ആറാട്ടുപുഴ വേലായുധപ്പണിക്കര്‍



ചരിത്രത്തിലെ സമാനതകളില്ലാത്ത അദ്ധ്യായം 

•• 

വീരനായി, വിജയശ്രീലാളിതനായി ശിരസ്സുയര്‍ത്തി നില്‍ക്കുമ്പോള്‍, അപ്രതീക്ഷിതമായി പിന്നില്‍നിന്നുള്ള കുത്തേറ്റുവീഴാന്‍ വിധിയുണ്ടാവുക.! ചരിത്രത്തില്‍ അത്തരം ഒരു ദുര്‍വ്വിധിയുമായി പടിഞ്ഞാറുകാര്‍ക്ക് ഒരു ജൂലിയസ് സീസറുണ്ടായിരുന്നു. ശത്രുപക്ഷത്തിനൊപ്പംനിന്ന് നായകനെ അപ്രതീക്ഷിതമായി ആക്രമിക്കുന്ന ഒരു ഉറ്റബന്ധുവിന്‍റെ കൊടുംചതിയുടെ കഥകൂടിയാണത്. ഏതാണ്ടതിനു സമാനമായ മഹാദുര്‍വ്വിധിക്കിരയായ ഒരു വീരസിംഹം കേരളീയര്‍ക്കുമുണ്ടായിരുന്നു. അതാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. കായംകുളം കായലില്‍ എതിരാളികളുടെ കൊലക്കത്തിക്കിരയായ, ചരിത്രം വിസ്മരിച്ച ആ വീരകേസരിയുടെ ചോരകിനിയുന്ന ഓര്‍മ്മകള്‍ക്ക് 2023 ജനുവരി 3-ന് 149 വര്‍ഷം തികയുകയാണ്.




പത്തൊമ്പതാം നൂറ്റാണ്ടിലെ സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരേ നിരവധിയായ പോരാട്ടങ്ങള്‍ അക്കാലത്തും, അതിനുമുമ്പും, തീര്‍ച്ചയായും കേരള പരിസരത്ത് നടന്നിട്ടുണ്ടാവും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും വ്യക്തിപരമായ ധിക്കാരമായോ, അതിക്രമമായോ, മുഷ്കായോ, അഹങ്കാരമായോ, തന്‍റേടമായോ, വ്യവസ്ഥിതിക്കു നേരേയുള്ള കടന്നു കയറ്റമായോ മാത്രമായിരിക്കും അന്നത്തെ സമൂഹം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ടാവുക. അപ്രകാരം, പലവിധ കാരണങ്ങള്‍കൊണ്ട് ചരിത്രം അടയാളപ്പെടുത്താതെ പോയ ചെറുതും വലുതുമായ പോരാട്ടങ്ങളും അവയ്ക്കു നേതൃത്വം നല്‍കിയ ഒട്ടനവധി പോരാളികളും പലകാലങ്ങളിലൊഴുക്കിയ  കണ്ണീരിന്‍റെയും വിയര്‍പ്പിന്‍റെയും ചോരയുടെയും ആകെത്തുകയാണ് കേരളത്തിന്‍റെ സാമൂഹിക മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടത്. അങ്ങനെയുള്ള ഒറ്റയാള്‍പ്പോരാട്ടങ്ങളെ സാമൂഹികമായ കെട്ടുറപ്പിനും പരിവര്‍ത്തനത്തിനും ഉതകുംവിധം വഴിതിരിച്ചതാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരെ ചരിത്രത്തില്‍ വ്യതിരിക്ത വ്യക്തിത്വമാക്കിത്തീര്‍ക്കുന്നത്.

ആരാണ് പണിക്കര്‍?

മധ്യതിരുവിതാംകൂറിലെ ഈഴവരിലെ ഒരു വിഭാഗമാണ് പണിക്കര്‍ എന്നപേരിലറിയപ്പെടുന്നത്. ചേര്‍ത്തല, കായംകുളം, പന്തളം, ഇടപ്പോണ്‍ തുടങ്ങി മധ്യതിരുവിതാംകൂറിന്‍റെ വിവിധ ഭാഗങ്ങളില്‍ അവര്‍ വ്യാപിച്ചിരുന്നു. നായര്‍, ഗണക, വിശ്വകര്‍മ്മ, നായാടി, ക്രൈസ്തവ തുടങ്ങിയ പല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പണിക്കര്‍ എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നു. വ്യക്തികള്‍ക്കു നല്‍കുന്ന ബഹുമാന സൂചകമായിരുന്നു ഈ സ്ഥാനപ്പേര്. 'കളരിപ്പയറ്റഭ്യസിപ്പിക്കുന്ന ആശാന്‍' എന്നര്‍ത്ഥമാണ് ശബ്ദതാരാവലി പണിക്കര്‍ക്കു നല്‍കുന്ന അര്‍ത്ഥം (ശബ്ദതാരാവലി, ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള, പേജ് 1158, എന്‍.ബി.എസ്സ്, 2019). 'പണിക്കുന്നവന്‍' എന്നര്‍ത്ഥം. പണിക്കുക എന്നാല്‍ കല്പിക്കുക, പറയുക, ആയുധവിദ്യ അഭ്യസിപ്പിക്കുക എന്നാണ് ശബ്ദതാരാവലി വിശദീകരിക്കുന്നത് (അതേപേജ്). ആയോധന കളരിയുമായി ബന്ധപ്പെട്ടാണ് പണിക്കര്‍ എന്ന പദവി ഈഴവര്‍ക്ക് കൈവന്നത് എന്നാണിതു കാണിക്കുന്നത്. എങ്കിലും, മതപ്രചാരകനായ റവ. സാമുവല്‍മെറ്റീര്‍ 'ഞാന്‍ കണ്ട കേരളം' എന്നകൃതിയില്‍ രേഖപ്പെടുത്തിയതനുസരിച്ച്, കായംകുളത്തിനു വടക്കോട്ട് ഈഴവരിലെ 'പണിക്കര്‍'ക്ക് സാമൂഹികമായി ചില ഔന്നത്യങ്ങളും മേന്മകളുണ്ടായിരുന്നു. ഈഴവ വിഭാഗത്തിലെ പൗരോഹിത്യമുള്ള കൂട്ടരായിരുന്നു അവര്‍. അദ്ദേഹം എഴുതുന്നു: 'ഈ ജാതിക്കാരിലെ ഒരു പുരോഹിതനെയാണ് അങ്ങനെ വിളിക്കുന്നത്' (ഞാന്‍കണ്ട കേരളം, സാമുവല്‍ മെറ്റീര്‍, വിവ. എം. എന്‍ സത്യാര്‍ത്ഥി, പേജ് 129, കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് , 2013).





പ്രമുഖ നരവംശശാസ്ത്ര പഠിതാക്കളും സര്‍വ്വകലാശാല അദ്ധ്യാപകരുമായ ഫിലിപ്പോ ഒസാമ (സസ്സെക്സ് യൂണിവേഴ്സിറ്റി മുന്‍ വകുപ്പ് മേധാവി), കരോലിന്‍ ഒസ്സാമ (ലണ്ടന്‍ യൂണിവേഴ്സിറ്റി) ദമ്പതികള്‍ ചേര്‍ന്നെഴുതിയ 'കേരളത്തിലെ സാമൂഹിക ചലനാത്മകത: ആധുനികതയും സ്വത്വവും സംഘര്‍ഷത്തില്‍' (2000) എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, സമൂഹത്തിലെ പുരോഗമനപരവും ചലനാത്മകവുമായ വശങ്ങളെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 'ഫ്ലെക്സിബിള്‍' (ബഹുമുഖമായ, രചനാത്മകമായ, ഇണങ്ങുന്ന) സമൂഹമായിരുന്നു അവര്‍. അതുകൊണ്ടുതന്നെ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ കൊടിയ ജാതിക്കുശുമ്പുകള്‍ക്കിടയിലും കൃഷിയിലും വ്യവസായത്തിലും മേല്‍ക്കൈ നേടാന്‍ അവര്‍ക്കായി. ഈഴവരുടെ അലസതയില്ലാത്ത അദ്ധ്വാനശീലത്തെക്കുറിച്ചും സാമൂഹ്യമായും ധനപരമായും ഉയരാനുള്ള താല്പര്യത്തെക്കുറിച്ചും സൂചിപ്പിക്കുന്ന മെറ്റീര്‍ ഇങ്ങനെ കുറിക്കുന്നു: 'ഈഴവര്‍ക്ക് സ്വന്തമായി കൃഷിയിടങ്ങളുണ്ട്. അധ്വാനശീലരായ ഇവര്‍ മറ്റുള്ളവരുടെ സ്ഥലം കടമെടുത്ത് കൃഷി ചെയ്യാറുണ്ട്' (ധര്‍മ്മഭൂമി, നാഷണല്‍ ബുക്കസ്റ്റാള്‍, കോട്ടയം, പേജ് 38). കൂടാതെ വൈദ്യം, ആയോധനം എന്നിവയിലും അവര്‍ മികവു കാട്ടിയിരുന്നു. കേരളത്തിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ഈഴവരുടെ നില മധ്യതിരുവിതാംകൂറില്‍ അത്രമേല്‍ പരിതാപകരവുമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കഥാപുരുഷന്‍ കൊല്ലവര്‍ഷം 1000 -ാം മാണ്ട് ധനു 27-ാം തീയതി (1825 ജനുവരി 7) പുണര്‍തം നക്ഷത്രത്തില്‍ ജനിക്കുന്നത്.


മാതാപിതാക്കള്‍










ഓടനാടെന്നും ഇരവിപട്ടണമെന്നും കായംകുളമെന്നും അറിയപ്പെട്ടിരുന്ന നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനം കണ്ടിയൂരില്‍നിന്നും പതിനാലാം നൂറ്റാണ്ടിനോടടുപ്പിച്ച് എരുവയിലേക്ക് മാറ്റിയിരുന്നു. കായംകുളം രാജാവിന്‍റെ എരുവയിലെ ഈ കൊട്ടാരത്തിനു വിളിപ്പാടകലെയായിരുന്നു കുറ്റിത്തറയില്‍ എന്ന ഈഴവ ഭവനം. മാത്രമല്ല, രാജാവിന്‍റെ ഉപാസനാമൂര്‍ത്തിയുടെ ക്ഷേത്രവും വിളിപ്പാടകലെത്തന്നെയുണ്ടായിരുന്നു. വിഖ്യാതമായ കായംകുളം കമ്പോളത്തിലേക്ക് കുറ്റിത്തറയില്‍നിന്ന് ദൂരം അധികവുമില്ലായിരുന്നു. 


