പത്തിയൂര്‍: സാംസ്കാരിക കേന്ദ്രങ്ങള്‍


വായനശാലകളും സാംസ്ക്കാരിക നിലയങ്ങളും ഒരു പ്രദേശത്തിന്റെ സാംസ്ക്കാരിക വളർച്ചയുടെ ഭാഗമാണ്. വായനാശാലകളാൽ സമ്പന്നമാണ് നമ്മുടെ ഗ്രാമം.

ശ്രീമൂലരാജവിജയം ഗ്രന്ഥശാല ആന്‍റ് വായനശാല, രാമപുരം

1917-ൽ രാമപുരത്ത് ഉമ്പുക്കാട്ട്  കൃഷ്ണപിള്ള യുടെ നേതൃത്വത്തിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടിപൂർത്തി സ്മാരകമായി ശ്രീമൂലരാജവിജയം ഗ്രന്ഥശാല സ്ഥാപിതമായി. പുസ്തക സ്നേഹികളായ ഒരു കൂട്ടം ആളുകളുടെ മഹനീയ പ്രവർത്തനങ്ങളിലൂടെ ഉദിച്ചുയർന്ന ഈ സരസ്വതീ കേന്ദ്രത്തിൽ അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങളും പതിനയ്യായിരത്തോളം വരുന്ന പുസ്തക സമ്പത്തും ഉണ്ട്. കേരള ഗ്രന്ഥശാല സംഘത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സ്നേഹ പിന്തുണയോടെ പ്രവർത്തിച്ചുവരുന്ന ഈ ഗ്രന്ഥശാലയിൽ ശ്രീമൂലം കൾച്ചറൽ ഫോറം, സഹ്യാദ്രി പരിസ്ഥിതി സംരക്ഷണ സമിതി, സാക്ഷരതമിഷന്റെ തുടർ വിദ്യാകേന്ദ്രവും വിജയകരമായി പ്രവർത്തിച്ചുവരുന്നു. 

ലൈബ്രേറിയൻ: ജെ.ഉഷാകുമാരി (9526687626)


പത്തിയൂർ പഞ്ചായത്ത് സാംസ്കാരിക നിലയം, കരീലക്കുളങ്ങര

1950 ൽ കരീലക്കുളങ്ങര കേന്ദ്രമാക്കി ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാല സ്ഥാപിക്കുകയും തുടക്കത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുകയും തുടർന്ന് വാഴശ്ശേരിൽ കേശവപിള്ളയുടെ സ്മരണാർത്ഥം മകൻ ചന്ദ്രബാബു ഇഷ്ടദാനമായി നൽകിയ സ്ഥലത്ത് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. തകഴി, വള്ളത്തോൾ, വൈക്കം വിശ്വൻ, എംഎൻ വിജയൻ, പട്ടം താണുപിള്ള എന്നിങ്ങനെ ധാരാളം വ്യക്തിത്വങ്ങൾ ഇവിടെ പൊതുപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പത്തിയൂർ ഗ്രാമപഞ്ചായത്ത് ആദ്യത്തെ സാംസ്ക്കാരിക കേന്ദ്രമായി ഏറ്റെടുത്തതിനു ശേഷം കാലാകാലങ്ങളിലെ പഞ്ചായത്ത് ഭരണസമിതിയുടെ നിരവധി ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്. നാട്ടുകാരായ നിരവധി ആളുകൾ വായന ശാലയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. സായാഹ്നങ്ങളിൽ അംഗങ്ങളുടെ പഠന കൂട്ടായ്മകളിലൂടെ  കരീലക്കുളങ്ങര, മലമേൽ ഭാഗം പ്രദേശത്ത് സർക്കാർ ജോലി നേടിയവർ ധാരാളമുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത 25 ഓളം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 
ലൈബ്രേറിയന്‍ : ഇപി ഹക്കിം (9497879407)

ദേശാഭിവർദ്ധിനി ഗ്രന്ഥശാല, പത്തിയൂർ


പത്തിയൂരിന്റെ ഹൃദയ ഭാഗത്ത് 1950 ൽ പരടയിൽ മാധവൻപിള്ളയുടെ നേതൃത്വത്തിലാണ് ദേശാഭിവർദ്ധിനി ഗ്രന്ഥശാല സ്ഥാപിതമായത്. ധാരാളം പുസ്തകങ്ങളുടെ ശേഖരമുള്ള  ഇവിടെ ഗ്രന്ഥശാലയോടൊപ്പം കളിസ്ഥലവുമുണ്ട്. വോളീബോൾ ക്ലബ്ബിന്റെ പ്രവർത്തനവും കാര്യക്ഷമമായി നടക്കുന്നുണ്ട്.നിരവധി ടൂർണ്ണമെന്റുകളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് അബ്ദുൾ സലാം.
സെക്രട്ടറി എ.ഉണ്ണിക്കൃഷ്ണപിള്ള (9447366321)

