അയ്യങ്കാളി: ചരിത്രത്തിലില്ലാത്ത ചിലത് -ഭാഗം ഒന്ന്

അയ്യങ്കാളിയും വില്ലുവണ്ടിയും: ചിലപ്രാദേശിക സൂചനകൾ


കേരളംകണ്ടതിൽ വെച്ച് ഏറ്റവുംവലിയ വിപ്ലവകാരി-മഹാവിപ്ലവകാരി-യായിരുന്നു, മഹാത്മാഅയ്യങ്കാളി. ഒപ്പം, അതുല്യനായ ഒരു പ്രക്ഷോഭകൻ കൂടിയായിരുന്നു അദ്ദേഹം. മഹാത്മാ അയ്യന്‍കാളിയെക്കുറിച്ച് സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി മുന്‍ പത്രാധിപരും എഴുത്തുകാരനുമായ ഏ. പി. ഉദയഭാനു എഴുതി: 'ഏറ്റവും വലിയ സമുദായ പരിഷ്കർത്താവായി ഞാൻ അദ്ദേഹത്തെ പൂജിക്കുന്നു. പരിഷ്കർത്താക്കളുടെ ഏറ്റവും മുന്നണിയിൽ ഞാനദ്ദേഹത്തെ വയ്ക്കുന്നു. എന്തെന്നാൽ ഏറ്റവും പിന്നണിയിൽനിന്നാണ് അദ്ദേഹം വന്നത്. മറ്റാരേക്കാളും കൂടുതൽ സ്ഥൈര്യവും ധൈര്യവും അദ്ദേഹത്തിന് ആവശ്യമായിരുന്നു'.പ്രമുഖ ചരിത്ര പണ്ഡിതനായ ഇളംകുളം കുഞ്ഞന്‍പിളള പില്‍ക്കാലത്ത് ആ മഹാ വ്യക്തിത്വത്തെ ഇങ്ങനെ വിലയിരുത്തി:







'കേരളം പല വിപ്ലവകാരികളെയും കണ്ടിട്ടുണ്ട്. രാഷ്ട്രീയമോ സാമൂഹികമോ ആയ രംഗത്ത് അവർ ശ്രദ്ധിക്കപ്പെടേണ്ടതായ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. അവർ യഥാർത്ഥത്തിൽ വിപ്ലവകാരികൾ ആയിരുന്നോ എന്ന് തീർച്ചപ്പെടുത്താൻ ഇന്നത്തെ അളവുകോൽ ഉപയോഗിക്കാനാകില്ല. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ പ്രത്യേകതകൾ മനസ്സിലാക്കിയാൽ മാത്രമേ അവരുടെ പ്രവർത്തനങ്ങളെ സത്യസന്ധമായി വിലയിരുത്തുവാൻ സാധിക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ അന്നുവരെ കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു അയ്യങ്കാളി എന്നു പറയുവാൻ മടിക്കേണ്ട കാര്യമില്ല'.


എന്നാൽ അംബേദ്കറെപ്പോലെ, അയ്യങ്കാളിയും, ഒരു സംഘാടകനായി സമൂഹത്തിൽ അസ്ഥിവാരം ഉറപ്പിച്ചിരുന്നില്ലയെന്നതും യാഥാർത്ഥ്യമാണ്. ശ്രീരാമകൃഷ്ണ പരമഹംസന് സ്വാമിവിവേകാനന്ദൻ എന്നതുപോലെയോ, നാരായണഗുരുവിനു ടി കെ മാധവൻ, കുമാരനാശാൻ എന്നിവരെപ്പോലെയോ പരിണിതപ്രജ്ഞരായ അനുയായികൾ അംബേദ്‌കർക്കും അയ്യങ്കാളിക്കും നിർഭാഗ്യവശാൽ ഉണ്ടായില്ല. ഗുരുവിന്റെ പ്രസ്ഥാനത്തെ കേരളത്തിന്റെ ഹൃദയ ഭൂമികയിൽ പ്രതിഷ്ഠിക്കുന്നതിൽ ഈ ശിഷ്യന്മാരുടെ പങ്കുനിസ്തുലമാണ്. ചരിത്രത്തിൽ അയ്യങ്കാളിയുടെ സ്ഥാനം നിർണയിക്കുന്നതിൽ കാലംഅമാന്തിച്ചു പോയതിൽ ഇതും പ്രധാന കാരണമായിരുന്നു.




