പി. സി. കുറുമ്പ | സ്മരണ

പി. സി. കുറുമ്പ: മനുഷ്യ സ്നേഹത്തിന്‍റെ മറുപേര്..



• ഹരികുമാര്‍ ഇളയിടത്ത് 

ലാത്തികള്‍ക്ക് സന്താനോല്പാദന ശേഷിയുണ്ടായിരുന്നെങ്കില്‍ താന്‍ ലാത്തിക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയേനേയെന്ന  അര്‍ത്ഥത്തില്‍ ഗൗരിയമ്മ ഒരിക്കല്‍ പ്രസംഗിച്ചിട്ടുണ്ട്. സാമൂഹിക നീതിക്കു വേണ്ടിയും  മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും പോരാട്ട മുഖങ്ങളില്‍ സക്രിയരാകാനിടവന്നിട്ടുളള സ്ത്രീകളായ പോരാളികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുളള തീവ്രയാതനകളുടെ ഒരു നേര്‍സാക്ഷ്യം കൂടിയാണ് ഗൗരിയമ്മയുടെ ആ പ്രസ്ഥാവന. ഗൗരിയമ്മയെപ്പോലെയോ ഒരുപക്ഷേ, അതിനേക്കാളധികമോ വേദനയും യാതനയും ജീവിതത്തില്‍  ഏറ്റുവാങ്ങേണ്ടിവന്നവളാണ് പി. സി. കുറുമ്പയെന്ന പുലയസ്ത്രീ. നിര്‍ഭാഗ്യവശാല്‍, മറ്റു പല മഹാരഥന്മാരെയും പോലെ ചരിത്രത്തിന്‍റെ പുറമ്പോക്കിലാണ് കുറുമ്പയ്ക്കും കാലം ഇടംനല്‍കി നീക്കിനിര്‍ത്തിയത്. എന്നാല്‍ ഇന്ന് ആ അമ്മയുടെ ത്യാഗത്തെ കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
                               
കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കർത്താക്കള്‍ക്കിടയിലെ കരുത്തുറ്റ സ്ത്രീ സാന്നിദ്ധ്യമായിരുന്നു പി. സി. കുറുമ്പ. അവര്‍ അതുമാത്രമായിരുന്നില്ല. കുറുമ്പ ഒരേസമയം ഒരു രാഷ്ട്രീയ പ്രവർത്തകയും സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന സമര നായികയുമായിരുന്നുവെന്നാണ് കാലം ഇപ്പോള്‍ തിരിച്ചറിയുന്നത്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ കുറുമ്പക്ക് ഇടം നേടിക്കൊടുത്തത് 
കുട്ടൻകുളം സമരമാണ്. ഇരിഞ്ഞാലക്കുടയിലെ കൂടൽമാണിക്യ ക്ഷേത്രത്തിന് മുന്നിലുള്ള കുട്ടൻകുളത്തിന്റെ മതിലിനപ്പുറത്തേക്ക് താഴ്ന്ന ജാതിക്കാർക്ക് അന്ന് പ്രവേശനമില്ലായിരുന്നു. ഇതിനെതിരെ വിവിധ സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയും
ചേർന്ന് 1946 ജൂലൈ 6 ന് സമരം ആരംഭിച്ചു. കുറുമ്പയുടെ നേതൃത്ത്വത്തിലാണ് ഈ സമരം നടന്നത്. പിന്നീടങ്ങോട്ട് സമരങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ കുറുമ്പയുടെ പേരിലുണ്ട്. 
1948-ലെ പരിയാരം സമരം,
പാലിയം സത്യാഗ്രഹം,
നടവരമ്പ്‌ കർഷകസമരം എന്നിവ അതിൽ ഉൾപ്പെടുന്നു. ജീവിതം സമരോന്മുഖമായപ്പോൾ, അധികാരികളിൽ നിന്നും ക്രൂരമായ പീഡനങ്ങളും അവര്‍ ഏൽക്കേണ്ടി വന്നിട്ടുണ്ട്‌. ഒരിക്കൽ, ലോക്കപ്പിൽ പോലീസുകാരുടെയും സഹതടവുകാരുടെയും മുൻപിൽ പരിപൂർണ്ണ നഗ്നയായി കുറുമ്പയ്ക്ക് നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. 

