മഹാത്മാ അയ്യങ്കാളി: ചരിത്രത്തിലില്ലാത്ത ചിലത് - ഭാഗം രണ്ട്

അയ്യങ്കാളിയും വില്ലുവണ്ടിയും:      ചില പ്രാദേശിക സൂചനകൾ


ചക്രത്തിലോടുന്ന വാഹനങ്ങൾ ഉപയോഗിക്കാൻ എല്ലാ വിഭാഗം ജനങ്ങങ്ങൾക്കും അവകാശം നല്കിക്കൊണ്ട് തിരുവിതാംകൂർ സർക്കാർ 1870 ജൂലൈ 9ന് ഒരു ഉത്തരവു പുറപ്പെടുവിച്ചു. എന്നാൽ അത് നടപ്പിലാക്കാൻ യാഥാസ്ഥിതികർ തടസ്സം നിന്നു. ഈ ചെറുത്തു നില്പിനെ വെല്ലുവിളിച്ചു കൊണ്ടാണ് 1893 ൽ അയ്യൻകാളി വില്ലുവണ്ടി യാത്ര നടത്തിയത്. അക്കാലത്തെ പുരോഗമന ചിന്താഗതിക്കാരായ സവർണ്ണർ അയ്യൻകാളിയെ പിൻതുണച്ചു. 1870 ൽ മേൽ സൂചിപ്പിച്ച നിയമം നിർമ്മിച്ച തിരുവിതാംകൂർ സർക്കാരിന്റെ വിശാലമായ കാഴ്ച്ചപ്പാടും ഇതാണ് വ്യക്തമാക്കുന്നത്. തീർച്ചയായും ഈ തീരുമാനം അനുമോദനമർഹിക്കുന്നു.

വില്ലുവണ്ടി


 

സഞ്ചാരസ്വാതന്ത്ര്യത്തിന്റെ സമരമാതൃകകളിൽ ഏറ്റവും ഉജ്ജ്വലമായ സ്ഥാനമുണ്ട് അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയ്ക്ക്. എന്നാൽ, വില്ലുവണ്ടിയെക്കുറിച്ച് കൃത്യമായ ധാരണ മലയാളികൾക്കില്ല എന്നതാണ് ഇതിനകമുള്ള വിവരണങ്ങളും ചിത്രങ്ങളും സൂചിപ്പിക്കുന്നത്. ചിത്രകാരന്മാരും, ശില്പികളും എഴുത്തുകാരും കവികളും രാഷ്ട്രീയ പ്രവർത്തകരും കരുതുന്നതുപോലെ ചരക്ക് കൈമാറ്റത്തിനുള്ള വലിയ കാളവണ്ടിയല്ല വില്ലുവണ്ടി. വില്ലുവണ്ടി ഒരുകാലത്തെ ആഡംബര യാത്രവാഹനങ്ങൾ ഒന്നായിരുന്നു. യൂറോപ്യന്മാരും പ്രഭുക്കന്മാരും യാത്ര ചെയ്യാനുപയോഗിച്ചിരുന്ന അതിന്റെ ഇരിപ്പിടത്തിനു മുകളിൽ മടക്കാനും നിവർക്കാനും കഴിയാവുന്ന bellows ഘടിപ്പിച്ചിരുന്നതുകൊണ്ട് നമ്മുടെ നാട്ടുകാർ അതിനെ 'വില്ലൂസ്' വണ്ടി അല്ലെങ്കിൽ 'വില്ലീസ്' വണ്ടി എന്നുവിളിച്ചു. വില്ലൂസ് വണ്ടികൾ കുതിരയെ ഉപയോഗിച്ചാണ് ഓടിച്ചിരുന്നതെങ്കിലും കേരളത്തിൽ കുതിരകളുടെ ലഭ്യതകുറവുകാരണം കാളകളെപ്പൂട്ടി ഓടിക്കാവുന്ന കേരളമോഡലുകൾ ഉണ്ടായി. വില്ലൂസ് വണ്ടികളെ നമ്മൾ വില്ലുവണ്ടി എന്നു ചുരുക്കിയെങ്കിലും അത് പലരും ധരിച്ചു വെച്ചചിരിക്കുന്നതുപോലെ ചരക്കു വണ്ടിയായിരുന്നില്ല. അഥവാ, തിരുവിതാംകൂർ രാജാവീഥികളിലൂടെ ശ്രീമാൻ അയ്യങ്കാളി ശരവേഗത്തിൽ യുഗസംക്രമണം നടത്തിയത് ഇപ്പോൾ ചിത്രീകരിച്ചു കാണുന്നതരം ചരക്കു വണ്ടിയിലല്ല (ശശി എൻ. പള്ളിപ്പുറം).

