കായംകുളം | പൊറള്‍


പറപ്പൊറളിന്‍റെ  പൊരുള്‍ 




ഓരോ ജാതിക്കാർക്കും രഹസ്യ സംഭാഷണത്തിനുള്ള പ്രത്യേക പദാവലികളാണ് പൊറൾ. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് പറപ്പൊറൾ ആണ്.

പൊറളിൽ അരി എന്നതിന് തെറ്റിക്ക, പെറ്റിക്ക, അറ്റിക്ക ഇങ്ങനെ മൂന്നു പ്രാദേശിക ഭേദങ്ങൾ ഉണ്ട്.

എന്നാൽ നെല്ല് (paddy seed) എന്നതിന് പ്രാദേശിക ഭേദമില്ലാതെ നിലനിന്നിരുന്ന പദമാണ് 'ചുള്ളിക്ക '. ചുള്ളിക്ക ഉണ്ടാവുന്നത് ചുള്ളി യിലാണ്. അതുകൊണ്ട് നെൽച്ചെടിയാണ് ചുള്ളി. പല സ്ഥലനാമങ്ങളിലും  ചേർന്നിരിക്കുന്ന ചുള്ളി, ചുള്ളിൽ അല്ല; നെല്ലാണ്.

ചുള്ളിയും ചുള്ളിക്കയും പൊതുമൊഴിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് CE ഏഴാം നൂറ്റാണ്ടിനു ശേഷമാകണം. അതിനുശേഷമുണ്ടായ ശാസനങ്ങളിൽ അവിടവിടെയായി അളന്നുകൂട്ടുന്നത്ചു ള്ളിക്ക അല്ല നെല്ല് ആണ്.

ചുള്ളി പൊതുമൊഴിയിൽ നിന്ന് മാഞ്ഞുപോകുകയും നെല്ല് വ്യാപകമാവുകയും ചെയ്യുന്നതിനിടയിൽ മറ്റൊരു പദവും അക്കാലത്തെ മൊഴിയിൽ പ്രചാരത്തിലുണ്ടായിരുന്നു. 'ചാലി'.

ചുള്ളിക്ക ആറ് എന്നപേരിൽ ഒഴുകിയിരുന്ന ബേപ്പൂർപ്പുഴ ചാലിയാർ എന്ന പേരു സ്വീകരിച്ചെങ്കിലും ചുള്ളിയും ചാലിയും ഒന്നുതന്നെയാണ്.

'ചെംചാലി / ചെഞ്ചാലി കഞ്ചവും ഒന്റായ് വളർന്ത' തിരുപ്പുകഴിലെ ചാലി തന്നെയാണ് ചാലിയാറിനൊപ്പം ഒഴുകുന്നത്.

ഇപ്പോഴത്തെ മലയാളം രൂപംകൊള്ളുന്നതിനും മുൻപുണ്ടായിരുന്ന മൊഴിയിലെ പദങ്ങളാണ് ഇവയൊക്കെ. അന്നത്തെ പല പദങ്ങൾ അല്ലെങ്കിൽ അവയോടു സാമ്യം തോന്നുന്നവ ഇപ്പോഴും തുടരുന്നുണ്ട്. ധ്വനികളിൽ വ്യത്യാസമുണ്ടെന്നു മാത്രം. ചില ഉദാഹരണങ്ങൾ പറയാം.

താമര എന്നാൽ ക്രിമിനൽ എന്നാണ് (പൊറൾ )അർത്ഥം. ക്രിമിനലിനെ കൊല്ലാൻ അധികാരമുള്ളവൻ അരിക്കത്താമര. ഇന്ന് അരിക്കനും താമരയും മറ്റു ധ്വനികളിൽ വിവക്ഷിക്കപ്പെടുന്നു.

ആശ്രിതൻ / അടിമ എന്നതിന്റെ പൊറൾ പദമാണ് കൊള. കൊളയുടെ താല്ക്കാലിക വാസസ്ഥലമാണ് കൊളം. ആശ്രിതന് എല്ലാ അവകാശങ്ങളോടും കൂടി ഭൂമി പതിച്ചുനൽകുന്ന പ്രക്രിയയാണ് കായം കൊടുക്കൽ. പ്രായശ്ചിത്ത മായോ സമ്മാനമായോ കൊടുക്കുന്നതാണ് ഏലം.

കായങ്കൊളം, താമരക്കൊളം, ഏലംകൊളം. എന്നൊക്കെ സ്ഥലനാമങ്ങൾ രൂപം കൊണ്ട കാലത്തെ ധ്വനികളല്ല ഇപ്പോൾ കായം, താമര, കുളം, ഏലം എന്നിവയ്ക്കുള്ളത്. (ഇവിടെ സൂചിപ്പിച്ച പദങ്ങൾക്ക് പൊറളിലെ അർത്ഥങ്ങൾ തന്നെയാണ് കന്നഡത്തിലും )

ചുള്ളിൽ ആണ് ശരിയായ വാക്കെന്നും അതിന്റെ മൊഴി രൂപമാണ്  താങ്കളുടെ കമന്റിലെ ചുള്ളി എന്നും തോന്നുന്നു.( spike, thorn, branch എന്നർത്ഥം വരുന്ന ഞിൽ, ഞ്ഞിളി, ഞിലി പോലുള്ള പ്രാചീന പദങ്ങൾ എല്ലാം ലകാര / ളകാരാന്തങ്ങൾ ആണ് എന്നതും ഗൗനിക്കണം ) ഇത്തരം സംശയങ്ങൾ പരിഹരിക്കാനുതകുന്ന നിഘണ്ടുക്കൾ നമുക്കില്ല.

Comments