സ്വന്തം കടവുകളും ചരക്കുവള്ളങ്ങളും മറ്റു യാനങ്ങളും സുരക്ഷിതമായി കയറ്റിയിടാനുള്ള എഴികളും (വള്ളങ്ങള്‍ ഒതുക്കിയിട്ട് സംരക്ഷിക്കുന്ന സ്ഥലം) അവര്‍ക്കുണ്ടായിരുന്നു. തിരുവല്ല, മാന്നാര്‍ ഭാഗത്തുനിന്നും കായംകുളം കമ്പോളത്തിലേക്കുള്ള പ്രധാന ജലപാതയായ കരിപ്പുഴ തോട്ടില്‍ കുറവന്‍റെ കടവിനോടു ചേര്‍ന്ന് ഒരു എഴിയും അതിനനുബന്ധമായ പറമ്പും ഇന്നും കുറ്റിത്തറക്കാരുടെ അധീനതയിലും കൈവശത്തിലുമാണ്. ആയോധന കളരിയിലും കയര്‍-കുരുമുളക് വ്യവസായത്തിലും അവര്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്നു. കായംകുളം രാജാവിന്‍റെ ഉപാസനാമൂര്‍ത്തിയായിരുന്ന എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കുറ്റിത്തറയില്‍ കുടുംബക്കാര്‍ക്ക് ചില അനുഷ്ഠാനപരമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എരുവ ക്ഷേത്രത്തിലെ വിഷുവുത്സവത്തിന് കിഴിപ്പണം വെയ്ക്കുന്നതും ഉത്സവത്തിന് കൊടിക്കയര്‍ നല്‍കുന്നതും കുറ്റിത്തറയില്‍ നിന്നായിരുന്നു. എരുവ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളുടെയും വിശേഷ ദിവസങ്ങളിലെ പൂജാദികളുടെയും പ്രസാദം കുറ്റിത്തറയില്‍ എത്തിക്കുന്ന പതിവ് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദങ്ങളില്പോലുമുണ്ടായിരുന്നു. അത്രമേല്‍ സാമൂഹികമായ പ്രാധാന്യമുള്ള ഒരു ഈഴവ കുടുംബത്തിലെ ഗോവിന്ദപ്പണിക്കര്‍ എന്ന ചേകവരായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പിതാവ്.

മധ്യതിരുവിതാംകൂറിലെ ഈഴവര്‍

വളരെപ്പണ്ടേ കേരളം ഒരു ബഹുസ്വര സമുദായയമായിരുന്നുവെന്നു അനുമാനിക്കാനുതകുന്ന തെളിവുകള്‍ ഇന്ന് സുലഭമാണ്. ഈ സാമുദായിക ബഹുസ്വരതയിലെ ഒരു ബലിഷ്ഠ കണ്ണിയായിരുന്നു ഈഴവ സമുദായം. കേരളത്തില്‍ പലേടത്തും പല പേരുകളില്‍ ഇവര്‍ അറിയപ്പെടുന്നു. ഈഴവര്‍, തിയര്‍, ബില്ലവര്‍ (വില്ലവര്‍) എന്നിങ്ങനെ അറിയപ്പെട്ടിരുന്നവര്‍ ഒരേ സമുദായമാണ്. വില്ലവര്‍ (ബില്ലവര്‍) എന്നാണ് അവര്‍ സംഘകാല കൃതികളില്‍ അടയാളപ്പെടുന്നത്. ഈഴവര്‍, തീയന്‍ എന്നീ പേരുകള്‍ക്കാണ് ഇപ്പോള്‍ പ്രചാരം കൂടുതല്‍.


പഴയകാലത്ത് വില്ലവന്‍, ചേകോൻ-ഈ പദങ്ങൾക്കായിരുന്നു പ്രചാരം. തുളുനാട്ടിൽ ഇപ്പോഴും വില്ലവൻ എന്നു തന്നെ പറഞ്ഞു വരുന്നു. എപ്പോഴും വില്ലുകൊണ്ടു നടക്കുക വില്ലവരുടെ സ്വഭാവമായിരുന്നു. 'വില്ലവരുടെ കൊടി അടയാളവും വില്ലു തന്നെ. ചേരന്മാർ ഈ വർഗ്ഗത്തിൽപ്പെട്ടിരുന്നു എന്നാണ് തോന്നുന്നത്. ക്ഷത്രിയരിലും നായന്മാരിലും വില്ലവന്‍ ധാരാളം ലയിച്ചിട്ടുണ്ട്' (എന്‍. ആര്‍ കൃഷ്ണന്‍, ഈഴവര്‍ അന്നും ഇന്നും, പേജ് 40, മൈത്രി, 2022)


മധ്യതിരുവിതാംകൂറില്‍ ഈഴവരെ ബഹുമാനത്തോടെ 'അച്ഛന്‍' എന്ന് വളിക്കുക പതിവായിരുന്നു. പിതാവ് എന്ന അര്‍ത്ഥം മാത്രമല്ല ആ പദത്തിനുള്ളതെന്ന് നിഘണ്ടുക്കള്‍ തെളിവുതരുന്നു. ഭരണാധികാരി എന്നര്‍ത്ഥവും ആ പദത്തിനുണ്ട്. ആനിലയ്ക്ക് സമുദായത്തിന്‍റെ നായകസ്ഥാനം പേറിയിരുന്ന പ്രണാണിയായിരുന്നു എന്ന സൂചന ആ വാക്കിനുണ്ട്. പ്രതാപിയായ ആറാട്ടുപുഴ വലിയകടവില്‍ പെരുമാളച്ഛന് സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രധാനിയായിരുന്നു. തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കുക, നീതിനിര്‍വ്വഹണം നടത്തുക, പൗരോഹിത്യം വഹിക്കുക തുടങ്ങിയവയ്ക്കായി ആളുകള്‍ അദ്ദേഹത്തെ സമീപിക്കുമായിരുന്നു. കൂടാതെ ധനികനും വ്യവസായിയുമായിരുന്നു അദ്ദേഹം. വൈദേശിക വ്യാപാരത്തിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. അതിനുവേണ്ട ഉരുക്കളും (ചരക്കുവള്ളങ്ങള്‍) അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്നു. അങ്ങനെ സ്വജനങ്ങള്‍ക്കിടയില്‍ പെരിയ ആള്‍ - പെരും ആള്‍ - പെരുമാള്‍ ആകാന്‍ പ്രവൃത്തികൊണ്ടും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മാവേലിക്കര കുന്നം നടുവിലെ വീട്ടില്‍ കുഞ്ഞിക്കയെയാണ് പെരുമാളച്ഛന്‍ വധുവാക്കിയത്. ഈ ദമ്പതികളുടെ മൂത്തമകള്‍ തേയിയെ (തേവി / ദേവി) ആയുരുന്നു എരുവ കുറ്റിത്തറയില്‍ ഗോവിന്ദപ്പണിക്കര്‍ ഭാര്യയായി സ്വീകരിച്ചത്. അവരുടെ ദാമ്പത്യവല്ലരിയില്‍ ഒരു ആണ്‍പൂവ് പിറന്നു.


അക്കാലത്തെ നാട്ടുനടപ്പനുസരിച്ച്

പെരുമാളച്ഛന്‍റെ ഭവനമായ ആറാട്ടുപുഴ മണിവേലില്‍ വീട്ടിലാണ് കൊച്ചു വേലായുധന്‍ ജനിക്കുന്നത്. പ്രസവിച്ച് അധികനാള്‍ കഴിയുന്നതിനുമുമ്പേ തേവിയമ്മ മരിച്ചതിനാല്‍ അപ്പൂപ്പനും അമ്മൂമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ വളര്‍ത്തിയത്‌. 


ബ്രാഹ്മണരാജാക്കന്മാര്‍ ഭരണം നടത്തിയിരുന്ന ഇടപ്പള്ളി രാജ്യത്തിന്‍റെ ഭാഗമായിരുന്നു അക്കാലത്ത് തൃക്കുന്നപ്പുഴയും ആറാട്ടുപുഴയും മറ്റും. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുടുംബ പൂജാരി (family priest) എന്ന നിലയിലായിരുന്നു അവര്‍ അറിയപ്പെട്ടത് (റവ. സാമുവല്‍ മെറ്റീര്‍, ധര്‍മ്മഭൂമി, പേജ് 19, NBS, 2017). അതേ ഇടപ്പള്ളി കൊട്ടാരത്തിലെ കാരണവരായിരുന്ന മഹാദേവന്‍ നമ്പൂതിരിയായിരുന്നു ആറാട്ടുപുഴയിലെ പ്രതാപിയായിരുന്ന വലിയകടവില്‍ പെരുമാളച്ഛന്‍റെ ചെറുമകന് 'വേലായുധന്‍' എന്നപേരു നല്‍കിയതെന്ന് കായംകുളത്തെ കീരിക്കാട്ടുള്ള 'അറക്കല്‍ ദേവീക്ഷേത്രം-കുടുംബ ചരിത്രത്തില്‍' രേഖപ്പെടുത്തിക്കാണുന്നു (അറയ്ക്കല്‍ മാനുവല്‍, വാസുദേവന്‍ നാണു ചാന്നാര്‍). കുട്ടിയുടെ ജനനം പുണര്‍തം നക്ഷത്രത്തിലായിരുന്നു. പുണര്‍തം, അരിപ്പാടിന്‍റെ അധിദേവതയും ദേവസേനാപതിയുമായിരുന്ന വേലായുധസ്വാമിയുടെ ജന്മനക്ഷത്രമായതിനാലും പെരുമാളച്ഛന്‍റെ ഇഷ്ടദേവന്‍ സുബ്രഹ്മണ്യനാകയാലും കുട്ടിയുടെ 'വേലായുധന്‍' എന്നപേര് സാര്‍ത്ഥകവും ഔചിത്യപൂര്‍ണ്ണമായിരുന്നു എന്നാണ് പില്ക്കാല ജീവിതത്തില്‍ നിന്നും മനസ്സിലാക്കാനാവുന്നത്.

ബാല്യം

ബാല്യത്തില്‍തന്നെ തമിഴും മലയാളവും വേലായുധനെ നല്ലതുപോലെ വീട്ടുകാര്‍ അഭ്യസിപ്പിച്ചു. പതിനാറാം വയസ്സില്‍ മംഗലം കല്ലിശ്ശേരി ഭവനത്തിലേക്ക് വേലായുധന്‍ താമസം മാറ്റി. അവിടെ കളരിയും അഭ്യാസമുറകളും മെയ് വഴക്കവും അഭ്യസിച്ചു. വൈദ്യത്തിലും ജ്യോതിഷത്തിലും പരിശീലനം നേടുന്നതും ഇക്കാലത്താണ്. പിന്നീട് മരണം വരെ അദ്ദേഹത്തിന്‍റെ താമസം കല്ലിശ്ശേരിയിലായിരുന്നു. 'കല്ലിശ്ശേരിലച്ഛന്‍' എന്ന പേരും അതോടൊപ്പം അദ്ദേഹത്തിനു കിട്ടി. 'കാര്യം കല്ലിശ്ശേരിലച്ഛനോടും പറയാം' എന്നൊരു ശൈലിയും ഒപ്പം ഓണാട്ടുകര ഭാഷയില്‍ പ്രയോഗത്തിലായി. കാര്‍ക്കശ്യക്കാരനാണെങ്കിലും വേലായുധപ്പണിക്കരോട് സത്യം തുറന്നു പറഞ്ഞാല്‍ സംരക്ഷണം ലഭിക്കുമെന്നായിരുന്നു ഇതിന്‍റെ താല്പര്യം. അദ്ദേഹത്തിന്‍റെ കാര്‍ക്കശ്യത്തെ വെളിവാക്കുന്ന മറ്റൊരുചൊല്ലും ആറാട്ടുപുഴക്കാരുടെ മനസ്സിലുണ്ട്. 'വേലായുധപ്പണിക്കരുടെ കഞ്ഞികുടിച്ചാല്‍ അകത്തുദീനം, കുടിച്ചില്ലെങ്കില്‍ പുറത്തുദീനം' എന്നാണ് ആ ചൊല്ല്. തൊഴിലാളികള്‍ തന്‍റെ വീട്ടില്‍ എത്തിയാല്‍ വയറുനിറയെ ആഹാരം കഴിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. മതിയെന്നു പറഞ്ഞാലേ അദ്ദേഹത്തിനു തൃപ്തിയാവൂ. അതിനാല്‍ വരുന്നവര്‍ 'മൂക്കുമുട്ടെ തിന്നണം'. അതാണ് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം. അതനുസരിച്ച് വയറുനിറയെ ആഹാരം കഴിക്കാത്തവര്‍ക്ക് നല്ല തല്ലു കിട്ടുമായിരുന്നു എന്നാണ് ഈ ചൊല്ലിനര്‍ത്ഥം. ഇതറിയാവുന്ന ആളുകള്‍ കല്ലിശ്ശേരിയിലെ പുരമേച്ചില്‍ വരാന്‍ കാത്തിരിക്കും. അന്ന് അവര്‍ക്ക് മൃഷ്ടാന്നം കെങ്കേമമായി ലഭിക്കും. പതിവില്‍ക്കവിഞ്ഞ വിഭവങ്ങളും കാണും. ഒന്നിനും ഒട്ടും കുറവുണ്ടായിരിക്കില്ല.( സോമരാജന്‍, 68, മംഗലം, ആറാട്ടുപുഴ)

