വൈക്കം സത്യഗ്രഹ സമരവും ഗുരുദേവനും

വൈക്കം സത്യഗ്രഹ ശതാബ്ദിക്കിടയിലെ രണ്ടു പെരുംനുണകൾ

മഹാന്മാരെയും മഹാപ്രതിഭകളെയും ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിക്കുന്നതും പ്രചരിപ്പിക്കപ്പെടുന്നതും സ്വാഭാവികമാണ്. പണ്ടും ഇന്നും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്, സംഭവിക്കാറുണ്ട്. അവയിൽ പലതും വാസ്തവം കലർന്നതായിരിക്കുകയും ചെയ്യും. എന്നാൽ, സത്യസന്ധമായ പശ്ചാത്തലത്തിൽ ഭാവനയുടെ അതിപ്രസരം പുരണ്ട കഥകളുടെ ആഖ്യാനങ്ങളും അത്തരം ആളുകളുടെ പേരിൽ പ്രചരിക്കപ്പെടാറുണ്ട്. വ്യക്തികളുടെ പേരിൽമാത്രമല്ല, ചരിത്ര സംഭവങ്ങളുടെ പേരിലും വാസ്തവമെന്നു തോന്നുംവിധമുള്ള അവാസ്തവങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്. എന്നല്ല, പിൽക്കാലത്ത് അവയെല്ലാം വസ്തുതാപരമായ വിവരണങ്ങളാണെന്ന്, ചരിത്രമാണെന്നെണ്ണി പിൽക്കാല ജനത കൊണ്ടാടുന്നതും സ്വാഭാവികമാണ്. മാത്രമല്ല, പിൽക്കാലത്ത് അവയിൽ പലതും തികഞ്ഞ ചരിത്ര വസ്തുതകളാണെന്ന വിലയിരുത്തലോടെ, അതിന്മേൽ ഉപന്യാസങ്ങൾ എഴുതിയും പ്രസംഗിച്ചും പണ്ഡിതരാകുന്നവർവരെയുണ്ട്. കൃത്യമായ വിശദാംശങ്ങളോ രേഖപ്പെടുത്തലുകളോ ഇല്ലാത്ത ഇത്തരം സംഭവങ്ങളുടെ മേൽ അത്തരം പ്രസംഗകരുടെയും എഴുത്തുകാരുടെയും ഭാവന വികസിച്ച് വിജ്രംഭിതമാകുന്നതു ഫിക്ഷനെഴുത്തുകാരെയും വിസ്മയിപ്പിക്കും. എന്നല്ല, എത്രമേൽ ഇത്തരം കൽപിത കഥകൾ യുക്തിസഹമായി അവതരിപ്പിക്കാൻ കഴിയുന്നുവോ അത്രമേൽ അവർ ചരിത്രകാരന്മാരായി വാഴ്ത്തപ്പെടുകയും ചെയ്യുമെന്നതാണു സമീപകാലാനുഭവം.

ചരിത്രത്തിലുടനീളം പരിശോധിച്ചാൽ ഇത്തരം കല്പിത കഥാഖ്യാനങ്ങൾ അഥവാ 'ഫിക്ഷനൈസ്ഡ് നരേറ്റീവ്സ്' കണ്ടെത്താൻ കഴിയും. പുന്നപ്ര വയലാർ സമര നായകനായി അച്യുതാനന്ദനെ വാഴ്ത്തുന്നതും, ലോകത്തിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായി ഇ.എം.എസിനെ അവതരിപ്പിച്ചിരുന്നതുമൊക്കെ ഇത്തരം വ്യാജാഖ്യാനങ്ങളുടെ ശ്രദ്ധേയങ്ങളായ ഉദാഹരണങ്ങളാണ്.

