തിയ്യ വിവാഹം
ഉത്തര കേരളത്തിലെ തീയ്യരുടെ വിവാഹ ചടങ്ങ്
മലബാറിലെ തീയർ വിവാഹങ്ങൾ 'മംഗലം' എന്ന പേരില് ആണ് അറിയപ്പെടുക, 'മംഗല്യം' എന്ന വാക്ക് ആവണം 'മംഗലം' ആയി വാമൊഴിക്കു വഴങ്ങി മാറിയത്.
മലബാറിലെ മറ്റു സമുദായങ്ങളുടെ വിവാഹത്തെ അപേക്ഷിച്ച് ദൈർഘ്യമേറിയതാണ് പഴയകാല തീയർ വിവാഹച്ചടങ്ങുകള്‍.
വിവാഹനിശ്ചയം എന്ന ഒരു പ്രത്യേത ചടങ്ങ് ഈ സമുദായത്തിനുണ്ട്. രണ്ടു ബന്ധുക്കളും തണ്ടാനും (എംബ്രോൻ അഥവാ സമുദായ പുരോഹിതൻ) വരന്റെ ഭാഗത്തു നിന്ന് വധു ഗ്രഹത്തിൽ എത്തുന്നു. ആദ്യം അവർ നാലു പണം വധുവിന്റെ ആൾക്കാരുടെ മുമ്പിൽ വെക്കുന്നു. തങ്ങൾ കഴിച്ച ആഹാരത്തിന്റെ വിലയാണിതെന്ന സങ്കൽപത്തിൽ. അത് കഴിഞ്ഞ് പണമായി അഞ്ചര രൂപയും ഒരു ജോഡി പുതുവസ്ത്രവും അടയാളം കൊടുക്കുന്നു. 'വിവാഹബന്ധത്തിന് പരസ്പരം സമ്മതിച്ചിരിക്കുന്നു' എന്നതിന്റെ അംഗീകാരമായി. നിശ്ചയച്ചടങ്ങിന്റെ സമാപനമായി വരന്റെ ഭാഗത്തു നിന്നു വന്ന തണ്ടാൻ വധുവിന്റെ തണ്ടാന് 2 വെത്തില കൊടുത്തുകൊണ്ട് ഞങ്ങൾ ഇത്ര ആളുകൾ ഇന്ന തീയതിക്കും സമയത്തിനും കല്യാണം നടത്താൻ എത്തിച്ചേരുമെന്ന് പറയുന്നു. അതിനു മറുപടിയായി വധുവിന്റെ തണ്ടാൻ പറയും 'കരാർ അനുസരിച്ച് പത്തര രൂപയും മൂന്ന് ജോഡി പുതുവസ്ത്രങ്ങളും മച്ചുനിയൻ കാശായി 2 പണവും നിങ്ങൾ കൊണ്ടു വന്നാൽ ഞങ്ങളുടെ പെണ്ണിനെ നിങ്ങൾക്ക് തരും'.
വിവാഹ ദിവസത്തിന് മുമ്പായി വരൻ സ്ത്രീകളായ അഞ്ചു ബന്ധു ജനങ്ങളുമായി അടുത്ത വീടുകൾ സന്ദർശിക്കുന്നു. അത് വീട്ടുകാരെ വിവാഹത്തിന് ക്ഷണിച്ചതിന്റെ തെളിവായി കണക്കാക്കാം.
വിവാഹ ദിവസം ബന്ധുമിത്രാദികളോടൊത്ത് അനുകൂലമായ ശകുനം നോക്കി വരൻ സ്വന്തം വീട്ടിൽ നിന്ന് വധൂഗൃഹത്തിലേക്ക് പുറപ്പെടുന്നു. പുരുഷന്മാരായ ബന്ധുമിത്രാദികൾ വാളും പരിചയുമെല്ലാം ശേഖരിച്ച് സ്വന്തം അധീനതയിൽ വെക്കുന്നു. വരനും കൂട്ടുകാരും ഒന്നിച്ചിരിക്കുന്നു. ബന്ധുജനങ്ങൾ അവരുടെ തലയിൽ അരി വാരി വിതറി അനുഗ്രഹിക്കുന്നു. വരന്റെ സഹോദരി വധുവിനെ പന്തലിലേക്ക് ആനയിച്ച് വരന്റെ പിറകിലാക്കി ഇരുത്തുന്നു. സ്ത്രീകൾ വധുവിന്റെ പിറകിൽ കൂട്ടം കൂടി നിൽക്കുന്നു. വധുവിന്റെ അമ്മ തോളത്ത് ചുവന്ന വസ്ത്രം ഇട്ടിരിക്കും. താലി കെട്ടാനുള്ള മുഹൂർത്തമാണെന്ന് തണ്ടാൻ അറിയിക്കുമ്പോൾ വരൻ ആ കർമം നിർവഹിക്കുന്നു. ഇത് കഴിഞ്ഞാൽ വരന്റെ സഹോദരി 'പെൺപണം' കൊടുക്കാൻ സഭാകളുടെവാസികളുടെ അനുവാദം തേടുന്നു. അനുവാദം കിട്ടിയാൽ പെൺ പണമായ പത്തര രൂപയും മൂന്ന് ജോഡി പുടവയും ഏറ്റു വാങ്ങുന്നു.
ഇത് കഴിഞ്ഞാൽ വരനും 2 ചങ്ങാതിമാർക്കും ഭക്ഷണം വിളമ്പുന്നു. ആഹാരം കഴിച്ചെന്ന് അവർ വരുത്തുന്നു. ഈ ചടങ്ങിന് ശേഷം വധുവും വരനും പാർട്ടിയും എഴുന്നേറ്റ് സ്വഗൃഹത്തിലേക്ക് യാത്രയാവുന്നു. വഴിയിൽ ഉടനീളം വധുവിനെ വരന്റെ സഹോദരി ചേർത്തു പിടിക്കണം.
വരനും സംഘവും വാൾ, പരിച തുടങ്ങിയ ആയുധങ്ങൾ ഏന്തുന്നത് തങ്ങളുടെ ആയോധന പാരമ്പര്യം പ്രദർശിപ്പിക്കാനും, വധുവിന്റെ സംരക്ഷണം ഏറ്റെടുത്തതിന്റെ സൂചന ആയും, ദുഷ്ടശക്തികളെ അകറ്റാനും എന്നൊക്കെയാണ് വിശ്വാസം.
നാല് ദിവസം നീണ്ടുനിൽക്കുന്ന തീയരുടെ 'മംഗല' ചടങ്ങുകളുടെ ഭാഗമായി തോക്ക് ഉപയോഗിച്ച് ഗംഭീരമായ വേട്ടയാടലും, 'മംഗല പാട്ട്' പോലുള്ള കലാപരിപാടികളും അടുത്ത കാലം മുൻപ് ഉണ്ടായിരുന്നു.
ബ്രാഹ്മണ സ്വാധീനം ഇല്ലാത്ത പഴയ കാല മംഗലം ഇന്ന് അന്യം നിന്ന് പോയി, തീയ്യരുടെ വിവാഹ ചടങ്ങുകൾ പൂർണമായും ബ്രാഹ്മണ രീതികളിലേക്ക് മാറ്റപ്പെട്ടു.
Ref: മലബാർ മാന്വൽ



Comments
Post a Comment