രാമായണം | Ramayanam

 രാമായണം -

എതിർപ്പിന്റെ രാഷ്ട്രീയം 


എപ്പോഴൊക്കെ അടിസ്ഥാനവർഗം ആത്മീയതയുമായി ഇഴുകി ചേർന്നുവോ,അപ്പോഴൊക്കെ നമ്മുടെ ദേശീയത  കരുത്താർജിച്ചിട്ടുണ്ട്.   വ്യാസൻ, വാല്മീകി , ശ്രീരാമൻ ,ശ്രീ കൃഷ്ണൻ , ശ്രീ വിവേകാനന്ദൻ,  ശ്രീ നാരായണഗുരു തുടങ്ങി ശ്രീ മാതാ അമൃതാനന്ദമയിവരെയും ഉദാഹരണങ്ങൾ നമുക്ക് മുന്നില് ഉണ്ട്.

മുക്കുവത്തിയുടെ മകനെഴുതിയത് വേദം. "'ഇതിൽ ഇല്ലാത്തതു മറ്റൊരിടത്തും കാണുകയില്ല" എന്ന് പറയുന്ന, വിനയം കലർന്ന ആത്മവിശ്വാസം,മുന്നോട്ടു വെക്കുന്ന മഹാഭാരതകാരനും മറ്റാരുമല്ല.  കാട്ടാളൻ പാടിയത് ഇതിഹാസം."പരം കവീനാം ആധാരം", വരാൻ പോകുന്ന കവികൾക്കും രാമായണ കാവ്യം ആധാരമായിരിക്കും എന്ന് പറയാനുള്ള തന്റേടവും അദ്ദേഹത്തിനുണ്ട് (പരം കവീനാം ആധാരം).ഈ കാവ്യം വായിച്ചാൽ ശൂദ്രനും മഹത്വം ഉണ്ടാവുമെന്നും, അസൂയയോടുകൂടി കേൾക്കരുതെന്നും (ശ്രോതവ്യമനസൂയക:) വാല്മീകി  പറഞ്ഞു വെക്കുന്നു. 

പൌരാണിക ഭാരതത്തിലെ കീഴ് ജാതിക്കാരൻ ഉപദേശിച്ചത് ഉപനിഷത്ത്, ഐതരേയം.വേദത്തിലെ പ്രസിദ്ധ മന്ത്രം, ഗായത്രി, ദർശിച്ചത്  അബ്രാഹ്മണൻ, വിശ്വാമിത്രൻ. 

ഈ പട്ടിക എത്ര വേണമെങ്കിലും നമുക്ക് നീട്ടാം.പക്ഷെ അതിനർത്ഥം ജാതിയുടെ പേരിൽ ഇവിടാരും പീഡിപ്പിക്കപ്പെട്ടില്ല ,എന്നല്ല. അത്തരം ദുരനുഭവങ്ങളുടെ തീച്ചൂളയിൽ നമ്മുടെ പൂർവികർ വെന്തുരുകിയെന്നത് നേരുതന്നെ. പക്ഷെ, പരിഹാരവും അവർ കണ്ടു. നവോദ്ധാനം ഇത്തരം രോഗങ്ങൾക്കുള്ള നല്ല ചികിത്സയായിരുന്നു.

ആത്മീയത ആയിരുന്നു നമ്മുടെ നവോദ്ധാനത്തിന്റെ  പ്രാണൻ. ആത്മീയതയുടെ അടിത്തറയിൽ രാഷ്ട്രത്തിനുവേണ്ടി സമർപ്പിക്കപ്പെടുമ്പോൾ എല്ലാത്തരം വിഭാഗീയതയും അപ്രസക്തമാകുമെന്നു വേദം ഉദ്ഘോഷിക്കുന്നുണ്ട് (പൃഥ്വിസൂക്തം, അഞ്ചാം മന്ത്രം).   

പൂന്താനവും എഴുത്തച്ഛനും തുടങ്ങി ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും, അവരുടെ മുന്ഗാമികലായ, ആറാട്ടുപുഴ  വേലായുധപ്പണിക്കർ, മഹര്ഷി ഓമലൻ, അയ്യാ വൈകുണ്ഡ

 സ്വാമി തുടങ്ങി, അജ്ഞാത നാമാക്കളായ, സന്ധ്യാ നാമ കർത്താക്കൾ വരെ ഉൾപ്പെടുന്ന, നിരവധി മനുഷ്യ സ്നേഹികളുടെ ചോരയും നീരുമാണ് നമ്മുടെ നവോദ്ധാനം.അവർ പത്തൊൻപതാം നൂറ്റാണ്ടിൻറെ കാലുഷ്യത്തെ ഭക്തിയുടെ തീർത്ഥം കൊണ്ട് പുണ്യപ്പെടുത്തി.എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിന്റെ പ്രസക്തി ഇവിടെയാണ്‌.     

ഇവരാരുംതന്നെ,ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരായിരുന്നില്ല എന്നത് വളരെ പ്രസക്തമാണ്. പാശ്ചാത്യ വിദ്യാഭ്യാസമാണ് കേരളത്തിന്റെ നവോഥാനം സാധ്യമാക്കിയതെന്ന ചിലരുടെ നിരീക്ഷണത്തിന്റെ പൊള്ളത്തരം വെളിപ്പെടാതിരിക്കാൻ കൂടിയാകണം ഇത്തരക്കാരെ പാഠപുസ്തകത്തിനു  പുറത്താക്കുന്നതും, അവരുടെ കൃതികളെ അന്ധമായി എതിർക്കുന്നതും. രാമായണം കാലങ്ങളായി നേരിടുന്ന വെല്ലു വിളികൾ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്.    


ഹരികുമാർ ഇളയിടത്ത്

Comments