പഞ്ചായത്ത് സാംസ്കാരികകേന്ദ്രം, കുറ്റിക്കുളങ്ങര

2004 ൽ കുറ്റിക്കുളങ്ങരയിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഗോപിനാഥപിള്ളയുടെ നേതൃത്വത്തിൽ ഒരു കൂട്ടം അക്ഷരസ്നേഹികളാണ് ഈ സാംസ്ക്കാരിക കേന്ദ്രത്തിന്റെ രൂപീകരണത്തിന് കാരണമായത്. കടമനിട്ട രാമകൃഷ്ണനാണ് കേന്ദ്രം ഉദ്ഘാടനം നിർവ്വഹിച്ചത്. പഞ്ചായത്ത് ടി സാംസ്ക്കാരിക കേന്ദ്രം ഏറ്റെടുത്തതിനു ശേഷം കാലാകാലങ്ങളിലുള്ള പഞ്ചായത്ത് ഭരണസമിതികളുടെ വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി കെട്ടിടവും വിപുലമാക്കിയിട്ടുണ്ട്. ധാരാളം ആളുകൾ ഇവിടെ പുസ്തകവായനക്ക് എത്തുന്നുണ്ട്. ആവശ്യക്കാർക്ക് പുസ്തകങ്ങൾ വിട്ടിൽ എത്തിച്ചും നൽകുന്നുണ്ട്.

ലൈബ്രേറിയൻ: അൻസിൽ (9895919573 )

പഞ്ചായത്ത്  സാംസ്കാരികനിലയം വാലിയകുളങ്ങര


വാലിയക്കുളങ്ങര സാംസ്ക്കാരിക കേന്ദ്രം രൂപം കൊള്ളുന്നത് ഒരു കൂട്ടം അക്ഷര സ്നേഹികളുടെ പ്രവർത്തന ഫലമായാണ്. നടയിൽ പടീറ്റതിൽ ശ്രീധരൻപിള്ളയുടെ വസ്തു വിലയ്ക്കുവാങ്ങി കെട്ടിട നിർമ്മാണം നടത്തി . 2005 ൽ പഞ്ചായത്തിന് വിട്ടുനൽകിയതിന് ശേഷം കടമ്മനിട്ട രാമകൃഷ്ണനാണ് ടി സാംസ്ക്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പഞ്ചായത്ത് ഇവിടെ ലൈബ്രേറിയനെ നിയമിച്ചിട്ടില്ല.

താൽക്കാലിക ചുമതലക്കാരൻ: പത്തിയൂർ വിശ്വൻ (9605359012)

ജനകീയലൈബ്രറി & റീഡിംഗ്റൂം, മലമേൽഭാഗം

ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി 2018 ൽ മലമേൽഭാഗം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എൻ. ജയകുമാർ പ്രസിഡന്റായും സി. കെ. ഉണ്ണിത്താൻ സെക്രട്ടറിയായും മികവാർന്ന ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പ്ലാസ്റ്റിക് വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി തുണിസഞ്ചിയുടെ വിതരണം പോലുള്ള മാതൃകാപരമായി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി വരുന്നു.
ലൈബ്രറിയൻ: സി.കെ.ഉണ്ണിത്താൻ (9995304627)

ദേശസ്നേഹി ഗ്രന്ഥശാല, എരുവ


കായംകുളം മുനിസിപ്പാലിറ്റിയുടെ ഭാഗമാണങ്കിലും പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. 1953 ൽ സ്ഥാപിതമായി. ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിച്ചു വരുന്നു. ധാരാളം പുസ്തക ശേഖരമുള്ള ഒരു സാംസ്ക്കാരിക കേന്ദ്രമാണ് ഇത്.

ലൈബ്രേറിയൻ: എം.ആർ അനിൽകുമാർ (8078144775)

ഏവൂർ ദേശബന്ധു വായനശാല ആന്‍റ് ഗ്രന്ഥശാല, ദേശസേവിനി ഗ്രന്ഥശാല കാക്കനാട്, സി.ജി.ഗോപിനാഥ് സ്മാരക ഗ്രന്ഥശാല എരുവ കിഴക്ക് എന്നീ കേന്ദ്രങ്ങളേയും നമ്മുടെ നാട്ടിലെ പുസ്തക സ്നേഹികൾ ആശ്രയിക്കാറുണ്ട്

വീടുകളിലും ലൈബ്രറി

കുമാരനാശാൻ സ്മാരക സമിതി വൈസ് ചെയർമാനും കഥാകാരനുമായ രാമപുരം ചന്ദ്രബാബു, എഴുത്തുകാരനും  റേഡിയോ പ്രഭാഷകനുമായ പത്തിയൂര്‍ ശ്രീകുമാര്‍, ഹരികുമാർ ഇളയിടത്ത്, എഴുത്തുകാരനായ പത്തിയൂർ വിശ്വൻ, എന്നിങ്ങനെ വീട്ടിൽ തന്നെ ലൈബ്രറി സജജമാക്കിയിരിക്കുന്ന ധാരാളം വ്യക്തികൾ നമ്മുടെ പഞ്ചായത്തിൽ ഉണ്ട്. 








 

Comments

Popular Posts