യഥാർത്ഥ വില്ലുവണ്ടി
മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രകാരന്മാർ പലരും കരുതുന്നതുപോലെ അയ്യന്‍കാളി വില്ലുവണ്ടി വാങ്ങുകയായിരുന്നില്ല. അദ്ദേഹത്തിനത് അഭ്യുദയകാംഷിയായിരുന്ന ഒരു സുഹൃത്ത് നല്‍കിയതാണ്‌. അയ്യന്‍കാളിക്കൊപ്പം ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന മാന്നാര്‍ വെച്ചൂരേത്ത് കൃഷ്ണപിളളയായിരുന്നു ആ സുഹൃത്ത് (ആവേദകൻ: ശ്രീ. വി. കെ. അഴകൻ, 86). പതിതരോട് അനുകമ്പയുളളയാളും ജാതീയതയോട് നഖശിഖാന്തം എതിരുളളയാളുമായിരുന്നു വെച്ചൂരേത്ത് കൃഷ്ണപിള്ളയെന്ന വെച്ചൂരാന്‍. സഹോദരന്‍ അയ്യപ്പനെ പുലയനയ്യപ്പനെന്നു വിളിച്ചതുപോലെ വെച്ചൂരാനും പരല്പേരില്‍ അഭിസംബോധനചെയ്യപ്പെട്ടിട്ടുണ്ട്. തണ്ടാന്‍ കൃഷ്ണപിളളയെന്നാണ് അദ്ദേഹത്തെ ബന്ധുക്കളടക്കമുളള ജാതിവാദികള്‍ ആക്ഷേപിച്ചത്. തണ്ടാന്‍ സമുദായത്തെ മാന്നാര്‍ പ്രദേശത്ത് സംഘടിപ്പിച്ചുകൊണ്ട്, ഒരുപക്ഷേ, കേരളത്തില്‍ത്തന്നെ ആ സമുദായത്തിനുണ്ടായ ആദ്യത്തെ സംഘടനയുടെ സ്ഥാപകനായതാണ്, യാഥാസ്ഥിതികരായ ബന്ധുജനങ്ങളെ പ്രകോപിപ്പിച്ചത്.







വെച്ചൂരേത്ത് കൃഷ്ണപിള്ള

അയ്യൻകാളി ഈ വില്ലുവണ്ടി സ്വന്തമാക്കിയ സമയത്ത് അദ്ദേഹം, തിരുവിതാംകുറിന്‍റെ ഭരണപരിഷ്കാരങ്ങളിൽപ്പെട്ട, നവാശയമായിരുന്ന, 'ശ്രീമൂലംപ്രജാസഭ'യിൽ അംഗമായിരുന്നു. അന്നത്തെ അധ:സ്ഥിതരുടെ പ്രതിനിധിയായി അയ്യൻകാളി ഉയര്‍ത്തിപ്പിടിച്ച ശിരസ്സോടെ ആ ശ്രീകോവിലേക്കു കടന്നു ചെല്ലുമ്പോള്‍, ഇന്നത്തെ 'വിപ്ലവവായാടികളായ നവലിബറലുകളുടെ' ഭാഷയില്‍ പറഞ്ഞാല്‍, 'മൂരാച്ചികളും യാഥാസ്ഥിതികരുമായ' സവർണ്ണ പ്രതിനിധികൾ ഒന്നടങ്കം കൈയ്യടിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഈഴവരുടെ പ്രതിനിധിയായി മഹാകവി കുമാരനാശാൻ പോലും പിന്നീടാണു ആ നിയമസഭയിലേക്കു കടന്നു ചെന്നതെന്നോര്‍ക്കണം.

 ശ്രീമൂലം സഭയിലേക്ക്

ശ്രീമൂലം പ്രജാസഭയില്‍ ആദ്യം അധ:സ്ഥിത വർഗ്ഗത്തെ പ്രതിനിധീകരിച്ചിരുന്നതു ഒരു സവർണനാണ് (നായരാണ്). സി. പി ഗോവിന്ദപ്പിളള എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്.

