കരുവ എം കൃഷ്ണന്‍


കരുവ എം കൃഷ്ണന്‍ ശ്രീമൂലം സഭയിലെ അംഗങ്ങളുമൊത്ത്. 






മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും നിസ്തുലമായ ഏറെ സംഭാവനകൾ നൽകുവാൻ വിദ്യാവിലാസിനി എന്ന മാസികയ്ക്ക് കഴിഞ്ഞുവെങ്കിലും ഏറത്ത് കൃഷ്ണനാശാൻ തന്‍റെ സമയത്തിന്‍റെ ഏറിയപങ്കും പ്രഭാഷണ പരിപാടികൾക്കും, സാഹിത്യരചനയ്ക്കുമായി നീക്കി വെച്ചതിനാൽ മാസികയ്ക്ക് അല്പായുസ് മാത്രമാണുണ്ടായിരുന്നത്. സി.വി. കുഞ്ഞിരാമൻ ഈ രാമരാജവിലാസം പ്രസ്സ് വിലയ്ക്ക് വാങ്ങിയാണ് കേരള കൗമുദി ആരംഭിച്ചത്. തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്ഥലങ്ങളിൽ മിഷണറിമാർ മതപരിവർത്തനവും, ഹിന്ദുമത സന്യാസിമാരെ ആക്ഷേപിക്കുന്നതും കേട്ടറിഞ്ഞ് ഏറത്ത് കൃഷ്ണനാശാൻ ആ സ്ഥലങ്ങളിൽ എത്തിച്ചേരുകയും കവലകൾ തോറും വചനങ്ങളിൽ നിന്ന് കൊടുങ്കാറ്റുകളെ ഉണർത്തി വിട്ടു. 

'മാറിക്കൊൾവിൻ മാപ്പിളമാരേ .. കീറിക്കൊൾക ബൈബിള ശേഷം' എന്ന അത്യുഗ്ര പ്രവചനങ്ങൾ വരെ നടത്തി. പരമ ഭട്ടാരക ചട്ടമ്പി സ്വാമികൾ രചിച്ച 'ക്രിസ്തുമത ഛേദനം' എന്ന കൃതിയുടെ അർഥവും ,  സന്ദേശവും ഗുരു സവിധത്തിൽ നിന്ന് തന്നെ ഗ്രഹിച്ച് ക്രിസ്തുമത പ്രചാരകർക്കെതിരേ ആഗ്നേയാസ്ത്രങ്ങളായി വാക്കുകൾ എയ്ത് വിട്ടു. തൻ്റെ പ്രഭാഷണ സാഹചര്യത്തെക്കുറിച്ച് കൃഷ്ണനാശാൻ പറയുന്നത് ശ്രദ്ധിക്കാം. 'ശ്രീചട്ടമ്പി സ്വാമികൾ ക്രിസ്തുമത ഛേദനം എഴുതി ഉണ്ടാക്കിയ ശേഷം വടക്ക് കാവുങ്കൽ നീലകണ്ഠപ്പിള്ളയേയും, തെക്ക് എന്നേയും ഉൽസവ ചടങ്ങുകളിൽ പറഞ്ഞയച്ച് പ്രസംഗിപ്പിക്കുമായിരുന്നു'.


