പ്രകൃതി തോറ്റിയുണര്‍ത്തിയ നാട്ടുപേരുകള്‍


കേരളത്തിലെ നാട്ടുപേരുകളടെ പഠനം ലക്ഷ്യമാക്കി തിരുവനന്തപുരത്ത് Kerala Place name society കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്നു. ഈയിടെ അന്തരിച്ച ഡോ. പുതുശ്ശേരി രാമചന്ദ്രനാണതിനു നേതൃത്വം നല്‍കിയിരുന്നത്.
ഒരു നാടിന് ആരായിരിക്കും പേരിട്ടിരിക്കുക.? തീര്‍ച്ചയായും, ഒരു ദേശത്ത് ആദ്യം എത്തിച്ചേര്‍ന്ന ജനതയുടെ സംഭാവന തന്നെയായിരിക്കുമത്. അവര്‍ അവിടെ വന്നു കണ്ടപ്പോള്‍ ആ പ്രദേശത്തിന്‍റെ ചില പ്രത്യേകതകള്‍ അവരുടെ കണ്ണിലുടക്കി മനസ്സില്‍ ചേക്കേറിയിരിക്കും. സൂക്ഷമമായി  നിരീക്ഷിച്ചാല്‍, അക്കാലത്ത് അവരെ ആകര്‍ഷിച്ച നാടിന്‍റെ പ്രത്യേകതകള്‍ ഓരോ നാട്ടുപേരിലും പറ്റിച്ചേര്‍ന്നിരിക്കുന്നതു കാണാനാകും. 

നാടിന്‍റെ സവിശേഷതകള്‍ മനസ്സില്‍ വെച്ചാണ് പ്രാചീന മനുഷ്യന്‍ ഓരോ പ്രദേശത്തേയും പേരുചൊല്ലി വിളിച്ചതെന്ന് എങ്ങനെ തിരിച്ചറിയാം.? ശരിയാണ്, ഒറ്റ നോട്ടത്തിലോ കേള്‍വിയിലോ പല നാട്ടു പേരുകളുടെയും അര്‍ത്ഥം നമുക്കിന്നു മനസ്സിലായെന്നു വരില്ല. അതിനു കാരണമുണ്ട്. നാട്ടുപേരുകളില്‍ പതിഞ്ഞിരിക്കുന്ന പല വാക്കുകളും ഇന്നു നമുക്ക് പരിചയമുളളവയല്ല. അവ എപ്പോഴോ നമ്മുടെ നിത്യോപയോഗത്തില്‍നിന്ന് കൊഴിഞ്ഞു പോയിരിക്കുന്നു. അതിനാല്‍ അത്തരം വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കിയാലേ പല പേരുകളുടെയും യഥാര്‍ത്ഥ പൊരുള്‍ തിരിച്ചറിയുകയുളളൂ. മലയാളക്കരയിലെ ദേശപ്പേരുകളുടെ പൊരുളറിയാന്‍ തമിഴും തെലുങ്കും കന്നടയും പാലിയുമറിഞ്ഞാല്‍ വളരെ ഗുണകരമാണെന്നു സാരം.

ഒരു വ്യക്തിയെ മറ്റൊരാളില്‍ നിന്നും തിരിച്ചറിയുന്നതിനാണെല്ലോ മനുഷ്യര്‍ക്ക് സാധാരണയായി പേരിടുന്നത്. ഏതാണ്ട് അതേ ഉപയോഗം തന്നെയാണ് നാട്ടുപേരുകള്‍ക്കുമുളളത്. ഓരോ ആളുകള്‍ക്കും ഓരോ പേരുളളതുപോലെ ഓരോ പ്രദേശങ്ങള്‍ക്കും അതതിന്‍റെ പ്രത്യേകതകള്‍ പ്രതിഫലിപ്പിക്കുന്ന പേരുകള്‍ പൂര്‍വ്വികള്‍ കല്പിച്ചുകൊടുത്തു. പ്രദേശത്തിന്‍റെ വ്യത്യസ്തതകള്‍ വ്യത്യസ്ത പേരുകള്‍ സൃഷ്ടിച്ചുവെന്നും പറയാം.

