ആറാട്ടുപുഴ വേലായുധപ്പണിക്കര്‍







ചരിത്രത്തിലെ സമാനതകളില്ലാത്ത അന്ത്യം
••

വീരനായി, വിജയശ്രീലാളിതനായി ശിരസ്സുയര്‍ത്തി നില്‍ക്കുമ്പോള്‍, അപ്രതീക്ഷിതമായി പിന്നില്‍നിന്നുള്ള കുത്തേറ്റുവീഴാന്‍ വിധിയുണ്ടാവുക.! ചരിത്രത്തില്‍ അത്തരം ഒരു ദുര്‍വ്വിധിയുമായി പടിഞ്ഞാറുകാര്‍ക്ക് ഒരു ജൂലിയസ് സീസറുണ്ടായിരുന്നതുപോലെ,  സമാനമായ ദുര്‍വ്വിധിക്കിരയായ ഒരു വീര സിംഹം കേരളീയര്‍ക്കുമുണ്ടായിരുന്നു. അതാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. കായംകുളം കായലില്‍ എതിരാളികളുടെ കൊലക്കത്തിക്കിരയായ ചരിത്രം വിസ്മരിച്ച ആ വീരകേസരിയുടെ ചോരകിനിയുന്ന ഓര്‍മ്മകള്‍ക്ക് 2022 ജനുവരി 3-ന് 148 വര്‍ഷം തികയുകയാണ്.


പത്തൊമ്പതാം നൂറ്റാണ്ടിലെ സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരേ നിരവധിയായ പോരാട്ടങ്ങള്‍ അക്കാലത്തും അതിനുമുമ്പും തീര്‍ച്ചയായും കേരള പരിസരത്ത് നടന്നിട്ടുണ്ടാവും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും വ്യക്തിപരമായ ധിക്കാരമായോ, അതിക്രമമായോ, മുഷ്കായോ വ്യവസ്ഥിതിക്കുനേരേയുള്ള കടന്നു കയറ്റമായോ മാത്രമായിരിക്കും അന്നത്തെ സമൂഹം വിലയിരുത്തിയിട്ടുണ്ടാകുക. പലവിധ കാരണങ്ങള്‍കൊണ്ട് ചരിത്രം അടയാളപ്പെടുത്താതെ പോയ അത്തരം ഒട്ടനവധി പോരാളികള്‍ പലകാലങ്ങളിലൊഴുക്കിയ  കണ്ണീരിന്‍റെയും വിയര്‍പ്പിന്‍റെയും ചോരയുടെയും ആകെത്തുകയാണ് കേരളത്തിന്‍റെ സാമൂഹിക മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടത്. അത്തരം ഒറ്റയാള്‍പ്പോരാട്ടങ്ങളെ സാമൂഹികമായ പരിവര്‍ത്തനത്തിനുതകുംവിധം വഴിതിരിച്ചതാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരെ ചരിത്രത്തില്‍ വ്യതിരിക്തവ്യക്തിത്വമാക്കുന്നത്.

ആരാണ് പണിക്കര്‍?

മധ്യതിരുവിതാംകൂറിലെ ഈഴവരിലെ ഒരു വിഭാഗമാണ് പണിക്കര്‍ എന്നപേരിലറിയപ്പെടുന്നത്. ചേര്‍ത്തല, പന്തളം ഭാഗങ്ങളില്‍ അവര്‍ വ്യാപിച്ചിരുന്നു. നായര്‍, ഗണക, വിശ്വകര്‍മ്മ, നായാടി, ക്രൈസ്തവ തുടങ്ങിയ പല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പണിക്കര്‍ എന്ന സ്ഥാനം ഉണ്ടായിരുന്നു. എങ്കിലും, മതപ്രചാരകനായ റവ. സാമുവല്‍മെറ്റീര്‍ 'ഞാന്‍ കണ്ട കേരളം' എന്നകൃതിയില്‍ രേഖപ്പെടുത്തിയതനുസരിച്ച്, കായംകുളത്തിനു വടക്കോട്ട് ഈഴവ പണിക്കര്‍ക്ക് സാമൂഹികമായി ചില മേന്മകളുണ്ടായിരുന്നു. അദ്ദേഹം എഴുതുന്നു: 'ഈഴവ വിഭാഗത്തിലെ പൗരോഹിത്യമുള്ള വിഭാഗമായിരുന്നു അവര്‍'. പ്രമുഖ നരവംശശാസ്ത്ര പഠിതാക്കളും സര്‍വ്വകലാശാല അദ്ധ്യാപകരുമായ ഫിലിപ്പോ ഒസാമ (സസ്സെക്സ് യൂണിവേഴ്സിറ്റി മുന്‍ വകുപ്പ് മേധാവി), കരോലിന്‍ ഒസ്സാമ (ലണ്ടന്‍ യൂണിവേഴ്സിറ്റി) ദമ്പതികള്‍ ചേര്‍ന്നെഴുതിയ 'കേരളത്തിലെ സാമൂഹിക ചലനാത്മകത: ആധുനികതയും സ്വത്വവും സംഘര്‍ഷത്തില്‍' (2000) എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, സമൂഹത്തിലെ പുരോഗമന പരവും ചലനാത്മകവുമായ വശങ്ങളെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 'ഫ്ലെക്സിബിള്‍' സമൂഹമായിരുന്നു അവര്‍. അതുകൊണ്ടുതന്നെ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ കൊടിയ ജാതിക്കുശുമ്പുകള്‍ക്കിടയിലും കൃഷിയിലും വ്യവസായത്തിലും മേല്‍ക്കൈ നേടാന്‍ അവര്‍ക്കായി. കൂടാതെ വൈദ്യം, ആയോധനം എന്നിവയിലും അവര്‍ മികവുകാട്ടിയിരുന്നു. കേരളത്തിലെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് ഈഴവരുടെ നില ഇവിടെ അത്രമേല്‍ പരിതാപകരവുമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കഥാപുരുഷന്‍ കൊല്ലവര്‍ഷം 1000 -ാം മാണ്ട് ധനു 27-ാം തീയതി (1825 ജനുവരി 7) പുണര്‍തം നക്ഷത്രത്തില്‍ ജനിക്കുന്നത്.