1896 ജൂൺ 26 ന് മലയാള മനോരമ പത്രത്തിൽ ഓച്ചിറക്കളി എന്ന തലക്കെട്ടിൽ വന്ന വാർത്ത ഇപ്രകാരമായിരുന്നു 'ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ ക്രിസ്‌തുമത സുവിശേഷകർ പതിവ് പോലെ പ്രസംഗിച്ചു. കരുവാ കൃഷ്ണനാശാൻ സനാതനമൂല്യങ്ങളെക്കുറിച്ചും, ഹിന്ദു മത സാരാംശവും സവിസ്തരം പ്രദിപാദിച്ചു. സാരാംശങ്ങൾ അടങ്ങിയ കുറിപ്പുകൾ കടലാസിൽ അച്ചടിച്ച് വിതരണം ചെയ്തത് പുതുമയായിരുന്നു'. കൊല്ലവർഷം 1078 (AD 1903) കാലഘട്ടത്തിലാണ് എസ്.എൻ.ഡി.പി യോഗം സ്ഥാപിതമായത്. എല്ലാ ശാഖാ യോഗങ്ങളിലും കൃത്യമായി എത്തിച്ചേർന്ന് സമുദായോന്നതിക്ക് ഉതകുന്ന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാൻ ഗുരുസ്വാമികൾ ഏറത്ത് കൃഷ്ണനാശാനെയായിരുന്നു നിയോഗിച്ചത് .AD 1905 ൽ കാർത്തികപ്പള്ളി ഈഴവ സമാജത്തിൻ്റെ വാർഷിക യോഗത്തിൽ ഗുരുദേവൻ്റെ സന്ദേശങ്ങൾ വായിച്ചവതരിപ്പിച്ചത് കൃഷ്ണനാശാനായിരുന്നു. കൊല്ലവർഷം 1083 (AD 1908) ൽ ഗിവഗിരി മഠസ്ഥാപനത്തിൻ്റെ ധനശേഖരണാർഥം ശ്രീനാരായണ ഗുരുസ്വാമികൾ  ഷൺമുഖദാസ് സ്വാമികൾ ,ഏറത്ത് കൃഷ്ണനാശാൻ എന്നീ ഗൃഹസ്ഥ ശിഷ്യൻമാരോടൊത്ത് കല്ലട കരിന്തോട്ടുവാ അവിടെ നിന്ന് വഞ്ചി മാർഗ്ഗം അരിനല്ലൂർ  വഞ്ഞിപ്പുഴ ഭവനം, തേവലക്കര കോവൂർ തെന്നൂർ ഭവനം, പതാരം തോട്ടുകര ഭവനം എന്നിവിടങ്ങൾ സന്ദർശിച്ച് ധനം ശേഖരിച്ചു.   AD 1923 ൽ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ക്ഷണപ്രകാരം ചട്ടമ്പിസ്വാമികൾ പൻമനയിൽ എത്തുകയും മനയിൽ കാവിൽ വിശ്രമിക്കുകയും ചെയ്ത അവസരത്തിൽ ഏറത്ത് ആശാൻ മനയിൽ എത്തിച്ചേർന്നു. ആദിഭാഷ എന്ന കൃതിയെ ക്കുറിച്ച് പന്നിശ്ശേരി നാണു പിള്ളയ്ക്കും, കരിങ്ങാട്ടിൽ പപ്പു പിള്ളയ്ക്കും, ഏറത്ത് ആശാനും ചട്ടമ്പിസ്വാമികൾ വിശദമായി പറഞ്ഞ് നൽകി. ജീവകാരുണ്യ നിരൂപണം എന്ന കൃതി മനയിൽ കാവിൽ വെച്ച് ചട്ടമ്പിസ്വാമികൾ രചിക്കുകയും അതിൻ്റെ ആദ്യ ശ്രോതാവ് ആകുവാനുള്ള ഭാഗ്യവും ആശാന് ലഭിച്ചു. AD 1922 ഡിസംബർ പത്താം തീയതി ചരിത്ര പ്രസിദ്ധമായ പ്രാക്കുളം സംവാദം നടന്നത്. മലബാർ മേഖലയിലും, മധ്യ തിരുവിതാംകൂറിൻ്റെ വടക്കൻ പ്രവിശ്യകളിലും വിഗ്രഹാരാധനയെ എതിർത്ത് കൊണ്ട് വിജയക്കൊടി നാട്ടി പ്രാക്കുളം എൻ.എസ്.