ഓണം ഫോക് ലോർ

ഓണം ബ്രാഹ്മണിക്കലോ.?

'കൂരിക്കറി, കൂരിക്കറി..                                  തിര്യോണ മുണ്ണാൻ കുഞ്ഞാഞ്ഞേ'

('കുഞ്ഞാഞ്ഞേകുഞ്ഞാഞ്ഞേ തിര്യോണം വന്നടി കുഞ്ഞാഞ്ഞേ..' എന്നാരംഭിക്കുന്ന നാടൻ പാട്ടിൽ നിന്നും )

'കാണം വിറ്റും ഓണം ഉണ്ണണം'  - കാണം സ്ഥാവരജംഗമങ്ങളാണ്. വസ്തു വകകളും പറമ്പുകളും പാടങ്ങളും അതിൽപ്പെടും. 

ഓണം ഉളളവനോടും വിൽക്കാൻ കാണം ഉളളവനോടും ആരോ പറയുന്നതാണ് ചൊല്ലിൻ്റെ താല്പര്യം.

ഭൂമിയുളളവനോട് അതു വിറ്റിട്ടായാലും ആഘോഷം ആനന്ദപ്രദമാക്കണമെന്നു പറയുന്നിടത്ത്, കാണമുളളവനെ, അവൻ്റെ പൈതൃകത്തെക്കുറിച്ചുളള അഭിമാന ബോധമുണർത്തി പ്രലോഭിപ്പിച്ച് ചൂഷണം ചെയ്യാനുളള അടവുനയമുണ്ട്.

പുലയരിലെ ഒരു വിഭാഗമാണ് കാണപ്പുലയർ. 'കാണം' അഥവാ ഭൂമി, ഒരു കാലത്ത് പുലയന് സ്വന്തമായിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്ന ഒന്നാണ് 'കാണപ്പുലയൻ' എന്ന ജാതിപ്പേര്. 'പുലം' എന്നതിനും വയൽ, കൃഷിഭൂമി എന്നെല്ലാം അർത്ഥമുണ്ട്. പുലത്തിനധികാരിയായിരുന്നു അന്നത്തെ പുലയൻ. കഷകൻ എന്നും പുലയ ശബ്ദത്തിന് അർത്ഥം ലഭിക്കുന്നുണ്ട്. 

അങ്ങനെ നോക്കുമ്പോൾ, ഭൂമിയുടെ യഥാർത്ഥ അവകാശികളെ പ്രലോഭിപ്പിച്ച് വസ്തുവകകൾ കൈക്കലാക്കിയവരാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലിൻ്റെ ഉപജ്ഞാതാക്കൾ.

കർഷകനിൽനിന്നും സ്ഥാവരജംഗമങ്ങൾ സ്വന്തമാക്കിയ അവർ പ്രാഗ്ജനതയുടെ ഉത്സവങ്ങളെയും തങ്ങളുടേതാക്കിത്തീർത്തുവെന്നാണ് ഈ ചൊല്ല് നമ്മെ ഓർമ്മിപ്പിക്കുന്നത്. ഓണാഘോഷത്തിൽനിന്ന് കൂരിക്കറി അപ്രത്യക്ഷമായതും നെയ്യ് പ്രധാന വിഭവങ്ങളിൽ ഇടംപിടിക്കുന്നതും ഈ ഘട്ടത്തിലാണ്.


• ഹരികുമാർ ഇളയിടത്ത്

Comments