ചരിത്രത്തിൽ ഇങ്ങനെ എത്രയെത്ര നുണകളാണ് സത്യങ്ങളെന്നവണ്ണം പ്രചരിപ്പിച്ചു സ്ഥാപിച്ചിരിക്കുന്നത്. തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതും അവകാശങ്ങളെല്ലാം നേടിയെടുത്തതും തങ്ങളാണെന്ന് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാലങ്ങളായി അവകാശപ്പെടുകയും അണികളെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ, ദിവസത്തിൽ എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന ആശയം നിയമംമൂലം  നടപ്പിൽ വരുത്തിയത് ഡോ. ബി.ആർ അംബേദ്കറാണ്. അക്കാലത്ത് അദ്ദേഹത്തെ പിന്നിൽ നിന്നു കുത്തിയവരാണ് പിന്നീട് അതിന്മേൽ അവകാശവാദം ഉന്നയിക്കുന്നവർ എന്നതാണ് വാസ്തവം. ഇ.എസ്സ്.ഐ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പ്രസവാവധി സ്ത്രീക്കും പുരുഷനും തുല്യ വേതനം എന്നിവയെല്ലാം നിയമാനുസൃതമാക്കിയതും നടപ്പാക്കിയതും ഡോ. അംബേദ്കറാണെന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്.

ജനങ്ങളുടെ അജ്ഞതയെയും അറിവില്ലായ്മയെയും മുതലെടുത്താണ് ഇത്തരം നുണകൾ സമൂഹത്തിൽ നിരന്തരം നട്ടുപിടിപ്പിച്ചിരുന്നത്. ഇന്നും അതിനൊട്ടും കുറവു സംഭവിച്ചിട്ടില്ല. 'മുലച്ചിപ്പറമ്പിലെ മുലമുറിച്ച നങ്ങേലി'യും, 'ഈഴവരെ കൂട്ടക്കൊലചെയ്ത ദളവാക്കുള'വുമൊക്കെ സമൂഹത്തിൽ ഇന്നും പാകിമുളപ്പിക്കുന്ന അത്തരം ദുരാഖ്യാനങ്ങളുടെ സജീവ സാന്നിധ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. 'വൈക്കത്തെ ഗുരുനിന്ദാ കഥ'യാണ് അതിൽ ഏറ്റവും ഒടുവിലത്തേത്.


ഞാൻ വായിച്ച പുസ്തകങ്ങളിൽ ഇതുവരെ ശ്രീനാരായണഗുരുവിനെ വൈക്കത്തു തടഞ്ഞു എന്നമട്ടിലുള്ള പരാമർശം കണ്ടിട്ടില്ല. എന്റെ അറിവിൽ പെട്ടിട്ടില്ല എന്നതാണു കൂടുതൽ ശരി. തെറ്റിദ്ധാരണകൾ കൊണ്ടു ഗുരുവിനെപ്പറ്റി പലർക്കും പലതും എഴുതാവുന്നതാണ്. പണ്ടൊരാൾ ഗുരു ജനിച്ചത് പേട്ടയിലാണെന്ന് എഴുതിക്കണ്ടു. പേട്ടയിൽ ജനിച്ച നടരാജഗുരുവിനെ ശ്രീനാരായണ ഗുരുവായി തെറ്റിദ്ധരിച്ചതിൽ നിന്നാണ് അങ്ങനെ സംഭവിച്ചത്. അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്.

വൈക്കത്തു ഗുരുവിനെ തടഞ്ഞു എന്നു പറയുന്നവർ ശക്തമായ ഉറവിടം നൽകേണ്ടതുണ്ട്. പുതിയ വിവരങ്ങൾ പറയുമ്പോൾ, അവയൊക്കെ സത്യമാണെന്ന് പറയുന്നവർ ഉറപ്പുവരുത്തണം.

പലർക്കും പല വ്യാഖ്യാനങ്ങൾ ഉണ്ടല്ലോ. ഉള്ള കാര്യങ്ങളെപ്പറ്റിത്തന്നെ പലതരത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ, നടരാജ ഗുരുവിനെപ്പറ്റി ഞാൻ പറയാം. ഗുരുവുമായുള്ള  ഒരു സംഭാഷണത്തിനിടയ്ക്ക് ഒരിക്കൽ, 'എന്തിനാണ് അർജ്ജുനനോട് കൃഷ്ണൻ കൊല്ലാൻ പറഞ്ഞത്?' എന്നു നടരാജനോടു ഗുരു ചോദിക്കുന്നുണ്ടല്ലോ. കുറച്ചുനേരത്തെ മൗനത്തിനു ശേഷം ഗുരു വീണ്ടും പറയുന്നു: അദ്ദേഹം പിന്നീടു പശ്ചാത്തപിച്ചു കാണും'.