എസ്. സ്ക്കൂൾ ഗ്രൗണ്ടിൽ സംവാദത്തിനായി എത്തിയ വാഗ്ഭടാനന്ദന് നേരേ ആദ്യത്തെ ചോദ്യം തുടങ്ങിയത് ഏറത്ത് ആശാനായിരുന്നു. ആശാനെ തുടർന്ന് പന്നിശ്ശേരി നാണു പിള്ള ചോദ്യങ്ങൾ ഏറ്റെടുത്ത് കൊണ്ട് വാഗ്ഭടാനന്ദനെ സംവാദത്തിൽ ആദ്യമായി തോൽപ്പിച്ച ചരിത്രം സംഭവബഹുലമായിരുന്നു. AD 1924 ൽ ശ്രീനാരായണ  ഗുരുസ്വാമികളുടെ നിർദ്ദേശപ്രകാരം മാങ്ങൂർ ഷൺമുഖദാസ് സ്വാമികൾ ചവറ തെക്കുംഭാഗത്ത് ഗുഹാനന്ദപുരം ക്ഷേത്രത്തിനടുത്ത് ഒഴിഞ്ഞ് കിടന്ന നെയ്ത്ത് ശാലയിൽ സംസ്കൃത പാഠശാല ആരംഭിച്ചു. ഈ പാഠശാലയിലെ സംസ്കൃത അധ്യാപകനായി ഏറത്ത് ആശാൻ സേവനം അനുഷ്ഠിച്ചു. പ്രസ്തുത പാഠശാലയാണ് ഇന്നത്തെ  ഗുഹാനന്ദപുരം ഹയർ സെക്കൻഡറി സ്കൂള്‍. 1928 മുതൽ 1930 വരെ ശ്രീമൂലം പ്രജാ സഭാംഗം എന്ന നിലയിൽ മൂന്ന് വർഷക്കാലം പ്രവർത്തിച്ചു. ഈഴവ സമുദായ മുന്നേറ്റത്തിനുതകുന്നതും വൈദ്യശാസ്ത്ര സംബന്ധമായ അനവധി ചർച്ചകൾ കൃഷ്ണനാശാൻ നടത്തിയത് തിരുവിതാംകൂർ ദിവാൻ വാട്സിൻ്റെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി. വർക്കല ഗിവഗിരിയിലെ പർണ്ണശാലയ്ക്കു സമീപം കുളിച്ച് കൊണ്ടിരുന്ന ഗുരുദേവന് മനസ്സിൽ ഒരു ദേവീസ്തവം കവിത ഉടലെടുത്തു. കുളി കഴിഞ്ഞ് വന്ന നാരായണ ഗുരുദേവൻ അവിടെ ഉണ്ടായിരുന്ന എറത്ത് കൃഷ്ണനാശാനോട് താൻ ചൊല്ലാൻ പോകുന്ന വരികൾ കടലാസ്സിൽ കുറിച്ചെടുക്കുവാൻ ആവശ്യപ്പെട്ടു. ഗുരുദേവൻ്റെ വാമൊഴിയിൽ നിന്ന് ഏറത്ത് ആശാൻ കേട്ടെഴുതിയ കവിതയാണ് 'ജനനീ നവരത്ന മഞ്ജരി' എന്ന പ്രശസ്ത കാവ്യം. ഏറത്ത് ആശാൻ ഉഗ്രമായ വസൂരി രോഗം പിടിപെട്ട് മരണാസന്നനായി കിടക്കുന്ന വിവരം ഗുരുദേവൻ അറിഞ്ഞ് ആശാൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. 'കൃഷ്ണാ" എന്ന് സ്വാമികൾ നീട്ടി വിളിച്ചപ്പോൾ രോഗിയായ ആശാൻ വിളി കേൾക്കാനാവാതെ വിഷമിക്കുന്നത് കണ്ട് ഗുരു ഇങ്ങനെ അരുളി: " വേണ്ട, നീ ഈ ദീനത്തിൽ മരിക്കുകയില്ല' കുടുംബാംഗങ്ങളോട് കഷായം വെച്ച് നൽകേണ്ട വിധവും, നെല്ലി മരത്തിൻ്റെ ഇലയും പട്ടയും ശരീരമാസകലം പൊതിഞ്ഞ് കിടത്താനും കൽപ്പിച്ചരുളി. വളരെ അടുത്ത ദിവസങ്ങൾ കൊണ്ട് തന്നെ സ്വാമികളുടെ ചികിൽസ ഫലിച്ച് തുടങ്ങി. ഏറത്ത് ആശാൻ പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങി വന്നു എന്ന് ഗുരുദേവ ശിഷ്യൻ ധർമ്മാനന്ദജി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസംഗ പര്യടനങ്ങൾക്കിടയിലും ഏറത്ത് ആശാൻ സാഹിത്യരചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 'ചാരു ചര്യാ ശതകം ,വിജയ ധ്വജം ,ആര്യ ജയഭേരി, ക്രിസ്തുമത മർദ്ധനം, മുഖരമുഖ മുദ്രണം, മതാഭാസദർശനം' എന്നീ സാഹിത്യ കൃതികളും, വൈദ്യശാസ്ത്ര സംബന്ധമായി 'അർക്ക പ്രകാശം , ചികിൽസാ ക്രമ കല്പവല്ലി, വൈദ്യ മനോരമ' എന്നീ ഗ്രന്ഥങ്ങളും ശാകുന്തളം, ഭഗവദ് ഗീത എന്നിവയ്ക്ക് മലയാള തർജ്ജിമകളും  നിർവ്വഹിച്ചിട്ടുണ്ട്.  