വാതില്‍ വിശേഷം
കേരളത്തിന്‍റെ തനതു ശൈലിയെന്നും വാസ്തുവെന്നും പറഞ്ഞു വിസ്തരിക്കാന്‍ വരട്ടെ.! രണ്ടു പാളികളുള്ള ഈ വാതില്‍ കാണുമ്പോള്‍ കേരളത്തിലെ ഏതെങ്കിലും തറവാടിനെ ഓര്‍മ്മവരുന്നുണ്ടോ, നിങ്ങള്‍ക്ക്.?
ചിത്രങ്ങളില്‍ കാണുന്നത് ഇറാനിലെ പുരാതന വീടുകളിൽ കണ്ടുവരുന്ന പ്രധാന വാതില്‍ ആണ്. കണ്ടാൽ ഇന്ത്യൻ എന്നേ തോന്നൂ അല്ലേ? പൗരസ്ത്യ ദേശങ്ങളിലെ കലയ്ക്കും വാസ്തു വിദ്യയ്ക്കും സംസ്കാരത്തിനും ജീവിത ദർശനങ്ങൾക്കും ഇത്തരത്തിൽ ആഴത്തിലുള്ള സാദൃശ്യങ്ങൾ കാണാൻ കഴിയും.
പണ്ടത്തെ നമ്മുടെയൊക്കെ
വീടുകളിലുണ്ടായിരുന്ന പോലത്തെ കനമുള്ള രണ്ടുപൊളി വാതിലാണ് ഇതും. ഇടതു-വലതു വശങ്ങളിലായി ലോഹരൂപത്തിൽ രണ്ടു വ്യത്യസ്ത ചിഹ്നങ്ങളും കാണുന്നില്ലേ? പുറത്ത് ആണുങ്ങളാണ് വന്നിട്ടുള്ളതെങ്കിൽ ആദ്യത്തേത് (ലിംഗ രൂപിയായത് ) തട്ടണം. പെണ്ണാണെങ്കിൽ രണ്ടാമത്തേത്. രണ്ടിനും ഒച്ചയിൽ വ്യത്യാസമുണ്ട്. ആദ്യത്തേതിന് പരുക്കനാണെങ്കിൽ രണ്ടാമത്തേത് മൃദുവാണ്. വാതിൽ തുറക്കാതെ തന്നെ പുറത്താരാണ് വന്നിരിക്കുന്നത് എന്നറിയാം. നമ്മുടെ നാട്ടിൽ കുട്ടികൾക്കുള്ള അരഞ്ഞാങ്ങളിലാണ് ഈ വ്യത്യാസം പ്രകടമായി കാണാനാവുന്നത്. ആൺകുട്ടികൾക്ക് അരഞ്ഞാണത്തില്‍
ചുക്കുമണിയുടെ ആകൃതിയുടെ ഞാത്താണെങ്കിൽ പെൺകുട്ടികൾക്ക് ആലിലയുടെ. നമ്മുടെ പാരമ്പര്യവും സംസ്കാരവുമൊക്കെ എത്രമാത്രം ജൻഡർ കോൺഷ്യസ് ആയിരുന്നു എന്നാലോചിക്കുമ്പോൾ ഒരു ചിഹ്നങ്ങളിലേയ്ക്കും ഉരുവപ്പെടാതെ, ഒരു വെളിച്ചത്തിലേയ്ക്കും പ്രത്യക്ഷപ്പെടാതെ മണ്മറഞ്ഞു പോയ അനേക ജന്മങ്ങളെയോർത്ത് നിങ്ങൾക്കും ദുഃഖം തോന്നുന്നില്ലേ?
Comments
Post a Comment