അരിപ്പാട് | കാവ്യം


 ആലപ്പുഴയോരത്ത്

അഗ്നിയാല്‍ അകം'പൊള്ളിയ' കവിയും കവിതയും

സംജദ് നാരായണന്‍

നൂറുവര്‍ഷം മുമ്പത്തെ ഡിസംബറില്‍ ഹരിപ്പാട് മഹാക്ഷേത്രം അഗ്‌നിക്കിരയായപ്പോള്‍ ആവലാതിപൂണ്ട് ഒരു കൃസ്ത്യന്‍ കവി  ലഘുകാവ്യമെഴുതി.

ഇക്കാലത്ത് അങ്ങനെയൊരു കാവ്യമുണ്ടാകുമോയെന്നു സംശയമാണ്. പക്ഷേ, നൂറുകൊല്ലം മുമ്പ് അങ്ങനെയൊന്ന്് എഴുതപ്പെട്ടുവെന്നറിയുമ്പോള്‍ അത്ഭുതം തോന്നും. കൊല്ലവര്‍ഷം 1096 വൃശ്ചികം 22-ന്(1920 ഡിസംബര്‍ 7) ഹരിപ്പാടു മഹാക്ഷേത്രത്തിനു തീപിടിച്ചപ്പോള്‍ ഒരു കൃസ്ത്യന്‍യുവകവിയുടെ മനംനൊന്തു. അങ്ങനെയദ്ദേഹം ഒരു ലഘുകാവ്യമെഴുതി. 'അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട്ട് മഹാക്ഷേത്രം' . കവി കാര്‍ത്തികപ്പള്ളി വി.ജി. ഉമ്മന്‍പിള്ള.

ഹരിപ്പാടിന്റെ അന്നത്തെ നാട്ടുപേരായിരുന്ന 'അരിപ്പാട്' എന്നാണദ്ദേഹം കവിതയില്‍ എഴുതിയിട്ടുള്ളത്. കാര്‍ത്തികപ്പള്ളിക്കാരനായിരുന്ന ജി. രാമപ്പൈ ആയിരുന്നു ആ കവിതാ പുസ്‌കന്റെ പ്രസാധകന്‍. 1096-ല്‍ ഹരിപ്പാട്ടുണ്ടായിരുന്ന 'താരക' എന്ന പ്രസ്സിലാണ് അച്ചടിച്ച പുസ്‌കത്തിന് നാല്പ്പതു പേജുകളായിരുന്നു. ഇട്ടിരുന്ന വില നാലണ. മണ്ണൂര്‍ പത്മനാഭപിള്ളയുടേതാണ് അവതാരിക. ഹരിപ്പാട് ക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടായിട്ട് 2020 ഡിസംബറില്‍ നൂറുവര്‍ഷം തികഞ്ഞു. കവിത പ്രസിദ്ധീകരിക്കപ്പെട്ടിട്ട് നൂറു വര്‍ഷമാകാനും ഇനിയധികമില്ല. 2021 ഫെബ്രുവരിയിലാണത്.

മണ്ണാറശ്ശാല ആയില്യം മാഹാത്മ്യം, നിരണം പൊന്‍കുരിശ്, വാരണപ്പള്ളില്‍ പത്മനാഭപ്പണിക്കര്‍ എന്നീ കൃതികള്‍ വി.ജി. ഉമ്മന്‍പിള്ളയുടേതാണെന്നും കുമാരാനാശാന്‍, മൂലൂര്‍, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള തുടങ്ങിവരെല്ലാം ഉമ്മന്‍പിള്ളയുടെ രചനകളെ അഭിനന്ദിച്ചിരുന്നതായും അവതാരികയില്‍ മണ്ണൂര്‍ പത്മനാഭപിള്ള സാക്ഷ്യപ്പെടുത്തുന്നു. ഹരിപ്പാട് അമ്പലത്തിലെ അഗ്നിബാധയെപ്പറ്റിയുള്ള കാവ്യാവതരണം കാണുമ്പോള്‍ ഉമ്മന്‍പിള്ള ഒരു കൃസ്ത്യാനിയാണോയെന്ന് അത്ഭുതപ്പെട്ടു പോകുന്നതായും പത്മനാഭ പിള്ള പറയുന്നു.

•   കൃഷ്ണഗാഥ പോലെ...

ഹരിപ്പാടു ക്ഷേത്രത്തിലെ പ്രതിഷ്ഠ മയില്‍വാഹനനായ സുബ്രഹ്മണ്യനാണ്. അഗ്നിബാധയ്ക്കുശേഷം ദുഃഖപരവശനായ മയിലിനോട് ഒരു ഭക്തന്‍ ദുഃഖകാരണം തിരക്കുന്ന തരത്തിലാണ് കവിത തുടങ്ങുന്നത്. 'എന്തുകൊണ്ടീവണ്ണം സന്താപച്ചെന്തീയില്‍

വെന്തു വിവശനാകുന്നെടോ നീ!

