വിചാരം

ഏകാത്മമാനവദര്‍ശനം (Integral Humanism )

ഭാരതീയജനസങ്ഘത്തിന്‍റെ തത്ത്വദാതാവായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ  ഈ പേരില്‍ ഒരു പ്രബന്ധം രചിച്ച മുറയ്കാണു് ഈ പദം ഭാരതത്തില്‍ പ്രചരിക്കുന്നതു്. ജനസങ്ഘത്തിന്‍റെ അടിസ്ഥാനതത്ത്വശാസ്ത്രം ഇതായിരുന്നു

വ്യക്തിയെയും രാഷ്ട്രത്തെയും ഭാരതത്തിന്‍റെ തനതു കാഴ്ചപ്പാടിലൂടെ കാണിച്ചുതരികയാണു് ഈ ചിന്താപദ്ധതി ചെയ്യുന്നതു്. 

വ്യക്തി , ജീവിയാണു് (living organism) എന്നു് എല്ലാവര്‍ക്കുമറിയാം. അവനു ശരീരമുണ്ടു് ; മനസുണ്ടു് ; ബുദ്ധിയുണ്ടു് ; ആത്മാവുണ്ടു്. 

ശരീരം ഉത്ക്രാന്തിയിലൂടെ (evolution ) ഉണ്ടായതാണെന്നു് എല്ലാവരും മനസിലാക്കിയിട്ടുണ്ടു്. ശേഷം മൂന്നുമോ ? അവയുടെ ആവിര്‍ഭാവത്തെപ്പറ്റി പലര്‍ക്കും ധാരണയില്ല. അവയും ഉത്ക്രമിച്ചുണ്ടായതാണെന്നു് ആത്മവിജ്ഞാനം കാണിക്കുന്നു

ജഗത്തിന്‍റെ ഉത്പത്തി പറയുന്ന തത്ത്വമസിപ്രകരണത്തിലെ വിശ്വോത്ക്രാന്തിവാദം(Theory of Universal Evolution)ജഗത്തു് അതിന്‍റെകാരണമായ ആദിബോധത്തില്‍നിന്നു(primordial consciousness) ഉത്ക്രമിച്ചുണ്ടായതാണെന്നു സിദ്ധാന്തിക്കുന്നു.വേറെ ഒരു വഴിക്കും ഒരു പദാര്‍ഥവും പ്രകൃതിയില്‍ ഉണ്ടാകുന്നില്ല.

'സത് 'എന്നു ഈ കാരണത്തിനു പേരു്. സത്തിന്‍റെ പരിണാമങ്ങളാണു മനോബുദ്ധ്യാത്മാക്കള്‍. മനസ് = ഇതുകൊണ്ടു മനനം (യുക്തിവിചാരം) ചെയ്യുന്നു . ബുദ്ധി = ഇതുകൊണ്ടു ബോധിക്കുന്നു (അറിയുന്നു ). ആത്മാ=ഞാന്‍ എന്ന അനുഭവത്തിനു വിഷയമാകുന്ന ബോധം . 

ഈ ബോധവിശേഷങ്ങള്‍ക്കെല്ലാം അതതിന്‍റെ ഉള്ളടക്കമുണ്ടു്

ബോധം ഒരുപോലെയാണെങ്കിലും ഉള്ളടക്കത്തിന്‍റെ ഭേദത്താല്‍ വ്യക്തികള്‍തമ്മില്‍ ഭേദമുണ്ടാകുന്നു. വ്യക്തി ജീവിച്ചുണ്ടാക്കുന്നതാണു് ഈ ഉള്ളടക്കം. ജ്ഞാനവും കര്‍മ്മവുമാണു് ഇതിന്‍റെ കാരണം. ഇതിനു വ്യാകൃതി എന്നുപേര്. വ്യക്തിത്വത്തിന്‍റെ മൂലം ഇതാണു്. ഇതു സംസ്കൃതി എന്നും വികൃതി എന്നും രണ്ടു വിധം. 

യഥാര്‍ഥ ജ്ഞാനംകൊണ്ടും സത്കര്‍മ്മം കൊണ്ടും ഉണ്ടാകുന്ന ശ്രേയസ്കരമായ ഉള്ളടക്കം സംസ്കൃതി. വിപരീതജ്ഞാനം കൊണ്ടും ദുഷ്കര്‍മ്മംകൊണ്ടും ഉണ്ടാകുന്ന അശ്രേയസ്കരമായതു വികൃതി.

വ്യക്തിയെ സംസ്കരിക്കേണ്ടതു രാഷ്ട്രത്തിന്‍റെ കര്‍ത്തവ്യമാണു്. സംസ്കരണത്തെ വിനയനം എന്നു പറയുന്നു . വിനയം = സംസ്കാരം. 