കായംകുളം എരുവ കുറ്റിത്തറയില്‍ ഗോവിപ്പണിക്കരായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. കായംകുളം രാജാവിന്‍റെ എരുവയിലെ കൊട്ടാരത്തിനു വിളിപ്പാടകലെയായിരുന്നു അവരുടെ താമസം. കളരിയിലും കയര്‍ വ്യവസായത്തിലും അവര്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്നു. രാജാവിന്‍റെ ഉപാസനാമൂര്‍ത്തിയായിരുന്ന എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിലും അവര്‍ക്ക് ചില അനുഷ്ഠാനപരമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എരുവ ക്ഷേത്രത്തിലെ വിഷുവുത്സവത്തിന് കിഴിപ്പണം വെയ്ക്കുന്നതും ഉത്സവത്തിന് കൊടിക്കയര്‍ നല്‍കുന്നതും കുറ്റിത്തറയില്‍ നിന്നായിരുന്നു.

മധ്യതിരുവിതാംകൂറില്‍ ഈഴവരെ ബഹുമാനത്തോടെ അച്ഛന്‍ എന്ന് വളിക്കുക പതിവായിരുന്നു. പ്രതാപിയായ ആറാട്ടുപുഴ വലിയകടവില്‍ പെരുമാളച്ഛന്‍റെയും മാവേലിക്കര കുന്നം നടുവിലെ വീട്ടില്‍ കുഞ്ഞിക്കയുടെയും മൂത്തമകള്‍ തേയി (തേവി/ ദേവി) ആയുരുന്നു ഗോവിന്ദപ്പണിക്കരുടെ ഭാര്യ. സ്വന്തം പായ്ക്കപ്പലുകള്‍ ഉപയോഗിച്ച് വ്യാപാരം നടത്തിയിരുന്ന ധനികനായിരുന്നു പെരുമാളച്ഛന്‍. അദ്ദേഹത്തിന്‍റെ ഭവനമായ മണിവേലില്‍ വീട്ടിലാണ് കൊച്ചുവേലായുധന്‍ ജനിക്കുന്നത്. പ്രസവിച്ച് അധികനാള്‍ കഴിയുന്നതിനുമുമ്പേ തേവിയമ്മ മരിച്ചതിനാല്‍ അപ്പൂപ്പനും അമ്മൂമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ വളര്‍ത്തിയത്‌. 