ഒരു ദേശത്തിന്‍റ ആദ്യത്തെ ആകര്‍ഷണം അവിടുത്തെ ഭൂപ്രകൃതിയാണ്. അതുകൊണ്ട് ഭൂപ്രകൃതിയെ പ്രതിഫലിക്കുന്ന പേരുകളാവണം ആദ്യമായുണ്ടായത്. മലകളും കുന്നുകളും പുഴകളും നദികളും ആറുകളും ചിറകളും കുളങ്ങളും കരകളുമൊക്കെ നാട്ടു പേരുകളില്‍ കുടിയേറിയതങ്ങനെയാണ്.

പൊക്കം കൂടിയ പ്രദേശങ്ങളെ 'മല'കളെന്നോ 'കുന്നു'കളെന്നോ വിളിച്ചു. ആനമലയും തെനമലയും ചരല്‍ക്കുന്നും കനകക്കുന്നുമൊക്കെ ആവഴിക്കാണ് വന്നത്. മലയിടുക്കിലെ ആഴമുളള പ്രദേശങ്ങളെ 'കയം' എന്നും പേരിട്ടു. മുണ്ടക്കയത്തെ 'കയം' പ്രദേശത്തിന്‍റെ ആഴത്തെ അഥവാ താഴ്ച്ചയെക്കുറിക്കുന്നു. അതിലെ പൂര്‍വ്വപദമായ 'മുണ്ട' ചെറിയ എന്ന അര്‍ത്ഥത്തെ ദ്യോതിപ്പിക്കുന്നു. അപ്പോള്‍, മുണ്ടക്കയമെന്ന പേരിനു നിദാനം ആഴം കുറഞ്ഞ കയങ്ങളാണെന്നു കാണാം. 'മുണ്ട' എന്നതിന് 'മൊട്ടയടിച്ച' (മുണ്ഡനം ചെയ്ത) എന്നര്‍ത്ഥമെടുക്കുന്ന പണ്ഡിതന് വേണമെങ്കില്‍ ആ മലയിടുക്കുകളെ ബുദ്ധമതവുമായി ബന്ധപ്പെടുത്തി ബൗദ്ധികവ്യായാമം ചെയ്യാം. മുണ്ടകപ്പാടവും മുണ്ടകന്‍ വിത്തുമെല്ലാം ബുദ്ധനുമായി കൂട്ടിക്കെട്ടി 'അനര്‍ത്ഥം' കല്പിക്കാം. എന്നാല്‍, ഭാഷാപരമായ പിന്തുണ അത്തരം കാല്പനികാരോപണങ്ങള്‍ക്കില്ലതന്നെ. മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം 'മുണ്ട'യ്ക്ക് ചെറിയ (ചെറു) എന്നുതന്നെയാണര്‍ത്ഥം. ചെറുവിത്താണ് (കൊച്ചു വിത്ത്) മുണ്ടകന്‍ വിത്തെന്ന് പഴയ കര്‍ഷകനറിയാം. ചെറിയ പാടങ്ങളെ അവര്‍ മുണ്ടകപ്പാടമെന്നു വിളിച്ചത് വെറുതെയല്ല.

കയത്തെപ്പോലെതന്നെ താഴ്ന്ന പ്രദേശത്തെ സൂചിപ്പിക്കുന്ന ഒരു വാക്കാണ് 'പളളം'. കേരളത്തില്‍ പലയിടത്തും പളളങ്ങളുണ്ട്. അത്രയേറെ താഴ്ന്ന പ്രദേശങ്ങള്‍ ഇവിടെ ഉണ്ടെന്നതാണ് പളളങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. നീര്‍വാര്‍ച്ചയുളള സ്ഥലമെന്നാണ് 'പളള'ത്തിന്‍റെ ഉള്‍പ്പൊരുള്‍. കേരളത്തിലെ പല പളളങ്ങള്‍ക്കും നീര്‍വാര്‍ച്ചയുടെ, ആറിന്‍റെയോ തോടിന്‍റെയോ കായലിന്‍റെയോ, പിന്തുണയുണ്ടെന്നത് ഈ വാദത്തെ ബലപ്പെടുത്തുന്നു.