AD 1906 കാലഘട്ടത്തിൽ ഏറത്ത് കൃഷ്ണനാശാൻ കൊല്ലം മുണ്ടയ്ക്കൽ വലിയ വീട്ടിൽ കൊച്ചുമ്മിണിയെ വിവാഹം ചെയ്തു. ഈ ദാമ്പത്യവല്ലരി അനവധി കാലം പൂത്ത് പരിലസിച്ചില്ല. അകാലത്തിൽ തന്നെ കൊച്ചുമ്മിണി ദിവംഗതമായി. AD 1908 ൽ ചവറ തെക്കുംഭാഗത്ത് പൈതോടിൽ തെക്കതിൽ പുത്തൻ മoത്തിൽ വേലു വൈദ്യരുടെ സഹോദരി കൊച്ചു പെണ്ണിനെ വിവാഹം കഴിച്ചു. കുഞ്ഞുകൃഷ്ണൻ, അമ്മുക്കുട്ടി, വാസന്തി, തങ്കപ്പൻ, ശ്രീനിവാസൻ, കരുണ എന്നിങ്ങനെ ആറ് സന്താനങ്ങൾ പിറന്നു. ഏറത്ത് കൃഷ്ണനാശാൻ്റെ അറുപത്തിയെട്ടാമത്തെ വയസ്സിൽ വാതരോഗം മൂർച്ചിച്ച് ശയ്യാവലംബിയായി മാറുകയും 1935 ഡിസംബർ മൂന്നാം തീയതി ആ ദീപനാളം അണയുകയും ചെയ്തു. പൈതോടിൽ തെക്കതിൽ  പുത്തൻ മoത്തിൽ ഭവനത്തിൻ്റെ അഗ്നി കോണിൽ ആ മഹാപ്രതിഭയെ അടക്കം ചെയ്യുകയും ചെയ്തു. AD 1908 മുതൽ AD 1936 വരെയുള്ള  നീണ്ട ഇരുപത്തിയെട്ട് വർഷക്കാലം ചവറ തെക്കുംഭാഗത്ത് ജീവിച്ച് ആ മണ്ണിൽ തന്നെ വിലയം പ്രാപിച്ച ബഹുമുഖ പ്രതിഭയെ ആരും അറിയുന്നില്ല എന്നത് വിഷമകരം തന്നെയാണ്. ആശാൻ്റെ മക്കളാരും ഇന്ന് ജീവിച്ചിരിപ്പില്ല. മൂത്ത മകൻ കുഞ്ഞുകൃഷ്ണൻ്റെ കുടുംബം ദളവാപുരത്തും ,അമ്മുക്കുട്ടിയുടെ കുടുംബം തിരുവനന്തപുരം കണ്ണമ്മൂലയിലും, വാസന്തിയൂടെ കുടുംബം കുമരൻ ചിറയിലും, തങ്കപ്പൻ്റെ കുടുംബം വടക്കൻ കോഴിക്കോട്ടും ശ്രീനിവാസൻ്റെ കുടുംബം രാമൻ കുളങ്ങരയിലും വളരെ നല്ല രീതിയിൽ തന്നെ താമസിക്കുന്നുണ്ട്. എറ്റവും ഇളയ മകളായ കരുണ യൗവനത്തിൽ തന്നെ മരണപ്പെട്ടു. ആശാൻ്റെ മകനായ ശ്രീനിവാസന് സ്വാതന്ത്ര്യ സമര പെൻഷൻ ലഭിച്ചിരുന്നു. ശ്രീനിവാസൻ്റെ രാമൻകുളങ്ങരയിലെ ഭവനത്തിന് നൽകിയിരിക്കുന്ന പേര് 'ഏറത്ത്' എന്നാണ്. ആ വീട്ട് പേരിൽ മാത്രം ഇന്നത്തെ തലമുറ എങ്ങനെ 'കരുവാ കൃഷ്ണനാശാൻ അഥവാ ഏറത്ത് കൃഷ്ണശാനെ' അറിയപ്പെടും. ഉചിതമായ ഒരു സ്മാരകം ആശാൻ്റെ പേരിൽ നിലവിൽ വരണം എന്ന് മാത്രം പ്രതീക്ഷിക്കുന്നു.    

                           


ചിത്രങ്ങൾ.. 1. ഏറത്ത് കൃഷ്ണാശാൻ 2. ആശാൻ പ്രജാ സഭാംഗം ആയ സമയത്തെ സാമാജികരുടൊത്തുള്ള ഫോട്ടോ . 3. വിദ്യാ വിലാസിനി മാസികയുടെ താൾ. 5. മകൻ. ശ്രീനിവാസനും, നടൻ തിക്കുറിശ്ശിയുമൊത്തുള്ള ഫോട്ടോ .

Comments