ചക്കിയുടെ കഥ: കരപ്പുറത്തിന്‍റെയും


ചക്കിയുടെ കഥ: കരപ്പുറത്തിൻ്റെയും' പഴയ മട്ടിലുള്ള ഒരു ഖണ്ഡകാവ്യമാണ്.  സുനീന്ദ്രകുമാറാണ് കവി. സുനീന്ദ്രകുമാര്‍ എന്നത് തൂലികാ നാമമാണ്. കവിയുടെ യഥാര്‍ത്ഥ പേര് സി. കെ. വേലപ്പന്‍ എന്നാണ്. 2005-ലാണ് ഈ കാവ്യം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്.

'മുലച്ചുപറമ്പിലെ പെണ്ണ്' എന്ന പേരിലാണ് അദ്ദേഹം ആദ്യം ഈ വിഷയം  കവിതയാക്കുന്നത്. താന്‍ കേട്ടറിഞ്ഞതും സത്യമെന്നു വിചാരിക്കുന്നതുമായ സംഭവമാണ് കവിതയുടെ ഉള്ളടക്കമെന്ന് അദ്ദേഹം പറയുന്നു. 1800 കാലത്ത് മുലക്കരം ചോദിച്ചെത്തിയ നികുതിപിരിവ് അധികാരിക്ക് തൻ്റെ മുലതന്നെ അരിഞ്ഞു നാക്കിലയില്‍
സമര്‍പ്പിച്ച ചേർത്തലയിലെ ചക്കിയെന്ന സ്ത്രീരത്നത്തിന്‍റെ കഥയാണ് ഇതിലൂടെ കവി പറയാന്‍ ശ്രമിക്കുന്നത്. മുലച്ചുപ്പറമ്പിലെ പെണ്ണ് എന്ന ആ കവിത അദ്ദേഹത്തിന് കുറെ വിരോധികളെ സമ്പാദിച്ചു കൊടുത്തു എന്ന് ഈ ഖണ്ഡകാവ്യകൃതിയുടെ ആമുഖത്തില്‍ കവി വ്യക്തമാക്കുന്നു. എന്നല്ല, തന്നെ ഒരു വര്‍ഗ്ഗീയവാദിയായിപ്പോലും പലരും വിചാരിച്ചുവെന്നും കവി ഖിന്നതയോടെ പറയുന്നു.

കവിത പിന്നീട് വിപുലീകരിച്ച് ഖണ്ഡകാവ്യമാക്കിയെഴുതാൻ തൻ്റെ ഗുരുതുല്യനും സ്നേഹിതനും ചരിത്രകാരനുമായ എം. ഇ. ആർതർ ആണ് പ്രേരിപ്പിച്ചതെന്നു അദ്ദേഹം ആമുഖത്തിൽ പറയുന്നു. മാത്രമല്ല, ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നതും എം. ഇ. ആർതർക്കുതന്നെയാണ്.

പുസ്തകത്തിന് അവതാരിക എഴുതിയത് സാഹിത്യ നിരൂപകനും കാലടി സര്‍വ്വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രത്തില്‍  അധ്യാപകനുമായിരുന്ന ഡോ. ഷാജി ഷൺമുഖമാണ്. 'ഒറ്റക്കിളിയുടെ പേര്' എന്ന തലക്കെട്ടോടെ കവിയുടെയും കൃതിയുടെയും പരിചയപ്പെടുത്തല്‍ അദ്ദേഹം നിര്‍വ്വഹിച്ചിരിക്കുന്നു. അദ്ദേഹം സുനീന്ദ്രകുമാറിനെ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയം. അവതാരികകാരന്‍ എഴുതുന്നു: 'ഒരു ഒറ്റക്കിളിയെപ്പോലെ അൽപ്പം കൂനി ഒന്നു തല വെട്ടിച്ച് നേരെ നോക്കി കുലുങ്ങിച്ചിരിച്ച് അങ്ങനെയങ്ങനെ. പേരിൽ കാണുന്ന ലാളിത്യമുണ്ട്. ഒരു പതിറ്റാണ്ടിനു മുൻപുള്ള മലയാള കവിതയുടെ പാരമ്പര്യത്തിൽപ്പെട്ട ഒട്ടേറെ കവികളെയും കവിതകളെയും ഓർമയുടെ ഓരത്ത് നിരത്തുന്നു. ആശാനെയും വള്ളത്തോളിനെയും ചങ്ങമ്പുഴയേയും തൻ്റെതായ രീതിയിൽ പരിചയപ്പെടുത്തും'.

ചേർത്തല ' എസ്.എൻ കോളജിൽ പ്രസിദ്ധ സാഹിത്യ നിരൂപകൻ പ്രൊഫ. കെ. പി. അപ്പൻ സാറിൻ്റെ പ്രിയ ശിഷ്യൻ സി. കെ. വേലപ്പനാണ് കവി സുനീന്ദ്രകുമാർ. കവിയുടെ തൂലികാനാമമാണ് സുനീന്ദ്രകുമാർ.

'ചക്കിയുടെ കഥ' എന്ന കാവ്യത്തെ കൂടാതെ ഒരാഴിയുടെ കഥ, സ്വപ്നാടനം, വികാസം, അങ്കുരം, ചിരംജീവികൾ, അസിത, എൻ്റെ സഖി, ഒറ്റയാൻ, സിംഹാസനം, ശ്രീരാഗം, രുദിതാനുസാരി തുടങ്ങിയവയും അദ്ദേഹത്തിന്‍റെ രചനകളില്‍പ്പെടുന്നു. 

1939-ലാണ് വേലപ്പന്‍റെ ജനനം. വയലാർ സമരനായകൻ ആയിരുന്ന, വയലാർ സ്റ്റാലിൻ എന്ന പേരില്‍ കേള്‍വിപ്പെട്ട സി. കെ. കുമാരപ്പണിക്കരാണ് കവി സി. കെ. വേലപ്പന്‍റെ പിതാവ്. വെള്ളാനപ്പിള്ളിൽ അമ്മുക്കുട്ടിയമ്മയായിരുന്നു അദ്ദേഹത്തിന്‍റെ അമ്മ. എം. പി. യായും എം. എൽ. എ. യും സിപിഐ. സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന സി. കെ. ചന്ദ്രപ്പന്‍ സഹിദരനാണ്. എന്നാല്‍ ഈ ബന്ധങ്ങൾ പറയാനോ അതുവഴി എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കാനോ കവി ഒരിക്കലും തയ്യാറുമായിരുന്നില്ല.
ഭാര്യ ആനന്ദവല്ലിയമ്മ, മകന്‍ വിഷ്ണു, മകള്‍ ഗായത്രി എന്നിവരടങ്ങിയതാണ് കവിയുടെ കുടുംബം.

വയലാറിലുള്ള ചരിത്രമുറങ്ങുന്ന വീട്ടിൽ എഴുത്തും വായനയുമായി വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹമിപ്പോള്‍. വയലാര്‍ സമരത്തെ കാര്‍ക്കശ്യത്തോടെ നേരിട്ട സർ സി. പി. രാമസ്വാമി അയ്യർ വയലാര്‍ സ്റ്റാലിനെന്നറിയപ്പെട്ട സി. കെ. കുമാരപ്പണിക്കരുടെ വീട് പകവീട്ടലിന്‍റെ ഭാഗമായി പൊളിച്ചു തകര്‍ത്തിരുന്നു. പില്ക്കാലത്ത് പുനർനിർമിച്ച അതേ വീട്ടിലാണ് കവിയുടെ താമസം.







 

Comments