ലക്ഷണ ചുവടി | താളിയോല ഗ്രന്ഥം
ഭാവിയുടെ താക്കോല്‍പ്പഴുതുമായി ഒരു ലക്ഷണശാസ്ത്ര ഗ്രന്ഥം
• ഹരികുമാര്‍ ഇളയിടത്ത്
ഈശ്വര വിശ്വാസികള്‍ക്കുമുന്നില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് അറിയാനുതകുന്ന ഒട്ടനവധി മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. അവയൊക്കെ ഇന്നത്തെ രീതിശാസ്ത്രത്തിന്‍റെയും നീതിബോധത്തിന്‍റെയും ആരൂഢത്തിലുറപ്പിച്ചു നോക്കുമ്പോള്‍ അപാകമെന്നു ചിലരെങ്കിലും തീര്‍ച്ചപ്പെടുത്തിയേക്കാം. എന്നാല്‍, അനുഭവങ്ങളെ വിലയിരുത്താനും പരിശോധിക്കാനും യുക്തിയെയോ ശാസ്തത്തെയോ അല്ല സാധാരണക്കാര്‍ ആശ്രയിക്കുന്നത് എന്നതാണ് വാസ്തവം. എങ്കിലും, പോരായ്മകള്‍ പലതുണ്ടെങ്കിലും, ഭാവിയെക്കുറിച്ച് അറിയാനുളള പഴമക്കാരുടെ പരിശ്രമങ്ങളും രീതികളും ഒരുകാലത്ത് നിലവിലിരുന്ന വിജ്ഞാനശാഖയായിരുന്നു എന്ന് ഇന്നു മനസിലാക്കുന്നതാണ് കൂടുതല്‍ യുക്തിസഹം. അക്കാലത്തെ പരിമിതികളും പരിചയങ്ങളും പരിസരങ്ങളുമാണ് അവയെ കരുപ്പിടിപ്പിച്ചത് എന്നതാണ് ശരി. അവ മാറിയകാലത്തെ മനുഷ്യര്‍ക്ക് അത്ഭുതമുണ്ടാക്കുമ്പോഴാണ് നാം പൂര്‍വ്വികവിജ്ഞാനത്തിനു മുന്നില്‍ അറിയാതെ കൂപ്പിപ്പോകുന്നത്.
ലക്ഷണ ചുവടി
പോയകാലത്തിന്‍റെ കൗതുകകരമായ വിജ്ഞാനശേഷിപ്പുകളില്‍ നിന്നാണ് ലക്ഷണചുവടി എന്ന ഫലപ്രവചന ഗ്രന്ഥം വെളിച്ചത്തിലേക്ക് വരുന്നത്.
പത്ത് സെ.മീ നീളവും അഞ്ച് സെ.മീ വീതിയുള്ള പനയോലകൊണ്ടു തീര്‍ത്ത താളുകളിലാണ് ഇത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്രദ്ധാപൂര്‍വ്വം എഴുത്തോലയിൽ ഒരു വശത്ത് നാരായം കൊണ്ട് അതി മനോഹരങ്ങളായ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. മ്യൂറല്‍ പെയിന്‍റിംഗുകളെ അനുസ്മരിപ്പിക്കുന്ന ചിത്രഭംഗിപേറുന്നവയാണ് ഓരോ ആലേഖനവും.
ഇങ്ങനെ ചിത്രങ്ങള്‍ വരഞ്ഞിരിക്കുന്ന ഓലയുടെ മറുവശത്ത് ഈ ചിത്രവുമായി ബന്ധപെട്ട ഫലങ്ങൾ എഴുതിയിരുക്കുന്നു. നാലുവരികളുളള ശ്ലോകങ്ങളായാണ് ഫലസൂചനകള്‍ നല്‍കിയിരിക്കുന്നത്. കവിത്വത്തിന് അതില്‍ പ്രാധാന്യം കുറവാണ്. പഴയ മലയാളത്തിലാണ് വിവരണം. മന:പാഠമാക്കുന്നതിനുളള സൗകര്യത്തിനാവണം ശ്ലോകരൂപത്തില്‍ ഫല സൂചനകള്‍ നല്‍കിയിരിക്കുന്നത്.
