ഗുരുവിന്‍റെ ജീവചരിത്രങ്ങളും ഈഴവ ശിവനും

ശ്രീനാരായണഗുരുവിന്‍റെ ആദ്യത്തെ മൂന്നു ജീവചരിത്രങ്ങൾ മാത്രം നമുക്ക് നോക്കാം:

'ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങൾ' എന്ന്, സ്വാമിയെപ്പറ്റിയുള്ള സംബോധന, ആദ്യ ജീവചരിത്രകാരനായ മഹാകവി കുമാരനാശാനും, ആദ്യ ജീവചരിത്ര ഗ്രന്ഥകാരനായ (പുസ്തക രൂപത്തിൽ ആദ്യത്തേത്; സ്വാമി സശ്ശരീരനായിരുന്നപ്പോൾ പ്രകാശിപ്പിക്കപ്പെട്ട പുസ്തക രൂപത്തിലുള്ള ഒരേയൊരു ജീവചരിത്രം - സ്വാമിയുടെ കരസ്പർശമേറ്റതും സ്വാമിയുടെ അനുവാദത്തോടു കൂടി പ്രകാശിപ്പിക്കപ്പെട്ടതുമായ ആധികാരിക ജീവചരിത്രം) പത്രാധിപർ ടി. കെ. നാരായണനും പ്രയോഗിച്ചു കാണുന്നു. 

ആ സംബോധനയിലെ, വ്യാകരണവും അർത്ഥതലവും, ഗുരുത്വവും ലഘുത്വവുമൊക്കെ പിടിച്ചുകൊണ്ട്, കുറച്ചു പേർ സ്വാമിയുടെ മഹാസമാധിക്കുശേഷം, (അതിനു മുമ്പ് ആരും ഒരു തർക്കത്തിനും വിവാദത്തിനും മുതിർന്നിട്ടില്ല) അനാവശ്യമായ അധര വ്യായാമം നടത്തുന്നുണ്ട്.

1. 'ബ്രഹ്മശ്രീ നാരായണഗുരുവിൻ്റെ ജീവചരിത്രസംഗ്രഹം' - മഹാകവി എൻ. കുമാരൻ ആശാൻ - 1915 ഏപ്രിൽ മുതൽ 1916 സെപ്തംപർ ലക്കം വരെ വിവേകോദയം മാസികയിൽ, ഖണ്ഡശ: യായി. പുസ്തക രൂപത്തിൽ 1979-ൽ മാത്രം.

2. 'ഓം ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി  തൃപ്പാദങ്ങളുടെ ജീവചരിത്ര സംഗ്രഹം' - പത്രാധിപർ ടി. കെ. നാരായണൻ. 1097 ധനു 10/ 1921 ഡിസംബർ 24. രണ്ടാം പതിപ്പ് - 1926 ഓഗസ്റ്റ് 9. മൂന്നാം പതിപ്പ് 2019 ജനുവരി.

3. 'നാരായണ ഗുരുസ്വാമി - ജീവചരിത്രം' - മയ്യനാട് കെ. ദാമോദരൻ ബി. എ . 1929 ജനവരി /11 04 ME (സി. വി. കുഞ്ഞുരാമൻ്റെ മൂത്ത മകൻ).

പ്രാമാണികമായ, ആധികാരിക വിവരങ്ങളുടെ ആകരമായ ഈ മൂന്ന് ജീവചരിത്രങ്ങളിലും 'ഈഴവശിവനും' ഇല്ല; 'നമ്മുടെ ശിവനും' ഇല്ല.     

1903 (1078 ധനു 23) നു മുമ്പു തന്നെ സ്വാമിക്കെതിരായി പ്രശ്നം വെച്ചു കൊണ്ടു നടന്ന കുനിഷ്ഠു ബുദ്ധിക്കാരനായ ഒരു കൂനൻ ചിലന്തിയുടെ പ്രയോഗങ്ങളാണിവയൊക്കെ. 