വിവാഹം

ഏതായാലും, അന്നത്തെ പതിവനുസരിച്ച് ഇരുപതാം വയസ്സില്‍ അദ്ദേഹം വിവാഹിതനായി. ആയുധ പരിശീലനക്കളരിയും സേനാനായകരും ആത്മീയ ഗുരുക്കന്മാരും ജ്ഞാനികളും ഉപാസകരുമുണ്ടായിരുന്ന ഓണാട്ടുകരയിലെ പ്രസിദ്ധ ഈഴവതറവാടായ വാരണപ്പള്ളിയിലെ വെളുമ്പിയെന്ന യുവതിയായിരുന്നു അദ്ദേഹത്തിന്‍റെ സൗഭാഗ്യവതിയായ വധു. കുഞ്ഞച്ചപ്പണിക്കർ, കുഞ്ഞുപിള്ള പണിക്കർ, കേശവ പണിക്കർ, കുഞ്ഞുപണിക്കർ,കുഞ്ഞുപണിക്കർ, വെളുത്തകുഞ്ഞ് പണിക്കർ, കുഞ്ഞു കൃഷ്ണപ്പണിക്കർ എന്നിങ്ങനെ ഏഴു പുത്രന്മാരും ആ ദമ്പതികള്‍ക്കു പിറന്നു. അവരില്‍ പലരും കവികളും കലാകാരന്മാരും ആയിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് പെണ്‍മക്കള്‍ ഇല്ലായിരുന്നു. അദ്ദേഹത്തിന്‍റെ ചരിത്രമെഴുതിയ വിഖ്യാതനായ എഴുത്തുകാരനും മാതൃഭൂമി പത്രാധിപരുമായിരുന്ന ഏ. പി ഉദയഭാനുവും, ആദ്യകാല ജീവചരിത്രകാരനായ ആറാട്ടുപുഴ സ്വദേശി പി. ഓ കുഞ്ഞുപണിക്കനും, ഡോ. ആറാട്ടുപുഴ സുകുമാരനും നമ്മുടെ സാഹിത്യകാരന്മാര്‍ എന്ന പരമ്പരയിലെ പന്ത്രണ്ടാം വോളിയത്തില്‍ ഗ്രന്ഥകാരനായ പള്ളിപ്പാടു കുഞ്ഞുകൃഷ്ണനും അദ്ദേഹത്തിന്‍റെ മക്കളുടെ പേരുവിവരങ്ങള്‍ കൃത്രമായി രേഖപ്പെടുത്തിയിട്ടുണ്ട്.

സാങ്കല്പികകഥാപാത്രമോ.?

പലപ്രകാരത്തിലും കശ്മലക്കൂട്ടങ്ങളെ അമര്‍ച്ചചെയ്ത പണിക്കര്‍, നാട്ടുകാരായ ആവേദകരുടെ മനസ്സിലും നാവിലും മേഘങ്ങള്‍ക്കിടയിലൂടെ കുതിരപ്പുറത്ത് പറന്നുവന്ന് എതിരാളികളെ നേരിടുന്ന വീരനാണ്. തൃക്കുന്നപ്പുഴ- ആറാട്ടുപുഴ വഴിയുള്ള കായല്‍ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന കീരിക്കാട്ടെ കടല്‍ക്കൊള്ളക്കാരെ ധീരോദാത്തമായി അമര്‍ച്ചചെയ്ത നായകനാണ്. അത്തരം കഥകള്‍ ആവേദകരില്‍നിന്നും ധാരാളം കേട്ടതു കൊണ്ടാവണം 'Social Mobility in Kerala' (2000) എന്ന നേരത്തേ സൂചിപ്പിച്ച പുസ്തകത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഒരു സാങ്കല്പിക കഥാപാത്രമാണോയെന്ന് ലേഖകരായ ഒസ്സാമ ദമ്പതികള്‍ സന്ദേഹിക്കുന്നത്. 

സാഹിത്യ ചരിത്രത്തില്‍

എന്നാല്‍ മഹാകവി ഉള്ളൂര്‍ കേരളസാഹിത്യ ചരിത്രത്തില്‍ വേലായുധപ്പണിക്കരെക്കുറിച്ച് രണ്ടിടത്ത് പരാമര്‍ശിക്കുന്നുണ്ട്. അഞ്ചാം വോളിയത്തില്‍, വാരണപ്പള്ളി കുഞ്ഞുകൃഷ്ണപ്പണിക്കര്‍, വാരണപ്പള്ളി ഗോവിന്ദപ്പണിക്കര്‍ എന്നീ കവികളെ പരിചയപ്പെടുത്തുമ്പോള്‍ മഹാകവി ഇങ്ങനെ കുറിക്കുന്നു: 'കുഞ്ഞുകൃഷ്ണപ്പണിക്കര്‍ 1035-ാംമാണ്ട് ആറാട്ടുപുഴ കല്ലിശ്ശേരില്‍ വീട്ടില്‍ വേലായുധപ്പണിക്കരുടെ പുത്രനായി ജനിച്ചു. 1077-ാംമാണ്ട് കന്നി മാസത്തില്‍ മരിച്ചു' (പുറം 9). പുതുപ്പളളി  പി. കെ പണിക്കര്‍ എന്ന കവിയെ പരിചയപ്പെടുത്തുമ്പോള്‍, പുതുപ്പള്ളി വാരണപ്പള്ളി കുടുംബത്തിലെ ഒരംഗവും ആട്ടപ്പാട്ടുകാരുടെ ഇടയില്‍ വിശ്രുതനുമായിരുന്ന പുത്തേഴത്തു കിഴക്കതില്‍ കുഞ്ഞുകുഞ്ഞു പണിക്കരായിരുന്നു അച്ഛന്‍. അദ്ദേഹം ആറാട്ടുപുഴ കല്ലിശ്ശേരില്‍ വേലായുധപ്പണിക്കരുടെ മകനാണ്' എന്ന് മഹാകവി എഴുതുന്നു' (കേ. സാ. ച. വോളിയം 5, പുറം 12, കേ. യൂണിവേഴ്സിറ്റി). 


വേലായുധപ്പണിക്കരുടെ ഒരു ചെറുമകനായ വാരണപ്പള്ളി പി. കെ പണിക്കര്‍ 1095 മേടം 17-ന് കല്‍ക്കട്ടയിലെ ബ്രഹ്മസമാജത്തില്‍ ചേര്‍ന്നു ബ്രഹ്മവിദ്യാഭൂഷണ്‍ ബിരുദം നേടി. സംഘത്തിലെ മിഷണറിയായ ഹേമചന്ദ്രസര്‍ക്കാരിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹം തന്‍റെ മകന് ഹേമചന്ദ്രന്‍ എന്ന പേരും നല്‍കി. ഹേമചന്ദ്രന്‍ വക്കീല്‍ പില്ക്കാലത്ത് കേരളത്തിന്‍റെ ധനകാര്യമന്ത്രിയായിത്തീര്‍ന്നു.

പാഠപുസ്തകത്തില്‍

ആർ കുളത്തുഅയ്യർ അഞ്ചാം ക്ലാസ്സിലെ വിദ്ധ്യാർത്ഥികൾക്കായി എഴുതിയ 'തിരുവിതാംകൂർ ചരിത്രം' എന്നു പേരുളള പാഠപുസ്തകത്തിൽ (1931 വിവി പ്രസ്സ്, ചാല) ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് പറയുന്നുണ്ട്. വേലായുധപ്പണിക്കരെ ഒരു തെമ്മാടിയായാണ് അയ്യർ വിശേഷിപ്പിക്കുന്നത്. ഹ്രസ്വമായ തൻ്റെ ജീവിതകാലത്ത്, നിലവിലെ പല സാമൂഹിക വ്യവസ്ഥകളെയും ആചാര വഴക്കങ്ങളെയും പരസ്യമായി വെല്ലുവിളിക്കുകയും ബലം പ്രയോഗിക്കേണ്ടിടത്ത് അതു പ്രയോഗിക്കാൻ മടിയോ അമാന്തമോ കാട്ടാതിരിക്കുകയും ചെയ്യുന്നവർ അക്കാലത്ത് ധിക്കാരികളാവുക സ്വാഭാവികമാണെല്ലോ.? ആ പശ്ചാത്തലം മനസ്സിൽ വെച്ചാവണം അയ്യരുടെ വിലയിരുത്തൽ.