ബ്രാഹ്മണരാജാക്കന്മാര്‍ ഭരണം നടത്തിയിരുന്ന ഇടപ്പള്ളി രാജ്യത്തിന്‍റെ ഭാഗമായിരുന്നു അക്കാലത്ത് തൃക്കുന്നപ്പുഴയും ആറാട്ടുപുഴയും മറ്റും. പെരുമാളച്ഛന്‍റെ ചെറുമകന് വേലായുധന്‍ എന്നപേരു നല്‍കിയത് ഇടപ്പള്ളി കൊട്ടാരത്തിലെ മഹാദേവന്‍ നമ്പൂതിരി ആയിരുന്നുവെന്ന് കീരിക്കാട്ടെ അറക്കല്‍ ദേവീക്ഷേത്രം കുടുംബ ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണുന്നു (വാസുദേവന്‍ നാണു ചാന്നാര്‍). പുണര്‍തം അരിപ്പാടിന്‍റെ അധിദേവതയായ വേലായുധസ്വാമിയുടെ ജന്മനക്ഷത്രമായതിനാലും പെരുമാളച്ഛന്‍റെ ഇഷ്ടദേവന്‍ സുബ്രഹ്മണ്യനാകയാലും വേലായുധന്‍ എന്നപേര് ഔചിത്യപൂര്‍ണ്ണമായിരുന്നുവെന്നാണ് മനസ്സിലാക്കാനാവുന്നത്. ബാല്യത്തില്‍തന്നെ തമിഴും മലയാളവും വേലായുധനെ നല്ലതുപോലെ വീട്ടുകാര്‍ അഭ്യസിപ്പിച്ചു. പതിനാറാം വയസ്സില്‍ മംഗലം കല്ലിശ്ശേരി ഭവനത്തിലേക്ക് വേലായുധന്‍ താമസം മാറ്റി. അവിടെ കളരിയും അഭ്യാസമുറകളും മെയ് വഴക്കവും അഭ്യസിച്ചു. വൈദ്യത്തിലും ജ്യോതിഷത്തിലും പരിശീലനം നേടുന്നതും ഇക്കാലത്താണ്. പിന്നീട് മരണം വരെ അദ്ദേഹത്തിന്‍റെ താമസം കല്ലിശ്ശേരിയിലായിരുന്നു. കല്ലിശ്ശേരിലച്ഛന്‍  എന്ന പേരും അതോടൊപ്പം കിട്ടി. 'കാര്യം കല്ലിശ്ശേരിലച്ഛനോടും പറയാം' എന്നൊരു ശൈലിയും അതോടൊപ്പം ഓണാട്ടുകര ഭാഷയില്‍ പ്രയോഗത്തിലായി. അന്നത്തെ പതിവനുസരിച്ച് ഇരുപതാം വയസ്സില്‍ അദ്ദേഹം വിവാഹിതനായി. കളരിയും സേനാനായകരും ആത്മീയഗുരുക്കന്മാരുമുണ്ടായിരുന്ന ഓണാട്ടുകരയിലെ പ്രസിദ്ധമായ  വാരണപ്പള്ളിയിലെ വെളുമ്പിയായിരുന്നു സൗഭാഗ്യവതിയായ വധു.