'അർജുനൻ പശ്ചാത്തപിച്ചു കാണും' എന്ന നിലയിലാണ് നടരാജഗുരു ഇതിനെ വ്യാഖ്യാനിച്ചത്. എന്നാൽ കൃഷ്ണൻ പശ്ചാത്തപിച്ചു എന്നാണ് ഗുരുവിൻ്റെ സംഭാഷണം വായിച്ച/വായിക്കുന്ന പലരും മനസ്സിലാക്കുന്നത്. ഇവിടെയും അങ്ങനെ കരുതിയാൽമതി. (ഡോ. കെ. സുഗതൻ)


എനിക്കങ്ങനെ തോന്നുന്നില്ല. ആലുമ്മൂട്ടിൽ ചാന്നാരുമായി ഒരിക്കൽ വണ്ടിയിൽപോയി. അവർക്കു കാറുണ്ടായിരുന്നു. അദ്ദേഹം പോയപ്പോൾ പോലിസ് തടഞ്ഞതായാണ് അറിയുന്നത്. കേട്ടറിവാണ്. പറഞ്ഞു പറഞ്ഞറിഞ്ഞതാണ്. അതേപ്പറ്റി പത്രവാർത്തയില്ല. രേഖകളുമില്ല. 

1913 മുതൽ ഗുരുവുമായി ബന്ധപ്പെട്ട ഏതു നിസ്സാര സംഭവവും തേടിപ്പിടിച്ചു പ്രസിദ്ധീകരിക്കുകയെന്ന നിഷ്ഠ മിതവാദിക്കുണ്ടായിരുന്നു. അതിൻ്റെ മുഴുവൻ ലക്കവും എൻ്റെ കൈവശമുണ്ട്. ഇത്തരം ഒരു സംഭവം അതിലെങ്ങും രേഖപ്പെടുത്തിയിട്ടില്ല. രേഖപ്പെടാതിരിക്കാൻ ഇതൊരു നിസ്സാര സംഗതിയല്ലല്ലോ. (ജി. പ്രിയദർശൻ)

അന്ന് തടഞ്ഞെങ്കിൽ, ആലുമ്മൂട്ടിൽ ചാന്നാരെയാണു തടഞ്ഞത്. അദ്ദേഹത്തോടൊപ്പം ഗുരുവുമുണ്ടായിരുന്നതായാണു പറഞ്ഞു കേട്ടിട്ടുള്ളത്. അതേപ്പറ്റി പത്രവാർത്തയൊന്നുമില്ല. ആരും രേഖപ്പെടുത്തിയിട്ടുമില്ല. ഞാൻ നേരിട്ടു കണ്ടതും ബോധ്യപ്പെട്ടതുമല്ലാത്തതൊന്നും എഴുതിയിട്ടില്ല. എഴുതുകയുമില്ല.

മൂലൂർ പലകത്തുകളുമെഴുതിയിട്ടുണ്ടെല്ലോ. പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യമല്ല അവയ്ക്കൊന്നും.അത്തരം രഹസ്യ കത്തുകളിൽ അദ്ദേഹം കുഴപ്പംപിടിച്ച പലതും എഴുതിയിട്ടുണ്ട്. ഉദാഹരണത്തിന് കേരളവർമ്മ വലിയകോയിത്തമ്പുരാനുമായി അദ്ദേഹം വലിയ അടുപ്പത്തിലായിരുന്നല്ലോ. സ്വന്തം വീടിനു കേരളവർമ്മ സൗധം എന്നാണദ്ദേഹം പേരിട്ടതുതന്നെ. അത്രയ്ക്കു കടപ്പെട്ട കോയിത്തമ്പുരാനെ ചില രഹസ്യ കത്തുകളിൽ ഒരുത്തൻ എന്നൊക്കെ മൂലൂർ പരുഷമായി എഴുതിയിട്ടുണ്ട്. (ജി. പ്രിയദർശൻ)







Comments