കുത്തിയോട്ടം

വര്‍ഷങ്ങള്‍ക്കുമുമ്പ് പേള കരയിലെ ബഹുമാന്യനായ കുത്തിയോട്ട ആശാന്‍ ( സ്വയം, 'ആചാര്യ'നെന്നാണ് ഇപ്പോള്‍  ആശാന്മാരെല്ലാം വിശേഷണമായി പറയുന്നത് ) ഗുരുവായൂരില്‍ ആണ്‍ കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി കുത്തിയോട്ടം നടത്തിയിരുന്നു. അക്കാലത്ത് അത് ദൂരദര്‍ശനില്‍ സംപ്രേഷണവും ചെയ്തിട്ടുണ്ട്. അന്നേ അനുഷ്ഠാന കാര്യങ്ങളില്‍ അത്തരക്കാരെ നിലക്കു നിര്‍ത്തേണ്ടിയിരുന്നു. ബന്ധുത്വവും കരയോഗബന്ധവും മറ്റു പലതും കൊണ്ട് ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ണടച്ചു. ഇത്തരം ആളുകളെവെച്ച് കുത്തിയോട്ട അനുഷ്ഠാനം വഴുപാടായി നടത്തരുതെന്ന് ഭക്തരെ എന്തുകൊണ്ട് ഉപദേശിച്ചുകൂടാ.? പണമായിരുന്നില്ല പഴയ ആശാന്മാരുടെ ലക്ഷ്യം. അവരുടെ ജീവിതം തന്നെ അതിനു തെളിവ്. 'പഞ്ചപകാരം' (പാട്ട്, പന്തല്‍, പാചകം, പക്കമേളം, പകല്‍ക്കാഴ്ച or Possession ) കൊട്ടേഷനാണ് ഇന്നത്തെ ആശാന്മാര്‍ക്ക്.

പുല്ലുകുളങ്ങരയില്‍ അനുഷ്ഠാനത്തില്‍ പെണ്‍കുട്ടികള്‍ക്കും പങ്കാളിത്തമുണ്ടത്രേ. അവിടെ അതാവുമായിരിക്കാം. ആറ്റുകാലിലും ആവാം. വിരോധമില്ല. ആറ്റുകാലില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കാം. കൊല്ലത്ത് ചിലയിടങ്ങളില്‍ പഴയ സിനിമ പാട്ടുകള്‍ പോലും ചുവടുകള്‍ക്ക് കുത്തിയോട്ടമായി ആലപിക്കുന്നു. അവിടെ കുത്തിയോട്ടം മുരടിച്ചതിന് അതും ഒരു കാരണമാവാം. ചെട്ടികുളങ്ങരയില്‍ തനിമയാര്‍ന്ന ശൈലി വികസിച്ചു വന്നിട്ടുണ്ട്. മാറ്റങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്. ഗഞ്ചിറമാത്രമായിരുന്നത് പല സംഗീതോപകരണങ്ങളിലേക്കും വിപുലപ്പെട്ടു. എന്നാലും ജാസും ട്രിപ്പിള്‍ഡ്രമ്മും വ്യാപകമായില്ല. ഒറ്റത്തോര്‍ത്ത് ഡബിള്‍ മുണ്ടായി. ഉടുത്തുകെട്ട് മാറി. അതൊക്കെ ആശാസ്യമായ വളര്‍ച്ചയാണ്. ഇവിടെ താണ്ഡവ പ്രധാനമാണ് കുത്തിയോട്ടം. പാട്ടും അങ്ങനെ തന്നെ. സംഗീതാത്മകതക്ക് അതില്‍ പ്രസക്തിയില്ല. കുമ്മി വ്യാപകമായിരുന്നില്ല. കുമ്മി പെരുകി ഇപ്പോള്‍ ലാസ്യത്തിലേക്ക് വന്നു.

Comments

Popular posts from this blog

രാമായണപാഠം

ചരിത്രവും ഇരട്ടത്താപ്പും

ചങ്ങമ്പുഴയുടെ നല്ലമുട്ടം