പൊതുരംഗത്ത്

1852 ഫെബ്രുവരി 18 -ന് (1027 കുംഭം) തിരുവോണദിവസം മംഗലം ഇടയ്ക്കാട്ട് ശിവക്ഷേത്രം സ്ഥാപിച്ച് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുന്നതോടെയാണ് ഗൃഹസ്ഥനും വ്യവസായിയും ധനികനുമെന്നതിനപ്പുറം  വേലായുധപ്പണിക്കര്‍ സാമൂഹികമായ പരിവര്‍ത്തനത്തിന്‍റെ കേന്ദ്രബിന്ദുവാകുന്നത്. പില്ക്കാലത്ത് ശ്രീനാരായണഗുരുവിന്‍റേതായി തെറ്റുദ്ധരിക്കപ്പെട്ട് പണ്ഡിതന്മാര്‍പോലും ഉദ്ധരിക്കുന്ന 'ഈഴവശിവന്‍റെ' പ്രയോക്താവും ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയിരുന്നു. മംഗലം ഇടയ്ക്കാട്ട് ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയെക്കുറിച്ചുള്ള 'ജാതിഹിന്ദു'ക്കളുടെ വ്യാവഹാരികമായ 'കുന്നായ്മകള്‍'ക്കെതിരെയുള്ള കൗശലപൂര്‍വ്വമായ മറുപടിയായിരുന്നു അത്. അദ്ദേഹത്തിന്‍റെ പ്രസ്തുത മറുപടി ലക്ഷ്യവേധിയുമായിരുന്നു. ആംഗലവും അറേബ്യനുമായ കച്ചവട താല്പര്യങ്ങള്‍ക്കും കിടമത്സരങ്ങള്‍ക്കും ഇടയില്‍ മതഭേദം വന്നും പ്രാണഭേദം വന്നും ഛിഹ്നഭിന്നമായിപ്പോകുമായിരുന്ന മുക്കുവരും ഈഴവരുമടങ്ങുന്ന തീരദേശത്തെ പിന്നാക്ക ജനതയെ ഏകീകരിക്കുന്നതിലും കെട്ടുറപ്പോടെ നിലനിര്‍ത്തുന്നതിലും ആ ക്ഷേത്രം നിര്‍വ്വഹിച്ച ചരിത്രപരമായ പങ്ക് പഠനാര്‍ഹമാണ്. ഏതോകലത്ത് കടലെടുത്തോ ചരിത്രപരമായ കാരണങ്ങള്‍ കാെണ്ടോ അസ്തമിച്ചുപോയ ഒരു മഹാക്ഷേത്രത്തിന്‍റെയും അവിടുത്തെ ഉപാസനാമൂര്‍ത്തിയുടെ ആറാട്ടുത്സവത്തിന്‍റെയും ഓര്‍മ്മപ്പെരുക്കങ്ങളുള്ള 'ആറാട്ടുപുഴ'യുടെ പൈതൃകത്തെ പുന:സ്ഥാപിക്കാന്‍ തീരദേശത്ത് അത്തരം ഒരു പ്രതിഷ്ഠ അനിവാര്യമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെയും പില്ക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെയും പിന്തുണയോടെ കന്യാകുമാരിയില്‍ നിന്ന് വടക്കോട്ടും, എറണാകുളം കേന്ദ്രമാക്കി തെക്കോട്ടുമുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോവാതെ ആറാട്ടുപുഴ - തൃക്കുന്നപ്പുഴ തീരപ്രദേദേശങ്ങളിലെ പരവരെയും ഈഴവരെയും തണ്ടാന്മാരെയും ഒപ്പംചേര്‍ത്തു നിര്‍ത്തി മത - കൊളോണിയല്‍ അധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ മംഗലം ശിവക്ഷേത്രം വഹിച്ചപങ്ക് നിസ്തുലമാണ്. 1800-കള്‍ മുതലുള്ള കാനേഷുമാരി പരിശോധിച്ചാല്‍ ഇത് നിസ്സംശയം മനസ്സിലാക്കാം. ദക്ഷിണ കേരളത്തിലെ കന്യാകുമാരി, കോവളം, വിഴിഞ്ഞം, കൊല്ലം വലിയഴീക്കല്‍ തുടങ്ങി ചേര്‍ത്തലയ്ക്കു വടക്കുഭാഗം വരെയുള്ള  തീരപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആറാട്ടുപുഴയുള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഇന്നത്തെ ജനസംഖ്യപോലും ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതാകും. തീരപ്രദേശത്ത് തനിക്കുള്ള മേല്‍ക്കൈ നിലനിര്‍ത്താനും കള്ളിക്കാട്ടെയും കനകക്കുന്നിലെയും ജോനകരായ കച്ചവടക്കാരെ അക്കാര്യത്തില്‍ മറികടക്കാനും വേലായുധപ്പണിക്കര്‍ക്ക് ഇതിലൂടെ കഴിഞ്ഞു. മാത്രമല്ല, പില്ക്കാലത്ത് വേലായുധപ്പണിക്കര്‍ നടത്തിയ പലവിധപോരാട്ടങ്ങളിലും, തുറന്ന സമരമുഖങ്ങളിലും ഈ ജനതയുടെ അകമഴിഞ്ഞ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുമുണ്ട്. പത്തിയൂരിലെ പണിമുടക്കു സമരം (1866) വിജയിപ്പിക്കുന്നതില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ആറാട്ടുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും ചൊടിയും ചുണയുമുള്ള പാര്‍ശ്വവല്‍കൃതരായ മുഴുവന്‍പേരുടെയും പിന്തുണയും പങ്കാളിത്തവും ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.


കണ്ടിയൂര്‍ വിശ്വനാഥ ഗുരുക്കള്‍

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പേരുമായി ചേര്‍ത്തുവായിക്കപ്പെടേണ്ട ഒരു നാമധേയമാണ് കണ്ടിയൂര്‍മറ്റം വിശ്വനാഥഗുരുക്കളുടേത്. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ക്ഷേത്രാരാധനയും നടത്തിപ്പും ഇവിടെ സമുദായങ്ങള്‍ കൂട്ടായ്മയിലോ ഏകമായോ നിര്‍വ്വഹിച്ചിരുന്നതിനു തെളിവുകളുണ്ട്. ഓരോ ജാതികള്‍ക്കും അവരുടേതായ ആരാധനാ സ്ഥലങ്ങളും മൂര്‍ത്തികളും ദേവതമാരും ഉണ്ടായിരുന്നു. അവരെ പൂജിക്കാന്‍ അതത് സമുദായത്തില്‍ നിന്നും പൗരോഹിത്യ ചുമതലയുള്ള ഉപാസകരുമുണ്ടായിരുന്നു. മധ്യതിരുവിതാംകൂറിന്‍റെ സാമൂഹിക ചരിത്രത്തില്‍ പൂജയ്ക്കും പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്കും സ്വസമുദായത്തിലെ പൗരോഹിത്യമുള്ള ആളുകളെ ആശ്രയിക്കുന്ന പതിവാണുണ്ടായിരുന്നത്. എഴുത്തുകളരിയും ആയോധനക്കളരിയും നടത്തിയിരുന്ന ഈഴവവിഭാഗത്തിലെ പണിക്കന്മാര്‍ (എഡ്ഗര്‍ തേഴ്സ്റ്റണ്‍) ആ സമുദായത്തിലെ പൗരോഹിത്യമുള്ള കൂട്ടരായിരുന്നു (സാമുവല്‍ മെറ്റീര്‍). ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ശിവപ്രതിഷ്ഠാപകനാകുന്നതിന്‍റെ ചരിത്ര പശ്ചാത്തലം ഇതാണ്. 


സ്വസമുദായത്തിലെ പുരോഹിതരെക്കൂടാതെ ആളുകള്‍ ആശ്രയിച്ചിരുന്നത് വീരശൈവരെയായിരുന്നു. വേലായുധപ്പണിക്കര്‍ ശിവപ്രതിഷ്ഠ നടത്തിയ മംഗലം ജ്ഞാനേശ്വരം ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും ശാന്തിക്കാരനുമായി കണ്ടിയൂര്‍മറ്റം വിശ്വനാഥഗുരുക്കളുടെ സേവനം അദ്ദേഹത്തിനു ലഭിച്ചു. അക്കാലത്ത് ഓണാട്ടുകരയില്‍ അറിയപ്പെടുന്ന  പണ്ഡിതനും ഉപാസകനുമായിരുന്നു മറ്റം വിശ്വനാഥ ഗുരുക്കള്‍. വീരശൈവ വിഭാഗത്തില്‍പ്പെട്ട, യഥാര്‍ത്ഥ ശൈവ പാരമ്പര്യത്തിനുടമയായിരുന്ന, അദ്ദേഹത്തിന്‍റെ സമുദായത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു പ്രസിദ്ധ പരബ്രഹ്മക്ഷേത്രമായ ഓച്ചിറയിലെ പൗരോഹിത്യം വഹിച്ചിരുന്നത്. ഇതും വിശ്വനാഥ ഗുരുക്കളെ ജ്ഞാനേശ്വരം  ക്ഷേത്രത്തിന്‍റെ ആചാര പരിപാലനങ്ങളേല്‍പ്പിക്കുവാന്‍ കാരണമായിരുന്നു.


തുടര്‍ന്ന്, നൂറ്റാണ്ടുകളോളം വിശ്വനാഥ ഗുരുക്കളുടെ അനന്തര തലമുയില്‍പ്പെട്ട ആളുകളായിരുന്നു ജ്ഞാനേശ്വരം ക്ഷേത്രത്തിലെ പൂജകളും ശാന്തിയും മറ്റും തുടര്‍ന്നു പോന്നിരുന്നത്. കഷ്ടിച്ച് ഇരുപതുവര്‍ഷം മുമ്പാണ് (2000-മാണ്ടിനു ശേഷം) ആ പാരമ്പര്യത്തിന്‍റെ കണ്ണി അറ്റുപോയത്. വിശ്വനാഥഗുരുക്കളുടെ ബന്ധു പരമ്പരയില്‍പ്പെട്ട സുന്ദരേശന്‍ പിള്ളയെന്ന ആളായിരുന്നു 2000-ാമാണ്ടിനു ശേഷവും ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ നിര്‍വ്വഹിച്ചു പോന്നത്. അസ്ഥിയില്‍ കാന്‍സര്‍ (ബോണ്‍ കാന്‍സര്‍) ബാധിതനായ അദ്ദേഹത്തിന്‍റെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞു. അതിനുശേഷം ശിവഗിരിയില്‍ നിന്നുള്ള ബാലചന്ദ്രന്‍ ശാന്തിയായിരുന്നു ജ്ഞാനേശ്വരം ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആയത്. നാലഞ്ചു വര്‍ഷംമുമ്പ് യുവജന സമാജവുമായുള്ള അഭിപ്രായ വ്യത്യാസം കാരണം അദ്ദേഹം ക്ഷേത്രത്തിലെ ശാന്തിവിട്ടു പുറത്തു പോയി. പിന്നീട് നല്ലാണിക്കലുള്ള ഒരു ഗുരുമന്ദിരത്തിലെ ശാന്തിയായി അദ്ദേഹം. കേവലം നാലുവര്‍ഷം മുമ്പൂ മാത്രമാണ് (2018) ബ്രാഹ്മണ പുരോഹിതതന്ത്രിയുടെ പേര് ജ്ഞാനേശ്വരം ക്ഷേത്ര നോട്ടീസില്‍ ഉള്‍പ്പെടുന്നത്.