1852 ഫെബ്രുവരി 18 -ന് (1027 കുംഭം 8) മംഗലം ഇടയ്ക്കാട്ട് ശിവക്ഷേത്രം സ്ഥാപിച്ച് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുന്നതോടെയാണ് ഗൃഹസ്ഥനും വ്യവസായിയും ധനികനുമെന്നതിനപ്പുറം  വേലായുധപ്പണിക്കര്‍ സാമൂഹികമായ പരിവര്‍ത്തനത്തിന്‍റെ കേന്ദ്രബിന്ദുവാകുന്നത്. പില്ക്കാലത്ത് ശ്രീനാരായണഗുരുവിന്‍റേതായി തെറ്റുദ്ധരിക്കപ്പെട്ട് പണ്ഡിതന്മാര്‍പോലും ഉദ്ധരിക്കുന്ന 'ഈഴവശിവന്‍റെ' പ്രയോക്താവും ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയിരുന്നു. മംഗലം ഇടയ്ക്കാട്ട് ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയെക്കുറിച്ചുള്ള ജാതിഹിന്ദുക്കളുടെ കുന്നായ്മകള്‍ക്കെതിരെയുള്ള കൗശലപൂര്‍വ്വമായ മറുപടിയായിരുന്നു അത്. അത് ലക്ഷ്യവേധിയുമായിരുന്നു.  ഛിഹ്നഭിന്നമായിപ്പോകുമായിരുന്ന തീരദേശത്തെ ജനതയെ ഏകീകരിക്കുന്നതില്‍ ആ ക്ഷേത്രം നിര്‍വ്വഹിച്ച ചരിത്രപരമായ പങ്ക് പഠനാര്‍ഹമാണ്. ഏതോകലത്ത് കടലെടുത്തോ ചരിത്രപരമായ കാരണങ്ങള്‍ കാെണ്ടോ അസ്തമിച്ചുപോയ ഒരുമഹാക്ഷേത്രത്തിന്‍റെയും അവിടുത്തെ ഉപാസനാമൂര്‍ത്തിയുടെ ആറാട്ടുത്സവത്തിന്‍റെയും ഓര്‍മ്മപ്പെരുക്കങ്ങളുള്ള 'ആറാട്ടുപുഴ'യുടെ പൈതൃകത്തെ പുന:സ്ഥാപിക്കാന്‍ ആ പ്രതിഷ്ഠ അനിവാര്യമായിരുന്നു.  കന്യാകുമാരിയില്‍ നിന്നും ബ്രിട്ടീഷ് ഭരണാധികാരികളുടെ പിന്തുണയോടെയും എറണാകുളം കേന്ദ്രമാക്കിയുള്ള പ്രേഷിതപ്രവര്‍ത്തകരുടെയും നീരാളിപ്പിടുത്തത്തില്‍ നിന്നും ആറാട്ടുപുഴ - തൃക്കുന്നപ്പുഴ ദേശത്തെ പരവരെയും ഈഴവരെയും തണ്ടാന്മാരെയും ഒപ്പം നിര്‍ത്തി മത- അധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ മംഗലം ശിവക്ഷേത്രം വഹിച്ചപങ്ക് നിസ്തുലമാണ്. ദക്ഷിണ കേരളത്തിലെ കന്യാകുമാരി, കോവളം, വിഴിഞ്ഞം, കൊല്ലം വലിയഴീക്കല്‍ വരെയും ചേര്‍ത്തല മുതല്‍ വടക്കോട്ടുമുള്ള തീരപ്രദേശങ്ങളിലെ ക്രൈസ്തവ സ്വാധീനവുമായി താരതമ്യം ചെയ്യുമ്പോള്‍ ആറാട്ടുപുഴയുള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഈഴവരുള്‍പ്പെടെയുള്ള അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ ഇന്നത്തെ ജനസംഖ്യ ഈ നിരീക്ഷണത്തെ സാധൂകരിക്കാനുതകും. 1800-കള്‍ മുതലുള്ള കാനേഷുമാരിയും മറ്റൊന്നല്ല ചരിത്രത്തോട് പറയുന്നത്. മാത്രമല്ല, പില്ക്കാലത്ത് പത്തിയൂരിലെ പണിമുടക്കു സമരം (1866) വിജയിപ്പിക്കുന്നതില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ആറാട്ടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും ചൊടിയും ചുണയുമുള്ള മുഴുവന്‍പേരുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