എസ്സ്എന്‍ഡിപി യോഗത്തിൻ്റെ ആദ്യത്തെ മുഖപ്പത്രമായ 'വിവേകോദയ'ത്തിൻ്റെ ആദ്യ ലക്കത്തിലെ (1904) ഒരു റിപ്പോർട്ടു നോക്കുക: 

"..1062 കുംഭത്തിൽ ശിവരാത്രി മുഹൂർത്തം അവസാനിച്ചതോടു കൂടി, ശിവലിംഗാ കൃതിയിൽ ആറ്റിൽ നിന്നു കിട്ടിയ ഒരു ശിലയെ, " ഈഴവ സമുദായത്തിൻ്റെ ദൈവീകമായ പരിഷ്കാര സൗധത്തിൻ്റെ അടിസ്ഥാനക്കല്ലോ എന്നു തോന്നുംവണ്ണം ആറ്റിൻ്റെ കിഴക്കേക്കരയിലുള്ള ഒരു പാറയെ പീഠമായി സങ്കല്പിച്ച്, അതിന്മേൽ പ്രതിഷ്ഠിച്ചു... "

••

ഗുരുവിന്‍റെ 58-ാം പിറന്നാള്‍ 1914 ലാണ് നടക്കുന്നത്. ചെമ്പഴന്തിയിലാണ് അത് നടന്നതെന്ന് മഹേശ്വരന്‍ നായര്‍ ഉറപ്പിക്കുന്നു. എന്നാല്‍, അതിനും കൃത്യം രണ്ടുവര്‍ഷം മുമ്പ്, 1912ല്‍, ശിവഗിരിയില്‍ ശ്രീനാരായണ ഗുരുവിന്‍റെ സാന്നിധ്യത്തില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച്  അയ്യാക്കുട്ടി ജഡ്ജി എന്നമാന്യദേഹം എഴുതി വായിച്ചു കേള്‍പ്പിച്ചതായി രേഖയുണ്ട്.

അയ്യാക്കുട്ടി ജഡ്ജിയും മഹാകവി കുമാരനാശാനും ഗുരു ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം എഴുതിയിട്ടുള്ളതായി മൂര്‍ക്കോത്ത് കുമാരന്‍ എഴുതിയത് ഡോ. കെ സുഗതന്‍ ചൂണ്ടിക്കാട്ടുന്നു. 'ഈ രണ്ടു മാന്യന്മാരും നാരായണഗുരുസ്വാമിയെ അടുത്തു പരിചയിച്ചവരും സാധാരണ ജനങ്ങള്‍ക്കുള്ള അന്ധവിശ്വാസങ്ങള്‍ ബാധിക്കാത്ത വിദ്വാന്മാരും പരിഷ്കാരികളും അത്രേ' എന്നാണ് മൂര്‍ക്കോത്ത് ഉറപ്പിക്കുന്നത്. ശ്രീ. അയ്യാക്കുട്ടി മുന്‍സിഫായിരുന്ന കാലത്ത് (1912ല്‍) ഗുരു സന്നിഹതനായിരുന്ന ഒരു യോഗത്തില്‍ ഗുരുവിന്‍റെ ജീവചരിത്രം എഴുതി വായിച്ചു. ഗുരുവില്‍ നിന്നും മറ്റുള്ളവരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതി തയ്യാറാക്കിയത് എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഗുരു ജനിച്ചത് 1856ല്‍ ആണെന്നും ചട്ടമ്പിസ്വാമികള്‍ ഗുരുവിന്‍റെ സുഹൃത്താണെന്നും അയ്യാക്കുട്ടി എടുത്തു പറഞ്ഞിരുന്നു. 1915ല്‍ ആണ് കുമാരനാശാന്‍ ഗുരുവിന്‍റെ ജീവചരിത്രം എഴുതുന്നത്'(ഡോ. സുഗതന്‍, ഗുരുവിന്‍റെ ചരിത്രം, 2007, പുറം79). ഇതില്‍ നിന്നും ഗോപാലപിള്ള എഴുതിയതാണ് ആശാന്‍റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതെന്നു വന്നാലും, ഗോപാലപിള്ളയല്ല, ആദ്യ ജീവചരിത്രം എഴുതി വായിച്ചതെന്ന് വ്യക്തമാവുന്നു.