പള്ളത്തില്‍ നിന്നുണ്ടായ ഒരു വാക്കാണ് പളളി എന്നത്. 'പളള'മുളളത് 'പളളി'യെന്നു പഴമക്കാര്‍ വിധിച്ചു. നീര്‍വാര്‍ച്ചയുളളിടത്താണ് ആദിമമനുഷ്യന്‍ കൃഷി തുടങ്ങിയത്. പിന്നീടിങ്ങോട്ട് എല്ലാ കാര്‍ഷിക സമൂഹങ്ങളും കൃഷിക്കു പറ്റിയ ഇടങ്ങള്‍ തേടിപ്പിടിച്ചു. അങ്ങനെ അവര്‍ പളളങ്ങളിലെത്തി. അവിടെ കൃഷിതുടങ്ങി. അതോടെ സ്ഥിരവാസം വേണ്ടിവന്നു. പളളങ്ങള്‍ക്കടുത്ത് തന്നെ അവര്‍ താമസമാക്കി. അങ്ങനെ അവ 'പളളി'യായി. ഗ്രാമമെന്ന അര്‍ത്ഥം പളളിക്ക് അങ്ങനെ കൈവന്നു. ഉത്തരകേരളത്തിലെ പല പളളികളും 'സ്ഥലം' എന്ന അര്‍ത്ഥത്തിലാണ് ദേശപ്പേരിനൊപ്പം നില്‍ക്കുന്നത്. കന്നടത്തിലെ ഹളളിയാണ് (ഗ്രാമം) കേരളത്തിലെ പളളിയായി പരിണമിച്ചത്.

പ്രദേശത്തിന് പേരുകള്‍ ഉണ്ടായതിനെപ്പറ്റി പഠിക്കുന്ന രീതിശാസ്ത്രം ഇന്നു ലോകമെമ്പാടും വിപുലപ്പെട്ടു വന്നിട്ടുണ്ട്. Toponymy എന്നപേരിലാണിതറിയപ്പെടുന്നത്.

കേരളത്തില്‍ പൊതുവെയും അത്യുത്തര കേരളത്തില്‍ പ്രത്യേകിച്ചും അനേകം സ്ഥലനാമങ്ങള്‍ 'പളളി' കൊണ്ടു തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നതായി കാണാം. പളളിക്കുളം, പളളിക്കുന്ന്, പളളിക്കര, കടന്നപ്പളളി, കാട്ടാമ്പളളി, കീഴ്പളളി മുതലായ പേരുകളിലുളള 'പളളി' കന്നട ഭാഷയിലുളള ഹളളി (ഗ്രാമം അഥവാ ഊര്) യോടു ബന്ധപ്പെട്ടതാണ്. പളളിപ്പാട്, കാര്‍ത്തികപ്പളളി തുടങ്ങിയവയും ഇതേ ജനുസ്സില്‍പ്പെട്ടവ തന്നെ. എന്നാല്‍ ഇവയൊക്കെ ബുദ്ധ മതവുമായി ബന്ധപ്പെടുത്തിയും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.


'കുട്ടം' എന്നാല്‍ 'കുഴിഞ്ഞത്'. കുട്ടകം എന്ന പദം കുഴിവുളളത് എന്നതില്‍ നിന്നും രൂപപ്പെട്ടതാണ്. വലിയ കുളങ്ങളും കുഴികളും നിറഞ്ഞ പ്രദേശമാകയാലാണ് കുട്ടനാട് എന്ന പേര് പ്രദേശത്തിനു വരുന്നത്. ഓണാട്ടുകരയിലെ കുട്ടംപേരൂര്‍ ഇന്നും വലിയ വെള്ളക്കെട്ടു നിറഞ്ഞ പ്രദേശമാണ്. 

പ്രദേശത്തിന് പേരുകള്‍ ഉണ്ടായതിനെപ്പറ്റി പഠിക്കുന്ന രീതിശാസ്ത്രം ഇന്നു ലോകമെമ്പാടും വിപുലപ്പെട്ടു വന്നിട്ടുണ്ട്. Toponymy എന്നപേരിലാണിതറിയപ്പെടുന്നത്. പ്രാദേശിക ചരിത്ര പഠനത്തിന് വിലപ്പെട്ട സംഭാവന നല്‍കാന്‍ ഈ പഠനരീതിക്കു കഴിയും. കേരളത്തിലെ നാട്ടുപേരുകളടെ പഠനം ലക്ഷ്യമാക്കി തിരുവനന്തപുരത്ത് Kerala Place name society കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്നു. ഈയിടെ അന്തരിച്ച ഡോ. പുതുശ്ശേരി രാമചന്ദ്രനാണതിനു നേതൃത്വം നല്‍കിയിരുന്നത്.

| ഹരികുമാര്‍ ഇളയിടത്ത്

Comments