നിരന്തരമായ പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തെ ഐതിഹാസികമാക്കിയത്. അഥവാ അനീതികള്‍ക്കെതിരെയുള്ള കരുത്തുറ്റ ചെറുത്തുനില്പിന്‍റെ മറുപേരായിരുന്നു വേലായുധപ്പണിക്കര്‍ എന്നത്. പണിക്കര്‍ ഇടപ്പള്ളിയിലെ ഇളമുറക്കാരനോട് വഴിമാറാത്തതിന്‍റെ പേരില്‍ ഇടഞ്ഞതും കരണം പുകച്ചതും അതിന്‍റെ പേരില്‍ ജയില്‍വാസം അനുഭവിച്ചതും തങ്ങള്‍ക്കുവേണ്ടിക്കൂടിയായിരുന്നു എന്നാണ് വാമൊഴി ആവേദകരുടെ പക്ഷം. ശഠനോട് ശാഠ്യമെന്നതായിരുന്നു പണിക്കരുടെ നയം. തരണനല്ലൂര്‍ നമ്പൂതിരിയില്‍നിന്നു സാളഗ്രാമം കൈക്കലാക്കിയതിനുപിന്നില്‍ സാമ്പത്തിക ലാഭത്തേക്കാള്‍ മുറജപം എന്ന മതചടങ്ങിനെ അലങ്കോലമാക്കാനുള്ള ചിലകേന്ദ്രങ്ങളുടെ താല്പര്യമുണ്ടെന്നും അവര്‍ കരുതുന്നു. കായലില്‍വെച്ച്  കവര്‍ന്ന സാളഗ്രാമം കവര്‍ച്ചക്കാരെ കണ്ടുപിടിച്ച് വീണ്ടെടുക്കാന്‍ മഹാരാജാവിന് പണിക്കരെ ആശ്രയിക്കേണ്ടിവന്നു. പണിക്കര്‍ അത് അവിശ്വസനീയമാംവിധം നേടിയെടുക്കുകയും 'കുഞ്ഞന്‍' എന്ന ബഹുമതിക്ക് പാത്രമാവുകയും ചെയ്തു. മുസ്ലിം മതത്തില്‍പ്പെട്ട കവര്‍ച്ചക്കാര്‍ക്ക് നേരത്തേതന്നെ പണിക്കര്‍ ശത്രുവായിരുന്നു. ഈ സംഭവം അവരുടെ പകയുടെ ആഴംകൂട്ടി. രണ്ടുവട്ടം തന്നോടിടഞ്ഞ കായംകുളം കൊച്ചുണ്ണിയെ പുല്ലുകുളങ്ങരയില്‍ നിന്നും പിടികൂടി തടങ്കലിലാക്കിയതിനുപിന്നില്‍ പണിക്കരുടെ ബുദ്ധിയും കായികമായ പിന്തുണയുമുണ്ടായിരുന്നു. ഇപ്രകാരം കശ്മലക്കൂട്ടങ്ങളെ അമര്‍ച്ചചെയ്ത പണിക്കര്‍, നാട്ടുകാരായ ആവേദകരുടെ മനസ്സിലും നാവിലും അദ്ദേഹം മേഘങ്ങള്‍ക്കിടയിലൂടെ കുതിരപ്പുറത്ത് പറന്നുവന്ന് എതിരാളികളെ നേരിടുന്ന വീരനാണ്. കീരിക്കാട്ടെ കടല്‍ക്കൊള്ളക്കാരെ ധീരോദാത്തമായി അമര്‍ച്ചചെയ്ത നായകനാണ്. അത്തരം കഥകള്‍ ധാരാളം കേട്ടതു കൊണ്ടാവണം 'Social Mobility in Kerala' (2000) എന്ന പുസ്തകത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഒരു സാങ്കല്പിക കഥാപാത്രമാണോയെന്ന് ലേഖകരായ ഒസ്സാമ ദമ്പതികള്‍ സന്ദേഹിക്കുന്നത്. എന്നാല്‍ മഹാകവി ഉള്ളൂര്‍ കേരളസാഹിത്യ ചരിത്രത്തില്‍ വേലായുധപ്പണിക്കരെക്കുറിച്ച് രണ്ടിടത്ത് പരാമര്‍ശിക്കുന്നുണ്ട്. വാരണപ്പള്ളി കുഞ്ഞുകൃഷ്ണപ്പണിക്കര്‍, വാരണപ്പള്ളി ഗോവിന്ദപ്പണിക്കര്‍ എന്നീ കവികളെ പരിചയപ്പെടുത്തുമ്പോള്‍ ഇങ്ങനെ കുറിക്കുന്നു: 'കുഞ്ഞുകൃഷ്ണപ്പണിക്കര്‍ 1035-ാംമാണ്ട് ആറാട്ടുപുഴ കല്ലിശ്ശേരില്‍ വീട്ടില്‍ വേലായുധപ്പണിക്കരുടെ പുത്രനായി ജനിച്ചു. 1077-ാംമാണ്ട് കന്നി മാസത്തില്‍ മരിച്ചു' (പുറം 9). പുതുപ്പളളി  പി. കെ പണിക്കര്‍ എന്ന കവിയെ പരിചയപ്പെടുത്തുമ്പോള്‍, പുതുപ്പള്ളി വാരണപ്പള്ളി കുടുംബത്തിലെ ഒരങ്ഗവും ആട്ടപ്പാട്ടുകാരുടെ ഇടയില്‍ വിശ്രുതനുമായിരുന്ന പുത്തേഴത്തു കിഴക്കതില്‍ കുഞ്ഞുകുഞ്ഞു പണിക്കരായിരുന്നു അച്ഛന്‍. അദ്ദേഹം ആറാട്ടുപുഴ കല്ലിശ്ശേരില്‍ വേലായുധപ്പണിക്കരുടെ മകനാണ്' എന്ന് മഹാകവി എഴുതുന്നു' (കേ. സാ. ച. വോളിയം 5, പുറം 12). പണിക്കരുടെ ചെറുമകനായ വ രണപ്പള്ളി പി. കെ പണിക്കര്‍ 1095 മേടം 17-ന് കല്‍ക്കട്ടയിലെ ബ്രഹ്മസമാജത്തില്‍ ചേര്‍ന്നു ബ്രഹ്മവിദ്യാഭൂഷണ്‍ ബിരുദം നേടി. സംഘത്തിലെ മിഷണറിയായ ഹേമചന്ദ്രസര്‍ക്കാരിനോടുള്ള ബഹുമാനാര്‍ത്ഥം മകന് ഹേമചന്ദ്രന്‍ എന്ന പേരും നല്‍കി. അദ്ദേഹം പില്ക്കാലത്ത് കേരളത്തിന്‍റെ ധനകാര്യമന്ത്രിയായിത്തീര്‍ന്നു.