പണിക്കരുടെ പോരാട്ടങ്ങള്‍

നിരന്തരമായ പോരാട്ടമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ ഐതിഹാസികമാക്കിയത്. അഥവാ, അനീതികള്‍ക്കെതിരെയുള്ള കരുത്തുറ്റ ചെറുത്തുനില്പിന്‍റെ മറുപേരായിരുന്നു വേലായുധപ്പണിക്കര്‍ എന്നത്. കായംകുളത്തെ മുഷ്കരന്മാരുമായി കമ്പോളത്തില്‍ ഏറ്റുമുട്ടിയ ഏത്താപ്പ് സമരം (1858), പന്തളത്തെ കരുത്തരെ മുട്ടുകുത്തിച്ച മൂക്കുത്തി സമരം (1860), പത്തിയൂരിലെ അച്ചിപ്പുടവ സമരമെന്ന  ചരിത്രത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി പണിമുടക്ക് സമരം (1866) തുടങ്ങിയവ സംഭവബഹുലമാണ്. തനിക്കുപേരിട്ട അതേ ഇടപ്പള്ളി കൊട്ടാരത്തിലെ ഇളമുറക്കാരനായ കൊച്ചുതമ്പുരാന്‍ രാമന്‍മേനോന്‍, 'ഹോയ്' വിളികേട്ടിട്ടും തനിക്ക് സൗകര്യം തന്ന് വഴിമാറിനടക്കാത്തതിന്‍റെ പേരില്‍ പണിക്കരോട് ഇടഞ്ഞതും, പണിക്കര്‍ മേനോന്‍റെ കരണം പുകച്ചതും അതിന്‍റെ പേരില്‍ ജയില്‍വാസം അനുഭവിച്ചതും ചരിത്രമാണ് (1867). പണിക്കരുടെ ജയില്‍വാസം തങ്ങളെപ്പോലുള്ളവര്‍ക്കു വഴിനടക്കാന്‍ വേണ്ടിക്കൂടി ആയിരുന്നു എന്നാണ് ആറാട്ടുപുഴയിലെ ഇന്നത്തെ വാമൊഴി ആവേദകരുടെ പക്ഷം. അക്കാലത്ത് ജയില്‍ മോചിതനായ പണിക്കരെ  സ്വീകരിച്ചാനയിക്കാന്‍ വലിയതോതില്‍  തങ്ങളുടെ പൂര്‍വ്വികര്‍ തടിച്ചുകൂടിയത് അതിനാലാണെന്നാണ് അവര്‍ കരുതുന്നത്.

സാളഗ്രാമം വീണ്ടെടുക്കുന്നു

ശഠനോട് ശാഠ്യമെന്നതായിരുന്നു പണിക്കരുടെ പ്രഖ്യാപിതനയം. അന്നത്തെ പ്രധാന സഞ്ചാരമാര്‍ഗ്ഗം കായല്‍ വഴിയുള്ളതായിരുന്നു. പടിഞ്ഞാറെ തീരത്തെ കായംകുളം കായലിലൂടെയുള്ള സഞ്ചാരം അപകടം നിറഞ്ഞതായിരുന്നു. ക്രൂരതക്കു പേരുകേട്ട കടല്‍ക്കൊള്ളക്കാരുടെ വിഹാര കേന്ദ്രമായിരുന്നു അവിടം. അവരുടെ ആക്രമണത്തെ അതിജീവിക്കാന്‍ അസാമാന്യ ആത്മബലവും കൈക്കരുത്തും വേണ്ടിയിരുന്നു. രാജാവിനോ പടയാളികള്‍ക്കോ അവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്തിന്‍റെ സര്‍വ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് അവര്‍ വിഹരിച്ചത്. അതുകൊണ്ടാണ്, മാവേലിക്കര കൊട്ടാരത്തില്‍ നിന്നും തിരുവിതാംകൂറിലേക്ക് രണ്ടു രാജകുമാരിമാരെ ദത്തെടുത്തപ്പോള്‍, കുട്ടമ്പേരൂരാറുവഴി തൃക്കുന്നപ്പുഴയിലെത്തി ആറാട്ടുപുഴയും  കള്ളിക്കാടും കനകക്കുന്നും കടന്ന് കായലില്‍ പ്രവേശിക്കുന്നതിനിടയില്‍ പതിയിരിക്കുന്ന കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചേക്കുമെന്നു ഭയന്നാണ് പാര്‍വ്വതീപുത്തനാറിന്‍റെ ഭാഗമായി കരിപ്പുഴവഴിയുള്ള നാട്ടുനീറ്റാഴുക്കുതോടിന്‍റെ വീതികൂട്ടി കായംകുളത്തേക്ക് ജലപാത സജ്ജമാക്കിയത് (1815-1825). ആ തോടാണ് പിന്നീട് കരിപ്പുഴതോടെന്ന് അറിയപ്പെട്ടത്. 

കടല്‍ക്കൊള്ളക്കാരുടെ ശത്രു

എന്നാല്‍, കീരിക്കാട്ടെ കടല്‍ക്കൊള്ളക്കാര്‍ക്ക് 'ഒത്ത തണ്ടി'തന്നെയായിരുന്നു പണിക്കരും കൂട്ടരും. വേലായുധപ്പണിക്കരുടെ ചരക്കുകപ്പലുകളെ ആക്രമിക്കുന്ന കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ തക്ക കരുത്ത് അദ്ദേഹം ഇതിനകം സ്വന്തമാക്കിയിരുന്നു. അതിനാല്‍ വലിയ നികുതിദായകനായിട്ടും അദ്ദേഹം സംരക്ഷണത്തിനായി രാജാവിനെ സമീപിച്ചില്ല. 1850 കാലമായപ്പോഴേക്കും കടല്‍ക്കൊള്ളക്കാരുടെ നേതൃനിരയില്‍ കൊച്ചുണ്ണിയുമെത്തി. അയാളും കൂട്ടരും ചേര്‍ന്ന് പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപത്തിനു പോവുകയായിരുന്ന തരണനല്ലൂര്‍ നമ്പൂതിരിമാരില്‍ നിന്നും 'സാളഗ്രാമം' കൈക്കലാക്കി. 


അതിനു പിന്നില്‍ കൊച്ചുണ്ണിയുടെ നേതൃത്വത്തിലുള്ള മുസ്ലിങ്ങളായ കടല്‍ക്കൊള്ളക്കാര്‍ക്ക് സാമ്പത്തിക ലാഭത്തേക്കാള്‍ മറ്റു ചില താല്പര്യങ്ങളുണ്ടായിരുന്നതായി കരുതുന്നവരുണ്ട്. 'മുറജപം' എന്ന മതചടങ്ങിനെ അലങ്കോലമാക്കാനുള്ള ലക്ഷ്യം അതിലുണ്ടെന്നും അവര്‍ വാദിക്കുന്നു. സ്വര്‍ണ്ണത്തിനോ രത്നത്തിനോ ലഭിക്കുന്ന വാണിജ്യമൂല്യം തീരെയില്ലാത്ത ഒരു കഷണം കല്ലാണ് സാളഗ്രാമം. അതിന്‍റെ ആകെ മൂല്യം ഭക്തര്‍ അതിലര്‍പ്പിക്കുന്ന വൈശിഷ്ട്യമാണ്. ഭക്തര്‍ക്കു മാത്രമാണ് അത് അമൂല്യമാകുന്നത്. കൊള്ളക്കാര്‍ക്ക് അത് വെറും പാറക്കഷണമോ ഉരുളന്‍ കല്ലോ മാത്രമാണ്. വിശേഷപ്പെട്ട ഒരു മത ചടങ്ങ് മുടങ്ങുന്നതിലൂടെ രാജഭരണത്തെ താഴ്ത്തിക്കെട്ടുകയും ജനതയില്‍ അരക്ഷിതബോധം സൃഷ്ടിക്കകയും ചെയ്യാനാണ് കൊള്ളക്കാര്‍ ആഗ്രഹിച്ചതെന്നു വ്യക്തം. അവിടെയാണ് പണിക്കര്‍ രക്ഷകനായി അവതരിക്കുന്നത്. 

ആയില്യം തിരുനാള്‍ നല്‍കിയ ബഹുമതിപ്പട്ടം

കായലില്‍വെച്ച് കവര്‍ന്ന സാളഗ്രാമം വീണ്ടെടുക്കാന്‍ മഹാരാജാവിന് പണിക്കരെ ആശ്രയിക്കേണ്ടിവന്നു. രാമന്‍മേനോന്‍ വിഷയത്തില്‍ പണിക്കരെ ശിക്ഷിച്ച അതേ രാജാവുതന്നെ പണിക്കരോട് സഹായംതേടിയെന്നത് ചരിത്രത്തിലെ കൗതുകങ്ങളില്‍ ഒന്നായി. വിധിയുടെ വൈപരീത്യം എന്നാണ് അതിനെ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്. ശത്രുക്കളെ അവരുടെ പാളയത്തില്‍ കയറി നേരിടാനുള്ള ആ അവസരം പണിക്കര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. അവിശ്വസനീയ വേഗത്തില്‍ പണിക്കര്‍ കൊള്ളക്കാരെ തകര്‍ത്ത് വിജയം നേടിയെടുക്കുകയും ചെയ്തു. അങ്ങനെ, സാളഗ്രാമം കായംകുളത്തെ കടല്‍ക്കൊള്ളക്കാരില്‍നിന്നും വേലായുധപ്പണിക്കര്‍ സാഹസികമായിത്തന്നെ വീണ്ടെടുത്തു (1869). അതോടെ അദ്ദേഹം ആയില്യം തിരുന്നാള്‍ (1860-1880) മഹാരാജാവിന്‍റെ പ്രീതിക്കു പാത്രമാവുകയും അദ്ദേഹത്തില്‍ നിന്നും 'കുഞ്ഞന്‍' എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു. നേരത്തേതന്നെ പണിക്കരോട് ശത്രുതയുണ്ടായിരുന്ന മുസ്ലിം മതത്തില്‍പ്പെട്ട കവര്‍ച്ചക്കാര്‍ക്ക് ഒരു ഇരുട്ടടികൂടിയായിരുന്നു പണിക്കരുടെ ഈ വിജയം. അതോടെ അവരുടെ പകയുടെ ആഴംകൂടി. രണ്ടുവട്ടം തന്നോടിടഞ്ഞ കായംകുളം കൊച്ചുണ്ണിയെ 'ഒളിസേവ'യ്ക്കിടയില്‍ പുല്ലുകുളങ്ങരയില്‍ നിന്നും പിടികൂടി തടങ്കലിലാക്കിയതിനു പിന്നില്‍ പണിക്കരുടെ ബുദ്ധിയും കായികമായ പിന്തുണയുമുണ്ടായിരുന്നു. ഇതും അവര്‍ക്ക് പണിക്കരോടുള്ള ശത്രുതയുടെ ആക്കം കൂട്ടി. 

നാടന്‍പാട്ടുകളില്‍ 

ആറാട്ടുപുഴയുടെ പരിസരപ്രദേശങ്ങളിലും കുട്ടനാട്ടിലുമുള്ള മുതിര്‍ന്ന തൊഴിലാളികള്‍ ഞാറ്റുപാട്ടായും, തേക്കുപാട്ടായും കളപറിക്കല്‍പാട്ടായും കൊയ്ത്തുപാട്ടായും മെതിപ്പാട്ടായും തങ്ങളുടെ വീരനായകനായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ചുള്ള പാട്ടുകള്‍ പാടിയിരുന്നതായി ഡോ. ആറാട്ടുപുഴ സുകുമാരന്‍  രേഖപ്പെടുത്തിയിട്ടുണ്ട്. 'ആറാട്ടുപുഴ പണിക്കരച്ചോ' എന്ന് നീട്ടിപ്പാടി പാടത്തുനിന്ന് തൊഴിലെടുക്കുന്ന കറ്റാനം പള്ളിക്കല്‍ സ്വദേശിനിയായ ദലിത് വനിത നാണിയുടെ നാവില്‍നിന്നാണ് അദ്ദേഹം പാട്ടിന്‍റെ വരികളേറെയും സമ്പാദിച്ചത്. പലരും പലകാലത്ത് 'പണിക്കരച്ഛനെ'ക്കുറിച്ച് വീരാപദാനങ്ങള്‍ എഴുതിയിട്ടുള്ളതായി വരികളുടെയും വിവരണത്തിന്‍റെയും വൈവിദ്ധ്യം സൂചിപ്പിക്കുന്നുണ്ട്. ചിലതെല്ലാം പാട്ടുകാര്‍ സ്വയം കെട്ടിയുണ്ടാക്കിയതുമാകാം. ആറാട്ടുപുഴ മംഗലം സ്വദേശിയായ മുണ്ടശേരില്‍ കരുണാകരന്‍ (88) ഓര്‍മ്മയിലെ പാട്ടടരുകള്‍ പങ്കുവെയ്ക്കുമ്പോള്‍, പണിക്കരുടെ കാെലപാതകത്തിനു പിന്നിലെ തീവ്ര-മത സ്വഭാവത്തെക്കുറിച്ച് തെളിമയോടെ മനസ്സിലാക്കാന്‍ നമുക്കു കഴിയന്നുണ്ട്. 