ജീവിതം

എറണാകുളം ജില്ലയിലെ ഇരിഞ്ഞാലക്കുടയിലുാളള പുല്ലൂര്‍ എന്ന ഗ്രാമത്തില്‍ പുലയ സമുദായത്തില്‍പ്പെട്ട കര്‍ഷകത്തൊഴിലാളികളായ പാറപ്പുറത്തുവീട്ടില്‍ ചാത്തന്റെയും കാളിയുടെയും മകളായി 1911 ൽ  കുറുമ്പ ജനിച്ചു. അന്നത്തെ സാമൂഹിക, സാംസ്‌കാരിക ഇടങ്ങളിൽ കുറുമ്പയ്ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളില്ലായിരുന്നു. എന്നാലും തന്റെയും മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവരുടെയും പാവങ്ങളുടെയും നൊമ്പരങ്ങളും യാതനകളും തൊട്ടറിയാനും മനസ്സിലാക്കാനും വിദ്യാഭ്യാസരാഹിത്യം അവര്‍ക്കൊരു തടസ്സമായില്ല. കടുത്ത സാമൂഹിക ആചാരങ്ങള്‍ക്കു നടുവിലാണ് അവള്‍ വളര്‍ന്നത്. അക്കാലത്തെ പുലയ സമുദായാചാരമനുസരിച്ച് 15-ാമത്തെ  വയസ്സില്‍ കുറുമ്പയെ വീട്ടുകാര്‍ വിവാഹം കഴിച്ചയച്ചു. ചാത്തനെന്നായിരുന്നു വരന്‍റെ പേര്.

ഭർത്താവ് ചാത്തന്റെ വേര്‍പാടിന് ശേഷം, ഉപജീവനത്തിനുവേണ്ടി കശുവണ്ടി ഫാക്ടറി തൊഴിലാളിയായി ജീവിതം തള്ളിനീക്കേണ്ട ഗതികേട് ഈ ധീരപോരാളിയുടെ ജീവിതത്തിലുണ്ടായി. ശിഷ്ടകാലത്തിൽ സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷനും കശുവണ്ടി തൊഴിലാളി പെന്‍ഷനും ഉപയോഗിച്ചായിരുന്നു അവരുടെ ദൈനം ദിന ആവശ്യങ്ങൾ നിറവേറ്റിയത്. 

കൗമാരകാലത്തുതന്നെ സമത്വത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും അടിയുറച്ച ഗാന്ധിയന്‍ ആശയങ്ങളില്‍ കുറുമ്പ ആകൃഷ്ടയായി. തുടര്‍ന്ന് ദേശീയ പ്രക്ഷോഭത്തില്‍ അണിനിരക്കാന്‍ അവര്‍ ധൈര്യം കാട്ടി. അഗാധമായ മനുഷ്യസ്നേഹം സാമൂഹിക രംഗത്ത് ഉറച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് പ്രേരണ നല്‍കി. അതിനോടൊപ്പം, കർഷകസമരങ്ങളിലും അവര്‍ സജീവമായി പങ്കെടുത്തിരുന്നു. വിവാഹ ശേഷം ഭർത്താവ് ചാത്തന്റെ ബന്ധുവായ കെ. കെ. അയ്യപ്പന്റെ സഹായത്തോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തനമാരംഭിച്ചു. 

അയിത്തം, സവര്‍ണ മേധാവിത്വം, വിദ്യാഭ്യാസ നിഷേധം, സ്വതന്ത്ര വസ്ത്രധാരണത്തിനുള്ള അനുമതിയില്ലായ്മ എന്നിവയ്ക്കെതിരെയുള്ള സമരങ്ങളില്‍ കുറുമ്പ എന്നും മുമ്പിലുണ്ടായിരുന്നു. തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിന്റെയും വോട്ടവകാശത്തിന്റെയും ആവശ്യകതയെക്കുറിച്ചും ബോധവല്‍ക്കരിക്കാനും കുറുമ്പ ശ്രമിച്ചു. ശരീരം അനുവദിക്കുന്ന കാലത്തോളം അധ്വാനിച്ചു. 92-ാ‍ം  വയസിൽ 2013 ഏപ്രിൽ 2ന് സമരമുഖങ്ങളിൽ കാരിരുമ്പിന്റെ കരുത്ത്‌ കാട്ടിയ ആ വിപ്ലവകാരി ലോകത്തോട്‌ വിടപറഞ്ഞു.

Comments