ആറാട്ടുപുഴയുടെ പരിസരപ്രദേശങ്ങളിലും കുട്ടനാട്ടിലുമുള്ള മുതിര്‍ന്ന തൊഴിലാളികള്‍ ഞാറ്റുപാട്ടായും, തേക്കുപാട്ടായും കളപറിക്കല്‍പാട്ടായും കൊയ്ത്തുപാട്ടായും മെതിപ്പാട്ടായും തങ്ങളുടെ വീരനായകനായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ചുള്ള പാട്ടുകള്‍ പാടിയിരുന്നതായി ഡോ. ആറാട്ടുപുഴ സുകുമാരന്‍  രേഖപ്പെടുത്തിയിട്ടുണ്ട്. വലില്‍നിന്ന് 'ആറാട്ടുപുഴ പണിക്കരച്ചോ' എന്ന് നീട്ടിപ്പാടി തൊഴിലെടുക്കുന്ന കറ്റാനം പള്ളിക്കല്‍ സ്വദേശിനിയായ ദലിത് വനിത നാണിയുടെ നാവില്‍നിന്നാണ് അദ്ദേഹം പാട്ടിന്‍റെ വരികളേറെയും സമ്പാദിച്ചത്. പലരും പലകാലത്ത് 'പണിക്കരച്ഛനെ'ക്കുറിച്ച് വീരാപദാനങ്ങള്‍ എഴുതിയിട്ടുള്ളതായി വരികളുടെയും വിവരണത്തിന്‍റെയും വൈവിദ്ധ്യം സൂചിപ്പിക്കുന്നുണ്ട്. ആറാട്ടുപുഴ മംഗലം സ്വദേശിയായ മുണ്ടശേരില്‍ കരുണാകരന്‍ (88) ഓര്‍മ്മയിലെ പാട്ടടരുകള്‍ പങ്കുവെയ്ക്കുമ്പോള്‍, പണിക്കരുടെ കാെലപാതകത്തിനു പിന്നിലെ തീവ്ര മതസ്വഭാവത്തെക്കുറിച്ച് തെളിമയോടെ മനസ്സിലാക്കാന്‍ നമുക്കു കഴിയന്നുണ്ട്. 

വേലായുധപ്പണിക്കരും മുസ്ലിങ്ങളും തമ്മില്‍ നിരന്തരമായ സംഘര്‍ഷത്തിലായിരുന്നുവെന്നത്ഒരു യാഥാര്‍ത്ഥ്യമാണ്.വാമൊഴികളും ചരിത്രരേഖകളും പരതി ആറാട്ടുപുഴയുടെ ജീവചരിത്രം രേഖപ്പെടുത്തിയ കെ. വാസുദേവന്‍ എഴുതുന്നു: 'ആറാട്ടുപുഴ കായംകുളം കമ്പോളത്തില്‍ പോയിരുന്നത് മിക്കവാറും പല്ലക്കിലായിരുന്നു. ചിലപ്പോഴൊക്കെ കുതിരപ്പുറത്തും. ഇതു കച്ചവടക്കാരായ മുസ്ലിങ്ങള്‍ക്ക് ഈര്‍ഷ്യയുണ്ടാക്കി. അദ്ദേഹത്തെ കാണുമ്പോള്‍ കടകമ്പോളങ്ങളില്‍ നിന്നും ആളുകള്‍ ഓടിച്ചെന്നു വന്ദിക്കുന്നു. അവരുടെ കണ്ണുകള്‍ ആരാധനാ സാന്ദ്രമാകുന്നു. ആളുകള്‍ അദ്ദേഹത്തെ വലയം ചെയ്യുന്നു. രാജപ്രൗഢിയോടെ ആറാട്ടുപുഴ നില്‍ക്കുന്നതു കാണുമ്പോള്‍ മുഹമ്മദീയരുടെ അസൂയയുടെ അണകള്‍പൊട്ടി ഒഴുകി. തങ്ങളുടെ സുല്‍ത്താന്മാരെക്കാളും വലിയ സുല്‍ത്താനാണോ ഓന്‍? അദ്ദേഹത്തിന്‍റെ പാങ്കര്‍ വഹിച്ചുള്ള മഞ്ചല്‍യാത്ര മുഹമ്മദീയര്‍ക്കു സഹിക്കാന്‍ സാധിച്ചില്ല. രാത്രികളില്‍ പാനൂരിലെയും കായംകുളത്തെയും മുസ്ലിങ്ങള്‍ അദ്ദേഹത്തെ കല്ലെറിഞ്ഞു. ആറാട്ടുപുഴ രോഷാകുലനായി കുതിരപ്പുറത്തു കായംകുളം കമ്പോളത്തിലേക്കു പാഞ്ഞുചെന്നു. അദ്ദേഹവും അനുചരന്മാരും കടകളില്‍ക്കയറി മുഹമ്മദീയരെ അടിച്ചു വഴിയിലേക്കെറിഞ്ഞു' (കെ. വാസുദേവന്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, പേജ് 80, കേ. ഭാ. ഇ, 2019). അദ്ദേഹത്തെ അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുന്നതിന്‍റെ പ്രധാനകരണം മറ്റൊന്നുമല്ല.

