ദുർഗ്ഗ | അവർണ്ണൻ

അവര്‍ണരുടെ കാളിയും ദുര്‍ഗയും എങ്ങനെ ബ്രാഹ്മണരുടേതായി?

താമഗ്നിവര്‍ണാം തപസാ ജ്വലന്തീം വൈരോചനീം കര്‍മഫലേഷു ജുഷ്ടാം  ദുര്‍ഗാം ദേവീ⁠ ശരണമഹം പ്രപദ്യേ            സുതരസി തരസേ നമഃ

യജുർവേദത്തിലെ ദുർഗ്ഗാസൂക്തത്തിൽ നിന്നാണ് ഈ വരികൾ.  ഇതേ ആശയം തന്നെ "ദുർഗായൈ ദുർഗപാരായൈ" തുടങ്ങിയ വരികളായി 1500 വർഷമെങ്കിലും ഏറ്റവും ചുരുങ്ങിയ  പഴക്കം കല്പിക്കപ്പെട്ടിട്ടുള്ള ചണ്ഡി സപ്തശതിയിൽ ആവർത്തിക്കപ്പെടുന്നു.  

ഈ ചണ്ഡികയെ മദ്യമാംസാനുലേപനത്തോടെ ശബരർ (വനവാസികൾ/ "countrymen") പൂജിച്ചിരുന്നതായി ബാണഭട്ടൻ കാദംബരിയിൽ പറയുന്നുണ്ട്.  ദേവതാചക്രത്തിന്റെയും, ദേവതാ  സംക്രമണത്തിന്റെയും പരിപ്രേക്ഷ്യത്തിലും,  ജാതിഭേദമന്യേ ദൗർഗ്ഗർ ഒരേ സമ്പ്രദായത്തിൽ ആയിരുന്നു എന്നതിനും തെളിവുകളുണ്ട്.  "കാളികേതി സമാഖ്യാതാ, ഹിമാചലസമാശ്രിതാ" എന്ന് സംസ്കൃതത്തിൽ  സപ്തശതി പറയുമ്പോൾ , "മഹാദേവനുലകന്റെ മലേമ്മേൽ ചെന്നുറപ്പവൾ" എന്ന് ദാരികവധം പാട്ടിന്റെ ഈരടികൾ മലയാളത്തിൽ  കൂടെപ്പാടുന്നു.  

ഭാരതത്തിൽ, ഇന്നും ആരാധന നടക്കുന്ന ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം, ബിഹാറിലെ, 2000 വർഷത്തിലേറെ പഴക്കമുള്ള മുണ്ഡേശ്വരി ക്ഷേത്രമാണ്.  ക്ഷത്രിയ രാജാക്കന്മാർ പണികഴിപ്പിച്ചു, ബ്രാഹ്മണപൂജാരിമാർ പൂജിക്കുന്ന ക്ഷേത്രമാണത്. 2000 വർഷം മുൻപേ സിംഹവാഹിനീ ദുർഗയുടെ രൂപം വച്ചു നാണയങ്ങൾ ഇറക്കിയിരുന്ന രാജാക്കന്മാർ ഭരിച്ച നാടാണിത്.  ഈ മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് ദുർഗ കീഴാളന്റെ മാത്രം ദേവത ആയിരുന്നു എന്നും, അവളെ പിൽക്കാലത്തു ബ്രാഹ്മണർ ഹൈജാക്ക് ചെയ്തതാണ് എന്നും ഒക്കെ ആരോപിക്കുന്നത് ചരിത്രത്തെ വ്യഭിചരിക്കലാണ്.

ഇനി മാംസം/മദ്യം തുടങ്ങിയവയിലേയ്ക്ക് വരാം. ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം, അവന്റെ ഉപാസനാമൂർത്തി അവന്റെ ചേതനയിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒന്നല്ല (ആകാശത്തിൽ സിംഹാസനം വലിച്ചിട്ടിരുന്നു ഗോത്രനിയമങ്ങൾ ഇഴകീറിനോക്കി  സ്വർഗ്ഗനരകങ്ങൾ വിധിക്കുന്ന ഒരു ദൈവസങ്കല്പം നമുക്കില്ല). ഓരോ സമൂഹവും  അവനവന്റെ ഭക്ഷണശീലം അനുസരിച്ചാണ് നൈവേദ്യ ദ്രവ്യം എടുക്കുന്നത്.  മാംസാഹാരികളായ കാശ്മീരി, ബംഗാളി, ദർഭാംഗാ ബ്രാഹ്മണർ  ആ ദ്രവ്യം നൈവേദ്യമായി ഉപയോഗിക്കാറുണ്ട്. സസ്യാഹാരികളായ ബ്രാഹ്മണസമൂഹങ്ങൾ അങ്ങനെ ചെയ്യാറുമില്ല. അതിൽ സവർണ-അവർണ  appropriation ഉം expropriation ഉം ഒക്കെ ആരോപിക്കുന്നവരുണ്ട്. അത് ഒന്നുകിൽ ബുദ്ധിയുറക്കാഞ്ഞിട്ടാണ്, അല്ലെങ്കിൽ സ്വാർത്ഥം മൂത്ത ദുർബുദ്ധി ഏറെ ഉറച്ചു പോയത് കൊണ്ടാണ്.    


Comments