ജീവിതരേഖ

തിരുവനന്തപുരത്തിന് പതിമൂന്നു കിലോമീറ്റർ തെക്കായി വിഴിഞ്ഞം കടലോര പ്രദേശത്തിനടുത്ത് വെങ്ങാനൂരിലാണ് അയ്യങ്കാളി ഭൂജാതനായത്. 1863 ആഗസ്റ്റ് 28 (1039 ചിങ്ങം 14) അവിട്ടം നക്ഷത്രത്തിലാണ് അദ്ദേഹം ജനിക്കുന്നത്. നെൽകൃഷിക്കു പേരുകേട്ട നാഞ്ചിനാടിന്റെ ഭാഗമായിരുന്നു അക്കാലത്ത് വെങ്ങാനൂർ. പെരുങ്കാറ്റുവിളയിൽ പ്ലാവറയിൽ എന്നാണ് അദ്ദേഹത്തിന്റെ കുടുംബപ്പേര്. കാളി എന്നാണ് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകിയ പേര്. അന്ന് ആ പേരിൽ മറ്റു പലരും ആ ഗ്രാമത്തിൽ ഉണ്ടായിരുന്നു. എന്നല്ല, അവരിൽ പലരും കാളിയുടെ അതേ പ്രായക്കാരുമായിരുന്നു. അതിനാൽ വേഗത്തിൽ തിരിച്ചറിയുന്നതിനുവേണ്ടി പിതാവിന്റെ പേരുകൂടി ചേർത്ത് അയ്യൻകാളി എന്ന പേരിലാണ് അദ്ദേഹം വിളിക്കപ്പെട്ടത്. മാലയായിരുന്നു കാളിയുടെ അമ്മ. 

അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം വിവാഹിതനായി (1883). നെയ്യാറ്റിൻകര കോട്ടുകാൽ മഞ്ചാംകുഴി വീട്ടിൽ ചെല്ലമ്മയായിരുന്നു വധു. വിവാഹശേഷം കുടുംബത്തോടുചേർന്ന് മറ്റൊരു വീടുപണിത് അദ്ദേഹം മാറിത്താമസിച്ചു. പ്ലാവറ എന്നായിരുന്നു ആ വീട്ടുപേര്.











അയ്യങ്കാളി-ചെല്ലമ്മ ദമ്പതികൾക്ക് അഞ്ചു മക്കളായിരുന്നു. നാലു പുത്രന്മാരും ഒരു പുത്രിയും. തങ്കമ്മ എന്നായിരുന്നു മകളുടെപേര്. തിരുവിതാംകൂർനിയമസഭ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന ടി.ടി കേശവൻ ശാസ്ത്രയായിരുന്നു അവരെ വിവാഹം ചെയ്തത്.

അക്കാലത്ത് പുലയ / പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ / പറയ സമുദായത്തെ കണ്ടിരുന്നത്. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. കേരളത്തിലെ അയിത്ത-അടിമത്ത-പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യങ്കാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്. 


സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് അദ്ദേഹം ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപീകരിച്ചു.


അയ്യൻകാളിയുടെ പ്രവർത്തനക്ഷത്രം പ്രധാനമായും തിരുവിതാംകൂർ ആയിരുന്നു. വിശേഷിച്ചും മധ്യ-ദക്ഷിണ തിരുവിതാംകൂർ. നേതൃപാടവത്തെയും ഉദ്ദേശ്യ ലക്ഷ്യങ്ങളെയും പുരസ്ക്കരിച്ച്, 1911 ഡിസംബർ നാലാം തീയതി ശ്രീമൂലം പ്രജാസഭയിലേക്ക് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 വർഷം അദ്ദേഹം എം എൽ സി ആയി തുടർന്നു. 74-ാം വയസ്സിൽ പൊതുരംഗത്ത് നിന്നും അദ്ദേഹം വിരമിച്ചു. പെരിയകാറ്റു വിളയുന്ന 'പെരുംകാറ്റുവിള' വീട്ടിൽ ജനിച്ച്, കേരളത്തിൽ എമ്പാടുമുള്ള അടിമ ജീവിതങ്ങൾക്കായി മാറ്റത്തിൻ്റെ കൊടുങ്കാറ്റ് വിതച്ച്, 78-ാം വയസ്സിലായിരുന്നു സംഭവബഹുലമായ അദ്ദേഹത്തിൻ്റെ ജീവിതാന്ത്യം.1941 ജൂൺ മാസം പതിനെട്ടാം തീയതി (1116 മിഥുനം 4) യാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. 

(തുടരും)



Comments

Popular Posts