ഭാവിയെക്കുറിച്ച് അറിയേണ്ടയാള്‍ ദേഹശുദ്ധിയോടെയും മനശ്ശുദ്ധിയോടെയും താളിയോലയിലെ കെട്ടഴിച്ച് നോക്കുമ്പോള്‍ ലഭിക്കുന്ന ചിത്രത്തിനു പിന്നില്‍ നല്‍കിയിരിക്കുന്ന ശ്ലാകമാണ് അയാളുടെ ഫലം. ൊങ്ങനെ നോക്കുമ്പോള്‍ കുഭത്തിന്‍റെ (കുടം) ചിത്രം വരുന്ന ഓലയുടെ പിന്നിലെ ഫലം ഇതാണ്:
'ആരോഗ്യധന വൃദ്ധിഞ്ച
മംഗല്യ സാധു പൂജനം
രക്ഷ ലാഭേശ്ച ദൃഷ്ടിഞ്ച
പൂജ കുഭേശ്ച ദൃശ്യകെ'
പതിനാറുകൈയുളള കൈയുള്ള ഭദ്രകാളിയുടെ ചിത്രത്തിനുപിന്നില്‍ രേഖപ്പെടുത്തിയ ഫലം ഇങ്ങനെ വായിക്കാം:
'വസ്ത്രനാശ മന അർത്ഥശ്ച
ദ്രവ്യ ഹാനിനി രാശ്രയ
നിവാസ ബന്ധു വിരഹ
നഗ്ന രൂപേ ദൃശ്യ കെ'
ബുധനൂര്‍ ഇളയിടത്ത് ഇല്ലത്തെ രമവര്‍മ്മയുടെ കൈവശം ഈ നിധി എത്തിയിട്ട് മുപ്പതുവര്‍ഷത്തിലധികമായി. അദ്ദേഹത്തിന്‍റെ അച്ഛന്‍ വൈദ്യന്‍ എന്‍. രവിവര്‍മ്മത്തമ്പുരാന്‍റെ കയ്യില്‍ നിന്ന് പൈതൃകമായി ലഭിച്ചതാണ് ഈ താളിയോല ഗ്രന്ഥം.
രവിവര്‍മ്മത്തമ്പുരാന്‍റെ ചെറുപ്പത്തില്‍ അടിമുറ്റത്തുമഠത്തിലേക്ക് വന്നുചേര്‍ന്ന ഒരു ഇല്ലം ഇറവുങ്കരയിലുണ്ടായിരുന്നു. ഇന്ന് ആ ഇല്ലം അന്യം നിന്നുപോയി. ആ ഇല്ലം വക സ്ഥലത്താണ് ഇപ്പോള്‍ ഇന്‍റസ്ട്രിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. ആ ഇല്ലത്തിന്‍റെ ഭരണച്ചുമതലയില്‍ ഇരിക്കുമ്പോഴാണ് രവിവര്‍മ്മത്തമ്പുരാണ് ഓല കൈവന്നത്. തമ്പുരാനില്‍നിന്നാണ് മകന്‍ രാമവര്‍മ്മയിലേക്ക് ഗ്രന്ഥം വരുന്നത്.
ജ്യോതിഷം ഭാവിപ്രവചനത്തില്‍ പ്രചുരപ്രചാരം നേടുന്നതിനു മുമ്പായിരിക്കണം ലക്ഷണചുവടി സ്വീകാര്യമായിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭകാലത്ത് തെരഞ്ഞെടുപ്പുകളിലും മറ്റും മത്സരിക്കുന്നവര്‍ വിജയസാധ്യതയാരാഞ്ഞും മറ്റും വന്നിരുന്നതായി അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്' - രാമവര്‍മ്മ പറയുന്നു. അക്കാലത്ത് ക്ഷേത്ര ചടങ്ങുകളിലേക്കും മറ്റും ദേവിയുടെ അനുജ്ഞശാങ്ങേണ്ടുന്ന സാഹചര്യങ്ങളില്‍ ഭാരവാഹികള്‍ അച്ഛനെ സമീപിച്ച് ലക്ഷണചുവടിയുടെ സഹായം തേടിയിട്ടുള്ളതായും അദ്ദേഹം ഓര്‍മ്മിക്കുന്നു.
Comments
Post a Comment