വിദ്യയാണ് ഇതിന്റെ മാദ്ധ്യമം.വിദ്യാ വിനയങ്ങൾകൊണ്ട് വ്യക്തിബോധത്തെ ഉന്നമിപ്പിക്കുന്ന പ്രക്രിയ വ്യക്തിനിർമ്മാണം (Man Making). വിദ്യാവിനയങ്ങൾ തികഞ്ഞ വ്യക്തി സങ്കുചിതമായ സ്വാർഥ താത്പര്യത്തിൽ നിന്നുയർന്ന് വിശ്വഹിതത്തിൽ തത്പരനാകുന്നു. വിശ്വഹിതത്തിന്റെ അവാന്തരമായി വരുന്നതാണ് രാഷ്ട്രഹിതം.

ഇവതമ്മില്‍ സങ്ഘര്‍ഷമുണ്ടാവില്ല. ഉണ്ടാകുന്നതു വികൃതിയില്‍നിന്നാണു്. വ്യക്തിയും രാഷ്ട്രവുംതമ്മിലായാലും ഇങ്ങനെതന്നെ. 

നിഃസ്വാര്‍ഥബുദ്ധിയോടെ വിശ്വഹിതത്തിനായി ചെയ്യുന്ന കര്‍മ്മത്തെ യജ്ഞം എന്നു വിളിക്കുന്നു. ''യജ് സങ്ഗതികരണേ'' എന്ന ധാതുവില്‍നിന്നുണ്ടാകുന്നതാണു യജ്ഞം എന്ന പദം.

സമ്യക്കായ ഗതി ; വഴിപോലെ ചെന്നുചേരല്‍ സങ്ഗതി. വിശ്വസാമഞ്ജസ്യത്തിലേക്കു് (universal harmony ) സമ്യക്കാംവണ്ണം ചെന്നണയുന്ന കര്‍മ്മം യജ്ഞം . ഇതാണു കര്‍മ്മത്തിന്‍റെ ആദര്‍ശം . കര്‍ത്താവും ജഗത്തുംതമ്മിലുള്ള ,പാരസ്പര്യമാണു് (mutuality ) ഇവിടെ നിയാമകം.

ഈ പാരസ്പര്യനിയമമാണു് (law of mutuality) സനാതനധര്‍മ്മം എന്നു പ്രസിദ്ധമായ ജീവിതനീതി. യജ്ഞം ചെയ്യുന്ന വ്യക്തിക്കു ഫലം തീര്‍ച്ചയായും കിട്ടുന്നു. അതു പൊതുഹിതത്തിനനുകൂലമായിട്ടാണു് എന്നതാണു വിശേഷം. യജ്ഞമല്ലാത്ത കര്‍മ്മം ചൗര്യമാകുന്നു-ചോരന്‍റെ വൃത്തി; കളവു്. ഇതു രാഷ്ട്രത്തെ ക്ഷയിപ്പിക്കും.

യജ്ഞശീലരായ വ്യക്തികളുള്ളിടത്തു സമൂഹം ഏകയോഗക്ഷേമമായി മുന്നേറുന്നു. 

കിട്ടാത്തതു കിട്ടുന്നതു യോഗം. കിട്ടിയതിന്‍റെ രക്ഷണം ക്ഷേമം.

ഇവ പൊതുവിലായിരിക്കുന്നതു് ഏകയോഗക്ഷേമം . 

വ്യക്തിയുടെ സുസ്ഥിതി നാലു ഘടകങ്ങളുടെയും  സന്തുലിതമായ വികാസത്തിലും ആവശ്യപൂര്‍ത്തിയിലുമാണിരിക്കുന്നതു്.

ശരീരസുഖം  ധനംകൊണ്ടും അതുകൊണ്ടു കിട്ടുന്ന സാമഗ്രികൊണ്ടും സാധിക്കാം. ഇതു് അര്‍ഥം എന്ന പുരുഷാര്‍ഥം. പുരുഷന്മാരാല്‍ അര്‍ഥിക്കപ്പെടുന്നതു് - എല്ലാവര്‍ക്കും വേണ്ടതു് - പുരുഷാര്‍ഥം. സുഖം എന്നര്‍ഥം. മനസിന്‍റെ സുഖം സൗന്ദര്യാസ്വാദനാദിയായ (aesthetics ) മറ്റു പലതിനെയും ആശ്രയിച്ചിരിക്കുന്നു.

ഇതുപൂര്‍ണമായ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നതുകൊണ്ടു മോക്ഷമെന്നു പറയപ്പെടുന്നു. സാമൂഹ്യപ്രതിജ്ഞാബദ്ധത ഇല്ലാതാകുന്നതോ ജനിക്കാതാകുന്നതോ അല്ലഇതു്. സംസ്കൃതിയുടെ, പാരമ്യത്തില്‍ കാമക്രോധലോഭമോഹമദമാത്സര്യങ്ങളില്‍നിന്നുണ്ടാകുന്ന മുക്തിയാണു്. ഇവ ബോധത്തിനു ബാധകളാണെന്നു് അനുഭവമാണല്ലൊ. 

