്രമല്ല, ചരിത്ര പുരുഷനാണെന്ന് കത്തനാരുടെ കത്തും തെളിയിക്കുന്നു. മാത്രമല്ല, മറ്റുചിലർ അവകാശപ്പെടുന്നതു  പോലെ അദ്ദേഹം ‘ശുദ്രനു വിവാഹം കഴിച്ചു കൊടുത്തത്’ (മിശ്രവിവാഹം) സ്വന്തം മകളെയല്ല  സഹോദരിയെ തന്നെയാണെന്നും കുറിപ്പു വ്യക്തമാക്കുന്നുണ്ട്. എന്നല്ല, അദ്ദേഹത്തിന് മകൾ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ജോനകരാണ് അഥവാ ജോനകർക്കു വേണ്ടിയാണ് പണിക്കരെ ശത്രുക്കൾ കൊലപ്പെടുത്തിയതെന്നും ഡയറിക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.


പണിക്കരുടെ ജഡം കണ്ടെത്തിയ കണ്ടല്ലൂരിനു പടിഞ്ഞാറുള്ള  പെരുമ്പള്ളിക്ക് സമീപപ്രദേശങ്ങളായ കനകക്കുന്നിലും കള്ളിക്കാട്ടുമൊക്കെ ജോനകരായ കച്ചവടക്കാർ അക്കാലത്തു തമ്പടിച്ചിരുന്നു. വാർഡും കോർണറും ഇക്കാര്യം  രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം  കടയ്ക്കൽ ഭാഗത്തുള്ള തിരമാല-ആദിച്ചൻ ദമ്പതികളിൽ നിന്നും ശേഖരിച്ച നാടൻപാട്ടിൽ സൂചിപ്പിക്കുന്നത്, കൊച്ചുണ്ണി പണിക്കരെ ആക്രമിച്ചു കൊല്ലുന്നതായാണ്. എന്നാൽ, അതിനുള്ള സാധ്യത വിരളമാണ്. കാരണം, പണിക്കരെ കൊലപ്പെടുത്തുന്ന കാലത്ത് (1874) കൊച്ചുണ്ണി ജയിലിലകപ്പെട്ടിരുന്നു. എന്നാൽ കൊച്ചുണ്ണിസംഘത്തിന് അതിൽ പങ്കുണ്ടെന്നു കരുതുന്നവരുണ്ട്. കൊച്ചുണ്ണിയെ അകത്താക്കാൻ രാജകീയഭടന്മാരെ സഹായിച്ചതും സാളഗ്രാമം വീണ്ടെടുത്ത് കടൽക്കൊള്ളയിൽ തങ്ങളുടെ അപ്രമാദിത്തം അവസാനിപ്പിച്ചതും കൊച്ചുണ്ണി സംഘത്തിനു പണിക്കരോടു വിരോധം വർദ്ധിപ്പിച്ചുവെന്നാണ് ആറാട്ടുപുഴ മംഗലം സ്വദേശി മുണ്ടശ്ശേരി കരുണാകരൻ (89) എന്ന ആവേദകൻ്റെ പക്ഷം. പണിക്കരെ ഒതുക്കാതെ തങ്ങൾക്ക് കച്ചവടത്തിൽ പിടിച്ചുനിൽക്കാൻ ആവില്ലെന്ന ജോനകരുടെ തിരിച്ചറിവും പണിക്കർക്കെതിരായി നിലകൊള്ളാൻ അവരെ പ്രേരിപ്പിച്ചു. അവർ നാട്ടിലെ ഗുണ്ടാസംഘങ്ങളെ, വിശേഷിച്ചും കടൽക്കൊള്ളക്കാരെ ഉപയോഗപ്പെടുത്തി. വേലായുധപ്പണിക്കരുടെ കുടുംബത്തിൽനിന്നും മതം മാറി 'തൊപ്പിയിട്ടു’ മുസ്ലിമായിത്തീർന്ന- ബ്രൂട്ടസിനെപ്പോലൊരുവനെ- പണിക്കർക്കെതിരെ ആയുധമാക്കാനും ശത്രുക്കൾക്കു കഴിഞ്ഞു. കിട്ടൻ എന്നായിരുന്നു അയാളുടെ യഥാർത്ഥപേര്. പള്ളിപ്പാട് സ്വദേശിയായ എടയിലത്തറ കുട്ടപ്പൻ (78) എന്ന നാടൻപാട്ടുകാരൻ പാടുന്ന പാട്ടനുസരിച്ച് ചിറക്കടവത്തിനു സമീപമുള്ള ഗോവിന്ദമുട്ടം (ഓന്തമുട്ടം) കടവിൽ വെച്ചാണ് അക്രമി സംഘം പണിക്കരുടെ തണ്ടു വള്ളത്തെ തടഞ്ഞുനിർത്തി ആക്രമിക്കുന്നത്. 