ആറാട്ടുപുഴ വേലായുധപ്പണിക്കരും മുസ്ലിങ്ങളും തമ്മില്‍ നിരന്തരമായ സംഘര്‍ഷത്തിലായിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പലവട്ടം അവര്‍ പരസ്പരം സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. വൈയവസായികമായ മേല്‍ക്കോയ്മ കൈക്കലാക്കാനുള്ള കിടമത്സരത്തില്‍ കൈയ്യൂക്കുകൊണ്ട് വേലായുധപ്പണിക്കരെ മറികടക്കാന്‍ എതിരാളികളെ അദ്ദേഹം അനുവദിച്ചിരുന്നില്ല. കനകക്കുന്ന്, കള്ളിക്കാട് പ്രദേശങ്ങളില്‍ തങ്ങിയിരുന്ന അറബികളായ കച്ചവടക്കാര്‍ക്ക് (ജോനകര്‍) അതിനാല്‍ വലിയ വിരോധം പണിക്കരോടുണ്ടായിരുന്നു. അവര്‍ക്കു വേണ്ടിക്കൂടിയാണ് മുസ്ലിങ്ങള്‍ വേലായുധപ്പണിക്കരെ തകര്‍ക്കാന്‍ തുനിഞ്ഞിരുന്നതെന്ന നിരീക്ഷണവും നിലവിലുണ്ട്. 


ലഭ്യമായ കണക്കനുസരിച്ച് ഓരോവര്‍ഷവും 74,000 ടണ്‍ ചരക്കുകള്‍ വിദേശങ്ങളിലേക്ക് ആറാട്ടുപുഴയുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് 1862-കാലത്ത് കയറ്റി അയച്ചിരുന്നു. അതില്‍ വലിയപങ്കും ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു നിയന്ത്രിച്ചിരുന്നത്. 1869-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് കയറ്റുമതിയിനത്തില്‍ 72 ലക്ഷം രൂപ ലഭിക്കുന്നുണ്ട് (സാമുവല്‍ മെറ്റീര്‍, ധര്‍മ്മഭൂമി). തേങ്ങ, അടക്ക, പനമരം,  ഉണങ്ങിയ വിത്തുകള്‍, നാരുകള്‍, വെളിച്ചെണ്ണ, ഓല, കയര്‍, കയറ്റുപായ, കല്‍ക്കണ്ടം തുടങ്ങിയ സാധനങ്ങളായിരുന്നു അവയില്‍ പ്രധാന ഇനങ്ങള്‍. വിദേശികള്‍ക്കോ സ്വദേശികളായ മറ്റുള്ള കച്ചവടക്കാര്‍ക്കോ തന്‍റെ തട്ടകത്തില്‍ കടന്നുവരാതിരിക്കത്തക്കവണ്ണം പ്രാദേശിക ജനതയെ ഒപ്പം നിര്‍ത്താന്‍ ഇടക്കാട്ട് ക്ഷേത്രം പണിക്കരെ തുണച്ചു. ഇതോടെ ആറാട്ടുപുഴയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ മറുപക്ഷം തന്ത്രങ്ങളാവിഷ്കരിച്ചു. പല്ലനയിലും പരിസരത്തും ചില ഈഴവരെ മാര്‍ക്കംകൂട്ടി ഒപ്പംകൂട്ടാന്‍ അവര്‍ക്കായി. ഈ മതം മാറ്റല്‍ പ്രക്രിയ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. തമിഴ് നാട്ടുകാരനായ ഒരു പട്ടരുടെ കടയില്‍ നിന്നും പതിവായി പലചരക്കു സാധനങ്ങള്‍ വാങ്ങിയിരുന്ന ഒരാള്‍, ആയിടെ മതംമാറി മാപ്പിളയായ പുതുകച്ചവടക്കാരന്‍റെ കടയില്‍ കയറാന്‍ മടിച്ചതിനെച്ചൊല്ലി വലിയ സംഘര്‍ഷം ഉണ്ടായി. പല്ലനയിലെ പാനൂരിനടുത്തായിരുന്നു ഈ സംഭവം. ഇതിനെത്തുടര്‍ന്ന് പുത്തന്‍ മതത്തിലേക്കു ചേക്കേറിയ കലഹസ്വഭാവികളായ ആളുകള്‍ പട്ടരുടെ കടക്കുമുമ്പില്‍ ബഹളംകൂട്ടുക പതിവായി. ബഹളം ആവര്‍ത്തിച്ചപ്പോള്‍ ആളുകള്‍ ആവഴിക്ക് പിന്നീട് വരാതായി. പട്ടര്‍ക്ക് അവിടം വിടേണ്ടി വന്നു.

പാനൂരിലെ സംഘര്‍ഷങ്ങള്‍

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭകാലത്ത് ആറാട്ടുപുഴ, പല്ലന, പാനൂര്‍, തൃക്കുന്നപ്പുഴ തുടങ്ങിയ പ്രദേശത്ത് നൂറ്റി ഇരുപത്തഞ്ചില്‍പ്പരം ബ്രാഹ്മണ / നമ്പൂതിരി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പല കാലങ്ങളിലായി ഇടപ്പള്ളി നാടുവിഴികള്‍ അവിടെ കൊണ്ടുവന്ന് താമസിപ്പിച്ച കൂട്ടരില്‍ പെട്ടവരായിരുന്നു അവരില്‍ പലരും. മുസ്ലിങ്ങളുടെ കടന്നു കയറ്റത്തില്‍ പൊറുതിമുട്ടിയ അവര്‍ ചെറുത്തു നില്‍ക്കാന്‍ ത്രാണിയില്ലാതെ പലഘട്ടങ്ങളിലായി അവിടം വിട്ടു പോകാന്‍ ഇതു കാരണമായി (വാര്യര്‍ ശ്രീരാമന്‍). നാടുവിട്ടൊഴിയാന്‍ കൂട്ടാക്കാതിരുന്ന ഈഴവരും പരവരും തണ്ടാന്മാരും ചെറുത്തുനില്പിനു ശ്രമിച്ചു. ഈ ചെറുത്തുനില്പു സംഘങ്ങളുടെ നേതൃത്വം സ്വാഭാവികമായി പണിക്കരില്‍ വന്നുചേര്‍ന്നു. പല്ലനയും തൃക്കുന്നപ്പുഴയും പരിസരത്തുമായി അവശേഷിച്ച എഴുപതില്‍പ്പരം നമ്പൂതിരി കുടുംബങ്ങളും ഇത്തരക്കാരുടെ ശല്യത്തില്‍ പൊറുതിമുട്ടി ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രരംഭത്തില്‍ പ്രദേശം വിട്ടു. ഇപ്പോള്‍ ഒരു കുടുംബം മാത്രമാണ് അവിടെ അവശേഷിക്കുന്നത്.

മുഹമ്മദീയരുടെ അസൂയ

വാമൊഴികളും ചരിത്രരേഖകളും പരതി ആറാട്ടുപുഴയുടെ ജീവചരിത്രം രേഖപ്പെടുത്തിയ കെ. വാസുദേവന്‍ എഴുതുന്നു: 'ആറാട്ടുപുഴ കായംകുളം കമ്പോളത്തില്‍ പോയിരുന്നത് മിക്കവാറും പല്ലക്കിലായിരുന്നു. ചിലപ്പോഴൊക്കെ കുതിരപ്പുറത്തും. ഇതു കച്ചവടക്കാരായ മുസ്ലിങ്ങള്‍ക്ക് ഈര്‍ഷ്യയുണ്ടാക്കി. അദ്ദേഹത്തെ കാണുമ്പോള്‍ കടകമ്പോളങ്ങളില്‍ നിന്നും ആളുകള്‍ ഓടിച്ചെന്നു വന്ദിക്കുന്നു. അവരുടെ കണ്ണുകള്‍ ആരാധനാ സാന്ദ്രമാകുന്നു. ആളുകള്‍ അദ്ദേഹത്തെ വലയം ചെയ്യുന്നു. രാജപ്രൗഢിയോടെ ആറാട്ടുപുഴ നില്‍ക്കുന്നതു കാണുമ്പോള്‍ മുഹമ്മദീയരുടെ അസൂയയുടെ അണകള്‍പൊട്ടി ഒഴുകി. തങ്ങളുടെ സുല്‍ത്താന്മാരെക്കാളും വലിയ സുല്‍ത്താനാണോ ഓന്‍? അദ്ദേഹത്തിന്‍റെ പാങ്കര്‍ വഹിച്ചുള്ള മഞ്ചല്‍യാത്ര മുഹമ്മദീയര്‍ക്കു സഹിക്കാന്‍ സാധിച്ചില്ല. രാത്രികളില്‍ പാനൂരിലെയും കായംകുളത്തെയും മുസ്ലിങ്ങള്‍ അദ്ദേഹത്തെ കല്ലെറിഞ്ഞു. ആറാട്ടുപുഴ രോഷാകുലനായി കുതിരപ്പുറത്തു കായംകുളം കമ്പോളത്തിലേക്കു പാഞ്ഞുചെന്നു. അദ്ദേഹവും അനുചരന്മാരും കടകളില്‍ക്കയറി മുഹമ്മദീയരെ അടിച്ചു വഴിയിലേക്കെറിഞ്ഞു' (കെ. വാസുദേവന്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, പേജ് 80, കേ. ഭാ. ഇ, 2019). അദ്ദേഹത്തെ അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുന്നതിന്‍റെ പ്രധാന കാരണം മറ്റൊന്നുമല്ല.