മഹേശ്വരന്‍ നായര്‍ പറയുന്നത് ഗോപാലപിള്ള ഗുരുവിന്‍റെ 58-ാം പിറന്നാളിലാണ് ജീവചരിത്രം എഴുതി വായിച്ചത് എന്നാണ്. അതു വാസ്തവം ആണെങ്കില്‍ത്തന്നെ ആരീതിയില്‍ ജീവചരിത്രാഖ്യാനം നടത്തുന്ന രണ്ടാമനേ ആകുന്നുള്ളൂ അദ്ദേഹം. പക്ഷേ, ആ നിലയ്ക്കായാലും ഗുരുവിന്‍റെ ജീവിതവുമായി അനുബന്ധിച്ച് ഗോപാലപിള്ള  സ്മരിക്കപ്പടാതിരിക്കുന്നത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്.

••

യാഥാസ്ഥിതികര്‍ക്ക് ഇന്നും ശ്രീനാരായണഗുരുവിന്‍റെ മഹത്വത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായിട്ടില്ല എന്നത് പരമാര്‍ത്ഥമാണ്. അതിനാല്‍ അവര്‍ ശ്രീനാരായണഗുരുവിന്‍റെ മഹത്ത്വത്തിന് ഒരു നിദാനം നിര്‍ണ്ണയിക്കാന്‍ സദാ ഉത്സുകരാവുന്നു. ചട്ടമ്പിസ്വാമികള്‍ ഗുരുവിന്‍റെ ഗുരുവാണെന്നുള്ള സമര്‍ത്ഥനങ്ങളുടെ വരവും വഴിയും അഥവാ കാതല്‍ അതാണ്. പക്ഷേ, ഈഴവരിലെ 'സവര്‍ണ്ണവിരോധികള്‍' അതൊട്ടും വകവെച്ചു കൊടുക്കാനും തയ്യാറല്ല. രണ്ടു കൂട്ടര്‍ക്കും ഗുരുവിന്‍റെയോ ചട്ടമ്പിസ്വാമികളുടെയോ 'പരസ്പരബഹുമാനാര്‍ജ്ജവ'ങ്ങളോടെയുള്ള ജീവിതം മാതൃകയല്ല. പകരം, ഗുരത്വവാദത്തില്‍ മുഴുകി അവര്‍ രണ്ടു കൂട്ടരും വിലപ്പെട്ട സമയം വൃഥാ ചെലവഴിക്കുന്നു.

ഇതില്‍ ആദ്യകൂട്ടര്‍ക്ക്, ചട്ടമ്പിസ്വാമികളെ ഗുരുവിനേക്കാള്‍ മഹത്വമുള്ള വ്യക്തിപ്രഭാവമാക്കി ചരിത്രത്തില്‍ പ്രതിഷ്ഠിക്കണമെന്നുണ്ട്. അതിനവര്‍ പലേകരുക്കളും ചരിത്രത്തില്‍ ഒരുക്കി വെക്കുന്നുണ്ടെന്ന് രണ്ടാമത്തെ കക്ഷികള്‍ ആരോപിക്കുന്നു. 1974 ഏപ്രിലില്‍ കെ. മഹേശ്വരന്‍നായര്‍ (രാമലക്ഷ്മി വിലാസം, കരുപ്പൂര്‍ മലയിങ്കല്‍) എഴുതി തിരുവനന്തപുരം Press Printwel- അച്ചുകൂടത്തില്‍ അടിച്ച് സ്വന്തമായി പ്രസിദ്ധീകരിച്ച 'ശ്രീനാരായണന്‍റെ ഗുരു' അത്തരം പരിശ്രമങ്ങളില്‍പ്പെടുന്ന രചനയായാണ് അവര്‍ വിലയിരുത്തുന്നത്. അറിയപ്പെടുന്ന ഒരെഴുത്തുകാരനായിരുന്നില്ല ഗ്രന്ഥകാരനായ കെ. മഹേശ്വരന്‍ നായര്‍.