പണിക്കരുടേത് നിഷ്ഠൂരമായ കൊലപാതകമായിരുന്നുവെന്നതിന് സംശയമില്ല. ഇരുളിന്‍റെ മറപറ്റിയാണ് ശത്രുക്കള്‍ അദ്ദേഹത്തെ വകവരുത്തിയത്. കൊല്ലത്തേക്കുള്ള യാത്രക്കിടയിലാണ് തണ്ടുവള്ളത്തില്‍ വെച്ച് അദ്ദേഹം കൊലക്കത്തിക്കിരയാകുന്നത്.

ആറാട്ടുപുഴയിലെ ആദ്യ ബിഎക്കാരനായ പി.ഓ കുഞ്ഞുപണിക്കര്‍ 'കുലദ്രോഹി' എന്നുവിശേഷിപ്പിച്ച കിട്ടനാണ് പണിക്കരെ കാെല്ലുന്നത് (എസ്എന്‍ഡിപി കനകജൂബിലി പതിപ്പ്, 1953). പണിക്കരുടെ ബന്ധുവായിരുന്ന അയാള്‍ മതംമാറി തൊപ്പിയിട്ട് ഹൈദരായി. മുമ്പൊരിക്കല്‍ പണിക്കരില്‍നിന്നും ശിക്ഷക്കു വിധേയനായ വ്യക്തിയായിരുന്നു അയാള്‍. പണിക്കരോടുള്ള പഴയപകയുടെ കണക്കുതീര്‍ക്കാന്‍ അയാള്‍ എതിരാളികളുടെ പാളയത്തില്‍ കരുത്തുറ്റ ആയുധമായിത്തീര്‍ന്നു. എന്നാല്‍, പണിക്കരെക്കുറിച്ച് എഴുതുന്നവരൊക്കെയും അയാള്‍ മതംമാറിയതായോ അയാളുടെ മുസ്ലിം ഐഡന്‍റിറ്റിയെക്കുറിച്ചോ നിശബ്ദരാവുകയും കൊലപാതകിയെ 'തൊപ്പിയിട്ട കിട്ടനെ'ന്നുവിളിച്ച് കൃത്യത്തിനുപിന്നിലെ മതപരമായ താല്പര്യത്തെ മറച്ചുപിടിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത.

സ്മൃതിയുടെ തരിമ്പുപോലും അവശേഷിക്കാനനുവദിക്കാതെയാണ് ശത്രുക്കള്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്തത്. എവിടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ അന്ത്യവിശ്രമം കൊളളുന്നത്‌ എന്നാരെങ്കിലും അന്വേഷണം നടത്തിയാല്‍ അവര്‍ എവിടെയും എത്തുകയില്ല. അദ്ദേഹം ജനിച്ചു വളര്‍ന്ന ആറാട്ടുപുഴ മംഗലം ദേശത്തോ, അദ്ദേഹത്തിന്‍റെ അച്ഛന്‍റെ വീടായ കായംകുളത്തെ എരുവയിലെ കുറ്റിത്തറ ഭവനത്തിലോ, അക്കാലത്തെ പ്രധാന തുറമുഖങ്ങളായ പത്തിശ്ശേരിയിലോ, പെരുമ്പളളിയിലോ അത്തരമൊരു സ്മാരകം ഒരിക്കലും കണ്ടത്താനാവില്ല. അതിനു കാരണം പാട്ടില്‍ പറയുന്നുണ്ട്. 'ശത്രുക്കള്‍ അദ്ദേഹത്തിന്‍റെ ശവത്തെപ്പോലും വെറുതെ വിട്ടില്ലത്രേ.!'

