കുത്തിയോട്ട കുലപതി ശ്രീ.മീനത്തതിൽ കേശവപിള്ള രചിച്ച പാണ്ഡവർകാവ് ദേവീ സ്തുതി.

* * * * * * * * * * * * * * * * * * * * * * * * * * * *


ഭദ്രേ ഭഗവതി ഭക്താർത്തി ഭഞ്ജനി

ഭദ്രകാളിനതാമർത്യപാളി

മത്താളിന മധു കൈടഭമത്തേഭ ഹരീന്ദ്രേ

തവപത്തെ ഗതിവിപത്താർക്കു മാറ്റാൻ


ഘോരാട്ടഹാസ ത്രുടിതാരിമണ്ഡലേ

ഘോരെ കരാള ദംഷ്ട്രോജ്വലാസ്യേ

മഹിഷാസുരദമനീ ഖലശമനീ മമ ജനനീ

പരമഹിതാനശേഷനമർത്തുകമ്മേ.....


ധൂമ്രവിലോചന മർമ്മ വിശ്ചേദിനി

കമ്രാനനെ ദേവി താമ്രാധരെ

നമ്രാമരനാഥെ രവിചന്ദ്രാനലനേത്രേ

സകലാന്മയസാരെ! സമസ്താത്മികേ ..

ഓണാട്ടുകരയിലെ കുത്തിയോട്ടക്കളങ്ങൾ ഉണരുന്നത് ദേവീമാഹാത്മ്യം കുത്തിയോട്ട പ്പാട്ടിലെ ഈ പദങ്ങളിലൂടെയാണ്. ഏഴു പാദങ്ങളും കുമ്മികളുമടങ്ങിയ ദേവീ മാഹാത്മ്യം കഥയാണ് ഏറ്റവും ലക്ഷണയുക്തമായ കൃതി. ഒരു അനുഷ്ഠാനം പോലെ എല്ലാ കുത്തിയോട്ടവേദികളിലും പാടി തുടങ്ങുന്ന ദേവീമാഹാത്മ്യം കൃതി രചിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നാൽ ഈ കുത്തിയോട്ടപ്പാട്ടിൻ്റെ രചയിതാവിനെ പലർക്കും അറിയില്ല എന്നത് ഇന്നും ഒരു സത്യമായി അവശേഷിക്കുന്നു. 

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വടക്ക് മീനത്തതിൽ ശ്രീനാരായണപിള്ളയുടേയും കല്ലത്ത് ദേവിയമ്മയുടെയും മകനായി 1868 ൽ ജനിച്ച മീനത്തതിൽ കേശവപിള്ളയാണ് ദേവീമാഹാത്മ്യം എന്ന കുത്തിയോട്ടപ്പാട്ടിൻ്റെ രചയിതാവ്‌. കൊല്ലകൽ പോരൂർമഠം ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനായി രചിച്ച ഈ കൃതി, പിന്നീട് കുത്തിയോട്ട വേദികളിലൂടെ ഏറെ പ്രശസ്തമാവുകയും ചെയ്തു.വഞ്ചിപ്പാട്ടിൽ രാമപുരത്ത് വാര്യർ സ്വീകാര്യനായത് പോലെ കുത്തിയോട്ടപ്പാട്ടിൻ്റെ കുലപതിയായി മീനത്തതിൽ കേശവപിള്ള അംഗീകരിക്കപ്പെട്ടു പോരുന്നു. 

49 മത്തെ വയസ്സിൽ 1917ൽ അകാല ചരമം പ്രാപിച്ച അദ്ദേഹം രചിച്ച പാണ്ഡവർകാവ് ദേവീ സ്തുതി അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളിൽ നിന്നും കണ്ടെടുത്ത് മീനത്തതിൽ കേശവപിള്ള ട്രസ്റ്റ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 


പ്രസീദമാം പർവ്വതരാജകന്യകേ

പ്രസീദമാം ശങ്കര ജീവനാഥേ

പ്രസീദമാം ദേവമുനീന്ദ്രവന്ദ്യേ

പ്രസീദമാം ദേവീദൈർമുരാശേ

സേവിപ്പവർക്ക് അഭിമതങ്ങൾ 

അശേഷമേകാൻ ആവിർഭവിച്ചൊരു

സുരദ്രുമമെന്നപോൽ ഭൂവിൻ

പുകഴ്ചയോടും പൂർണ്ണതയോടും

പാണ്ഡവർകാവിൽ വസിക്കും ഉമാമേ

ശുഭമേകിടണം തായേ കദംബവനവാസിനി

സർവ്വലോകമായേ മഹാമഹിഷമർദ്ദിനി

ചിത് സ്വരൂപേ ധീയേറ്റം എന്നിൽ

ഉളവാക്കുവതിന് ഒരുത്തി നീയേ

കനിഞ്ഞരുളുവാൻ കഴൽ കുമ്പിടുന്നേൻ

പാപത്തിലാണ്ട് ഗതിയറ്റ് മലക്കും നാളുകളിൽ

താപത്രയങ്ങൾ അകലെക്കളയും കളാങ്കി

സ്ഥാപത്തിലും തിരുവടിക്ക് പണിഞ്ഞിടുന്നേൻ

ആപൽകുലങ്ങൾ എരിച്ചു കരിച്ചിടേണം

ധീയില്ല വേണ്ടവിധമായ് അറിവില്ല

ഭാഗ്യശ്രീയില്ല ഭക്തി മുതലായ ഗുണങ്ങളെല്ലാം

നീ ഇപ്രകാരം അകതാരിൽ നിനച്ചു

ഹാം മാം പായിച്ചിടൊല്ല ഗതിയാരിവനുണ്ടു വേറെ

കുന്നിൻ കുമാരി കുസുമായുധവൈരി തൻ

കുന്നിൽ കളിച്ചു വിലസും കുളിരിന്നുവത്രേ

മന്നിൽ പിറന്നവരിൽ വച്ചു മികച്ച ഭാഗ്യം

എന്നിൽ തഴച്ചു വളരാൻ കഴൽ കുമ്പിടുന്നേൻ

കായം കൊണ്ട് പിഴച്ചതും പുനരഹോ

വാക്ക് ചേതസ്സ് കർമ്മണാ കൈയ്യാൽ

കർണ്ണയുഗങ്ങളാൽ അനുദിനം

നേത്രങ്ങളാൽ കാൽകളാൽ

അയ്യോ ഞാനറിയാതെയും

പരിചിനോട് ഒട്ടൊട്ടറിഞ്ഞും ശിവേ

ചെയ്തിട്ടുള്ളൊരപരാധമൊക്കെയും

ഉടനെ സർവ്വം ക്ഷമിക്ക അംബികേ...


ഗോപകുമാർ കൂന്തോലിൽ

Comments