പറയെഴുന്നള്ളത്ത്

എഴുന്നള്ളത്തുകൾ, പറയെടുപ്പുകൾ എന്നിവ പണ്ടുമുതൽക്കേ ഉണ്ടായിരുന്നു. എങ്കിലും, ജീവതയിൽ വിഗ്രഹം എഴുന്നള്ളിക്കുന്നത് രാമപുരത്ത് മാത്രമാണ്. മറ്റ് എതങ്കിലും ക്ഷേത്രങ്ങളിൽ നടക്കുന്നുണ്ടോ എന്നറിയില്ല. അതുകൊണ്ടാണ് മറ്റുള്ള ക്ഷേത്രങ്ങളിൽ പറക്ക് പോകുന്നു എന്നും രാമപുരത്ത് എഴുന്നള്ളത്ത് എന്നും പറയുന്നത്. എഴുന്നള്ളത്ത് ആയതിനാൽ അതിനൊപ്പം പതിനെട്ടര മേളവും  ഉണ്ടാകണം. കാരണം, ദേവി, വിഗ്രഹത്തിൽ, സ്വയം ദേശങ്ങൾ കാണാൻ എഴുന്നള്ളുകയാണ്. അപ്പോൾ ദേശവാസികൾ താലപ്പൊലി, അൻപൊലി, നിറപറ എന്നിവയോട് കൂടി ഒരോ ദേശത്തിലും കീഴ്പതിവ് അനുസരിച്ച് സ്വീകരിക്കുന്നതും, നിറപറ ഇട്ട് മാത്രം പീഠത്തിൽ ഇരുത്തുന്നതും (ജീവതകാലിൽ നിന്ന് പറ സ്വീകരിക്കുക, പറതിരിച്ച് അളക്കുക എന്നീ കീഴ് പതിവുകളും രാമപുരത്ത് ഭഗവതിക്ക് ഉണ്ട്) അങ്ങനെ അന്ന് എല്ലാ ക്ഷേത്രങ്ങളിലേയും പോലെ രണ്ടു ബ്രാഹ്മ്മണർ, മുന്നിലും പിന്നിലുമായി തോളിലെടുത്ത് എഴുന്നള്ളിക്കുക (ഇപ്പോൾ ഗരുഡവാഹന/മയിൽ വാഹന എഴുന്നള്ളത്തുകൾ പോലെ) മാത്രമാണ് ചെയ്തിരുന്നത്, എന്നാൽ ജീവത എഴുന്നത്തിന് താളത്തിനൊത്ത് ചുവടുകൾ ചിട്ടപ്പെടുത്തി ചുവടുകൾ വെച്ച് 'ജീവതകളി' എന്ന പതിവും ചിട്ടയും തുടങ്ങിയത് സ്വർഗ്ഗസ്ഥനായ ബ്രഹ്മശ്രീ 'മാങ്കുളം നമ്പൂതിരി' ആയിരുന്നു. ആദ്യലക്ഷ്മിയിൽ തുടങ്ങി, തൃപടപഞ്ചാരി താളം കുന്തനാശി താളം, വിഷമതാളം, ചമ്പതളം, ചെമ്പട താളം, പിന്നെ ഏകതാളം ഇങ്ങനെയുള്ള താളങ്ങളിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ താളങ്ങളും അവയുടെ ഉപ, മിശ്ര താളങ്ങളുമാണ് ഇന്നും തുടർന്നു പോകുന്നത്. 

ഏറ്റവും ശ്രേഷ്ഠവും ഭാരമേറിയതുമാണ് രാമപുരത്ത് ഭഗവതിയുടെ ഈ കെട്ടുജീവത.  അദ്ദേഹത്തിൽ നിന്നും താളവും ചിട്ടകളും പഠിച്ച മറ്റുള്ളവർ അത് തുടർന്നു പലരിലേക്കും പകര്‍ന്ന് ദൈവീകമായ ഈ കലാവിദ്യ പരിസരങ്ങളിലെ ഇതര ക്ഷേത്രങ്ങളിൽ ജീവത എഴുന്നള്ളത്തുകളിൽ ജീവതകളികൾ തുടങ്ങിയതുവരെയെത്തി. എങ്കിലും താലപ്പൊലിയിൽ കാപ്പൊലിക്കുന്ന പതിവ്, ഓഹരി വിളി എന്നിവ ഇന്നും രാമപുരത്തു ഭഗവതിക്കു മാത്രമേ ഉള്ളു. ആദ്യമായി ചുവടുവെച്ച്  എഴുന്നള്ളിയ ഭഗവതിയും രാമപുരത്തു ഭഗവതി തന്നെ. 

Comments

Popular Posts