ശ്രീനാരായണഗുരുവും സഹോദര സമ്മേളനവും
ഇന്ന് ഇടവം രണ്ട്.
ഇതുപോലൊരു ഇടവം രണ്ടിനായിരുന്നു ശ്രീനാരായണ ഗുരുവിന്‍റെ ഈ സന്ദേശം പിറന്നത്. അന്നായിരുന്നു ആലുവയില്‍വെച്ച് സമസ്തകേരള സഹോദര സമ്മേളനം നടന്നത്. ആ സന്ദര്‍ഭത്തില്‍ സ്വാമികള്‍ നല്‍കിയ സന്ദേശം ഇങ്ങനെയായിരുന്നു:
'മനുഷ്യരുടെ വേഷം ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല'
1096-ല്‍ (1921) ആയിരുന്നു അത്. ആ മഹാ സന്ദേശത്തിന് ഇന്ന് നൂറ്റാണ്ടു തികയുന്നു.
മതത്തെക്കുറിച്ച് പ്രത്യേക സൂചനകള്‍ ഇല്ലെങ്കിലും ഈ സന്ദേശം ജാതി- മതാന്തര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തീര്‍ച്ചയാണ്. വിശാലമായ അര്‍ത്ഥത്തില്‍, മാനുഷികതയെ തിരിച്ചുപിടിക്കാനാണ് ഗുരു ഉപദേശിക്കുന്നത്. എന്നാല്‍ വിവാഹത്തിനുവേണ്ടി മതം അഥവാ ജാതി മാറണമെന്ന, മാറാമെന്ന, ആശയം ഇതില്‍ ഗുരു കല്പിക്കുന്നതായി തോന്നുന്നില്ല. പരസ്പരം പ്രത്യേകം കള്ളികളില്‍ കുടുങ്ങിപ്പോയ ജീവിതങ്ങളെ കൂട്ടിക്കെട്ടി ഒന്നാക്കിനിര്‍ത്താനുള്ള ഒരഭിവാഞ്ജ ഇതില്‍ക്കാണാം. നൂറുവര്‍ഷം മുമ്പ്, അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അനിവാര്യമായ ഒരാഹ്വാനമാണിത്. വിശേഷിച്ചും നവോത്ഥാനചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഉയിര്‍കൊണ്ട ഒരു ചിന്ത. അന്നതിന് വലിയ സാമൂഹിക മാനങ്ങളുണ്ടായിരുന്നു. ഇന്ന് നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം നാം, നമ്മുടെ സമൂഹം, എവിടെയെത്തിയെന്ന് മനസിലാക്കാന്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉപകരിക്കും.
പൊലിസ് റിപ്പോര്‍ട്ട്
ഈ സന്ദേശത്തിന്‍റെ ചരിത്രപരവും രാഷ്ട്രീയവുമായ ഉള്ളടക്കത്തെയും പ്രാധാന്യത്തെയും വ്യക്തമാക്കുന്നതാണ് അതുസംബന്ധിച്ച പൊലിസ് രേഖകള്‍. സമ്മേളനത്തെക്കുറിച്ച് ജില്ലാ പൊലിസ് അധികാരി തിരുവനന്തപുരത്തേക്ക് അയച്ച റിപ്പോര്‍ട്ടില്‍ നിന്നും:
'യോഗത്തില്‍ ശ്രീനാരായണ ഗുരു പ്രാധാന്യമേറിയ ഒരു പുതിയ സന്ദേശം വിളംബരം ചെയ്തു. ഈ പുതിയ തത്ത്വസംഹിത ഹിന്ദു സാമൂഹ്യക്രമത്തിന്‍റെ അടിസ്ഥാന തത്ത്വസംഹിതകള്‍ക്ക് എതിരായിട്ടുള്ളതാണ്. ഹിന്ദു സാമൂഹിക സമ്പ്രദായത്തെ നശിപ്പിക്കാന്‍ വമ്പിച്ച ഒരു സംഘടിത ആക്രമണത്തിനോ പോരാട്ടത്തിനോ ഈഴവര്‍ ഒരുമ്പെടുന്നു എന്നുള്ളതാണ് ഈ പ്രഖ്യാപനത്തിനുള്ള ഗൗരവാഹവമായ കാര്യം. ജാതി ഹിന്ദുക്കളില്‍പ്പെട്ട സ്ത്രീകളെ വിവാഹം ചെയ്യാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നു ചിന്തിക്കാന്‍ ഈ തത്ത്വസംഹിത അജ്ഞരായ ഈഴവരെ പഠിപ്പിക്കും. എന്നാല്‍ ജാതി ഹിന്ദുക്കള്‍ മേല്‍പ്രകാരം ചെയ്യുന്നതിനെ കുറ്റകരമായി കരുതി തടയും. മേല്‍ജാതിയില്‍പ്പെട്ട ആളുകളുമായി കൂടിക്കലരുക എന്നുള്ളതാണ് സത്യത്തില്‍ ക്ഷേത്രപ്രവേശന പ്രക്ഷോഭണത്തിന്‍റെ കാതലായ ലക്ഷ്യം. ഈഴവ പ്രക്ഷോഭണം വളരെ ഗുരുതരമായ അസ്വാസ്ഥ്യങ്ങള്‍ക്ക് ഇടവരുത്തും. പ്രക്ഷോഭണം തുടരാന്‍ ഇടവരുന്നപക്ഷം അത് മുന്‍കൂട്ടി തടയുന്നതിന് ശക്തമായ പൊലിസ് സേനയെ നിയമിക്കേണ്ടിവരും.'
Comments
Post a Comment