പാടവമുള്ളോരു പൊന്മയിലേ ചൊല്‍കീ-

യാടലിനുണ്ടായ കാരണങ്ങള്‍'.  ഉത്തരമായി മയിലാദ്യം കുമാരസംഭവകഥ പറയുന്നു. പിന്നീട് അരിപ്പാട് എന്ന ഗ്രാമത്തില്‍ സുബ്രഹ്മണ്യന്‍ കുടിയിരുന്നതിനെപ്പറ്റിയും. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പോലെയാണ് ഉമ്മന്‍ പിള്ള അതെല്ലാം എഴുതിയിട്ടുള്ളത്. തുടര്‍ന്ന്, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു രീതിയിലേക്കാവുന്നു. പിന്നെ തുള്ളല്‍ രീതിയില്‍... തിപിടിത്തമുണ്ടായപ്പോള്‍ അതുകെടുത്താനും അമ്പലത്തിനെ രക്ഷിക്കാനും വന്ന കൃസ്ത്യാനികളായ കടവില്‍ തരകന്മാരെ കുറിച്ചും മുസ്ലിം സഹോദരന്മാരെ കുറിച്ചും അവരില്‍ പ്രമാണിയായിരുന്ന നയിനാര്‍ മുതലാളിയെ കുറിച്ചുമെല്ലാം കവിതയിലുണ്ട്. ഈ കുടുംബക്കാര്‍ക്കെല്ലാം പില്‍ക്കാലത്ത് ക്ഷേത്രത്തില്‍ ചില അവകാശങ്ങളുമുണ്ടായിരുന്നുവെന്നത് മതസൗഹാര്‍ദ്ദത്തിന്റെ വലിയ മാതൃക.

ക്ഷേത്രം, ദേവന്‍, ഭക്തി എന്നീ ഹിന്ദുസങ്കല്‍പ്പങ്ങളെക്കുറിച്ച് കൃസ്ത്യാനിയായ ഉമ്മന്‍ പിള്ളയ്ക്കുണ്ടായിരുന്ന അറിവും ആദരവും അദ്ദേഹത്തിന്റെ വരികളില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരു പ്രാദേശികചരിത്ര കാവ്യെമന്നതിനേക്കാള്‍ അതു മുന്നോട്ടുവയ്ക്കുന്ന വിശാലമായ കാഴ്ചപ്പാട്് അത്ഭുതപ്പെടുത്തുന്നതാണ്. ഇതരമതക്കാരന്റെ ദുര്യോഗവും ദുഖം തന്റെകൂടിയാണെന്നുള്ള തിരിച്ചറിവ് ഒരുനുറ്റാണ്ടുമുമ്പുള്ള മനസ്സുകള്‍ക്കുണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയം.

•  വിസ്മൃതിയിലേക്ക്

ഉമ്മന്‍ പിള്ളയെന്ന കവിയെക്കുറിച്ചറിയാവുന്നവര്‍തന്നെ ഇന്ന് വിരളം. കാര്‍ത്തികപ്പള്ളിയിലായിരുന്നുവല്ലാതെ അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ചിത്രങ്ങളോ ലഭ്യമല്ല. അദ്ദേഹത്തിന്റെ പിന്‍തലമുറയില്‍പ്പെട്ടവരെല്ലാം ഇപ്പോള്‍ അമേരിക്കയിലാണ്. സ്‌കൂള്‍ പഠനകാലത്ത് അവരില്‍ ചിലര്‍ മുത്തച്ഛന്‍ ഒരു കവിയായിരുന്നെന്ന് കേട്ടിട്ടുള്ളതല്ലാതെ മറ്റുവിവരങ്ങളൊന്നും അറിയില്ല. കവിതാപുസ്തകത്തിന്റെ കോപ്പികളും ലഭ്യമല്ല. ആകെയുള്ളത് പ്രാദേശിക ചരിത്രാന്വേഷകനും സിനിമാ സഹസംവിധായകനുമായ പത്തിയൂര്‍ സ്വദേശി ഹരികുമാര്‍ ഇളയിടം, കിഴക്കേപുപല്ലാംവഴി സനല്‍ നാരായണന്‍ നമ്പൂതിരി വഴി എറണാകുളം പബ്ലിക് ലൈബ്രറിയില്‍നിന്നും കണ്ടെടുത്ത അവശനിലയിലായ പുസ്തകത്തിന്റെ ഫോട്ടോക്കോപ്പി മാത്രം. ഈ കാവ്യം വിസ്മൃതിയിലാവേണ്ടതല്ലെന്ന സ്വന്തം തീരുമാനത്തിന്റെ പേരില്‍ പുതുവര്‍ഷാരംഭത്തില്‍ അത് അച്ചടിച്ചിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഹരികുമാര്‍

Comments