1911 ഫെബ്രുവരി 17-ന് ശ്രീമൂലം പ്രജാസഭയുടെ അഞ്ചാമത്തെ സമ്മേളനത്തിൽ അധ:സ്ഥിത പ്രതിനിധിയായി പങ്കെടുത്ത ഗോവിന്ദപിളളയുടെ ശ്രദ്ധേയമായ ഒരു പ്രസംഗമാണ് അയ്യന്‍കാളിയെ ശ്രീമൂലം പ്രജാസഭയിലെത്തിച്ചത്. ഇന്നും ഒരു ചരിത്ര രേഖയാണ് ഗോവിന്ദപ്പിളളയുടെ അന്നത്തെ പ്രസംഗം. പുലയരുടെ ആവലാതിയും പ്രശ്നങ്ങളും സഭയില്‍ അവതിരിപ്പിക്കാൻ അവരുടെ ഇടയിൽ നിന്നു തന്നെ ഒരാൾ വരുന്നതല്ലേ ഉചിതമെന്ന അദ്ദേഹത്തിന്‍റെ ചോദ്യം സഭയില്‍ പ്രതിധ്വനിച്ചു. അവര്‍ക്കിടയില്‍, അങ്ങനെ കാര്യപ്രാപ്തിയുളള ആരുണ്ട് എന്നു ദിവാൻ സഭയോട് ആരാഞ്ഞു. 'മിസ്റ്റര്‍ അയ്യൻകാളി' എന്നായിരുന്നു ഗോവിന്ദപ്പിളളയുടെ സുചിന്തിതമായ ഉത്തരം. ഒരുപക്ഷേ, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ആദ്യമായി ഒരു പുലയനെ 'മിസ്റ്റർ' ചേർത്തു വിളിക്കുന്നത് ഒരു നായരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.


ഗോവിന്ദപ്പിളള അയ്യൻകാളിയുടെ പേരു പറഞ്ഞപ്പോൾത്തന്നെ, സഭയിലുണ്ടായിരുന്നവരെല്ലാം കൈയ്യടിച്ച് അതിനെ സ്വാഗതം ചെയ്തു. അന്നു തന്നെ അയ്യൻകാളിയെ ശ്രീമൂലം പ്രജാസഭ മെമ്പറായി നോമിനേറ്റു ചെയ്തു. അതിനുശേഷം, ദിവാന്‍റെ അനുമതിയോടെയാണ് അയ്യന്‍കാളി വില്ലുവണ്ടി സ്വന്തമാക്കിയത്.


കൃത്യമായ രേഖകളുടെ അഭാവത്തിൽ ഏതാനും ആവേദകരുടെ വായ്മൊഴിയിൽ നിന്നാണ് ഈ അറിവ് വെച്ചൂരേത്ത് കൃഷ്ണപിള്ളയെക്കുറിച്ചുള്ള ഒരു ലഘു പുസ്തകത്തിൽ, ഗ്രന്ഥകാരനായ ഡോ. കെ. ബാലകൃഷ്ണപിള്ള പങ്കുവെക്കുന്നുണ്ട്. പ്രധാന ആവേദകർ അദ്ദേഹത്തിന്റെ മാതാവായ ദേവകിയമ്മയും പിതാവായ നന്തിയാട്ടു കൃഷ്ണക്കുറുപ്പുമാണ്. വെച്ചൂരേത്തു വി. എസ്. കൃഷ്ണപിള്ളയുടെ അനന്തിരവൾ (ഭാഗിനേയി) ബാലകൃഷ്ണപിള്ളയുടെ അമ്മകൂടിയായ വെച്ചൂരേത്ത് ദേവകിയമ്മ. 

        വി.കെ അഴകൻ  

ലഘുലേഖയിൽ ഇങ്ങനെ വായിക്കാം: 'കൃഷ്ണപിള്ളയെപ്പോലെതന്നെ സാമൂഹ്യ സാമുദായിക രംഗത്തെ ഒരു പ്രധാന പ്രവർത്തകനായിരുന്നു അയ്യങ്കാളി. തന്റെ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി അഹോരാത്രം കഷ്ടപ്പെട്ട പ്രവർത്തകനായിരുന്നു അയ്യങ്കാളി. ഒരിക്കൽ അയ്യങ്കാളി കൃഷ്ണപിള്ളയോട് തന്റെ മനസു തുറന്നു: 'ഇത്രയൊക്കെ പ്രവർത്തിച്ചിട്ടും ആരും എന്നെ അത്ര ശ്രദ്ധിക്കുന്നില്ല'. 'അതിനെന്താ', കൃഷ്ണപിള്ളയുടെ ഉപദേശം: 'നീ എന്റെ വില്ലുവണ്ടിയെടുത്തു ഒരു യാത്ര പോകണം. അപ്പോൾ എല്ലാവരും ശ്രദ്ധിക്കും'. അങ്ങനെയാണ് സത്യത്തിൽ അയ്യങ്കാളി വില്ലുവണ്ടിയിൽ യാത്ര ചെയ്തത് (വെച്ചൂരേത്ത് കൃഷ്ണപിള്ള, ഡോ. ബാലകൃഷ്ണപിള്ള, പേജ് 25).

