മാവേലിക്കര ബുദ്ധന്‍
മാവേലിക്കരയിലെ ബുദ്ധമണ്ഡപം ഇരുട്ടിൽ
ശ്രീ ബിനു തങ്കച്ചൻ്റെ റിപ്പോർട്ടിനൊരു അടിക്കുറിപ്പ്.
ബുദ്ധ ഭഗവാൻ മാവേലിക്കരയുടെ ഐക്കൺ ആണ്. ലോകം മുഴുവൻ പ്രകാശിക്കണമെന്ന് ആഗ്രഹിച്ച ലോക ഗുരു.
തെറ്റിദ്ധരിക്കപ്പെട്ട, അറിവില്ലായ്മയുടെ ഒരു കാലത്ത് ഭക്തി പ്രചരണത്തിൻ്റെ ഭാഗമായി ബുദ്ധവിഗ്രഹം ചെളിക്കുണ്ടിൽ ചവിട്ടി താഴ്ത്തി. പതിറ്റാണ്ടുകളോളം അങ്ങനെ കിടന്നു. കാലം ആ ദിവ്യരൂപത്തെ തെളിച്ചു നൽകി.
മാവേലിക്കര ഗവണ്മെന്‍റ് ഗസ്റ്റു ഹൗസിനടുത്തുള്ള കടവില്‍ കുളിക്കാനും അലക്കാനും വരുന്നവര്‍ അക്കാലത്ത് ചെളിയില്‍ പുതഞ്ഞു കിടന്നിരുന്ന കല്ലിലാണ് കാലുകള്‍ തേച്ചു മിനുക്കിയിരുന്നതും തുണികള്‍ സോപ്പു പതച്ച് തിരുമ്പി വെളുപ്പിച്ചിരുന്നതും. ചിലര്‍ക്കെങ്കിലും അത് കമഴ്ന്നു കിടക്കുന്ന ഒരു പഴയ വിഗ്രഹമായിരിക്കാമെന്ന തോന്നലുണ്ടായി. അതേക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പ്രാദേശിക ചരിത്രാന്വേഷകന്‍ കൂടിയായിരുന്ന ചട്ടമ്പിസ്വാമികളുുടെ കാതുകളിലുമെത്തി.
ചരിത്ര പണ്ഡിതൻ കൂടിയായ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ ഒരിക്കല്‍ ചെട്ടികുളങ്ങര ഭരണിയാഘോഷത്തിൽ പങ്കെടുക്കാനായി മാവേലിക്കര എത്തി. മന്ത്യത്ത് കളീക്കൽ കേശവൻ ഉണ്ണിത്താൻ്റെ അതിഥിയായിരുന്നു അദ്ദേഹം. അവിടെ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ താമസവും. അദ്ദേഹത്തിന്‍റെ സാന്നിധ്യമറിഞ്ഞെത്തിയ ജി. കൃഷ്ണപിള്ളയുടെ സംസാരത്തിൽ സന്ദര്‍ഭവശാല്‍ കടവിലെ സവിശേഷതകള്‍ നിറഞ്ഞ അലക്കുകല്ലിനെക്കുറിച്ച് വീണ്ടും കേള്‍ക്കാന്‍ ഇടയായി. കൃഷ്ണപിള്ളയുടെ വിവരണങ്ങള്‍ കൂടിയായപ്പോള്‍ സ്വാമികള്‍ സവിശേഷ താല്പര്യമെടുത്ത് കടവിലെത്തി. തഹസീൽദാറും മജിസ്ട്രേറ്റുമായ ആണ്ടിപ്പിള്ളയുടെ വില്ലുവണ്ടിയിൽ ആയിരുന്നു അദ്ദേഹത്തിന്‍റെ അന്നത്തെ സഞ്ചാരം.
കമിഴ്ന്ന നിലയില്‍ കിടക്കുന്ന ഏതോ ഒരു വിഗ്രഹമാണതെന്ന് അദ്ദേഹത്തിന് നിരീക്ഷണത്തില്‍ മനസ്സിലായി. ടി. മാധവറാവുവിനെ വിവരം അറിയിക്കാന്‍ അദ്ദേഹം താല്പര്യമെടുത്തു.
പുതിയ പീഠമൊരുക്കി പ്രതിഷ്ഠിക്കണമെന്ന നിർദ്ദേശം തഹസീൽദാർക്കു നൽകി. ഇക്കാര്യം രേഖയാക്കി ദിവാൻ രാഘവ അയ്യർക്ക് സമർപ്പിച്ചു. ദിവാൻ്റെ ഉത്തരവ് പ്രകാരം 1923 ൽ ശ്രീകൃഷ്ണസ്വമി ക്ഷേത്രത്തിനു സമീപം നാലു വഴി ചേരുന്ന ഇടത്ത് പ്രതിഷ്ഠിച്ചു. മാവേലിക്കര കൊട്ടാരത്തിലെ ഉദയവർമ്മ തമ്പുരാനാണ് അതിനു ചുമതല വഹിച്ചത്.
പ്രതിഷ്ഠാ മന്ദിരത്തിൻ്റെ (പഗോഡ) രൂപരേഖ തയ്യാറാക്കിയത് രാജാ രവിവർമ്മയുടെ മകനും മാവേലിക്കരയുടെ പരിഷ്കർത്താവുമായ എം.രാമവർമ്മ രാജയാണ്. വളരെയധികം പ്രത്യേകതയുള്ള പഗോഡയാണിത്. മൂന്നു ഭാഗത്തു നിന്നു നോക്കിയാലും തടസം കൂടാതെ കാണാം. പക്ഷികൾക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയില്ല.
ആലപ്പുഴ ജില്ലയിൽ നിന്നും കണ്ടെടുത്തിട്ടുള്ള ബുദ്ധവിഗ്രഹത്തിൽ ശ്രേഷ്ഠതയുള്ളതാണിത്. ഇതു പ്രകാശിക്കേണ്ടത് ചരിത്രപരമായ ആവശ്യമാണ്.
Comments
Post a Comment