‘ഓന്തമുട്ടം തിന്താരാ/

അഴിമുഖം തിന്താരാ/

വള്ളംവന്നേ തിന്താരാ/

ബോട്ടു തടുത്തേ തിന്താരാ’ എന്നിങ്ങനെ നീളുന്നു പാട്ട്. ചരിത്രപരമായി അതിനു സാധുതയുണ്ട്. കടവിനു സമീപമായി ഡച്ചുകാരുടെ അധീനതയിലുള്ള ഒരു പണ്ടികശാല പ്രവർത്തിച്ചിരുന്നു. അതൊരു പ്രധാന സഞ്ചാരപാതകൂടിയായിരുന്നു. മാത്രമല്ല, എതിരാളികളുടെ ശക്തികേന്ദ്രമായിരുന്നു അവിടം.

 

ചരിത്രത്തിലെ ആദ്യ കാർഷിക പണിമുടക്കുസമരം, അച്ചിപ്പുടവസമരം, മൂക്കൂത്തിസമരം, ക്ഷേത്ര പ്രതിഷ്ഠ എന്നിവയെല്ലാം വേലായുധപ്പണിക്കരുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. കഥകളിയോഗരൂപീകരണത്തിലൂടയും അദ്ദേഹം മേലാളമനോഭാവത്തെ വെല്ലുവിളിച്ചു. അദ്ദേഹത്തിൻ്റെ കഥകളിസംഘത്തിൽ കുമ്മമ്പള്ളി രാമൻപിള്ളയാശാൻ നടനായിരുന്നു.


1825 ജനുവരിയിൽ ജനിച്ച പണിക്കർ 49-ാം വയസ്സിലാണ് എതിരാളികളുടെ കൊലക്കത്തിക്കിരയായത് (1874 ജനുവരി 3). ഈ ജനുവരിയിൽ ആ കൊലപാതകത്തിന് 150 വർഷം തികയും. അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങൾ ശരിയായി മനസ്സിലാക്കാനും മുന്നോട്ടു പോകാനും ഈ അവസരം നമുക്ക് ഉപയോഗപ്പെടുത്താം.


സമൂഹത്തിൻ്റെ സമൂല പരിവർത്തനത്തിന് പണിക്കരെപ്പോലെ സ്വജീവിതം സമർപ്പിച്ചവർ വിരളമാണ്. പണിക്കർ തെളിച്ചപാതയിലൂടെയാണ് പിൽക്കാലത്ത് നമ്മുടെ നവോത്ഥാന നായകർ സഞ്ചരിച്ചതെന്നാണ് ചരിത്രത്തിൻ്റെ സൂക്ഷ്മമായ വായനയിലൂടെ നമുക്ക് മനസ്സിലാക്കാനാവുന്നത്.


ഹരികുമാർ ഇളയിടത്ത് 

(പ്രാദേശിക ചരിത്രാന്വേഷകനാണ് ലേഖകൻ. ഫോൺ: 9061108334) 


2024 ജനുവരി 6 ശനിയാഴ്ച മലയാള മനോരമ പ്രസിദ്ധീകരിച്ച ലേഖനം 




















ജനുവരി 6 ശനിയാഴ്ച മലയാള മനോരമ പ്രസിദ്ധീകരിച്ച ലേഖനഭാഗം 




Comments