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ അനന്തര തലമുറയില്‍പ്പെട്ട, കോണ്‍ഗ്രസ്സിന്‍റെ മുന്‍നേതാവും ധനമന്ത്രിയുമായിരുന്ന അഡ്വ. എംകെ ഹേമചന്ദ്രന്‍ എഴുതുന്നു: 'ആറാട്ടുപുഴ പ്രദേശത്ത് മുസ്ലിങ്ങള്‍ ഈഴവരെ മതപരിവര്‍ത്തനം ചെയ്യിച്ചിരുന്നു. പണിക്കര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. പണിക്കരുടെ എതിര്‍പ്പിനെ നേരിടാന്‍ മുസ്ലിങ്ങളും തയ്യാറായി. മതപരിവര്‍ത്തനം ചെയ്തവരെ തിരഞ്ഞുപിടിച്ചാണ് പണിക്കര്‍ആക്രമണം നടത്തിയത്. പണിക്കരെ എങ്ങനെയും വധിക്കണമെന്ന് അവര്‍ തീരുമാനിച്ചു. അവര്‍ തക്കംപാര്‍ത്തു നടന്നു. 1874 ജനുവരി 3-ാം തീയതി തങ്കുവെച്ച ബോട്ടില്‍ കൊല്ലത്തേക്കുപോകുംവഴി കായംകുളം കായലില്‍വെച്ച് തൊപ്പിയിട്ട കിട്ടന്‍ - അയാള്‍ മതപരിവര്‍ത്തനം ചെയ്ത ആളായിരുന്നു -കൂട്ടരുമൊത്ത് അദ്ദേഹത്തെആക്രമിച്ച് വള്ളത്തിലിട്ട് കുത്തിക്കൊന്നു' (അരുവിപ്പുറം ശതാബ്ദി പതിപ്പ്, 1988)

അന്ന് കൊല്ലത്തേക്കുള്ള രാത്രിയാത്രക്കിടയില്‍ സഞ്ചരിച്ചിരുന്ന തണ്ടുവളളത്തില്‍ മയക്കത്തിലായിരുന്ന പണിക്കരെ ആക്രമിച്ചവര്‍ അദ്ദേഹത്തെ നിഷ്കരുണമാണ് വധിച്ചത് എന്നാണ് മുണ്ടശേരി കരുണാകരന്‍റെ പാട്ടോര്‍മ്മകള്‍ വെളിപ്പെടുന്നത്. കൊലയാളികളുടെ ആക്രമണത്തിനിടയില്‍ ആയുധം നഷ്ടപ്പെട്ടു പോയെങ്കിലും ചാടിഎണീക്കാന്‍ ശ്രമിച്ച പണിക്കരെ ജീവനോടെ വിട്ടാലുണ്ടാകുന്ന അപകടത്തെപ്പറ്റി കിട്ടന്‍ കൂട്ടാളികളെ ബോധ്യപ്പെടുത്തുന്നുണ്ട്. ലക്ഷ്യംതെറ്റിയ ആദ്യത്തെ ആക്രമണത്തിനുശ്ശേഷം, പകച്ച്, അറച്ചു നിന്ന അവര്‍ കിട്ടന്‍റെ വാക്കുകള്‍ കേട്ട് മുന്നോട്ടാഞ്ഞു. കിട്ടനുള്‍പ്പെടെയുളള സംഘം അങ്ങനെ വേലായുധപ്പണിക്കര്‍ക്കുനേരെ ചാടിവീണു. 21 തവണ അവര്‍ വേലായുധപ്പണിക്കരുടെ ശരീരത്തില്‍ നിഷ്കരുണം ആയുധം പ്രയോഗിച്ചു. ആ വീരന്‍റെ മരണം ഉറപ്പാക്കിയിട്ടും പകതീരാതെ അവര്‍ അദ്ദേഹത്തിന്‍റെ ലൈംഗികാവയവം അറുത്തെടുത്ത് നിലവിളിയുറഞ്ഞുപോയ  വായിലേക്ക് തിരുകിവെച്ചു. എന്നിട്ടും കലിയടങ്ങാതെ അദ്ദേഹത്തിന്‍റെ ശരീരം പല കഷണങ്ങളാക്കി കായലില്‍തളളി. അതിനുശേഷം കൊലപാതകികള്‍ കായലില്‍ചാടി നീന്തി രക്ഷപ്പെട്ടു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞോമറ്റോ കായലില്‍ കണ്ടെത്തിയ ശരീരഭാഗം പെരുമ്പളളി കടവിനടുത്ത് എവിടെയോ സംസ്കാരം നടത്തിയത്രേ.

'ഒരാള്‍ മതംമാറുമ്പോള്‍ ഹിന്ദുക്കളില്‍ നിന്ന് ഒരെണ്ണം കുറയുകയല്ല, മറിച്ച് പുതിയൊരു ശത്രു ഉണ്ടാവുകയാണ് ചെയ്യുന്നത്' എന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് വെറുതെയല്ല. പണിക്കരുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്. അദ്ദേഹത്തിന്‍റെ മൃതദേഹത്തോടുള്ള ശത്രുക്കളുടെ നീചമായ സമീപനം ചിലമതഭീകര സംഘങ്ങളുടെ പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നത് യാദൃശ്ചികമാണെന്നു കരുതാമോ.?

Comments