     ടിഎച്ച്പി ചെന്താരശ്ശേരി

കുന്നുകുഴി എസ്. മണിയും പി. എസ്. അനിരുദ്ധനും ചേർന്ന് തയ്യാറാക്കിയ മഹാത്മാ അയ്യങ്കാളി എന്ന ഗ്രന്ഥത്തിൽ 'വില്ലുവണ്ടിയിലൂടെ മഹാവിപ്ലവം' എന്ന ശീർഷകത്തിൽ പരാമർശിച്ചിട്ടുള്ളത് ഇങ്ങനെയാണ്: 'പൊതുവഴികളിലൂടെ അവർണർക്കും മറ്റുള്ളവരോടൊപ്പം സഞ്ചരിക്കാനുള്ള സാമൂഹ്യവിലക്കുകളെ പരസ്യസമായി ലംഘിക്കാനായിരുന്നു അയ്യങ്കാളിയുടെയും സംഘത്തിൻ്റെയും ലക്ഷ്യം. അതിനുവേണ്ടി അയ്യങ്കാളി ചിത്രപ്പണികൾ നടത്തിയ ഒരു വില്ലുവണ്ടി തമിഴ്നാട്ടിൽ നിന്നുംവിലയ്ക്കു വാങ്ങി. ഇത്തരം വില്ലുവണ്ടികൾ ആ കാലത്ത് ബ്രാഹ്മണരും നായന്മാരും മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. കാളവണ്ടികളുടെ തന്നെ പരിഷ്ക്കരിച്ച പതിപ്പായിരുന്നു വില്ലുവണ്ടികൾ'.


'അവർണജാതികൾക്കു വഴിനടക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുവാൻ അയ്യങ്കാളി അന്നത്തെ സാമൂഹ്യ അനീതികളെ പരസ്യമായി ധിക്കരിച്ചുകൊണ്ടു പൊതുനിരത്തിലൂടെ ഓടിച്ച ചിത്രപ്പണികളുള്ള വില്ലുവണ്ടിക്ക് ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നതായി ആ കാലത്ത് അതുകണ്ട അയ്യൻകാളിയുടെ അളിയൻ ചുടുകണ്ടംവിള വെളുത്ത മാനേജരുടെ മകൻ ബാലകൃഷ്ണൻ പറഞ്ഞു. വില്ലുവണ്ടി വരുമ്പോൾ ഒരു കിലോമീറ്റർ ദൂരത്തുനിന്നേ അതിന്റെ മണിയൊച്ചകൾ കേൾക്കാമായിരുന്നു' (പേജ് 37-39)


വെച്ചൂരേത്ത് കൃഷ്ണപിള്ളയുടെ മകൻ ഡോക്ടറായി തിരുനെൽവേലിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം അവിടെ സ്ഥിരതാമസക്കാരനായി മാറി. നാട്ടിൽ നിന്നുള്ള തിക്താനുഭവങ്ങളിൽ മനംനൊന്ത് നിരാശയോടെ തിരുനെൽവേലിയിലെത്തിയ വെച്ചൂരാൻ മകനോടൊപ്പമായിരുന്നു പിൽക്കാല ജീവിതം നയിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്. അക്കാലത്ത് വില്ലുവണ്ടിയും അദ്ദേഹം ഒപ്പം കൊണ്ടുപോയിരുന്നു (ശ്രീ. വി. കെ. അഴകൻ). അയ്യങ്കാളിക്ക് തമിഴ്നാട്ടിൽ നിന്നുമാണ് വില്ലുവണ്ടി ലഭിച്ചതെന്ന കാര്യത്തിൽ അദ്ദേഹത്തിൻ്റെ ആദ്യ ജീവചരിത്രകാരനായ ടിഎച്ച്പി ചെന്താരശ്ശേരിക്കും സംശയമേതുമില്ല.


 





 


 


Comments