ജീവിച്ചിരുന്നപ്പോള്‍ ചട്ടമ്പി സ്വാമികളെ ഉള്‍ക്കൊള്ളാനോ ആദരിക്കാനോ തയ്യാറാകാതിരുന്നതിന്‍റെ കുറ്റബോധം അവരോധക്കമ്മിറ്റിയിലെ യാഥാസ്ഥിതികര്‍ക്കുണ്ടാകണം. അതിനാല്‍, അദ്ദേഹത്തെ കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ ഏറ്റവും മുന്തിയ ആളാക്കി പ്രതിഷ്ഠിക്കാനുള്ള എളുപ്പവഴി ഏറ്റവും ഉയരത്തിലുള്ള ആളിന്‍റെ ശിരസ്സില്‍ കൊണ്ടുവെച്ചാല്‍ മതിയാകും എന്നവര്‍ കരുതുന്നു. മഹേശ്വരന്‍ നായരുടെ 'ശ്രീനാരായണന്‍റെ ഗുരു'വൊക്കെ ജനിക്കുന്നത് ഇത്തരം കുറുക്കുവഴികളുടെ ഇരുള്‍ നിലങ്ങളിലാണ്.

•• 

ബ്രാഹ്മണര്‍ ഗുരുവിന്‍റെ പ്രതിഷ്ഠാ കര്‍മ്മത്തെ ചോദ്യം ചെയ്തുവെന്നും അതിനു മറുപടിയായി ശ്രീനാരായണഗുരു, 'നാം ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ച'തെന്നുമുള്ള ലോകോക്തി വിമര്‍ശനബുദ്ധിയോടെ ആ വിഷയത്തെ സമീപിച്ചവര്‍ അംഗീകരിക്കുന്നില്ല. എന്നാല്‍, ഈ സംഭവം വാസ്തവമാണെന്ന് വിശ്വസിക്കാനുതകുന്ന അനുഭവ പരിസരം ഇന്നും കേരളത്തില്‍ യാഥാര്‍ത്ഥ്യമാകയാല്‍, വിവരണം കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ, ഏതൊരാള്‍ക്കും അങ്ങനെയൊന്ന് നടന്നിരിക്കുമെന്ന് തോന്നുക സ്വാഭാവികമാണ്. കാരണം, ജാതി വിവേചനത്തിന്‍റെ തേര്‍വാഴ്ച അത്രമാത്രം ഭീകരമായിരുന്നു പോയ ശതകങ്ങളില്‍. അതിനാല്‍ത്തന്നെ, ജാതീയമായ വിവേചനമടക്കമുളള തിന്മയോടുള്ള ഫോക്കിന്‍റെ (ജനതയുടെ) തീവ്രമായ പ്രതികരണമെന്നനിലയില്‍, അത് സമൂഹത്തില്‍ വേരുറയ്ക്കുകയും വാമൊഴിയായി പ്രസരിപ്പിക്കപ്പെട്ട് ജനവിജ്ഞാനീയത്തില്‍ ചേക്കേറിയുറയ്ക്കുകയും ചെയ്തു. പിന്നീട്, രാഷ്ട്രീയതാല്പര്യത്തോടെ,  സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കുമിടയില്‍ വൈചിത്ര്യമാര്‍ന്ന വാദങ്ങളുയര്‍ത്തി വൈരാഗ്യത്തിന്‍റെ മതിലുകളുയര്‍ത്തിയവര്‍, ഈ കഥയുടെ പ്രചാരകരായതും സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്ന പ്രതീതി ജനിപ്പിച്ചു. മാത്രമല്ല, മര്‍മ്മഭേദിയായ നര്‍മ്മഭാഷണം ഗുരുവിന്‍റെ ആശയവിനിമയ ശൈലിയുടെ പ്രത്യേകതയെന്ന നിലയില്‍  പ്രസിദ്ധവുമാണ്. അതിനാല്‍, 'ഈഴവശിവനെ'ന്ന കണ്ടകം ഗുരുവിന്‍റെ ഫലിതത്തിലെ സാമൂഹിക / ജാതീയ നിരര്‍ത്ഥകതയെ ധ്വനി ഭംഗിയോടെ ആവിഷ്കരിക്കുന്ന വിമര്‍ശനമായും വീക്ഷിക്കാനും വിലയിരുത്താനും ആളുണ്ടായി. അതിനാല്‍ അത് കേരള സമൂഹം തൊണ്ടതൊടാതെ വിഴുങ്ങാനും ഇടയായി.

Comments