പത്ത് | പാത്തി | പത്തിയൂർ | Pathiyoor

 

പത്തും പാത്തിയും പിന്നെ പത്തിയൂരും


പത്ത് എന്നാല്‍ പഴയ മലയാളത്തില്‍ നെല്ല് എന്നാണര്‍ത്ഥം. 'പാത്തി' വരമ്പ് എന്ന അര്‍ത്ഥത്തിലും പ്രയോഗിക്കപ്പെടുന്നു. പത്തായം നമ്മുടെ നെല്ലറയാണെല്ലോ.
'പത്തി', 'പാത്തി' എന്നിവ  പാലി മൂലഭാഷയായുളള വാക്കുകള്‍ ആണ്. വയലുമായും കൃഷിയുമായും ബന്ധപ്പെട്ട വാക്കുകളാണിത്. ഞാറു പാകാന്‍ ചേറുകോരിയിട്ടു തീര്‍ക്കുന്ന ചെറിയ തിട്ടയാണ് 'പത്തി'. നീരൊഴുക്കിനുളള ചാലാണ് 'പാത്തി'. ഇവകളാണ് പത്തിയൂര്‍ എന്ന ദേശനാമത്തിന്‍റെ വേര്. പത്തി എന്നതിന് സൈന്യം എന്നര്‍ത്ഥമുണ്ട്. എങ്കിലും അതില്‍ നിന്നല്ല ദേശത്തിന്‍റെ പേരുയിരിട്ടത്. സൈന്യമുണ്ടാവുന്നതിനുമുമ്പേ ഇവിടെ തളിര്‍ത്തുവന്ന പ്രാചീന ഗോത്രജീവിതത്തെ ചെന്നു തൊടുന്ന പാരമ്പര്യം ഈ ദേശനാമത്തിനുണ്ട്.

'കാല' എന്നാല്‍ കൃഷിയിടം എന്നാണര്‍ത്ഥം. 'തോട്ടം' എന്നു പറയുന്നതിനും കൃഷിയിടം എന്നുതന്നെയര്‍ത്ഥം. 'കരി'യും കൃഷിയിടമാണ്. 'ഏല'യും കൃഷിയിടമാണ്. ഏലയാണ് ഏനയായിത്തീരുന്നത്. അതിന്‍റെ അര്‍ത്ഥവും കൃഷിയിടം / വയല്‍ എന്നുതന്നെ. പത്തിയൂര്‍ക്കാല, പത്തിയൂര്‍തോട്ടം, കരിപ്പുഴ, ഏനാകുളങ്ങര  എന്നിവയെല്ലാം കൃഷിയുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങളാണ്.

പത്തിയൂര്‍ തോട്ടം നല്ല വിളവുളള വയലേലയ്ക്ക് പേരു കേട്ടിരുന്നിരിക്കണം. അല്ലെങ്കില്‍ നല്ല വിളവു കിട്ടുന്ന ഇടമായിരിക്കണം. വൃക്ഷത്തോപ്പായതിനാലാവണം, പില്‍ക്കാലത്ത് അത് കാക്കത്തോട്ടം കൂടിയായി. അവിടെത്തന്നെ ഒരു പെരുന്തോട്ടവുമുണ്ട്. 



Comments