വ്യക്തിയെപ്പോലെ രാഷ്ട്രവും ജീവിയാണു് . ബോധം പരിണമിച്ചുണ്ടായതും അകത്തു് അന്തര്യാമിയായി ബോധമുള്ളതുമായ വസ്തുക്കളേ ലോകത്തിലുള്ളൂ. 

ദേശവും  (territory) ജനതയും കൂടിയതാണു രാഷ്ട്രത്തിന്‍റെ ശരീരം .

ആ ദേശത്തു പരമ്പരയായി ജനിച്ചു ജീവിക്കുന്നവരും അതിനോടു ഹൃദയബന്ധത്താല്‍  ഏകീകരിക്കപ്പെട്ടവരുമായിരിക്കണം ജനത. മാതൃപുത്രബന്ധമാണു് ഇവയ്ക്കു തമ്മില്‍.  

രാഷ്ട്രത്തിന്‍റെ മനഃസ്ഥാനീയമായതു സംസ്കാരം (സംസ്കൃതി) ആണു്. വൈചാരികവൈകാരികജീവിതത്തിലൂടെ ഉരുത്തിരിഞ്ഞ വിജ്ഞാനം, തത്ത്വചിന്ത, കല, സാഹിത്യം, മൂല്യബോധം, സൗന്ദര്യബോധം, ഭാഷ മുതലായവ ഇതില്‍പെടുന്നു. സമഷ്ടി ബോധത്തിന്‍റെ വ്യാകൃതിവിശേഷം തന്നെയാണിതു്. വ്യക്തിമനോഭാവവും സമൂഹമനോഭാവവും തമ്മില്‍ വ്യത്യാസം കാണാറുണ്ടല്ലൊ. കൂട്ടുകൂടുമ്പോള്‍ സമഷ്ടിമനസിന്‍റെ ഭാവമാണു വ്യക്തികള്‍ പ്രകടിപ്പിക്കുന്നതു്. 

ബുദ്ധിയുടെസ്ഥാനത്തു രാഷ്ട്രത്തില്‍ ഉള്ളതു ധര്‍മ്മമാണു്; നിശ്ചയംചെയ്യുന്നതു് അതുകൊണ്ടു്. രാഷ്ട്രത്തിന്‍റെ തീരുമാനം ഭരണാധികാരികളുടേതായാല്‍പോരാ. ജനപ്രതിനിധികളുടെയോ മുഴുജനതയുടെ പോലുമോ ആയാല്‍പോരാ. ഭരണഘടനയുടെയാകണമെന്നു പറഞ്ഞാലും ശരിയല്ല. ഭരണഘടനയ്ക്ക് എന്താണു പ്രമാണമാകേണ്ടതു്? അതു ധര്‍മ്മം

അതുകൊണ്ടാണു ബുദ്ധി ധര്‍മ്മമാണെന്നു പറഞ്ഞതു് . 

രാഷ്ട്രത്തിന്‍റെ ആത്മാവിനെ ചിതി എന്നു പറയുന്നു. ചയനം ചെയ്യപ്പെട്ടതു ചിതി. ചയനം സമാഹരണമാണു്. മുമ്പു പറഞ്ഞ ഉള്ളടക്കം തന്നെ ചയനം  ചെയ്യപ്പെട്ടതു്. എല്ലാവരുടെയും ആത്മാവു സഞ്ചിതമായ ജ്ഞാന- യുക്ത്യനുഭവങ്ങളോടുകൂടിയതാണു്. ചിതിയാണു ദേശീയത. 

ചിതിയോടുള്ള താദാത്മ്യമാണു് വ്യക്തിയെ രാഷ്ട്രിയൻ (national man) ആക്കുന്നതു്. രാഷ്ട്രം വിദ്യാവിനയങ്ങള്‍ കൊണ്ടു് സംസ്കരിച്ച വ്യക്തി രാഷ്ട്രത്തിനായി യജ്ഞം ചെയ്യുന്നു. അതിന്‍റെ ഫലവും നേടുന്നു. യജ്ഞത്താല്‍ പോഷിപ്പിക്കപ്പെട്ട രാഷ്ട്രം എല്ലാ പ്രജകളുടെയും യോഗക്ഷേമം വഹിക്കാന്‍ ശക്തമാകുന്നു.

ധര്‍മ്മത്താല്‍  നിയന്ത്രിക്കപ്പെടുന്ന ഈ വ്യവസ്ഥിതിയ്ക്കു ധര്‍മ്മരാജ്യം എന്നു പേരു്. ഇതു ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും അന്തഃസത്തയെ ഉള്‍ക്കൊള്ളുന്നു.               

• ടി ആർ സോമശേഖരൻ

Comments