ചേലക്കാട്ടെ മതംമാറ്റം

അന്നത്തെ കാലത്ത് ആറാട്ടുപുഴ പ്രദേശം ഇടത്തോട്ടു പിരിക്കുന്ന കയറിനു പ്രസിദ്ധമായിരുന്നു. തൃക്കുന്നപ്പുഴക്കടുത്ത് പാനൂര്‍ ചേലക്കാട്ട് ക്ഷേത്രത്തിനു പരിസരത്തുള്ള ഈഴവര്‍ക്ക് കയര്‍ വ്യവസായത്തിലും കച്ചവടത്തിലും നേതൃപരമായ പങ്കുണ്ടായിരുന്നു. പണിക്കരുടെ അടുത്തബന്ധുക്കളും വ്യാവസായിക കാര്യങ്ങളില്‍ സഹകാരികളുമായിരുന്ന കുടുംബക്കാരായിരുന്നു അവര്‍. കയര്‍ക്കച്ചവടത്തില്‍ പണിക്കരോടു തോറ്റ ജോനകര്‍ ചേലക്കാട്ടെ ഒരു ഈഴവ യുവാവിനെ പ്രലോഭിപ്പിച്ച് മാര്‍ക്കംകൂട്ടി. ചേലക്കാട്ടുകാര്‍ക്ക് അന്നത്തെ കാലത്ത് അത് വലിയ അപമാനമായിത്തോന്നി. വിഷയത്തില്‍ ഇടപെട്ട പണിക്കര്‍ യുവാവിനെ വീണ്ടെടുക്കുന്നതില്‍ ചേലക്കാട്ടുകാര്‍ക്കൊപ്പം നിലകൊണ്ടു. സംഭവം മുസ്ലിങ്ങളും ഈഴവരുയായുള്ള പോരാട്ടത്തോളം വളര്‍ന്നു വഷളായി. സംഘര്‍ഷങ്ങള്‍ക്കിടയില്‍ വലിയ കൊള്ളയും കലാപകാരികള്‍ നടത്തി. പണിക്കര്‍ കലാപകാരികളെ അമര്‍ച്ചചെയ്തു. 


തൃക്കുന്നപ്പുഴക്കു വടക്ക് ചേലക്കാട്ടു ക്ഷേത്രം ഇന്നുമുണ്ട്. ചേലാകര്‍മ്മം നിര്‍ബന്ധിതമായി നടന്നതിനാലാണ് ചേലക്കാടെന്ന പേര് കൈവന്നതെന്നാണ് നാട്ടുകാര്‍ പറഞ്ഞുവരുന്നത്. ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്നതിനോടു ചേര്‍ന്ന സ്ഥലത്തുവെച്ചാണ് മതംമാറ്റപ്പെട്ട ഈഴവരെ വേലായുധപ്പണിക്കരുടെ നേതൃത്വത്തില്‍ തിരികെ കൊണ്ടുവന്നത്. ക്ഷേത്രത്തിനു പടിഞ്ഞാറുവശത്ത് പണ്ടു മതംമാറിപ്പോയവരുടെ പിന്മുറക്കാരായി അഞ്ചു വീട്ടുകാര്‍ മുസ്ലിങ്ങളായി ഇപ്പോഴുമുണ്ട്. ക്ഷേത്രം ഉടമകള്‍ ഈഴവരാണ്. കുടുബത്തിലെ ഇപ്പോഴത്തെ കാരണവര്‍  ശ്രീധരപ്പണിക്കരാണ്. 'അപ്പുറത്ത് ഇക്കയും ഇപ്പുറത്ത് കൊച്ചാട്ടനും' എന്നുപറഞ്ഞ് അടുപ്പക്കാര്‍ ഇവരെ കളിയാക്കാറുമുണ്ട്. രണ്ടുമതങ്ങളില്‍പ്പെടുന്നെങ്കിലും ഉള്ളില്‍ ബന്ധുത്വത്തിന്‍റെ ഇഴയടുപ്പം സൂക്ഷിക്കുന്നവരാണ് അവര്‍ (അഡ്വ. കെ. ശ്രീകുമാര്‍, കരുവാറ്റ). തൃക്കുന്നപ്പുഴയിലെ ചേലക്കാട്ടെ ഈ സംഘര്‍ഷത്തെക്കുറിച്ച് കെ. വാസുദേവന്‍ തന്‍റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട് (ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, കെ. വാസുദേവന്‍, കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്, 2019)

നിഷ്ഠൂരമായ കൊലപാതകം

പണിക്കരുടേത് നിഷ്ഠൂരമായ കൊലപാതകമായിരുന്നുവെന്നതിന് സംശയമില്ല. ഇരുളിന്‍റെ മറപറ്റിയാണ് ശത്രുക്കള്‍ അദ്ദേഹത്തെ വകവരുത്തിയത്. കൊല്ലത്തേക്കുള്ള യാത്രക്കിടയിലാണ് തണ്ടുവള്ളത്തില്‍ വെച്ച് അദ്ദേഹം കൊലക്കത്തിക്കിരയാകുന്നത്. ആറാട്ടുപുഴയിലെ ആദ്യ ബി.എ ബിരുദക്കാരനായ പി. ഓ കുഞ്ഞുപണിക്കര്‍ 'കുലദ്രോഹി'യെന്നു വിശേഷിപ്പിച്ച കിട്ടനാണ് പണിക്കരെ കാെല്ലുന്നത് (എസ്എന്‍ഡിപി കനകജൂബിലി പതിപ്പ്, 1953). പണിക്കരുടെ അടുത്ത ബന്ധുവായിരുന്ന അയാള്‍ പൊന്നാനിയില്‍പ്പോയി മതംമാറി തൊപ്പിയിട്ട് ഹൈദരായി. കൃത്യവിലോപത്തിനും വിശ്വാസവഞ്ചനയ്ക്കും മുമ്പൊരിക്കല്‍ പണിക്കരില്‍നിന്നും കടുത്ത ശിക്ഷക്കു വിധേയനായ വ്യക്തിയായിരുന്നു അയാള്‍. പണിക്കരോടുള്ള പഴയപകയുടെ കണക്കുതീര്‍ക്കാന്‍ അയാള്‍ എതിരാളികളുടെ പാളയത്തില്‍ കരുത്തുറ്റ ആയുധമായിത്തീര്‍ന്നു. ഷേക്സ്പിയര്‍ നാടകത്തിലെ ബ്രൂട്ടസ്സിനെപ്പോലെ. എന്നാല്‍, പണിക്കരെക്കുറിച്ച് എഴുതുന്നവരൊക്കെയും, അദ്ദേഹത്തിന്‍റെ കൊലയാളികളായ മുസ്ലിം സംഘത്തെക്കുറിച്ച് മിണ്ടാറില്ല. മാത്രമല്ല, കൊലയാളിയെന്നു മുദ്രകുത്തപ്പെട്ട കിട്ടനെന്ന ഉറ്റബന്ധു മതംമാറിയ ആളാണെന്നോ അയാളുടെ മുസ്ലിം ഐഡന്‍റിറ്റിയെക്കുറിച്ചോ നിശബ്ദരാവുകയും ചെയ്യുന്നു. അവരെല്ലാംതന്നെ കൊലപാതകിയെ 'തൊപ്പിയിട്ട കിട്ടനെ'ന്നുമാത്രം പരാമര്‍ശിച്ച് കൃത്യത്തിനുപിന്നിലെ മതപരമായ താല്പര്യത്തെ മറച്ചുപിടിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. 


ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ അനന്തര തലമുറയില്‍പ്പെട്ട ചെറുമകനും കോണ്‍ഗ്രസ്സിന്‍റെ മുന്‍നേതാവും എസ്സ്എന്‍ഡിപി യോഗം ഭാരവാഹിയും മുന്‍ ധനമന്ത്രിയുമായിരുന്ന അഡ്വ. എം. കെ ഹേമചന്ദ്രന്‍ പറയുന്നത് ഇവിടെ പ്രസക്തമാണ്. അദ്ദേഹം എഴുതുന്നു: 'ആറാട്ടുപുഴ പ്രദേശത്ത് മുസ്ലിങ്ങള്‍ ഈഴവരെ മതപരിവര്‍ത്തനം ചെയ്യിച്ചിരുന്നു. പണിക്കര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. പണിക്കരുടെ എതിര്‍പ്പിനെ നേരിടാന്‍ മുസ്ലിങ്ങളും തയ്യാറായി. മതപരിവര്‍ത്തനം ചെയ്തവരെ തിരഞ്ഞു പിടിച്ചാണ് പണിക്കര്‍ ആക്രമണം നടത്തിയത്. പണിക്കരെ എങ്ങനെയും വധിക്കണമെന്ന് അവര്‍ തീരുമാനിച്ചു. അവര്‍ തക്കംപാര്‍ത്തു നടന്നു. 1874 ജനുവരി 3-ാം തീയതി തണ്ടുവെച്ച ബോട്ടില്‍ കൊല്ലത്തേക്കു പോകുംവഴി കായംകുളം കായലില്‍വെച്ച് തൊപ്പിയിട്ട കിട്ടന്‍ - അയാള്‍ മതപരിവര്‍ത്തനം ചെയ്ത ആളായിരുന്നു -കൂട്ടരുമൊത്ത് അദ്ദേഹത്തെ ആക്രമിച്ച് വള്ളത്തിലിട്ട് കുത്തിക്കൊന്നു' (അരുവിപ്പുറം ശതാബ്ദി പതിപ്പ്, 1988)


സ്മൃതിയുടെ തരിമ്പുപോലും അവശേഷിക്കാനനുവദിക്കാതെയാണ് ശത്രുക്കള്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്തത്. എവിടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ അന്ത്യവിശ്രമം കൊളളുന്നത്‌ എന്നാരെങ്കിലും അന്വേഷണം നടത്തിയാല്‍ അവര്‍ എവിടെയും എത്തുകയില്ല. അദ്ദേഹം ജനിച്ചു വളര്‍ന്ന ആറാട്ടുപുഴ മംഗലം ദേശത്തോ, അദ്ദേഹത്തിന്‍റെ അച്ഛന്‍റെ വീടായ കായംകുളത്തെ എരുവയിലെ കുറ്റിത്തറ ഭവനത്തിലോ, അക്കാലത്തെ പ്രധാന തുറമുഖങ്ങളായ പത്തിശ്ശേരിയിലോ, പെരുമ്പളളിയിലോ അത്തരമൊരു സ്മാരകം ഒരിക്കലും കണ്ടത്താനാവില്ല. അതിനു കാരണം പാട്ടില്‍ പറയുന്നുണ്ട്. 'ശത്രുക്കള്‍ അദ്ദേഹത്തിന്‍റെ ശവത്തെപ്പോലും വെറുതെ വിട്ടില്ലത്രേ.!' 


അന്ന് കൊല്ലത്തേക്കുള്ള രാത്രിയാത്രക്കിടയില്‍ തണ്ടുവളളത്തില്‍ മയക്കത്തിലായിരുന്ന പണിക്കരെ ആക്രമിച്ചവര്‍ അദ്ദേഹത്തെ നിഷ്കരുണമാണ് വധിച്ചത് എന്നാണ് മുണ്ടശേരി കരുണാകരന്‍റെ പാട്ടോര്‍മ്മകള്‍ വെളിപ്പെടുന്നത്. കൊലയാളികളുടെ ആക്രമണത്തിനിടയില്‍ ആയുധം നഷ്ടപ്പെട്ടു പോയെങ്കിലും ചാടി എണീക്കാന്‍ ശ്രമിച്ച പണിക്കരെ ജീവനോടെ വിട്ടാലുണ്ടാകുന്ന അപകടത്തെപ്പറ്റി കിട്ടന്‍ കൂട്ടാളികളെ ബോധ്യപ്പെടുത്തുന്നുണ്ട്. ലക്ഷ്യംതെറ്റിയ ആദ്യത്തെ ആക്രമണത്തിനുശ്ശേഷം, പകച്ച്, അറച്ചു നിന്ന അവര്‍ കിട്ടന്‍റെ വാക്കുകള്‍ കേട്ട് മുന്നോട്ടാഞ്ഞു. കിട്ടനുള്‍പ്പെടെയുളള സംഘം അങ്ങനെ വേലായുധപ്പണിക്കര്‍ക്കുനേരെ ചാടിവീണു. 21 തവണ അവര്‍ വേലായുധപ്പണിക്കരുടെ ശരീരത്തില്‍ നിഷ്കരുണം ആയുധം പ്രയോഗിച്ചു. ആ വീരന്‍റെ മരണം ഉറപ്പാക്കിയിട്ടും പകതീരാതെ അവര്‍ അദ്ദേഹത്തിന്‍റെ ലൈംഗികാവയവം അറുത്തെടുത്ത് നിലവിളിയുറഞ്ഞുപോയ  വായിലേക്ക് തിരുകിവെച്ചു (വിദ്യാധരന്‍,58, മുന്‍ വാര്‍ഡുമെമ്പര്‍, ആറാട്ടുപുഴ, മധുസൂദനപ്പണിക്കര്‍, 66, മഠത്തില്‍) എന്നിട്ടും കലിയടങ്ങാതെ അദ്ദേഹത്തിന്‍റെ ശരീരം പല കഷണങ്ങളാക്കി കായലില്‍തളളി. അതിനുശേഷം കൊലപാതകികള്‍ കായലില്‍ചാടി നീന്തി രക്ഷപ്പെട്ടു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞോമറ്റോ കായലില്‍ കണ്ടെത്തിയ ശരീരഭാഗം പെരുമ്പളളി കടവിനടുത്ത് എവിടെയോ സംസ്കാരം നടത്തിയത്രേ.

കത്തനാരുടെ ഡയറിയില്‍ പറയുന്നത്

പത്തൊമ്പതാം നൂറ്റാണ്ടിൽ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഒരു ക്രിസ്തീയ വൈദികനായിരുന്നു പാലക്കുന്നേൽ മാർത്തമറിയം കത്തനാർ. ചങ്ങനാശേരിക്കു കിഴക്ക് കറുകച്ചാലിനു സമീപമായിരുന്നു പാലക്കുന്ന് ഭവനം. തന്റെ പ്രേക്ഷിത പ്രവർത്തനങ്ങൾക്കിടയിലെ സഞ്ചാരത്തിനിടയിൽ അദ്ദേഹം ഒരിക്കൽ പണിക്കരെ നേരിട്ട് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 


കുട്ടനാട്ടുകാരനായ ഐ സി ചാക്കോ പാലക്കുന്നേല്‍ കത്തനാരുടെ ഡയറികുറിപ്പുകൾ പരതി കണ്ടെത്തിയ ഒരു കുറിപ്പ് ഒരിക്കൽ കേരളകൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1111 ഇടവം 29-ാം (1936 ജൂണ്‍ 11) തീയതി പണിക്കരെക്കുറിച്ച് കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് അനുബന്ധമായാണ് ഐ. സി ചാക്കോയുടെ കുറിപ്പ്. 1874 വർത്തമാനം എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ കുറിപ്പിൽ ജോനകരാണ് (മുസ്ലീങ്ങള്‍) പണിക്കരുടെ കൊലപാതകത്തിന് പിന്നിൽ എന്ന് കൃത്യമായി രേഖപ്പെടുത്തുന്നു.


'1874 ലെ വർത്തമാനം' എന്നപേരില്‍ പ്രസിദ്ധീകരിച്ച ആ ഡയറിക്കുറിപ്പ് ഇങ്ങനെയാണ്:


'മകരം 3-ാം തീയതി (ജനുവരി മൂന്നാം തീയതി എന്നർത്ഥം. കത്തോലിക്കരുടെ വൈദിക മലയാളത്തിൽ ഓരോ ക്രിസ്തീയ മാസത്തിലും തുടങ്ങുന്ന മലയാള മാസത്തിലെ പേരാണ് അതിനു കൊടുക്കുന്നത്) ആറാട്ടുപുഴ വേലായുധൻ എന്ന മഹാ കേൾവിപ്പെട്ട ഈഴവനെ അവന്റെ ശത്രുക്കൾ കൂടി കുത്തിക്കൊന്നു. ഇവൻ 16 തണ്ടുപിടിച്ച ഒരു ബോട്ടിൽ വരുമ്പോൾ ശത്രുക്കളായ ജോനകർ ഒരു പന്നകം ഇട്ടു കെട്ടിയ വള്ളത്തിൽ പുറകെ വന്നു. ഒരു കാര്യം ബോധിപ്പിക്കാനുണ്ടെന്ന് അപേക്ഷിച്ചു. ബോട്ട് നിർത്തുവാൻ പണിക്കർ കൽപ്പിക്കയാല്‍ വേലക്കാർ ബോട്ട് നിറുത്തി. ബോട്ടിലോട്ട് കേവുവള്ളത്തിൽ നിന്നും കയറി കുത്തിക്കൊന്നു. തണ്ടുകാര്‍ വെള്ളത്തിൽ ചാടി നീന്തി ഓടിപ്പോയി. കൊല്ലം ഡിവിഷൻ പേഷ്കാർ നല്ലവണ്ണം വിചാരണപ്പെട്ടിട്ടും തെളിവ് കിട്ടി ഒരാളിന് ശിക്ഷ കൊടുക്കാൻ കഴിഞ്ഞില്ല. കുത്തിക്കൊന്നവർ കപ്പൽ കയറി മറു രാജ്യം കടന്നുകളഞ്ഞു. ഇവൻ പലരെയും അപമാനിച്ചിരുന്നു. പ്രവൃത്തികാരന്മാരെ കെട്ടി അടിപ്പിക്കും. ശൂദ്രവീടുകളിൽ നമ്പൂതിരിമാരുടുപ്പാനിരുന്നുവെങ്കിൽ ആ മുറപോലെ ഈഴവരുടെ വീട്ടിൽ ശൂദ്ര ആളുകൾ ഉടുപ്പാൻ ഇരിക്കേണ്ടതാകുന്നു എന്ന് ഹർജി കൊടുത്തു. ശരി എന്നു ദിവാൻ മാധവരായർ അംഗീകരിച്ചു. ഒരു ശൂദ്രനെ അവന്റെ പെങ്ങൾക്ക് വസ്ത്രം കൊടുപ്പിച്ചു. ഇങ്ങനെ വിശേഷമനുഷ്യനാകുന്നു. എഴുപതാം കാലം മീനമാസത്തിൽ (മാർച്ച്) ഞാൻ തിരുവനന്തപുരത്ത് പോകുന്ന വഴി ഇവന്റെ വീട്ടിൽ കയറി ഈ മഹാനുമായി ഞാൻ കണ്ടു സംസാരിച്ചിട്ടുണ്ട്. ആൾ കണ്ടാൽ ആരും ഭയപ്പെടുവാൻ തക്കവൻ' (കേരളകൗമുദി, 1936 ജൂൺ 18 )

മൃതശരീരം സംസ്കരിച്ചതെവിടെ.?

ബ്രൂട്ടസിനെപ്പോലൊരുവന്‍റെ കൊലക്കത്തിക്കിരയായ ആ വീരയോദ്ധാവിന്‍റെ ശരീരഭാഗങ്ങള്‍ അടക്കം ചെയ്തതെവിടെയെന്ന് ഇന്നും ആര്‍ക്കും ഒരു നിശ്ചയവുമില്ല. പെരുമ്പള്ളിക്കടവില്‍ എവിടെയോ ആണെന്നാണ് പഴമക്കാരുടെ അറിവ് മാത്രമാണ് നമുക്കുമുന്നിലുള്ളത്. പെരുമ്പള്ളി പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദങ്ങളിലും അറിയപ്പെടുന്ന ഒരു തുറമുഖമായിരുന്നു. പല കഷണങ്ങളായി ഒഴുകിയടഞ്ഞ വേലായുധപ്പണിക്കരുടെ ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ് കണ്ടെടുക്കപ്പെടുന്നത്. നായകന്‍ വീണതോടെ അദ്ദേഹത്തിന്‍റെ ശത്രുകള്‍ കരയില്‍ അവരുടെ കരുത്തു പ്രകടമാക്കിത്തുടങ്ങി. ജനങ്ങളെ അക്രമികള്‍ ഭീതിയിലാഴ്ത്തി. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ വീട്ടിലേക്കുകാണ്ടുപോയി അടക്കം ചെയ്യാനാവാത്തവിധം ഭീതിദമായിരുന്നു അന്തരീക്ഷം. പണിക്കരെ പിന്തുണച്ചിരുന്ന നാട്ടുകാരില്‍ പലരെയും അക്രമിസംഘം ദേഹോപദ്രവങ്ങളേല്പിച്ചിരുന്നു. ശരീരഭാഗങ്ങള്‍ ഏറ്റുവാങ്ങാന്‍പോലും ആളില്ലാതായി. വരാന്‍ ആരും ധൈര്യപ്പൈട്ടില്ല. പെരുമ്പള്ളിക്കടവില്‍ അടക്കാന്‍ ഒരുകാരണം അതാവാമെന്നാണ് പഴമക്കാര്‍ കരുതുന്നത്. അദ്ദേഹത്തിന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ പതറിപ്പോയിരുന്നു. പാനൂരിലെയും പരിസരങ്ങളിലെയും മാപ്പിളമാരുടെ നെഗളിപ്പ് അതിരുവിട്ടു. അവശേഷിച്ച നമ്പൂതിരി കുടുംബങ്ങളും അതോടെ നാടുവിട്ടു. ചിതറിപ്പോയ പണിക്കരുടെ സംഘം ഒത്തുകൂടാന്‍തന്നെ ഏതാനും ദിവസം വേണ്ടിവന്നു. ആറാട്ടുപുഴ നിന്നും അക്രമകാരികളായ മുസ്ലിങ്ങളെ ഒന്നൊഴിയാതെ തല്ലിയോടിച്ചതോടെയാണ് രംഗം ശാന്തമായത്. പണിക്കര്‍ സംഘത്തിലെ തണ്ടാന്മാരായ പോരാളികളാണ് അതിനു നേതൃത്വം  നല്‍കിയത് (ആവേദകര്‍: ജാനമ്മ, പെരുമ്പള്ളി (78),പൊടിയന്‍, മുതുകുളം (69) വാസുക്കുട്ടന്‍, അഴീക്കല്‍ (72), തമ്പാന്‍, കള്ളിക്കാട് (69).


'ഒരാള്‍ മതംമാറുമ്പോള്‍ ഹിന്ദുക്കളില്‍ നിന്ന് ഒരെണ്ണം കുറയുകയല്ല, മറിച്ച് പുതിയൊരു ശത്രു ഉണ്ടാവുകയാണ് ചെയ്യുന്നത്' എന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് വെറുതെയല്ല. പണിക്കരുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്. അദ്ദേഹത്തിന്‍റെ മൃതദേഹത്തോടുള്ള ശത്രുക്കളുടെ നീചമായ സമീപനം ചിലമതഭീകര സംഘങ്ങളുടെ പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നത് യാദൃശ്ചികമാണെന്നു കരുതാമോ.?


  • ഹരികുമാര്‍ ഇളയിടത്ത്

_________________________


ആറാട്ടുപുഴ 




Comments

Popular Posts